Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളമില്ലെങ്കിലും ഭവന വായ്‌പ്പ കോർപ്പറേഷൻ അടയ്ക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു; കാലങ്ങളായി വായ്പ അടയ്ക്കുന്നില്ല എന്നറിയുന്നത് ബാങ്ക് കടലാസും ജപ്തി നോട്ടീസും കൈപ്പറ്റുമ്പോൾ; വിവരാവകാശ രേഖയിൽ തെളിഞ്ഞത് ജീവനക്കാരുടെ വായ്പ അടയ്ക്കാതെയുള്ള കോർപ്പറേഷന്റെ ഒളിച്ചുകളി; എംഡിയുൾപ്പടെയുള്ളവരെ കുടുക്കി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ സനിൽകുമാറിന്റെ നിയമപോരാട്ടം

ശമ്പളമില്ലെങ്കിലും ഭവന വായ്‌പ്പ കോർപ്പറേഷൻ അടയ്ക്കുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു; കാലങ്ങളായി വായ്പ അടയ്ക്കുന്നില്ല എന്നറിയുന്നത് ബാങ്ക് കടലാസും ജപ്തി നോട്ടീസും കൈപ്പറ്റുമ്പോൾ; വിവരാവകാശ രേഖയിൽ തെളിഞ്ഞത് ജീവനക്കാരുടെ വായ്പ അടയ്ക്കാതെയുള്ള കോർപ്പറേഷന്റെ ഒളിച്ചുകളി; എംഡിയുൾപ്പടെയുള്ളവരെ കുടുക്കി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ സനിൽകുമാറിന്റെ  നിയമപോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പകുത്തുകയാണ് കെഎസ്ആർടിസി. ഇടക്കാലത്ത് ടോമിൻ ജെ തച്ചങ്കരി കൈസ്ആർടിസി സിഎംഡിയായിരുന്നപ്പോൾ കാര്യങ്ങൾ കൃത്യമായി നടന്നിരുന്ന കോർപ്പറേഷനിൽ വീണ്ടും ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങൾ മുടങ്ങിയിരിക്കുന്നു എന്നതാണ് അവസ്ഥ. ജീവനക്കാരുടെ പേരിലുള്ള ലോൺ ഉൾപ്പടെയുള്ള ബാധ്യതകളിലും കോർപ്പറേഷൻ വീഴ്ചകൾ വരുത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ജീവനക്കാരുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ കെഎസ്ആർടിസിയുടെ ഒളിച്ചുകളി വെളിച്ചത്തു കൊണ്ടുവന്നത് തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പിടി. സനിൽകുമാറിന്റെ നിയമ പോരാട്ടമാണ്.

കെഎസ്ആർടിസി ജീവനക്കാരുടെ വായ്പാ തിരിച്ചടവിനായി ശമ്പളത്തിൽ നിന്നു പിടിക്കുന്ന തുക വായ്പയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ അടച്ചില്ലെങ്കിൽ എംഡിക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചതിനു പിന്നിൽ പോരാടിയത് സനിൽകുമാറായിരുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സനിൽ കുമാർ നിയമപോരാട്ടവുമായി മുന്നോട്ട് പോയത്. 2008 മുതൽ കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ആളാണ് സനിൽകുമാർ. മൂന്ന് വർഷം മുൻപ് 2016ൽ ഭവന നിർമ്മാണത്തിനായി മൂന്ന് ലക്ഷത്തിഎഴുപതിനായിരം രൂപ വായ്പ എടുത്തു.

70000 രൂപ കെഎസ്എഫ്ഇയിൽ നിന്നും 3ലക്ഷം രൂപ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കോഒാപ്പറേറ്റിവ് സൊസെറ്റിയിൽ നിന്നും വായ്പയെടുത്തത്. കെഎസ്എഫ്ഇയിൽ ഇപ്പോൾ പലിശ ഉൾപ്പെടെ 85000 രൂപ കുടിശികയുണ്ട്. സൊസൈറ്റിയിൽ 3.4ലക്ഷം രൂപയോളം കുടിശിക ഉള്ളതായി സനിൽകുമാർ പറഞ്ഞു. തന്റെ ശമ്പളത്തിൽ നിന്ന് വായ്പ കുടിശ്ശിക പിടിച്ച ശേഷം മിച്ചമാണ് ശമ്പള ഇനത്തിൽ സനിൽകുമാർ കൈപ്പറ്റിയിരുന്നത്. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക വായ്‌പ്പയായി അടഞ്ഞ് പോയിരുന്നുവെന്നാണ് സനിൽ കരുതിയത്. എന്നാൽ വായ്പ എടുത്ത സ്ഥാപനങ്ങളിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് തന്റെ പേരിലുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നില്ലെന്ന് സനിൽ മനസ്സിലാക്കിയത്.കൃത്യമായി വായ്പ തവണ ശമ്പളത്തിൽ നിന്ന് പിടിച്ച ശേഷമാണ് തുക ലഭിക്കുന്നത്.

വായ്പ തിരിച്ചടവ് എങ്ങനെയാണ് മുടങ്ങിയത് എന്ന് അന്വേഷിച്ചപ്പോഴാണ് സനിലിന് കാര്യം മനസ്സിലായത്.തന്റെ ശമ്പളത്തിൽ നിന്നു പിടിച്ച 84000 രൂപ കെഎസ്എഫ്ഇയിലും 1.65 ലക്ഷം രൂപ സൊസൈറ്റിയിലും കെഎസ്ആർടിസി അടച്ചിട്ടില്ലെന്നു വിവരാവകാശ നിയമ പ്രകാരം ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. തുക അടയ്ക്കാത്തതിനാൽ പലിശയും കൂട്ടു പലിശയുമായി തുക ഉയർന്നു. താലൂക്ക് ഒാഫിസിൽ നിന്നു റവന്യു റിക്കവറിക്കായി പലതവണ നോട്ടിസ് വീട്ടിലെത്തിയപ്പോഴാണ് വായ്പാതുകയടവിൽ സംശയം ഉയർന്നത്. തുടർന്ന് തഹസിൽദാരെ നേരിൽകണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ഒാഗസ്റ്റിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കടബാധ്യത കാരണം ആണ് കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഇല്ലാത്തതിന് പുറമെ വായ്പ തിരിച്ചടവ് ഉൾപ്പടെ മുടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി ജീവനക്കാർ സമാനമായ അനുഭവം നേരിടുന്നവരാണ്.

വായ്പ കുടിശ്ശിക മുടങ്ങുന്നത് ഇങ്ങനെ:

ഒരു ജീവനക്കാരന്റെ ശമ്പളം 20000 രൂപയാണെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് ജോലിയുടെ അടിസ്ഥാനത്തിൽ ഭവന വായ്പ ലഭിക്കുകയും അത് ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുകയും കഴിച്ചാണ് ബാക്കി കൈയിൽ കിട്ടുക. 20000 രൂപ ശമ്പളത്തിൽ 5000 രൂപ ലോൺ തുകയുണ്ടെങ്കിൽ അത് നേരിട്ട് ധനകാര്യ സ്ഥാപനത്തിൽ കോർപ്പറേഷൻ തന്നെ അടയ്ക്കണം എന്നാണ് ഹൈക്കോടതി വിധി. ഇത്തരത്തിൽ ലോൺ കഴിച്ച് ബാക്കി കിട്ടേണ്ടത് 15000 രൂപ ആയിരിക്കും. എന്നാൽ കടബാധ്യത കയറിയ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ വായ്പയെടുക്കുമ്പോൾ ചെയ്യുന്നത് ജീവനക്കാരുടെ വായ്പ പിഎഫ് ഉൾപ്പടെയുള്ള തുക കഴിച്ച് കൈയിൽ എത്രയാണോ കൊടുക്കേണ്ടത് അത് കണക്കാക്കിയാണ് കടമെടുത്ത് ശമ്പളം നൽകുക. മുകളിൽ പറഞ്ഞ സാങ്കൽപ്പിക കണക്ക് അനുസരിച്ചാണെങ്കിൽ വായ്പ അടയ്‌ക്കേണ്ട തുക ഒഴിവാക്കി ബാക്കി തുക മാത്രം കടമെടുക്കുകയും മറുവശത്ത് വായ്പ കുന്നുകൂടുകയുമാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP