Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഞാൻ മാത്യു കുഴൽ നാടൻ..ഷാനിമോൾ ഉസ്മാന്റെ പ്രചാരണ പരിപാടിക്ക് വേണ്ടി വന്നതാണ്; ഞാൻ രമണൻ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്..ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു'; രാത്രി അപകടത്തിൽ പെട്ട യുവാക്കളെ ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോൾ കോൺഗ്രസ് നേതാവിന് തുണയായ സഖാവ് ആരാണ്? മത്സ്യത്തൊഴിലാളിയായ രമണൻ പറയുന്നു മനുഷ്യത്വം വിട്ടൊരു പരിപാടിക്കില്ല ഞാൻ

'ഞാൻ മാത്യു കുഴൽ നാടൻ..ഷാനിമോൾ ഉസ്മാന്റെ പ്രചാരണ പരിപാടിക്ക് വേണ്ടി വന്നതാണ്; ഞാൻ രമണൻ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്..ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു'; രാത്രി അപകടത്തിൽ പെട്ട യുവാക്കളെ ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോൾ കോൺഗ്രസ് നേതാവിന് തുണയായ സഖാവ് ആരാണ്? മത്സ്യത്തൊഴിലാളിയായ രമണൻ പറയുന്നു മനുഷ്യത്വം വിട്ടൊരു പരിപാടിക്കില്ല ഞാൻ

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: ഒരേസമയം വിരുദ്ധ ആശയങ്ങളിൽ വിശ്വസിക്കുമ്പോഴും പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കാൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വഴിയരുകിൽ പരിക്കേറ്റു കിടന്ന ചെറുപ്പക്കാരെ ആശുപത്രിയിലെത്തിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവചർച്ചയാണ്. ഒരു പരിചയവുമില്ലാത്ത രണ്ടു ചെറുപ്പക്കാരെ ആശുപത്രിയിലെത്തിക്കാൻ തനിക്ക് തുണയായി വന്നത് ഒരു സിപിഎമ്മുകാരൻ ആയിരുന്നു എന്ന് അദ്ദേഹം കുറിച്ചു. പിരിയാൻ നേരം സംഭവിച്ച കാര്യം മാത്യു കുഴൽനാടൻ കുറിക്കുന്നത് ഇങ്ങനെ:

പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. 'സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. '

ഞാൻ സ്വയം പരിചയപ്പെടുത്തി

'ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. '

അപ്പോൾ ആ ചേട്ടൻ പറഞ്ഞു

'ഞാൻ രമണൻ, സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു..

ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ..

പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്‌നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.

ഏതായാലും അന്വേഷണ കൗതുകമുള്ളവർ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി രമണൻ എന്തുപറയുന്നുവെന്ന് കേൾക്കാനെത്തി. കുത്തിയത്തോട്ടിലാണ് ഇപ്പോൾ രമണനുള്ളത്. മത്സ്യത്തൊഴിലാളിയായ രമണൻ തന്റെ സഖാക്കൾക്കൊപ്പം കോടന്തുരുത്തിൽ പി.എസ് റോഡിൽ മനു സി പുളിക്കലിന്റെ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. അപ്പോഴാണ് ഞെട്ടിച്ച് കൊണ്ട് ആ കാർ തൊട്ടടുത്ത് പോസ്റ്റിലേക്ക് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ അതുവഴി കടന്നുപോയ സ്‌കൂട്ടറുകാരനും സൈക്കിളുകാരനും വീണെങ്കിലും അവർക്കാർക്കും ഗുരുതര പരിക്കുണ്ടായിരുന്നില്ല. എന്നാൽ, കാറിലുള്ളവരുടെ നിര ഗുരുതരമായിരുന്നു. ഡ്രൈവിങ് സീറ്റിങ്ങിലിരുന്ന യുവാവ് പുറത്തേക്ക് വീണെങ്കിലും ബോധമുണ്ടായിരുന്നു. ഇടത് വശം ചേർന്നിടിച്ചതുകൊണ്ട് ഇടതിരുന്ന യാത്രക്കാരന് കാര്യമായി പരിക്കേറ്റു. അയാളെ വളരെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള വെപ്രാളമായി. പല കാറുകളും ആ വഴി വന്നെങ്കിലും ആരും നിർത്തിയില്ല. ആ സമയത്താണ് മാത്യു കുഴൽനാടന്റെ കാർ അതിൽ വരുന്നത്. ഒരാളെ പിൻസീറ്റിൽ മടിയിൽ കിടത്തി. മറ്റേയാളെ മുൻസീറ്റിൽ ഇരുത്തി. ലേക് ഷോർ ലക്ഷ്യമാക്കി പാഞ്ഞു. യുവാക്കളുടെ ബന്ധുക്കളുടെ നമ്പർ കിട്ടിയപ്പോൾ മാത്യു കുഴൽ നാടനാണ് വീട്ടിൽ വിളിച്ചുപറഞ്ഞത്. ചോര വീണ് കുഴൽനാടന്റെ വസ്ത്രമെല്ലാം നനഞ്ഞു. അധികമൊന്നും സംസാരിക്കാൻ നേരം കിട്ടിയില്ല. തിരിച്ചുകൊണ്ടുവിടാമെന്ന് പറഞ്ഞെങ്കിലും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കുഴൽനാടനെ ബുദ്ധിമുട്ടിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. രാത്രി രണ്ടുമണിയോടെ കുമ്പളങ്ങി ടോളിൽ എത്തിക്കുകയും അവിടെ നിന്ന് കുഴൽനാടന്റെ പരിചയക്കാരന്റെ കാറിൽ കയറ്റി തിരിച്ചെത്തിക്കുകയും ചെയ്തു രമണനെ.

മാത്യു കുഴൽനാടനെ കുറിച്ച് രമണന് നല്ല അഭിപ്രായം. അപകട സ്ഥലത്ത് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പലരും മടിക്കുന്ന ഇക്കാലത്ത് കോൺഗ്രസ് നേതാവിന്റെ പ്രവൃത്തി ഗംഭീരമായെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഭിപ്രായം.

മാത്യു കുഴൽനാടന്റെ പോസ്റ്റ് ഇങ്ങനെ:

ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ ഹൈവേയിൽ ഒരാൾക്കൂട്ടവും നിലവിളിയും. നോക്കിയപ്പോൾ ആക്‌സിഡന്റാണ് ഒരു സിഫ്റ്റ് കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.

പല അഭിപ്രായങ്ങളാണ് വരുന്നത്. പൊലീസ് വരട്ടെ , ആംബുലൻസ് വിളിക്ക് ഇടയ്ക്ക് കണ്ണിൽ ചോരയില്ലാതെ ഒരാൾ പറയുന്നു 'ആള് തീർന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയിൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ വന്ന് നിർത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയിൽ എത്തിക്കാർ പലരോടും അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.

പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയിൽ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തിൽ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തിൽ പോയാലുള്ള അപകടം അറിയാവുന്നതുകൊണ്ട്, തല ഉയർത്തി പിടിക്കാൻ ആരെങ്കിലും വണ്ടിയിൽ കയറാൻ അഭ്യർത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..

ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ട് വന്ന് ഞാൻ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങൾ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടവർ എന്ന് മാത്രം മനസ്സിലാക്കി.

ക്യാഷ്യാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ ഏൽപ്പിച്ച് വിവരങ്ങൾ കൈമാറി. ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. 'സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. '

ഞാൻ സ്വയം പരിചയപ്പെടുത്തി

' ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. '

അപ്പോൾ ആ ചേട്ടൻ പറഞ്ഞു

'ഞാൻ രമണൻ, സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു..

ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ..

പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്‌നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP