Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാർക്ക് മുമ്പിൽ പുഞ്ചിരിച്ച് കൊണ്ട് ക്യൂൻ മാക്‌സിമ; കളരിപയറ്റുകാർക്ക് മുമ്പിൽ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യം; പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞ ആദരവിൽ നിറഞ്ഞാടി നെതർലൻഡ്‌സ് രാജാവും രാജ്ഞിയും; പിണറായി നടത്തിയ വിരുന്ന് സൽക്കാരത്തിൽ എത്തിയതു സൂപ്പർ സ്റ്റാറുകളുടെ നിര; ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരൻ കാഴ്ചകൾ ലോക മാധ്യമങ്ങളിൽ നിറയുമ്പോൾ

തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാർക്ക് മുമ്പിൽ പുഞ്ചിരിച്ച് കൊണ്ട് ക്യൂൻ മാക്‌സിമ; കളരിപയറ്റുകാർക്ക് മുമ്പിൽ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യം; പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞ ആദരവിൽ നിറഞ്ഞാടി നെതർലൻഡ്‌സ് രാജാവും രാജ്ഞിയും; പിണറായി നടത്തിയ വിരുന്ന് സൽക്കാരത്തിൽ എത്തിയതു സൂപ്പർ സ്റ്റാറുകളുടെ നിര; ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരൻ കാഴ്ചകൾ ലോക മാധ്യമങ്ങളിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിൽ നെതർലൻഡ്‌സും ഇന്ത്യയും മുന്നേറ്റം തുടരുമെന്ന് ഡച്ച് രാജാവ് വില്യം അലക്‌സാണ്ടർ. 2 ദിവസത്തെ കേരള സന്ദർശനത്തിനു തുടക്കം കുറിച്ചു മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്‌സിമയും. ഇവർക്ക് കേരളം നൽകിയത് ഊഷ്മള വരവേൽപ്പാണ്. ഉച്ചയ്ക്കു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാജദമ്പതികളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ഖാൻ എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കായി വിരുന്ന് ഒരുക്കിയിരുന്നു. സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ വിരുന്ന്.

തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാർക്ക് മുമ്പിൽ പുഞ്ചിരിച്ച് കൊണ്ട് ക്യൂൻ മാക്‌സിമ നിൽക്കുന്ന ചിത്രം ലോക മാധ്യമങ്ങളിൽ നിറയുകയാണ്. നീല സ്യൂട്ടിൽ കളരിപയറ്റുകാർക്ക് മുമ്പിൽ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യവും കേരളത്തിന്റെ പരമ്പരാഗത സ്വീകരണത്തെ മാറോടച്ചു. പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞു കവിഞ്ഞ ആദരവിൽ രാജാവും രാജ്ഞിയും അതീവ സന്തുഷ്ടരാണ്. നിറങ്ങളിൽ ചാലിച്ച യാത്രയ്‌ക്കൊടുവിൽ പിണറായി വിജയൻ നടത്തിയ വിരുന്ന് സൽക്കാരത്തിൽ എത്തിയതു സൂപ്പർ സ്റ്റാറുകളുടെ നിരയും. ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരൻ കാഴ്ചകൾ ലോക മാധ്യമങ്ങളിലും ചർച്ചാ വിഷയമാണ് ഇപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നെതർലാൻഡ് സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കേരളത്തിലേക്കുള്ള ഡച്ച് രാജാവിന്റെ വരവ്. മലയാളിയായ വേണു രാജാമണിയാണ് നെതർലാൻഡ്‌സിലെ ഇന്ത്യൻ പ്രതിനിധി. അദ്ദേഹവും രാജാവിന്റെ സംഘത്തിലുണ്ട്. മട്ടാഞ്ചേരിയിലേക്കായിരുന്നു കേരളത്തിലെ രാജാവിന്റെ ആദ്യ യാത്ര. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം രാജാവിനേയും പത്‌നിയേയും വിസ്മയിപ്പിച്ചു. കേരളവും നെതർലൻഡും തമ്മിലുള്ള നാലു പതിറ്റാണ്ടിന്റെ ബന്ധത്തിന്റെ ചരിത്രസാക്ഷിയായ കൊട്ടാരം ഡച്ച് രാജാവിനും പത്‌നിക്കും സമ്മാനിച്ചത് വിസ്മയമായിരുന്നു. കൊട്ടാരത്തിന്റെ സ്വീകരണമുറിയും, കിരീടധാരണ ശാലയും, ഉറക്കറയുമെല്ലാം രാജാവും രാജ്ഞിയും സന്ദർശിച്ചു. കൊട്ടാരത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളുമെല്ലാം ഡച്ച് സംഘത്തിന് വേറിട്ട അനുഭവമായി.

ചരിത്രപ്രാധാന്യമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിലും കാർഷിക രംഗത്തു മികവിന്റെ കേന്ദ്രം ആരംഭിക്കാനുള്ള താൽപര്യപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. കേരള ആർക്കൈവ്‌സ് ഡയറക്ടർ ജെ.രജികുമാർ, നെതർലൻഡ്‌സ് നാഷനൽ ആർക്കൈവ്‌സ് ഡയറക്ടർ ഡി.ജി. മറെൻസ് എംഗൽഹഡ് എന്നിവരാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഡച്ച് സ്ഥാനപതി മാർട്ടിൻ വാൻഡൻ ബർഗ്, മന്ത്രി വി എസ്.സുനിൽകുമാർ എന്നിവർ താൽപര്യ പത്രത്തിൽ ഒപ്പുവച്ചു.

നേരത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും കൊച്ചി മേയർ സൗമിനി ജയിന്റെയും നേതൃത്വത്തിൽ ഡച്ച് വാസ്തുവിദ്യയിൽ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികൾ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയിൽ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. 'ഇന്ത്യയും നെതർലൻഡ്സും: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ കൊട്ടാരത്തിലെ ഛായാചിത്ര ഹാളിൽ നടന്ന സെമിനാറിൽ ഇരുവരും പങ്കെടുത്തു.

കേരളത്തിൽ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകൾ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു. നൂറ്റാണ്ടുകൾക്കു മുമ്പ് ഡച്ചുകാർ തയാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദർശനം കൊട്ടാരത്തിൽ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. രാജസന്ദർശനത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ഡച്ച് ഗാലറിയിൽ നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് മുൻകൈയെടുത്താണ് ഭൂപടങ്ങൾ സ്ഥാപിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നെതർലാൻഡ്സ് രാജാവിനെയും രാജ്ഞിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥും ചേർന്നു സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹ, എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി കാർത്തിക്. കെ എന്നിവർ സന്നിഹിതരായിരുന്നു. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേൽപ്പാണു രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തിൽ നിന്ന് റോഡ്മാർഗമാണു മട്ടാഞ്ചേരിയിലേക്കു പോയത്.



ഡച്ച് -കേരള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും സംഘവുമായി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാറിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൃഷി, ജല വിനിയോഗം, തുറമുഖങ്ങളിലൂടെയുള്ള ചരക്ക് നീക്കം, ഉൾനാടൻ ജലഗതാഗതം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികം, നഗരവികസനം, കപ്പൽ ഗതാഗതം, പുനരുപയോഗയോഗ്യ ഊർജം എന്നീ ഒമ്പത് മേഖലകളിൽ കേരളവുമായി സഹകരിക്കാനാകുമെന്ന് നെതർലാൻഡ്‌സ് കരുതുന്നു.

ഭാവിയിൽ ഈ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. കേരളത്തിൽ നെതലർലൻഡ്‌സിന് കൂടുതൽ നിക്ഷേപം നടത്താൻ അവസരമൊരുക്കും. കേരളത്തിൽ നിന്നുള്ള ബിസിനസ്സുകാർക്ക് നെതർലൻഡ്‌സിൽ നിക്ഷേപം നടത്താനും അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡച്ച്-കേരള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പ്രധാന ശുപാർശകൾ പരിഗണിക്കും. നെതർലൻഡ്‌സിലെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സ്ഥാപനമായ ടിഎൻഒയുമായി ധാരണയുണ്ടാക്കും.

ഇന്ന് രാവിലെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ് ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയിൽ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറിൽ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ക്ക് പ്രത്യേക വിമാനത്തിൽ ആംസ്റ്റർസാമിലേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP