Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും; എൻ എസ് എസിന്റെ പ്രവൃത്തികൾ കേരളത്തിൽ ജാതിവിദ്വേഷത്തിന് ഇടയാക്കും; അവരുടെ നേതൃത്വത്തിന് കാടൻ ചിന്തകളാണുള്ളത്; ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണന; ഈഴവവിരോധവും എവിടെയും ഈഴവനെ തകർക്കുക എന്നതുമാത്രമാണ് എൻ.എസ്.എസിന്റെ ലക്ഷ്യം; ഒരാൾ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാൽ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി; സുകുമാരൻ നായരെ പരസ്യമായി വിമർശിച്ച് എസ് എൻ ഡി പി

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും; എൻ എസ് എസിന്റെ പ്രവൃത്തികൾ കേരളത്തിൽ ജാതിവിദ്വേഷത്തിന് ഇടയാക്കും; അവരുടെ നേതൃത്വത്തിന് കാടൻ ചിന്തകളാണുള്ളത്; ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണന; ഈഴവവിരോധവും എവിടെയും ഈഴവനെ തകർക്കുക എന്നതുമാത്രമാണ് എൻ.എസ്.എസിന്റെ ലക്ഷ്യം; ഒരാൾ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാൽ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി; സുകുമാരൻ നായരെ പരസ്യമായി വിമർശിച്ച് എസ് എൻ ഡി പി

സ്വന്തം ലേഖകൻ

ആലപ്പുഴ: എൻ.എസ്.എസ്. നേതൃത്വത്തിന് കാടൻ ചിന്തകളാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ എസ് എസും എസ് എൻ ഡി പിയും തമ്മിലെ ഭിന്നത രൂക്ഷമാക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. അതിരൂക്ഷമായ ഭാഷയിലാണ് കടന്നാക്രമണം. എൻ എസ് എസിനെ മുമ്പോരിക്കലും വെള്ളാപ്പള്ളി ഇങ്ങനെ കടന്നാക്രമിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരകരിൽ ഒരാളായിരുന്നു വെള്ളാപ്പള്ളി. ഇത് എൻ എസ് എസും ചർച്ചയാക്കും.

എൻ.എസ്.എസിന്റെ പ്രവൃത്തികൾ കേരളത്തിൽ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടൻ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകർക്കുക എന്നതുമാത്രമാണ് എൻ.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാൾ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാൽ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എൻ.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവർക്ക് സവർണരെ പ്രതിഷ്ഠിക്കണം. അവർണർക്ക് ഒന്നും നൽകുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എൻ.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പമാണ് തങ്ങളെന്ന് എൻ എസ് എസ് നിലപാട് എടുത്തിരുന്നു. ശബരിമല വിഷയത്തിന്റെ പേരിലായിരുന്നു ഇത്. ഇതിനെതിരെ പല കോണുകളിലും വിമർശനം ഉയർന്നു. സമുദായ സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ശരിയല്ലെന്നും വിശദീകരിച്ചു. പരാതി നൽകുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. ബിജെപിക്കാരും പ്രതികരണവുമായെത്തി. ഇതിന് പിന്നാലെയാണ് എൻ എസ് എസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്ത് വരുന്നത്. ഇതോടെ ഈ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം എൻ എസ് എസും എസ് എൻ ഡി പിയും തമ്മിലായി. ഇരു സമൂദായ സംഘടനകളും തമ്മിലെ ഭിന്നത ഇത് രൂക്ഷമാക്കുകയും ചെയ്യും.

ഒരു ഈഴവൻ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എൻ.എസ്.എസ് എന്നും വെള്ളാപ്പള്ളി പറയുന്നു. ആർ.ശങ്കറും വി എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോൾ അത് കണ്ടതാണ്. ഒരു സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഇപ്പോഴേ നടത്തുന്നു. എന്തും പറയാമെന്നും ആരുടെയും തലയിൽ കയറാമെന്നും എൻ.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ല. ശരിദൂരവും സമദൂരവുമെല്ലാം എൻ.എസ്.എസിന്റെ അടവുനയമാണെന്നും അവർ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഈ ഉപതിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാൽ ആർക്കും പിന്തുണ നൽകേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് എസ്.എൻ.ഡി.പി.യുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP