Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റാണിയെ കുറിച്ച് ചോദിച്ചാൽ മൗനം; മൊബൈൽ ഫോണിൽ നിറയെ ഉണ്ടായിരുന്നത് തയ്യൽക്കാരിയുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഫോട്ടോകൾ; എൻഐടിയിലെ അടിപൊളി ജീവിതത്തിന് പിന്നിലെ ചോദ്യങ്ങളോട് സഹകരിക്കാതെ സയനൈയ്ഡ് ജോളിയുടെ മറുപടികൾ; ആദ്യ തെളിവെടുപ്പിൽ അലമാരയിൽ നിന്ന് സയനൈയ്ഡ് എന്ന് പറഞ്ഞ് വെറും കുപ്പി എടുത്തു നൽകിയ കുബുദ്ധിക്ക് പിന്നിൽ അഭിഭാഷക ഉപദേശമെന്നും സംശയം; കുടത്തായിയിൽ ക്രൈംബ്രാഞ്ചിനെ കുടുക്കി ജോളിയുടെ തന്ത്രപരമായ നിസ്സഹകരണം

റാണിയെ കുറിച്ച് ചോദിച്ചാൽ മൗനം; മൊബൈൽ ഫോണിൽ നിറയെ ഉണ്ടായിരുന്നത് തയ്യൽക്കാരിയുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഫോട്ടോകൾ; എൻഐടിയിലെ അടിപൊളി ജീവിതത്തിന് പിന്നിലെ ചോദ്യങ്ങളോട് സഹകരിക്കാതെ സയനൈയ്ഡ് ജോളിയുടെ മറുപടികൾ; ആദ്യ തെളിവെടുപ്പിൽ അലമാരയിൽ നിന്ന് സയനൈയ്ഡ് എന്ന് പറഞ്ഞ് വെറും കുപ്പി എടുത്തു നൽകിയ കുബുദ്ധിക്ക് പിന്നിൽ അഭിഭാഷക ഉപദേശമെന്നും സംശയം; കുടത്തായിയിൽ ക്രൈംബ്രാഞ്ചിനെ കുടുക്കി ജോളിയുടെ തന്ത്രപരമായ നിസ്സഹകരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റാണിയെ കുറിച്ച് ചോദിച്ചാൽ ജോളിക്ക് മൗനം. അതുകൊണ്ട് തന്നെ കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യൽക്കട ജീവനക്കാരി റാണിയെ കുറിച്ച് വിവരമൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ജോളിയുടെ മൊബൈൽ ഫോൺ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എൻഐടി പരിസരത്തെ തയ്യൽക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

യുവതിയുടെ തയ്യൽക്കട നിലവിൽ പ്രവർത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിൽ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ചാണ് ജോളി ചിത്രത്തിലുള്ളത്. അറസ്റ്റിന് ശേഷം ജോളിയുടെ മൊബൈൽ
പരിശോധിച്ചപ്പോഴാണ് പൊലീസിന് ചിത്രങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്യുമ്പോൾ റാണിയെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ജോളി മൗനത്തിലേക്ക് കടക്കും. ഒന്നിനും ഉത്തരം നൽകില്ല.

ഇത്തരത്തിൽ പല തന്ത്രപരമായ സമീപനവും ജോളി ചോദ്യം ചെയ്യലിനിടെ മുമ്പും എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ എങ്ങനെ പ്രതികരിക്കണമെന്ന കൃത്യമായ ഉപദേശം ജോളിക്ക് നേരത്തെ കിട്ടിയിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോൾ അലമാരയിലെ വസ്ത്രങ്ങൾക്കുള്ളിൽ നിന്നും സയനൈഡ് എടുത്ത് നൽകിയത് ജോളിയുടെ തന്ത്രമായിരുന്നു. പൊലീസ് ആവശ്യപ്പെടാതെതന്നെ അലമാരയിൽ തുണികൾക്കുള്ളിൽ ചെറിയ കുപ്പിയിൽ സൂക്ഷിച്ച വസ്തും സയനൈഡ് എന്ന് പറഞ്ഞ് ജോളി എടുത്തുകൊടുക്കുകയായിരുന്നു.

ഫോറൻസിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാൽ ഇത് പൊലീസ് വിശ്വസിച്ചു. പിന്നീടുള്ള പരിശോധനയിൽ കള്ളക്കളി പിടികിട്ടി. ഇതോടെയാണ് വീണ്ടും സയനൈഡിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്. അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നൽകിയ അഭിഭാഷനാണ് ഈ ബുദ്ധി ജോളിക്ക് പറഞ്ഞുകൊടുത്തത് എന്നാണ് സൂചന. സയനൈഡ് എന്ന മട്ടിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുമ്പോൾ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്. എടുത്തുതന്ന വസ്തു സയനൈഡ് അല്ലെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണവും ലഭിച്ചു.

തുടർന്നാണ് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും ജോളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്. ഈ സമയം അടുക്കളയിലെ റാക്കിൽ അലക്ഷ്യമായ കുപ്പിയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയിൽ ഇത് സയനൈഡ് തന്നെയെന്നാണ് ഫോറൻസിക് സംഘം പറഞ്ഞത്. ഫോറൻസിക് സംഘത്തേയും ഒപ്പം കൂട്ടിയത് ജോളി കള്ളം പറയുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു. കോടതി മുഖാന്തിരം രാസപരിശോധനയ്ക്ക് അയച്ചാലേ കൃത്യമായ ഫലം കിട്ടൂ. നേരത്തേ എടുത്തു കൊടുത്ത കുപ്പി കോടതി വഴി പരിശോധനയ്ക്ക് അയച്ചാൽ ഫലംവരുമ്പോൾ സയനൈഡ് അല്ലെന്ന് തെളിയുകയും അങ്ങനെ കേസിൽനിന്ന് ഊരാനാകുമെന്നും ജോളിക്ക് ഉപദേശം ലഭിച്ചിരുന്നതായാണു സൂചന.

സയനൈഡിന്റെ ഉടവിടംതേടി അന്വേഷണസംഘം കോയമ്പത്തൂരിലേക്കും പോകും. ജോളി കൃത്യങ്ങൾക്കുപയോഗിച്ച സയനൈഡ് കോയമ്പത്തൂരിൽനിന്നു വാങ്ങിയതാണെന്ന് കൂട്ടുപ്രതി പ്രജികുമാർ മൊഴി നൽകിയതിനെ തുടർന്നാണിത്. സംഭവത്തിൽ ജോളിയുടെ കട്ടപ്പനയിലുള്ള ബന്ധുക്കളുടെയും കോയമ്പത്തൂർ ബന്ധമുള്ള ജോൺസന്റെയും പങ്ക് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ടോം തോമസിനെ കൊല്ലുന്നതിനു മുമ്പേ ജോളി അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കി വെച്ചിരുന്നതായി കണ്ടെത്തി.

ടോം തോമസിന്റെ മകൻ റോയി മരിച്ച ശേഷം ഈ ഒസ്യത്തിൽ സഹോദരങ്ങളായ റോജോയും റെഞ്ജിയും സംശയം പ്രകടിപ്പിച്ചതോടെ ജോളി ഇതുമാറ്റി വീണ്ടുമൊരു ഒസ്യത്ത് വ്യാജമായി തയ്യാറാക്കി. ഇതു സംബന്ധിച്ച മൊഴികൾ അന്വേഷണ സംഘത്തിനു കിട്ടി. വളരെ നേരത്തേ തന്നെ ടോം തോമസിനെ ഇല്ലാതാക്കാൻ ജോളി ഒരുക്കം തുടങ്ങിയിരുന്നു. ഇതിലേക്കു വഴിയൊരുക്കിയത് സ്വത്തു മോഹം തന്നെയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. തന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കർ സ്ഥലം വിറ്റവകയിൽ കിട്ടിയ 16 ലക്ഷം രൂപ ടോം തോമസ് ജോളിയെ ഏൽപ്പിച്ചിരുന്നു. ഇത് റോയിക്കുള്ള വിഹിതമാണെന്നും പറഞ്ഞു. ബാക്കിയുള്ള സ്ഥലം റോജോയ്ക്കാണെന്നു പറഞ്ഞു.

എന്നാൽ, തനിക്കുമാത്രമായി സ്ഥലം വേണ്ടെന്നും സഹോദരിക്കുകൂടി നൽകണമെന്നുള്ള നിർദ്ദേശം റോജോ മുന്നോട്ടുവെച്ചു. അങ്ങനെ രണ്ടുപേർക്കും സ്ഥലം നൽകാൻ തീരുമാനമായി. സ്ഥലം വിറ്റുകിട്ടിയ 16 ലക്ഷം രൂപയ്ക്ക് യോജിച്ച ഒരു സ്ഥലം വാങ്ങാനാണ് ടോം തോമസ് നിർദ്ദേശിച്ചത്. എന്നാൽ, സ്ഥലം കിട്ടിയില്ലെന്നു മാത്രമല്ല ആ തുക തീരുകയും ചെയ്തു. ഇതോടെയാണ് ജോളി പരിഭ്രാന്തയായത്. സ്ഥലവുമില്ല, പണവുമില്ല എന്ന സ്ഥിതിയായതോടെയാണ് ടോം തോമസിനെ ഇല്ലാതാക്കി റോജോയ്ക്കും റെഞ്ചിക്കുമായി കരുതിയിരുന്ന സ്വത്ത് റോയിയുടെ പേരിലാക്കുക എന്ന തീരുമാനത്തിലേക്ക് ജോളി എത്തിയത്.

ഇതുപ്രകാരമാണ് തന്റെ എല്ലാ സ്വത്തുക്കളും റോയിക്കാണെന്ന ഒസ്യത്ത് ടോം തോമസിന്റെ പേരിൽ തയ്യാറാക്കിയത്. വെള്ളക്കടലാസിലായിരുന്നു ആദ്യ ഒസ്യത്ത്. ഇതിൽ ഒപ്പോ തീയതിയോ സാക്ഷികളോ ഉണ്ടായിരുന്നില്ല. റോയിയുടെ മരണശേഷം ജോളി ഈ ഒസ്യത്ത് കാണിച്ചപ്പോൾ റെഞ്ജിയും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീട് രജിസ്ട്രേഷൻ സമയത്താണ് മുദ്രപ്പത്രത്തിൽ സാക്ഷികളെയും മറ്റും ചേർത്ത് ഒസ്യത്ത് ഉണ്ടാക്കിയത്. ഇതിൽക്കാണുന്ന ഒപ്പ് ടോം തോമസിന്റെതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ടോം തോമസ്, റോയി തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ശക്തമായ തെളിവായാണ് വ്യാജ ഒസ്യത്തിനെയും സ്ഥലരജിസ്ട്രേഷനെയും അന്വേഷണസംഘം കാണുന്നത്. ജോളിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമായി തെളിയിക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP