Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേകന്നൂർ മൗലവി വധക്കേസിൽ നേരിട്ട് പങ്കുള്ളതായി സംശയം; തൊഴിയൂർ സുനിൽ വധക്കേസിലെ സൂത്രധാരൻ; 22 വർഷം മുമ്പ് രാജ്യംവിട്ട ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ തേടി ക്രൈംബ്രാഞ്ച്; വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം; സെയ്തലവി പിടിയിലായാൽ ചേകന്നൂർ മൗലവി കേസ് തെളിയാൻ സാധ്യത; പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയിട്ടും കോടതിയിൽ എത്താതെ അട്ടിമറിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

ചേകന്നൂർ മൗലവി വധക്കേസിൽ നേരിട്ട് പങ്കുള്ളതായി സംശയം; തൊഴിയൂർ സുനിൽ വധക്കേസിലെ സൂത്രധാരൻ; 22 വർഷം മുമ്പ് രാജ്യംവിട്ട ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ തേടി ക്രൈംബ്രാഞ്ച്; വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം; സെയ്തലവി പിടിയിലായാൽ ചേകന്നൂർ മൗലവി കേസ് തെളിയാൻ സാധ്യത; പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയിട്ടും കോടതിയിൽ എത്താതെ അട്ടിമറിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ജംഇയ്യത്തുൽ ഇസ്ഹാനിയ തലവനും ഭീകരനുമായ സെയ്തലവി അൻവരിയെതേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 22വർഷം മുമ്പു രാജ്യംവിട്ട ഭീകരനെ പിടികൂടാൻ വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നീക്കം. പ്രതിയെ പിടികൂടുന്നതോടെ
തെളിവുകളുടെ അഭാവത്തിൽ അന്വേഷണം വഴിമുട്ടിയ ചേകന്നൂർ മൗലവിക്കേസ് വീണ്ടും പുനഃരന്വേഷണത്തിന് സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിൽ മൂന്നുപേർ അറസ്റ്റിലായതോടെയാണ് തീവ്രവാദ സംഘടനയായ ഇയ്യത്തുൽ ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ സ്ഥാപക നേതാവും ചേകന്നൂർ മൗലവികേസിൽ നേരിട്ടുപങ്കുള്ളതായി സംശയിക്കുന്ന സെയ്തലവി അൻവരിയെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിനെ തുടർന്നു മുങ്ങിയ സെയ്തലവി അൻവരിയെ കുറിച്ചു അന്വേഷണ സംഘങ്ങൾക്ക് യാതൊരു വിവരവുമില്ലായിരുന്നു. നിലവിൽ അൻവരിയുടെ സഹായികളായ വർത്തിച്ചവർ കൂടി പിടിയിലായതോടെയാണ് പ്രതിക്കായി വലവീശാൻ അന്വേഷണ സംഘം സജ്ജമായത്. സെയ്തലവി പിടിയിലാകുന്നതോടെ ചേകന്നൂർ മൗലവി തീരോധനകേസിനും തുമ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ചാവക്കാട്ടെ മൊയ്തു എന്ന മൊയ്നുദ്ദിൻ. തൊഴിയൂർ സുനിൽ വധക്കേസിലും സെയ്തലവിക്ക് മുഖ്യപങ്കുണ്ട്.

ചേകന്നൂർ മൗലവികേസിലെ ഒന്നാം പ്രതി വി.വി.ഹംസയെ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ വർഷം ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ കോടതിയിൽ എത്താത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്നാണ് മൗലവിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈകോടതി വിധിയോടെ ചേകന്നൂർ മൗലവി കേസ് വീണ്ടും തിരോധാന കേസായി മാറുകയായിരുന്നു. മതപ്രഭാഷണം നടത്താൻ പോയ ചേകന്നൂർ മൗലവി കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതെ തുടർന്ന് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തുവരുന്നിരുന്നു.

രണ്ടുഭാര്യമാരിലായി ചേകന്നൂർ മൗലവിക്ക് ഏഴുമക്കളാണുള്ളത്. ആദ്യഭാര്യ ഹവ്വാഉമ്മയിൽ സുഹ്റ, സൽമ, റസിയ എന്നീ മൂന്നു പെൺമക്കളാണുള്ളത്. ഇതിൽ മൂത്തമകൾ സുഹ്റ ഭർത്താവ് നസ്റുദ്ദീനൊപ്പം തൃശൂർ കൊടുങ്ങല്ലൂരിലാണ് താമസം. തഴെയുള്ള സൽമയും റസിയയും ഭർത്താക്കന്മാരായ ഇഖ്ബാലിനും എൻ.വി അയ്യൂബ്ഖാനും കൂടെ പാലക്കാട് കുമരനെല്ലൂരിലാണ്. ഹവ്വാഉമ്മ മൂന്നു മക്കളുടെ വീടുകളിലായി മാറി മാറി താമസിക്കുന്നു.രണ്ടാംഭാര്യ സുബൈദ തിരൂർ പറവണ്ണയിലാണ് താമസം. ഇവരിലെ മക്കളായ യാസർ, സവാദ്, ഷിയാസ്, ആസിഫ് എന്നിവർ വിദേശത്താണ്. പ്രതിക്കെതിരെ ലഭിച്ച തെളിവുകൾ കോടതിയിൽ എത്താത്തതിനാലാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്നും കേസിന്റെ തുടക്കംമുതൽ നിയമനടപടികൾക്ക് നേതൃത്വം നൽകിയിരുന്ന ചേകന്നൂർ മൗലവിയുടെ അമ്മാവനായ സാലിം ഹാജി വിധിയെ കുറിച്ച് പ്രതികരിച്ചിരുന്നത്. സിബിഐ അന്വേഷിച്ചുകണ്ടെത്തിയ പ്രധാനതെളിവുകൾ ഒന്നുംതന്നെ കോടതിയിൽ എത്തിയില്ലെന്നും കേസിലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും വിവരങ്ങൾ കോടതിയിൽ എത്താതെ അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്നും സലീം ഹാജി ആരോപിക്കുന്നു.

26വർഷം മുമ്പ് രാത്രിയിലാണ് ഒരുസംഘം ആളുകൾ ചേകനൂർ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹം തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താൻ വർഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. ആ കൂട്ടിക്കൊണ്ടുപോകലിന് 26 വർഷം പിന്നിടുമ്പോൾ മൃതദേഹംപോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. ഒറ്റപ്രതികൾ പോലും ശിക്ഷിക്കപ്പെട്ടില്ലെന്ന ദുഃഖംകൂടിയുണ്ട്. കോളിളക്കമുണ്ടാക്കിയ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു. അവസാനം ഇയാളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ചേകനൂർ മൗലവി (58) എന്ന ചേകനൂർ പി.കെ.അബുൽ ഹസ്സൻ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നായിരുന്നു കേസ്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരടക്കം ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുകയും ഒരു ഘട്ടത്തിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കോടതി ഒഴിവാക്കുകയും ചെയ്തത് കൂടി ചേർന്നതാണ് ചേകന്നൂർ കേസിന്റെ നാൾവഴികൾ.

ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂർ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്.1993 ജൂലൈ 29ന് ആണ് എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്ന് ചേകനൂർ മൗലവിയെ രണ്ടുപേർ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകി. ഓഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP