Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാണിയെ കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയത് ജോളിയുടെ മൊബൈൽ ഫോൺ പരിശോധനയിലൂടെ; ജോളിയുടെ എൻഐടി ബന്ധത്തിന്റെ ചുരുളഴിക്കാൻ മുപ്പതുകാരിയെ കണ്ടെത്തിയേ മതിയാകൂ; ചെന്നൈയിലേക്ക് മുങ്ങിയ തുന്നൽക്കാരിയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; നിപ പടർന്ന് പന്തലിച്ചപ്പോൾ മരിച്ച രാമകൃഷ്ണന്റെ സുഹൃത്തിന്റേതും ആസൂത്രിത കൊലപാതകമോ? കൂടത്തായിയിലെ കൂട്ടക്കൊലയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് എൻഐടി പരിസരം; ജോളിയുടെ ആത്മസഖിയിലും നിറയുന്നത് ദുരൂഹതകൾ

റാണിയെ കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയത് ജോളിയുടെ മൊബൈൽ ഫോൺ പരിശോധനയിലൂടെ; ജോളിയുടെ എൻഐടി ബന്ധത്തിന്റെ ചുരുളഴിക്കാൻ മുപ്പതുകാരിയെ കണ്ടെത്തിയേ മതിയാകൂ; ചെന്നൈയിലേക്ക് മുങ്ങിയ തുന്നൽക്കാരിയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; നിപ പടർന്ന് പന്തലിച്ചപ്പോൾ മരിച്ച രാമകൃഷ്ണന്റെ സുഹൃത്തിന്റേതും ആസൂത്രിത കൊലപാതകമോ? കൂടത്തായിയിലെ കൂട്ടക്കൊലയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് എൻഐടി പരിസരം; ജോളിയുടെ ആത്മസഖിയിലും നിറയുന്നത് ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കൂടത്തായി പരമ്പരക്കൊലപാതകത്തിൽ മുഖ്യപ്രതി ജോളിയുടെ കൂട്ടുകാരിയെന്ന് സംശയിക്കുന്ന യുവതിയെ കുറിച്ച് പൊലീസ് വിശദ ആന്വേഷണത്തിന്. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്തെ ഒരു മരണംകൂടി സംശയ നിഴലിലാകുന്ന സാഹചര്യത്തിലാണ് ഇത്. ചാത്തമംഗലത്ത് മരിച്ച കോൺഗ്രസ് പ്രവർത്തകൻ രാമകൃഷ്ണന്റെ സുഹൃത്തിന്റെ മരണമാണ് കോഴിക്കോട് ഡി.സി.ആർ.ബി. അസിസ്റ്റന്റ് കമ്മിഷണർ അന്വേഷിക്കുന്നത്. വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പറുത്തുവിട്ടിട്ടില്ല. നേരത്തെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജോളിയുടെ സുഹൃത്തിനും ഈ മരണങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ജോളി ജോലി ചെയ്തിരുന്നു എന്ന് പ്രചരിപ്പിച്ചിരുന്ന എൻഐടിക്ക് സമീപത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഇവർക്ക് വേണ്ടി അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. എൻഐടിക്ക് സമീപം തയ്യൽ ജോലികൾ ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി ഇപ്പോഴുള്ളത് ചെന്നൈയിലാണെന്നാണ് വിവരം. ജോളിയോടൊപ്പം യുവതി എൻഐടി ക്യാമ്പസിൽ നിൽക്കുന്ന ഒരു ചിത്രം പുറത്തു വന്ന സാഹചര്യത്തിൽ ഇവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കി. എൻഐടിയുടെ വ്യാജ ഐഡി കാർഡ് കഴുത്തിൽ തൂക്കിയിട്ട നിലയിൽ നിൽക്കുന്ന ജോളിയോടൊപ്പമാണ് യുവതി നിൽക്കുന്ന ചിത്രമാണ് കിട്ടിയിട്ടുള്ളത്്. യുവതിയെ ചോദ്യം ചെയ്താൽ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് കരുതുന്നത്.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് എൻ.ഐ.ടി പരിസരത്തെ തയ്യൽ കടയിൽ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ജോളിയുടെ എൻ.ഐ.ടി ബന്ധത്തിന്റെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിക്കായി പൊലീസ് അന്വേഷണം നടത്തുന്നത്. എൻ.ഐ.ടി പരിസരത്തെ ഒരു തയ്യൽ കടയിൽ ജോലി ചെയ്തിരുന്ന ഇവരെ കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജോളി പതിവായി പോയിരുന്ന ഈ തയ്യൽ കട ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയർ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കൾ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ ഇവരെക്കാൾ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നൽകുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ചാത്തമംഗലത്തെ ഒരു മരണംകൂടി പൊലീസ് അന്വേഷിക്കുന്നു. ചാത്തമംഗലത്ത് മരിച്ച കോൺഗ്രസ് പ്രവർത്തകൻ രാമകൃഷ്ണന്റെ സുഹൃത്തിന്റെ മരണമാണ് കോഴിക്കോട് ഡി.സി.ആർ.ബി. അസിസ്റ്റന്റ് കമ്മിഷണർ അന്വേഷിക്കുന്നത്. രാമകൃഷ്ണൻ മരിച്ചതിനുസമാനമായാണ് മരണം. കഴിഞ്ഞ വർഷം നിപ കോഴിക്കോടിനെ പിടിച്ചുകുലുക്കിയ സമയത്ത് പുറത്തുപോയി വന്നശേഷം വീട്ടിൽവച്ച് ചർദിക്കുകയായിരുന്നു. വായിൽനിന്ന് നുരയും പതയും വന്നിരുന്നു. വയർ വീർത്തു. ആശുപത്രിയിൽവച്ചു മരിച്ചു. നിപ സമയമായതിനാൽ അത്തരം മരണമാകുമെന്നാണ് വീട്ടുകാർ കരുതിയത്. മൃതദേഹം കൊണ്ടുവന്ന് സംസ്‌കരിക്കുകയും ചെയ്തു. കത്തിച്ചതായതിനാൽ ഇപ്പോൾ അവശിഷ്ടങ്ങൾ ഒന്നുമില്ല.

ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ഡോക്ടറോട് തിരക്കിയപ്പോൾ വിഷം അകത്തുചെന്നാലാണ് ഇത്തരത്തിൽ മരണം സംഭവിക്കുകയെന്ന് സൂചിപ്പിച്ചുവത്രെ. രാമകൃഷ്ണനുമായി ബന്ധമുള്ളയാളാണ് ഇയാൾ. രാമകൃഷ്ണനു ജോളിയുമായി ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണൻ സ്വത്ത് വിറ്റപ്പോൾ ലഭിച്ച 55 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജോളിയുമായി ചാത്തമംഗലത്തുമരിച്ച രണ്ടാമനും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സൂചന. രാമകൃഷ്ണന്റെ മരണശേഷമാണ് ഇയാളുടെ മരണം. രാമകൃഷ്ണന്റെ മരണത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ജോളിക്ക് എൻഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എൻഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നൽകിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി.

എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

മരണ പരമ്പരകളുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണ്. കട്ടപ്പനയിൽ ജോളിയുടെ ഒരു ബന്ധുവും ചില അടുത്ത സുഹൃത്തുക്കളും സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. നേരത്തേ ജോളിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രജികുമാർ സയെനെഡ് വാങ്ങി നൽകിയത് കോയമ്പത്തൂരിൽനിന്നാണെന്ന് പ്രോസിക്യൂഷൻ ഭാഗം കോടതിയെ അറിയിച്ചു. അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കണമെന്നും പ്രതികളെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP