Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്സവം ലൈവായി ചിത്രീകരിക്കാൻ കഥ മാറ്റിയത് നായകന്റെ സൗകര്യാർത്ഥം; ചിത്രീകരണം 25 ദിവസം പൂർത്തിയായപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ നടൻ പോയപ്പോൾ തർക്കം തുടങ്ങി; മുടിയും താടിയും 'വെയിൽ' പൂർത്തിയായതിനു ശേഷമേ വെട്ടാവൂ എന്ന കരാറുണ്ടാക്കിയത് സംഘടന മുൻകൈയെടുത്ത്; ഷെയ്ൻ നിഗമിന്റേത് പ്രത്യക്ഷ കരാർ ലംഘനം; വിവാദത്തിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ജോബി ജോർജിനൊപ്പം; നാളെ ഒത്തുതീർപ്പ് ചർച്ച; 'വെയിൽ' പൂർത്തിയാക്കാൻ ഷെയ്ൻ നിഗം നിർബന്ധിതനാകും

ഉത്സവം ലൈവായി ചിത്രീകരിക്കാൻ കഥ മാറ്റിയത് നായകന്റെ സൗകര്യാർത്ഥം; ചിത്രീകരണം 25 ദിവസം പൂർത്തിയായപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ നടൻ പോയപ്പോൾ തർക്കം തുടങ്ങി; മുടിയും താടിയും 'വെയിൽ' പൂർത്തിയായതിനു ശേഷമേ വെട്ടാവൂ എന്ന കരാറുണ്ടാക്കിയത് സംഘടന മുൻകൈയെടുത്ത്; ഷെയ്ൻ നിഗമിന്റേത് പ്രത്യക്ഷ കരാർ ലംഘനം; വിവാദത്തിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ ജോബി ജോർജിനൊപ്പം; നാളെ ഒത്തുതീർപ്പ് ചർച്ച; 'വെയിൽ' പൂർത്തിയാക്കാൻ ഷെയ്ൻ നിഗം നിർബന്ധിതനാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരെ ഗുഡ്വിൽ എന്റർടെയിന്റ്‌മെന്റ് ഉടമയും നിർമ്മാതാവുമായ ജോബി ജോർജ് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒത്തു തീർപ്പിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും. വിഷയത്തിൽ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷെയ്ൻ നിഗം അറിയിച്ചിരുന്നു. അമ്മയ്ക്ക് നൽകിയ പരാതിയിൽ അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടെന്നാണ് അറിഞ്ഞത്. നിർമ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും ഏറെ ഭയപ്പെടുത്തുന്നുണ്ടെന്നും ഷെയ്ൻ നിഗം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കുള്ള സാധ്യത ഒരുക്കുന്നത്. ഇക്കാര്യത്തിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും അമ്മയും ചേർന്ന് ഒത്തുതീർപ്പ് തീരുമാനം എടുക്കും. 

ജോബി ജോർജിന്റെ സിനിമയുമായി സഹകരിക്കാൻ ഷെയ്ൻ നിഗമിനോട് ഇരു സംഘടനകളും ആവശ്യപ്പെടും. സിനിമയുടെ നിർമ്മാതാവ് എന്ന നിലയിൽ ജോബി ജോർജിനുണ്ടാകാനിടയുള്ള പ്രതിസന്ധി കാരണമാകും ഇത്. തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപണവുമായി ഷെയ്ൻ നിഗം കഴിഞ്ഞദിവസമാണ് ഇൻസ്റ്റഗ്രാം ലൈവിലെത്തിയത്. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിവെട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്നും ഷെയ്ൻ ലൈവിൽ വെളിപ്പെടുത്തിയിരുന്നു. ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം താരസംഘടനയായ അമ്മയ്ക്കും പരാതി നൽകി. ഇതിന് ശേഷം ട്വിറ്റർ ലൈവിലും എത്തി. ഈ സാഹചര്യത്തിൽ ജോബിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകൾ അറിയിച്ചു. ഇതോടെയാണ് ജോബി നിർമ്മിക്കുന്ന വെയിൽ എന്ന സിനിമയുമായി സഹകരിക്കാൻ ഷെയ്ൻ നിഗമിനോട് ആവശ്യപ്പെടാൻ തീരുമാനമായത്. ഫലത്തിൽ ഈ വിഷയത്തിൽ ജോബി ജോർജിന് അനുകൂലമാകും തീരുമാനം.

ഒക്ടോബർ 16 ആയിരുന്നു ജോബിയുടെ വെയിൽ എന്ന സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. നവംബർ പതിനാറാണ് തീരുമാനിച്ചിരിക്കുന്നത്. മാസം പതിനാറ് ലക്ഷം രൂപയാണ് ഇതുകൊണ്ടുമാത്രം കൂടുതലായി ചിലവു വരുന്നതെന്ന ജോബിയുടെ വിശദീകരണത്തിനെ അനുകൂലിച്ചാകും ചർച്ചകൾ നടക്കുക. സിനിമ സമയത്തിന് തീർത്തേ മതിയാകൂവെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. വധ ഭീഷണിയിൽ പൊലീസിൽ പരാതി കൊടുക്കുന്നതിന് സംഘടനകൾ എതിർക്കില്ല. ഇത് ഷെയ്ൻ നിഗമിന്റെ വ്യക്തിപരമായ തീരുമാനമാണ്. സിനിമാ സംഘടനയ്ക്ക് മുമ്പിലുള്ളത് അതുമായി ബന്ധപ്പെട്ട വിഷയമാണ്. ജോബി ജോർജിന്റെ സിനിമ റിലീസ് ചെയ്യാൻ ഷെയൻ നിഗമിന്റെ പിന്തുണ ആവശ്യമാണ്. അല്ലാത്ത പക്ഷം പുതുമുഖമായ സംവിധായകനും പ്രതിസന്ധിയിലാകും. ഈ സിനിമയിൽ ഷെയ്ൻ അഭിനയിക്കുമ്പോൾ നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും ഉറപ്പു നൽകും-ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ മറുനാടനോട് പങ്കുവച്ചത് ഈ വികാരമാണ്. കഴിവുള്ള ആരേയും ആർക്കും മലയാള സിനിമാ വ്യവസായത്തിൽ നിന്ന് അകറ്റാനാകില്ലെന്നും അവർ പറയുന്നു.

ഈ വിഷയത്തിൽ ജോബി ജോർജിനൊപ്പമാണ് സംവിധായകൻ ശരത് മേനോനും നിലകൊള്ളുന്നത്. അറിഞ്ഞുകൊണ്ട് ഷെയ്ൻ ഇതു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വിവാദത്തെപ്പറ്റി വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ തന്റെ കഥാപാത്രം പ്ലസ് ടു വിദ്യാർത്ഥി ആയിരുന്നുവെന്നും ഷെയ്‌നിന്റെ ഡേറ്റിൽ വന്ന ചില പ്രശ്‌നങ്ങൾ മൂലം തിരക്കഥ തിരുത്തുകയായിരുന്നുവെന്നും ശരത് പറഞ്ഞു. നീണ്ട താടിയും മുടിയുമുള്ള ഗെറ്റപ്പിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനു തൊട്ടുമുമ്പാണ് ഷെയ്ൻ മുടി വെട്ടിയതെന്നും ശരത് വ്യക്തമാക്കിയിരുന്നു. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോൻ ആദ്യമായി സംവിധാനം െചയ്യുന്ന സിനിമയാണ് വെയിൽ. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരത്തേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുമ്പിൽ എത്തിയിരുന്നു.

ശരത് മേനോന്റെ വെളിപ്പെടുത്തലുകളിലാണ് ഈ സൂചനയുള്ളത്. കിസ്മത്ത് പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ട സമയത്താണ് ഈ സിനിമയുമായി ഷെയ്‌നിനെ സമീപിക്കുന്നത്. മെയ്‌ പതിനെട്ട് മുതലാണ് ഈ പടത്തിനായി ഷെയ്ൻ എനിക്ക് ഡേറ്റ് തന്നത്. ചിത്രത്തിന് നിർമ്മാതാവിനെ കിട്ടിയതും മെയ്‌ പതിനെട്ടിനു തന്നെ. ഇതേ ദിവസം ചിത്രീകരണം തുടങ്ങാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു, അത് സെറ്റിട്ട് ചിത്രീകരിക്കുക വലിയ മുതൽമുടക്കാകും. അതുകൊണ്ട് ലൈവ് ആയി ചിത്രീകരിക്കാൻ തീരുമാനിച്ചു. പക്ഷേ ആ സമയത്ത് ഷെയ്‌നിന്റെ വേറൊരു സിനിമ തീർന്നില്ലായിരുന്നു. അങ്ങനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പോയി. മൂന്നു ദിവസം ഷെയ്‌നിനെ തരാമെന്നു പറഞ്ഞു. പക്ഷേ താടി എടുക്കാൻ പാടില്ലെന്നായിരുന്നു നിബന്ധന. അത് ആ പടത്തെ ബാധിക്കും. എന്നാൽ എന്റെ സിനിമയിലെ കഥാപാത്രം പ്ലസ്ടു വിദ്യാർത്ഥിയാണ്. അത്രയും താടി സിനിമയിൽ കാണിക്കാനും പറ്റില്ല-ഇതായിരുന്നു വിഷയങ്ങളുടെ തുടക്കമെന്നാണ് സംവിധായകൻ പറയുന്നത്.

അങ്ങനെ സ്‌ക്രിപ്റ്റിൽ കുറച്ചു മാറ്റം വരുത്തി, ഉത്സവത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു. അത് ഷൂട്ട് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഷെയ്ൻ മറ്റൊരു ചിത്രത്തിലേക്കു പോയി. പിന്നീട് ആ പടത്തിൽ ജോയിൻ ചെയ്ത് അതിന്റെ ഷൂട്ട് തീർക്കുന്നത് ഓഗസ്റ്റ് പത്തിനാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ആ സിനിമയുടെ ഷൂട്ട് തീർന്നാൽ അടുത്തത് എന്റെ ചിത്രമാണെന്നായിരുന്നു. അങ്ങനെയായിരുന്നു ഷെയ്‌നോട് പറഞ്ഞിരുന്നതും. പക്ഷേ അപ്പോഴാണ് ഇപ്പോൾ ഈ പറയുന്ന സിനിമയിൽ അവൻ കരാർ ഒപ്പിടുന്നത്. അവർക്കും ഈ ചിത്രത്തിൽ താടിവച്ച കഥാപാത്രത്തെയായിരുന്നു വേണ്ടത്. നമ്മുടെ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ കഥാപാത്രം ക്ലീൻ ഷേവ് ആണ്. ഇതിനായി താടിവടിച്ചാൽ അവരുടെ സിനിമ മുടങ്ങും. അങ്ങനെ നമ്മുടെ സിനിമയുടെ ഡേറ്റ് അവർക്ക് നൽകി. ഞങ്ങൾ പറഞ്ഞ സമയത്തു തന്നെ ഷെഡ്യൂൾ തീർത്തു. കഴിഞ്ഞ മാസം 12 ാം തിയതി ഷെയ്ൻ ആ ചിത്രത്തിൽ ജോയിൻ ചെയ്തു. ഇതുവരെ അവന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഉത്സവത്തിനെടുത്ത സീനിന്റെ പിന്തുടർച്ചയായി ഒരു ഫൈറ്റ് സീൻ ആയിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഷെയ്ൻ മുടി മുറിക്കുന്നത്. അവൻ മനഃപൂർവം അതു ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

തനിക്കെതിരെയും ഖുർബാനി എന്ന ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയും വളരെ മോശമായിട്ടാണ് ജോബി ജോർജ് പെരുമാറിയതെന്നായിരുന്നു ഷെയൻ നിഗമിന്റെ ആരോപണം. നവംബർ 15ന് ശേഷമാണ് വെയിൽ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ. ആ സമയത്ത് പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിർമ്മാതാവിന്റെ ഭീഷണി. വെയിലിന്റെ സംവിധായകന് പോലും ഗെറ്റപ്പ് ചെയ്ഞ്ചിൽ പരാതിയില്ലെന്നും ഷെയ്ൻ പറയുന്നു. ഷെയ്‌നിനെ ഭീഷണിപ്പെടുത്തുന്ന നിർമ്മാതാവ് ജോബി ജോർജിന്റെ ഓഡിയോയും പുറത്തുവന്നു. എന്നാൽ ഷെയ്ൻ നിഗത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിർമ്മാതാവ് ജോബി ജോർജിന്റെ വിശദീകരണം. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയിൽ. ഇതിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. തുടർന്നുള്ള ചിത്രീകരണത്തിൽ നിന്ന് ഷെയ്ൻ ഒഴിഞ്ഞുമാറുകയാണ്. ഷെയ്ൻ കാരണം ചിത്രത്തിലെ നായികമാരുടെ പഠിപ്പ് മുടങ്ങിയെന്നും ജോബി ആരോപിക്കുന്നു. നിർമ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നൽകി. നേരത്തെയുണ്ടാക്കിയ കരാർ ഷെയ്ൻ ലംഘിച്ചിരുന്നു.

30 ലക്ഷമാണ് ഷെയ്ൻ പ്രതിഫലം ആവശ്യപ്പെട്ടത്. 16 മുതൽ 20 ദിവസം വരെയുള്ള ഷൂട്ടിങ്ങിന് മലയാള സിനിമയുടെ ചരിത്രത്തിൽ ആരും ഇത്രയും തുക കൊടുത്ത് കാണില്ല. ഷൂട്ടിങ്ങിന്റെ ഡേറ്റ് പല തവണ മാറിമറിഞ്ഞ സമയത്ത് വിഷമം കൊണ്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എല്ലാക്കാലത്തും ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ള ആളുകളാണ് ഉപദ്രവിച്ചിട്ടുള്ളതെന്നും ജോബി പറഞ്ഞു. സ്വന്തം മുടി വെട്ടുന്നത് പോലും ഷെയ്ൻ അറിയുന്നില്ലേ, എന്താണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നതെന്നും ജോബി ചോദിച്ചിരുന്നു.

ജോബിയുടെ വിശദീകരണം ഇങ്ങനെ

ഷെയ്ൻ നിഗം കരാർ ലംഘിച്ചെന്ന് നിർമ്മാതാവ് ജോബി ജോർജ് പറയുന്നു. തന്റെ പടം പൂർത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാർ. 30 ലക്ഷം രൂപ പ്രതിഫലം മേടിച്ചിട്ടാണ് കരാർ ലംഘനം. ഷെയ്ൻ സഹകരിച്ചാൽ പത്ത് ദിവസം കൊണ്ട് ചിത്രം പൂർത്തിയാകുമെന്നും ഇല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോബി പറഞ്ഞു. ആദ്യ നിർമ്മാതാവായ സന്ദീപിന് ഈ ചിത്രം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ഈ സിനിമ എന്നിലെത്തുന്നത്. ഷെയ്‌നാണ് നായകൻ. അബിയുടെ മകനല്ലേ, എന്റെ സുഹൃത്തായിരുന്നു അവന്റെ അച്ഛൻ. പലപ്പോഴും എന്റെ വീട്ടിലും വന്നിട്ടുണ്ട്. ജൂലൈ ഏഴിന് ഷൂട്ട് തുടങ്ങി ഒക്ടോബർ 9ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 4 കോടി 82 ലക്ഷമാണ് പലിശയ്ക്ക് എടുത്തത്. ഒരു കോടിക്ക് മൂന്ന് ലക്ഷം രൂപയാണ് മാസം പലിശ. ഞാൻ പലിശ കൊടുക്കാതിരുന്നാൽ എന്താകും അവസ്ഥ. പടം തീർക്കാതെ വന്നാൽ അറിയാമല്ലോ, ഓടി രക്ഷപ്പെടേണ്ടി വരും. ഷൂട്ട് തുടങ്ങി, 30 ലക്ഷമാണ് ആദ്യം പ്രതിഫലമായി പറഞ്ഞത്. ഷൂട്ട് തുടങ്ങിയപ്പോൾ 40 ലക്ഷമായി. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമാകും പതിനാറ് ദിവസത്തിനുള്ളിൽ പറഞ്ഞ പ്രതിഫലം അക്കൗണ്ടിൽ ഇട്ടുകൊടുത്തത്. ഇതൊന്നും പ്രശ്‌നമല്ല.

ആരെയും മനഃപൂർവം തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വിഷമം കൊണ്ടു പലതും പറഞ്ഞിട്ടുണ്ടാകാം. ഞാൻ സഹായിച്ചവരിൽ പലരും എന്നെ വേദനിപ്പിച്ചിട്ടേ ഒള്ളൂ. ഈ സിനിമയുടെ ചിത്രീകരണം 25 ദിവസം പൂർത്തിയായി, മുന്നോട്ടുപോകുന്ന സമയം. അപ്പോഴാണ് എന്റെ സുഹൃത്തായ നിർമ്മാതാവിന്റെ മെസേജ്. ഷെയ്ൻ നിഗത്തെവച്ച് അദ്ദേഹം സിനിമ ചെയ്യുന്നു. എന്റെ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ എങ്ങനെയാണ് ഈ സിനിമ ചെയ്യുകയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അവൻ ഞങ്ങൾക്കാണ് ഡേറ്റ് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങനെയാണ് ഈ വിഷയത്തിൽ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ ഞാൻ പരാതി കൊടുക്കുന്നത്. രണ്ട് കൂട്ടരുടെയും ചിത്രത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ അഭിനയിക്കണമെന്നായിരുന്നു തീരുമാനം. മുടിയും താടിയും എന്റെ സിനിമ പൂർത്തിയായതിനു ശേഷമേ വെട്ടാവൂ എന്നൊരു കരാറും ഒപ്പിട്ടിരുന്നു. അതിനു ശേഷം അദ്ദേഹം ഈ ചിത്രത്തിൽ വന്ന് അഭിനയിച്ചു. വളരെ നല്ല രീതിയിൽ സിനിമ വരുകയും ചെയ്തു. ഇതിനിടെ കരാർ ഒപ്പിട്ട ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ വിട്ടുകൊടുക്കുകയും ചെയ്തു.

എന്നാൽ തിരിച്ചു, ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പിന്നീട് ഷെയ്ൻ വന്നില്ല. ഒക്ടോബർ 15-ാം തിയതി അടുത്ത ഷെഡ്യൂൾ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ 12ാം തിയതി ഷെയ്ൻ മെസേജ് അയച്ചു. 25ാം തിയതി ഷൂട്ട് തുടങ്ങാമെന്നായിരുന്നു ആ മെസേജ്. 'മോനെ നിന്റെ ഇഷ്ടം' എന്നായിരുന്നു തിരിച്ചു ഞാൻ അയച്ചത്. നിർമ്മാതാക്കളുടെ വിഷമം ആര് അറിയാൻ. ഷൂട്ട് നീണ്ടുപോയാൽ ആ നഷ്ടം സഹിക്കേണ്ടത് ഞാൻ മാത്രമാണ്. ഷെയ്‌നിനോട് യാതൊരു ദേഷ്യവും എനിക്കില്ല. അവനെ നിയന്ത്രിക്കുന്ന സാധനം കൂടിപ്പോയതുകൊണ്ടാകും ഈ പ്രശ്‌നമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിലേയ്ക്ക് കൂടുതൽ കടക്കുന്നില്ല. അവൻ ഉറങ്ങിപ്പോയതുകൊണ്ടാണ് മുടി വെട്ടിപ്പോയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മുടി വെട്ടുന്നതുപോലും അറിയാതിരിക്കാൻ മാത്രം എന്താണ് അവനെ സ്വാധീനിക്കുന്നത്. എനിക്കും മക്കളുണ്ട്. അവർ വലുതാകുമ്പോൾ ഇതുപോലെ ആയിപ്പോയാൽ എന്ത് ചെയ്യും.

ഇവൻ മുടി വെട്ടിയ ഫോട്ടോ ഈ ചിത്രത്തിന്റെ മുൻനിർമ്മാതാവ് എനിക്ക് അയച്ചു തന്നു. അത് കണ്ടപ്പോൾ ഇക്കാര്യം അവന്റെ വീട്ടിൽപോയി സംസാരിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. ഫോൺവിളിച്ചിട്ട് ഷെയ്ൻ എടുക്കുന്നില്ല. എന്റെ വിഷമം ആരോട് പറയും. ഇതിന്റെ സംവിധായകനെ വേദനിപ്പിക്കാൻ എനിക്ക് വയ്യ. ഷെയ്ൻ കരാർ ഒപ്പിച്ച ചിത്രത്തിന്റെ നിർമ്മാതാവിന് ഇവൻ മുടിവെട്ടിയ ഫോട്ടോ അയച്ചു കൊടുത്തു. 'നിങ്ങൾ ഇത് എന്നോട് ചെയ്യരുതായിരുന്നു' എന്ന് മെസേജ് അയച്ചു. അതിനു േശഷം അത് ഞാൻ ഡിലീറ്റ് ചെയ്തു. പിന്നീട് ഷെയ്‌നെ വിളിച്ചു. 'ജോബി ചേട്ടാ എനിക്ക് ഭയങ്കരമായ അസുഖമാണ്. ഞാനൊരു സ്‌പെഷൽ ഡോക്ടറെ കാണാൻ പോകുവാണ്. അതുകഴിഞ്ഞ് നമുക്ക് കാണാം.'-ഇങ്ങനെയാണ് പറഞ്ഞത്. അവൻ എന്നോട് പറഞ്ഞത് മുഴുവൻ നുണയായിരുന്നു. അതേസമയം ഈ സിനിമയുടെ സംവിധായകൻ വിളിച്ചപ്പോൾ അവൻ ഇടപ്പള്ളിയിലുണ്ട്. 'ജോബി ചേട്ടനെ പോയി സമാധാനിപ്പിക്കാം' എന്നായിരുന്നു ഇവരോട് പറഞ്ഞത്.

ഇത്രയും അറിഞ്ഞ ശേഷമാണ് ഞാൻ ആ വോയ്‌സ് മെസേജ് ഷെയ്‌ന് അയച്ചത്. മുപ്പത് ലക്ഷം രൂപ മേടിച്ചിട്ടാണ് എന്നോട് നുണ പറഞ്ഞത്. അത് എന്നെ വിഷമിപ്പിച്ചു. അങ്ങനെയാണ് ആ മെസേജ് അയച്ചത്. 'എന്നെ പറ്റിച്ചിട്ട് നീ കിടന്നുറങ്ങാമെന്ന് വിചാരിക്കേണ്ട'. ഇത് ഞാൻ പറഞ്ഞത് തന്നെയാണ്. അല്ലാതെ ചീത്ത വിളിക്കുകയോ കൊല്ലുമെന്നോ പറഞ്ഞിട്ടില്ല. നാല് കോടി രൂപ മുടക്കിയ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു. അവനെ കൂടുതൽ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുടി വെട്ടരുത് എന്ന് വ്യക്തമായി എഴുതി കൊടുത്തതാണ്. ഉറങ്ങികിടക്കുമ്പോൾ മുടി വെട്ടി എന്നു പറയുന്നത് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. ഇതാണോ ഡെഡിക്കേഷൻ. മാന്യമായി ഷെയ്ൻ വന്ന് അഭിനയിച്ചാൽ പത്ത് ദിവസം കൊണ്ട് ഈ സിനിമ തീരും. അതിപ്പോൾ ഒന്നര ലക്ഷം രൂപയുടെ വിഗ് വച്ചാണെങ്കിലും ഈ സിനിമ തീർക്കും. അതല്ലെങ്കിൽ നിയമപരമായി പോകുകയേ നിർവാഹമുള്ളൂ-ജോബി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP