Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി; കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി

എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി;  കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിന്റെ അന്വേഷണം മുറുകവേ പുറത്തുവരുന്നതെ ദുരൂഹമായ വിവരങ്ങൾ. ജോളിയെന്ന ക്രിമിനൽ നടത്തിയ ഇടപെടലുകളുടെ വിവരങ്ങൾ പുറത്തുവരുന്നത് കണ്ട് അന്വേഷണ സംഘം ഞെട്ടുകയാണ്. അതിവിദഗ്ധയായ കുറ്റവാളിയാണ് ജോളിയെന്ന് തെളിയിക്കുകയാണ് അവർ. എൻഐടി അദ്ധ്യാപികയുടെ വേഷം കെട്ടിയ ജോളി ഭൂമി ഇടപാടും നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. എൻഐടി പരിസരത്ത് ഭൂമി വാങ്ങാനാണ് ജോളി ശ്രമിച്ചത്. ഇതിനായി സഹായം ചെയ്തത്. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജാണ്.

എൻഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപയാണ് മനോജിന് കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നൽകിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി. എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

അതേസമയ ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെയും പൊലീസ് തിരയുന്നുണ്ട്. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷിക്കുന്നത്. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.

എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.

അതേസമയം ഇന്നലെ കോടതിയിൽ ഹാജരാക്കിയ വേളയിൽ ജോളി തികച്ചു ശാന്തയായിരുന്നു. പ്രതിക്കൂട്ടിൽ കയറിനിന്ന ജോളിയോടും കൂട്ടുപ്രതികളോടും കോടതി ആവർത്തിച്ചു ചോദിച്ചു: പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? സങ്കോചത്തോടെ അൽപനേരം നോക്കിനിന്ന് ജോളി ഇല്ലെന്നു തലയാട്ടി. ഉണ്ടെങ്കിൽ തുറന്നു പറയൂ എന്ന ചോദ്യത്തിനും മൗനം. പിന്നിൽനിന്ന മൂവരോടും കൈകാട്ടി മുന്നിലേക്കു വരാൻ ആവശ്യപ്പെട്ട മജിസ്‌ട്രേട്ട് എം.അബ്ദുൽ റഹീം ഒരിക്കൽക്കൂടി ചോദിച്ചിട്ടും ഒന്നും പറയാനില്ല. ഒടുവിൽ അഭിഭാഷകൻ ജോളിയെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചത് ക്ഷീണിതയാണെന്നു പറഞ്ഞുകൂടായിരുന്നോ എന്നാണ്.

അതേസമയം കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് പ്രതികളെ കാണാൻ അഭിഭാഷകർക്ക് സാധിച്ചിരുന്നില്ല. ജോളിക്കുവേണ്ടി 8 കാരണങ്ങൾ ഉന്നയിച്ച് അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പിന്നീടു പരിഗണിക്കാനായി മാറ്റി. ജോളിയും കൂട്ടരും ഇപ്പോഴും പലതും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതു കേസിലെ കണ്ണികൾ കോർത്തിണക്കാൻ തടസ്സമാകുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എൻഐടി അദ്ധ്യാപികയെന്നു നടിച്ചിരുന്ന ജോളിയുടെ റേഷൻ കാർഡിൽപോലും തൊഴിലായി അദ്ധ്യാപിക എന്നാണുള്ളത്. ഇതേക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫിസിൽ അന്വേഷണം നടത്താനുണ്ട്. മൂന്നാം പ്രതി സ്വർണപ്പണിക്കാരൻ പ്രജികുമാറിനോട് 10 മിനിറ്റ് സംസാരിക്കാൻ ഭാര്യ ശരണ്യ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി അനുവദിച്ചു നൽകി.

അതേസമയംകൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. അമേരിക്കയിൽ നിന്നും എത്തിയാണ് റോജോ കേസിൽ മൊഴി നൽകിയത്. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം. അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നതായി റോജോ നേരത്തേ പറഞ്ഞിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു.

കഴിഞ്ഞ ദിവസം 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്‌പി കെ.ജി. സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്. അതിനിടെ കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പൊന്നാമറ്റം റോയ് കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 5ന് അറസ്റ്റിലായ പ്രതികളെ സാങ്കേതികമായി റിമാൻഡ് കാലാവധിയായ19 വരെ മാത്രമേ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടാനാകൂ. ഇതിനാലാണ് 3 ദിവസത്തെ കസ്റ്റഡി ചോദിച്ചത്. വീണ്ടും വിട്ടുകിട്ടണമെങ്കിൽ പുതുതായി രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഏതിലെങ്കിലും അറസ്റ്റ് രേഖപ്പെടുത്തണം. ഇതിനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ടോം തോമസ്, അന്നമ്മ, മാത്യു, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ മരണത്തിൽ താമരശ്ശേരി സ്റ്റേഷനിലുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP