Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാവിഷയമാകുമെന്ന് 42 ശതമാനം വോട്ടർമാരും; ഇടതു സ്ഥാനാർത്ഥി ആചാര സംരക്ഷക വേഷം കെട്ടിയത് മണ്ഡലത്തിന്റെ മനം അറിഞ്ഞു തന്നെ; വികസനം മോശമെന്ന് 59 ശതമാനം വോട്ടർമാരും; എന്നിട്ടും തുടർച്ചയായി ജയിക്കുന്ന യുഡിഎഫിനെതിരെ വികാരമില്ല; അത്യുത്തര ദേശത്ത് യുഡിഎഫിനെ തുണക്കുന്നത് മറ്റെല്ലാ ഘടകങ്ങൾക്കുമപ്പുറം ജാതി-മത സമവാക്യങ്ങൾ തന്നെ; മറുനാടൻ മഞ്ചേശ്വരം സർവേ വിലയിരുത്തൽ ഇങ്ങനെ

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാവിഷയമാകുമെന്ന് 42 ശതമാനം വോട്ടർമാരും; ഇടതു സ്ഥാനാർത്ഥി ആചാര സംരക്ഷക വേഷം കെട്ടിയത് മണ്ഡലത്തിന്റെ മനം അറിഞ്ഞു തന്നെ; വികസനം മോശമെന്ന് 59 ശതമാനം വോട്ടർമാരും; എന്നിട്ടും തുടർച്ചയായി ജയിക്കുന്ന യുഡിഎഫിനെതിരെ വികാരമില്ല; അത്യുത്തര ദേശത്ത് യുഡിഎഫിനെ തുണക്കുന്നത് മറ്റെല്ലാ ഘടകങ്ങൾക്കുമപ്പുറം ജാതി-മത സമവാക്യങ്ങൾ തന്നെ; മറുനാടൻ മഞ്ചേശ്വരം സർവേ വിലയിരുത്തൽ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആളിക്കത്തിയ വിഷയമായിരുന്നു ശബരിമല. എന്നാൽ പിന്നീട് നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ അടക്കം ആ വിഷയം സജീവമായില്ല. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേയിലും കണ്ടെത്താനായത് ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉപതെരഞ്ഞെടുപ്പിൽ മാറുന്നില്ല എന്നാണ്. എന്നാൽ കേരളത്തിന്റെ അത്യുത്തര ദേശത്ത് ഇപ്പോഴും ശബരിമല മുഖ്യവിഷയങ്ങളിൽ ഒന്നായി നിറഞ്ഞു നിൽക്കയാണെന്ന് മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയിൽ വ്യക്തമാവുന്നു. യുഡിഎഫിന് വിജയം പ്രവചിക്കുന്ന സർവേയിൽ, ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 42 ശതമാനം വോട്ടർമാരും അതെ എന്ന ഉത്തരമാണ് രേഖപ്പെടുത്തിയത്.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമേതാണെന്ന ചോദ്യത്തിന് മറുപടിയായി വികസനം കഴിഞ്ഞാൽ രണ്ടാമത് എത്തിയതും ശബരിമലയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ ഈ കാറ്റ് കണ്ടുകൊണ്ടുതന്നെയാവണം, പാർട്ടിയുടെയും മുന്നണിയുടെ പൊതു നിലപാട് മാറ്റി ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് എടുത്തത്. അതിന്റെ ഗുണവും ഇടതിനുണ്ടെന്ന് സർവേ ഫലങ്ങളിൽ കാണുന്നുണ്ട്. രണ്ടാമതെത്തിയ ബിജെപി സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറും, എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈയും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. എൽഡിഎഫിന്റെ നില കഴിഞ്ഞ തവണത്തേക്കാളും മെച്ചെപ്പെടുമെന്ന് സർവേ സൂചിപ്പിക്കുന്നു.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയമായി 51 ശതമാനം വോട്ടർമാരും പറയുന്നത് മണ്ഡലത്തിലെ വികസനമാണ്. ഇവിടുത്തെ വികസനം മോശമാണെന്നാണ് 59 ശതമാനം വോട്ടർമാരും സർവേയുടെ അനുബന്ധ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. മറുനാടൻ സർവേ സംഘത്തോട് നേരിട്ടും മഞ്ചേശ്വരത്തെ വോട്ടർമാർ ഇക്കാര്യം ശക്തമായി വിശദീകരിച്ചിരുന്നു. 'നല്ല റോഡില്ല, ആശുപത്രിയില്ല, സ്‌കൂളുകളും, കോളജുകളുമില്ല,' എന്നായിരുന്നു പലരുടെയും പ്രതികരണം. എന്നിട്ടും ഇവിടെ ഭരണകക്ഷിയായ മുസ്ലിം ലീഗു തന്നെ തുടർച്ചയായി ജയിക്കുയാണ്. 2006ൽ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു ജയിച്ചത് മാത്രമായിരുന്നു ഇക്കാലത്തുണ്ടായ മാറ്റം.

ഇതിന് യുഡിഎഫിനെ പ്രാപ്തമാക്കുന്നത് കൃത്യമായി ജാതി- മത സമവാക്യങ്ങൾ തന്നെയാണെന്ന് സർവേ അനുബന്ധ ചോദ്യങ്ങൾക്കുള്ള  പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് ഇവിടെ സംഭവിക്കുന്നത്. ഹൈന്ദവ വോട്ടുകൾ സിപിഎമ്മിനും ബിജെപിക്കുമായി ചിതറിപ്പോകുമ്പോൾ, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കയാണ്. സാമുദായിക ഘടകങ്ങൾ ഏത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് 49 ശതമാനംപേരും യുഡിഎഫ് എന്നാണ് പ്രതികരിച്ചത്.

അതുപോലെതന്നെ സ്ഥാനാർത്ഥിയുടെ മികവും മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ സൃഷ്ടിച്ചപോലെത്തെ ഒരു ഓളം ഉണ്ടാക്കാൻ ഇത്തവണ ബിജെപിക്ക് കഴിയുന്നില്ല. രവീശതന്ത്രി കുണ്ടാറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിലനിന്ന ചില പ്രശ്്‌നങ്ങൾ ഇപ്പോഴും ഉണ്ടെന്നാണ് അടിത്തട്ടിൽ നിന്ന് കിട്ടുന്ന സൂചനകൾ. വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണെന്ന സർവേയുടെ അനുബന്ധ ചോദ്യത്തിന്റെ മറുപടിയായി ശങ്കർ റൈക്കും താഴെ മൂന്നാമതായാണ് വോട്ടർമാർ രവീശ തന്ത്രിയുടെ പേര് പറയുന്നത്.

കഴിഞ്ഞതവണ വെറും 89 വോട്ടുകൾക്ക് കൈവിട്ട മഞ്ചേശ്വരം ഈ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം ഫലം കാണാൻ സാധ്യതയില്ല എന്നതിന്റെ സൂചനകളാണ് മറുനാടൻ മലയാളി സർവേയിൽ തെളിയുന്നത്. ഇവിടെ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 37 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, എൻഡിഎ സ്്ഥാനാർഥി ബിജെപിയിലെ രവീശ തന്ത്രി കുണ്ടാർ 31 ശതമാനം വോട്ടിന് രണ്ടാമതാണ്. എൽഡിഎഫിലെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈ 30 ശതമാനം വോട്ടിന് തൊട്ടുപിന്നിലാണ്.

സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി ഇങ്ങനെയാണ്.

1 ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയം എന്താണ്?

മണ്ഡലത്തിലെ വികസനം- 51

സ്ഥാനാർത്ഥിയുടെ  മികവ് -10

സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ-5

ശബരിമല- 30

ഇവയൊന്നുമല്ല-4

2 പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു

മികച്ചത്- 10 ശതമാനം

ശരാശരി- 40

മോശം- 30

വളരെ മോശം- 20

3 വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണ്?

എം സി കമറുദ്ദീൻ ( യുഡിഎഫ്)- 40 ശതമാനം

ശങ്കർ റൈ ( എൽഡിഎഫ്) -31

രവീശതന്ത്രി കുണ്ടാർ ( എൻഡിഎ) - 28

മറ്റുള്ളവർ -1

4 ഈ മണ്ഡലത്തിലെ വികസനത്തെ എങ്ങനെ വിലയിരുത്തുന്നു.

വളരെ മികച്ചത്- 2 ശതമാനം

മികച്ചത്- 18

ശരാശരി- 21

മോശം- 59

5 ഒരു ഭരണകക്ഷി എംഎൽഎ ജയിച്ചാൽ വിജയിച്ചാൽ മണ്ഡലത്തിൽ കൂടുതൽ വികസനം വരുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 25 ശതമാനം

ഇല്ല- 40

അഭിപ്രായമില്ല- 35

6 സാമുദായിക ഘടകങ്ങൾ ഏത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്?

യുഡിഎഫ്- 49 ശതമാനം

എൻഡിഎ- 40

എൽഡിഎഫ്- 10

മറ്റുള്ളവർ- 1

7 അടുത്തകാലത്ത് സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

അതെ - 50 ശതമാനം

അല്ല- 30

അഭിപ്രായമില്ല -20

8 ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് 
കരുതുന്നുണ്ടോ?

ഉണ്ട് -42 ശതമാനം

ഇല്ല - 20

അഭിപ്രായമില്ല - 38

9 മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട് - 29

ഇല്ല -50

അഭിപ്രായമില്ല- 21

10 പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത് - 10

മികച്ചത്-20

ശരാശരി -55

മോശം - 15

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP