Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ

അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ  ആകാംക്ഷ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യ തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വാദം കേൾക്കൽ പൂർത്തിയായപ്പോഴാണ് ഈ അസാധാരണ നീക്കം. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. രാമ ക്ഷേത്രം നിർമ്മിക്കാനായി തർക്കഭൂമി വിട്ടുകൊടുക്കുന്നതിൽ എതിർപ്പില്ലെന്നാണ് വഖഫ് ബോർഡിന്റെ പുതിയ നിലപാട്. ഈ നിർദ്ദേശം അടങ്ങിയ മധ്യസ്ഥ സമിതി റിപ്പോർട്ട് നാളെ ഭരണഘടനനാ ബഞ്ച് പരിഗണിക്കും. കോടതിയുടെ ചേംബറിലായിരിക്കും ബഞ്ച് റിപ്പോർട്ട് പരിഗണിക്കുക.

കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് വഖഫ് ബോർഡ് ആവശ്യപ്പെടുന്നു. അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കണം, വഖഫ് ബോർഡ് മധ്യസ്ഥ സമിതിക്ക് മുമ്പാകെ വ്യക്തമാക്കി. മറ്റ് ഏതെങ്കിലും അനുയോജ്യമായ സ്ഥലത്ത് പള്ളി പണിഞ്ഞ് നൽകാമെന്നും വഖഫ് ബോർഡ് വാഗ്ദാനം ചെയ്യുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് 134 വർഷത്തെ തർക്കം തീർപ്പാക്കാൻ സഹായിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.

ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പക്കലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോർഡ് സമർപ്പിക്കാമെന്നും കോടതി നിയോഗിക്കുന്ന കമ്മിറ്റിക്ക് അതിൽ ഏതൊക്കെ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുക്കാമെന്നും മധ്യസ്ഥ സമിതി റിപ്പോർട്ടിൽ പറയുന്നു. അയോധ്യയിൽ സമാധാനവും ഐക്യവും ഉറപ്പിക്കാൻ ഒരു ദേശീയ സ്ഥാപനം സ്ഥാപിക്കണം. ഇതിന് വേണ്ടിയുള്ള ഭൂമി നൽകാൻ മഹന്ത് ധരം ദാസും പുതുച്ചേരിയിലെ അരബിന്ദോ ആശ്രമവും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം മധ്യസ്ഥ സമിതിയിലെ അംഗമായ ശ്രീശ്രീ രവിശങ്കർ മധ്യസ്ഥ സമിതിയിൽ വിശ്വാസം അർപ്പിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറഞ്ഞു. എല്ലാ കക്ഷികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മധ്യസ്ഥ ചർച്ച സാഹോദര്യത്തിന്റെയും, പരസ്പര ധാരണയും അടിസ്ഥാനത്തിലായിരുന്നുവെന്നും അത് രാഷ്ട്രത്തിന്റെ മൂല്യങ്ങൾക്കുള്ള സാ്്ക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭൂമിതർക്ക കേസ് വിധി പറയാൻ മാറ്റിവച്ചു. വാദങ്ങൾ രേഖാമൂലം നൽകേണ്ടവർക്ക് മൂന്ന് ദിവസത്തിനകം നൽകാം. ഓഗസ്റ്റ് ആറിനാണ് കേസിൽ വാദം കേൾക്കൽ ആരംഭിച്ചത്. കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്.കേസിലെ വാദത്തിനിടെ അഭിഭാഷകൻ തെളിവായി നൽകിയ രേഖ കീറിക്കളഞ്ഞു. ഇതോടെ ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാനാണ് കോടതിയിൽ വലിച്ചു കീറിയത്. ഹിന്ദു മഹാസഭ കോടതിയിൽ നൽകിയ രേഖയാണ് അഭിഭാഷകൻ നാടകീയമായി വലിച്ചുകീറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങൾ വാദത്തിൽ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ എതിർത്തു. രേഖയുടെ കോപ്പി എന്ന നിലയിൽ തനിക്കു നൽകിയ പേജ് രാജീവ് ധവാൻ കീറികളയുകയായിരുന്നു.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കിൽ നിങ്ങൾക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാൻ ഇതു കീറിക്കളഞ്ഞത്. ഉടൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വാദം കേൾക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാർ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഇത്തരം രേഖകൾക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാൻ ഭൂപടം കീറിയത്.

അതിനിടെ ബാബരി ഭൂമിക്കേസിന്റെ അന്തിമ വാദം അവസാന ദിനത്തിലെത്തിയ ദിവസം കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ബിജെപി നിയന്ത്രണത്തിലുള്ള യു.പി സുന്നി വഖഫ് ബോർഡ് ചെയർപേഴ്സൻ സഫർ അഹമ്മദ് ഫാറൂഖി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സുപ്രിം കോടതി നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരിലൊരാളായ ശ്രീരാം പഞ്ച് മുഖേനയാണ് അപേക്ഷ സുപ്രീംകോടതിയിൽ നൽകിയത്. ബാബരി മസ്ജിദ് കേസിൽ നിന്ന് പിന്മാറുകയാണെന്നും ബാബരി ഭൂമിക്ക് മേൽ തങ്ങൾക്ക് അവകാശവാദമില്ലെന്നും സ്ഥാപിക്കാനാണ് യു.പി സുന്നി വഖഫ് ബോർഡ് ചെയർമാൻ ശ്രമിച്ചത്. എന്നാൽ, സുപ്രിംകോടതി അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വാദമുഖങ്ങളാണ് ഇരു കൂട്ടരും ഉന്നയിച്ചത്. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി വാദിച്ച അഡ്വ.സി.എസ്.വൈദ്യനാഥൻ സുന്നി വഖഫ് ബോർഡിന്റെ വാദങ്ങളെ ശക്തമായി എതിർത്തു. തർക്ക പ്രദേശത്ത് മുസ്ലിം വിഭാഗങ്ങൾ 1857 മുതൽ 1934 വരെയുള്ള വർഷങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന നടത്തിയിരുന്നതായി തെളിവുകളുണ്ടെന്ന് സി.എസ്.വൈദ്യനാഥൻ പറഞ്ഞു. എന്നാൽ, 1934 ന് ശേഷം മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ അയോധ്യയിലെ തർക്ക പ്രദേശത്ത് പ്രാർത്ഥനകൾ നടത്തിയതിനു തെളിവുകളൊന്നുമില്ലെന്ന് വൈദ്യനാഥൻ വാദിച്ചു. 1934 ന് ശേഷവും ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവർ അയോധ്യയിലെ തർക്ക പ്രദേശത്ത് പ്രാർത്ഥനകൾ നടത്തിയതിനു തെളിവുകളുണ്ടെന്നും വൈദ്യനാഥൻ പറഞ്ഞു.

അയോധ്യയിലെ സ്ഥലത്തെയാണ് ഹൈന്ദവ വിശ്വാസികൾ രാമജന്മഭൂമി എന്ന് വിളിക്കുന്നതും വിശ്വസിക്കുന്നതും. ഡൽഹിയിലെ മറ്റേതെങ്കിലും സ്ഥലങ്ങളെ രാമജന്മഭൂമിയായി കണക്കാക്കാനും വിശ്വസിക്കാനും സാധിക്കില്ല. എന്നാൽ, മുസ്ലീങ്ങൾക്ക് അങ്ങനെയല്ല. അവർക്ക് ആരാധന നടത്താൻ മറ്റ് സ്ഥലങ്ങളുണ്ട് സി.എസ്.വൈദ്യനാഥൻ പറഞ്ഞു. അതേസമയം, തങ്ങളോട് മാത്രമാണ് ബഞ്ച് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് സുന്നി വഖഫ് ബോർഡ് പരിഭവം പറഞ്ഞു. എതിർഭാഗത്തോട് ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും വഖഫ് ബോർഡ് അഭിഭാഷകൻ പറഞ്ഞു.

ഇന്ന് വൈകീട്ട് അഞ്ചിനു വാദം കേൾക്കൽ പൂർത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് രാവിലെ പറഞ്ഞു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതർക്ക വിഷയം. കേസിൽ നവംബർ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബർ 17 ന് മുൻപ് തന്നെ എല്ലാ വാദങ്ങളും തീർക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കുന്നതിനു മുൻപ് വിധി പറയാനാണ് സാധ്യത.

യുപിയിലെ സുന്നി വഖഫ് ബോർഡ് ചെയർപേഴ്‌സൺ സാഫർ അഹമ്മദ് ഫറൂഖിക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് സാഫർ അഹമ്മദ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനെ അറിയിച്ചിരുന്നു. ഇതേ ത്തുടർന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദ്ദേശം നൽകിയത്. രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അയോധ്യയുടെയും അവിടം സന്ദർശിക്കുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറഞ്ഞു. ഓഗസ്റ്റ് 31നാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 12ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അയോധ്യയിലോ പരിസരത്തോ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുകയോ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുകയോ അരുതെന്ന് ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP