Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2.77 ഏക്കർ തർക്ക ഭൂമിയിലുള്ള അവകാശവാദം ഉപേക്ഷിക്കും; മറ്റൊരു സ്ഥലം കണ്ടെത്തി പള്ളി പണിയും; സർക്കാർ അയോധ്യയിലെ 52 പള്ളികളുടെ പുനരുദ്ധാരണം നടത്തണം; പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുന്ന അയോധ്യ തർക്കം തീർപ്പാക്കാൻ സുന്നി വഖഫ് ബോർഡ് സമ്മതം മൂളിയതായി സ്ഥിരീകരണം; ജമിയത്ത് ഉലേമ അടക്കം കേസിലെ മറ്റുകക്ഷികൾ എതിർപ്പുമായി രംഗത്ത് വന്നെങ്കിലും അവസാന വാക്ക് വഖഫ് ബോർഡിന്റേത് തന്നെ; ഇനി പന്ത് സുപ്രീം കോടതിയുടെ കോർട്ടിൽ

2.77 ഏക്കർ തർക്ക ഭൂമിയിലുള്ള അവകാശവാദം ഉപേക്ഷിക്കും; മറ്റൊരു സ്ഥലം കണ്ടെത്തി പള്ളി പണിയും; സർക്കാർ അയോധ്യയിലെ 52 പള്ളികളുടെ പുനരുദ്ധാരണം നടത്തണം; പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുന്ന അയോധ്യ തർക്കം തീർപ്പാക്കാൻ സുന്നി വഖഫ് ബോർഡ് സമ്മതം മൂളിയതായി സ്ഥിരീകരണം; ജമിയത്ത് ഉലേമ അടക്കം കേസിലെ മറ്റുകക്ഷികൾ എതിർപ്പുമായി രംഗത്ത് വന്നെങ്കിലും അവസാന വാക്ക് വഖഫ് ബോർഡിന്റേത് തന്നെ; ഇനി പന്ത് സുപ്രീം കോടതിയുടെ കോർട്ടിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയാധ്യയിൽ തർക്കഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാൻ സുന്നി വഖഫ് ബോർഡ് സമ്മതം മൂളിയതായി സ്ഥിരീകരണം. വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഷാഹിദ് റിസ് വിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2.77 ഏക്കർ ഭൂമിയിലുള്ള അവകാശവാദം ഉപേക്ഷിക്കാനാണ് ബോർഡ് തയ്യാറായിരിക്കുന്നത്. ബോർഡ് മറ്റൊരു സ്ഥലം കണ്ടെത്തി മറ്റൊരു പള്ളി നിർമ്മിക്കും. തങ്ങൾ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് ബോർഡ് സമവായ നിർദ്ദേശം മുന്നോട്ടുവച്ചു. ഇതോടെ കേസ് ഒത്തുതീർപ്പാക്കാൻ സമവായത്തിന് കളമൊരുങ്ങി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ സുന്നി വഖഫ് ബോർഡിന്റെ നിർദ്ദേശങ്ങൾ പ്രതിപാദിക്കുന്നുണ്ട്. കേസിൽ വാദംകേട്ട ഭരണാഘടന ബെഞ്ചിന്റെ ചേംബറിലായിരിക്കും മധ്യസ്ഥസമിതി റിപ്പോർട്ട് പരിശോധിക്കുക.

കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് വഖഫ് ബോർഡ് ആവശ്യപ്പെടുന്നു. അയോധ്യയിൽ 52പള്ളികൾ സർക്കാർ പുതുക്കണം, വഖഫ് ബോർഡ് മധ്യസ്ഥ സമിതിക്ക് മുമ്പാകെ വ്യക്തമാക്കി. മറ്റ് ഏതെങ്കിലും അനുയോജ്യമായ സ്ഥലത്ത് പള്ളി പണിഞ്ഞ് നൽകാമെന്നും വഖഫ് ബോർഡ് വാഗ്ദാനം ചെയ്യുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് 134 വർഷത്തെ തർക്കം തീർപ്പാക്കാൻ സഹായിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.

ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പക്കലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോർഡ് സമർപ്പിക്കാമെന്നും കോടതി നിയോഗിക്കുന്ന കമ്മിറ്റിക്ക് അതിൽ ഏതൊക്കെ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുക്കാമെന്നും മധ്യസ്ഥ സമിതി റിപ്പോർട്ടിൽ പറയുന്നു. അയോധ്യയിൽ സമാധാനവും ഐക്യവും ഉറപ്പിക്കാൻ ഒരു ദേശീയ സ്ഥാപനം സ്ഥാപിക്കണം. ഇതിന് വേണ്ടിയുള്ള ഭൂമി നൽകാൻ മഹന്ത് ധരം ദാസും പുതുച്ചേരിയിലെ അരബിന്ദോ ആശ്രമവും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം മധ്യസ്ഥ സമിതിയിലെ അംഗമായ ശ്രീശ്രീ രവിശങ്കർ മധ്യസ്ഥ സമിതിയിൽ വിശ്വാസം അർപ്പിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറഞ്ഞു. എല്ലാ കക്ഷികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മധ്യസ്ഥ ചർച്ച സാഹോദര്യത്തിന്റെയും, പരസ്പര ധാരണയും അടിസ്ഥാനത്തിലായിരുന്നുവെന്നും അത് രാഷ്ട്രത്തിന്റെ മൂല്യങ്ങൾക്കുള്ള സാ്്ക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ തർക്കഭൂമി കേസിൽ വാദം കേൾക്കുന്നതിന് സമാന്തരമായി മധ്യസ്ഥ ചർച്ചകൾക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മധ്യസ്ഥ ചർച്ചകൾ നടത്തുകയും സമവായം ഉണ്ടാക്കുകയും ചെയ്തു. ഈ റിപ്പോർട്ട് ഇന്നലെ കോടതിക്ക് നൽകി. സുന്നി വഖഫ് ബോർഡ് ചെയർമാൻ കേസിൽ നിന്ന് പിന്മാറാൻ അനുമതി തേടി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.

ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം തർക്ക ഭൂമിക്ക് വേണ്ടിയുള്ള അവകാശ വാദം സുന്നി വഖഫ് ബോർഡ് പൂർണ്ണമായും ഉപേക്ഷിക്കാൻ സമ്മതിച്ചതിന്ററെ ഭാഗമായാണ് പിന്മാറ്റം എന്ന സൂചന ഉണ്ടായിരുന്നു. വഖഫ് ബോർഡിലെ മറ്റ് അംഗങ്ങൾക്കും കേസിലെ മറ്റ് മുസ്ലിം കക്ഷികൾക്കും നീക്കത്തിൽ എതിർപ്പുണ്ട്. കേസിലെ ആദ്യകാല കക്ഷികളിലൊരാളായ അയോധ്യ സ്വദേശി ഇഖ്ബാൽ അൻസാരി വഖഫ് ബോർഡിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞു. വഖഫ് ബോർഡിന് ഏകപക്ഷീയമായി തീരുമാനം എടുക്കാൻ അധികാരമില്ലെന്നും, കഴിഞ്ഞ രണ്ട് മാസമായുള്ള ബോർഡ് ചെയർമാന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു. കേസിലെ കക്ഷികളിലൊന്നായ ജമിയത്ത് ഉലേമ കരാറിന്റെ ഭാഗമല്ല. എന്നാൽ, സുന്നി വഖഫ് ബോർഡിനാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ളത്. കഴിഞ്ഞ വട്ടത്തിൽ നിന്ന് വ്യത്യസ്തമായി മുസ്ലിം കക്ഷികളെ കരാറിന്റെ ഭാഗമാക്കാൻ കഴിഞ്ഞു. സുന്നി വകഫ് ബോർഡ് കൂടാതെ നിർമോഹി അഖാഡയുടെ മാതൃസ്ഥാപനമായ നിർവാണി അഖാഡ, ഹിന്ദു മഹാസഭ, രാം ജന്മസ്ഥാൻ പുനരുദ്ധാർ സമിതി എന്നിവരാണ് സമവായത്തിന്റെ ഭാഗമാകുന്നത്. വിഎച്ചപി പിന്തുണയുള്ള രാം ജന്മഭൂമി ന്യാസ് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായില്ലെങ്കിലും തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അവരുടെ പദ്ധതി അനുസരിച്ച് തന്നെയാണ് സമവായത്തിലെത്തുന്നത്. സുപ്രീം കോടതി മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുമോ അതോ സ്വന്തം വിധി ന്യായം പുറപ്പെടുവിക്കുമോ എന്നാണ് അറിയേണ്ടത്.

അതേസമയം, ഭൂമിതർക്ക കേസ് വിധി പറയാൻ മാറ്റിവച്ചു. വാദങ്ങൾ രേഖാമൂലം നൽകേണ്ടവർക്ക് മൂന്ന് ദിവസത്തിനകം നൽകാം. ഓഗസ്റ്റ് ആറിനാണ് കേസിൽ വാദം കേൾക്കൽ ആരംഭിച്ചത്. കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്.കേസിലെ വാദത്തിനിടെ അഭിഭാഷകൻ തെളിവായി നൽകിയ രേഖ കീറിക്കളഞ്ഞു. ഇതോടെ ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാനാണ് കോടതിയിൽ വലിച്ചു കീറിയത്. ഹിന്ദു മഹാസഭ കോടതിയിൽ നൽകിയ രേഖയാണ് അഭിഭാഷകൻ നാടകീയമായി വലിച്ചുകീറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങൾ വാദത്തിൽ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ എതിർത്തു. രേഖയുടെ കോപ്പി എന്ന നിലയിൽ തനിക്കു നൽകിയ പേജ് രാജീവ് ധവാൻ കീറികളയുകയായിരുന്നു.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കിൽ നിങ്ങൾക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാൻ ഇതു കീറിക്കളഞ്ഞത്. ഉടൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വാദം കേൾക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാർ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഇത്തരം രേഖകൾക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാൻ ഭൂപടം കീറിയത്.

അതിനിടെ യുപി സർക്കാർ നവംബർ 30 വരെ യുപി സർക്കാർ എല്ലാ ഉദ്യോഗസ്ഥരും ഫീൽഡ് ഡ്യൂട്ടിയിലായിരിക്കണമെന്നും അവധി അനുവദിക്കില്ലെന്നും ഉത്തരവിട്ടു. ഉത്സലസീസണുമായി ബന്ധപ്പെട്ടാണ് ഉത്തരവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അയോധ്യ വിധി കണക്കിലെടുത്താണ് നീക്കമെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP