Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് വെറുതെ നൽകും; പി എച്ച് ഡിയും നെറ്റും ഇല്ലെങ്കിലും അസിസ്റ്റന്റ് പ്രൊഫസർമാരുമാകും; മാർക്ക് ദാനത്തിനൊപ്പം യൂണിവേഴ്‌സിറ്റിയെ വെട്ടിലാക്കാൻ സീറ്റ് കച്ചവടവും; അട്ടിമറിക്കുന്നത് 2015ലെ യൂജിസി നിയമത്തെ; പി എസ് സിയിൽ ഒന്നും രണ്ടും റാങ്ക് നേടുന്നത് എസ് എഫ് ഐക്കാരെങ്കിൽ എംജി സർവ്വകലാശാലയിൽ നേട്ടമുണ്ടാക്കുന്നത് വേണ്ടപ്പെട്ടവരും; ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകഴുകുമ്പോൾ വെട്ടിലാകുക സർവ്വകലാശാലാ അധികാരികൾ തന്നെ

തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് വെറുതെ നൽകും; പി എച്ച് ഡിയും നെറ്റും ഇല്ലെങ്കിലും അസിസ്റ്റന്റ് പ്രൊഫസർമാരുമാകും; മാർക്ക് ദാനത്തിനൊപ്പം യൂണിവേഴ്‌സിറ്റിയെ വെട്ടിലാക്കാൻ സീറ്റ് കച്ചവടവും; അട്ടിമറിക്കുന്നത് 2015ലെ യൂജിസി നിയമത്തെ; പി എസ് സിയിൽ ഒന്നും രണ്ടും റാങ്ക് നേടുന്നത് എസ് എഫ് ഐക്കാരെങ്കിൽ എംജി സർവ്വകലാശാലയിൽ നേട്ടമുണ്ടാക്കുന്നത് വേണ്ടപ്പെട്ടവരും; ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകഴുകുമ്പോൾ വെട്ടിലാകുക സർവ്വകലാശാലാ അധികാരികൾ തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: തോറ്റ ബിടെക്ക് വിദ്യാർത്ഥികൾക്ക് മാർക്ക്ദാനം നടത്തി 125 വിദ്യാർത്ഥികളെ ജയിപ്പിച്ചതോടെ വിവാദത്തിന്റെ കുന്തമുനയായി മാറിയ എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് വീണ്ടും പുറത്തു വരുന്നത് ക്രമക്കേടുകളുടെ വാർത്ത തന്നെ. മാർക്ക്ദാനത്തിനു പുറമേ സീറ്റ് കച്ചവട ആരോപണമാണ് വാഴ്‌സിറ്റിയ്‌ക്കെതിരെ ഉയരുന്നത്. ഇപ്പോൾ ടെസ്റ്റും അഭിമുഖവും നടത്തി എംജി യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നത് നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നിയമനം നടത്തിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റിന് നേർക്കാണ് അതീവ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. 2015-ലെ യുജിസി നിയമമനുസരിച്ച് പിഎച്ച്ഡിയും നെറ്റും ഉള്ളവർക്ക് മാത്രമാണ് അസിസ്റ്റന്റ്‌റ് പ്രൊഫസർ നിയമനത്തിനു അർഹതയുള്ളത്.

എന്നാൽ റാങ്ക് ലിസ്റ്റിലെ പകുതിപ്പേരും നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണു അറിയാൻ കഴിയുന്നത്. അങ്ങിനെയെങ്കിൽ യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എംജി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ്‌റ് പ്രൊഫസർമാരായി മാറാൻ പോകുന്നത്. യുജിസി നിയമങ്ങൾ പോലും ഗൗനിക്കാതെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾക്ക് യൂണിവേഴ്‌സിറ്റി നിന്ന് കൊടുക്കുകയാണ് എന്നാണ് ഉയരുന്ന ഗുരുതരമായ ആക്ഷേപങ്ങളിൽ ഒന്ന്. പിഎച്ച്ഡി ഉണ്ടായിട്ടും നെറ്റ് ഇല്ലാതെ കുസാറ്റിൽ കയറിപ്പറ്റിയ ഒരു ഉദ്യോഗാർഥിയെ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി നീക്കം ചെയ്തത്. ഇതറിയാമായിട്ടും അയോഗ്യതയുള്ളവരാൽ കുത്തിനിറയ്ക്കപ്പെട്ട ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ വാഴ്‌സിറ്റി ഒരുങ്ങുകയാണ്.

റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നവരിൽ പലർക്കും യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്ന തിരിച്ചറിവ് റാങ്ക് ലിസ്റ്റിൽ അവസാനമുള്ളവർക്കും ലിസ്റ്റിൽ നിന്നും പുറത്തായവർക്കും അറിയാം. യൂണിവേഴ്‌സിറ്റി ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികളിൽ പലരും. വാഴ്‌സിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവർ ഒരുങ്ങുന്നത്. 2010-ലെ യുജിസി നിയമപ്രകാരം റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളിൽ പലരും യോഗ്യരാണ്. എന്നാൽ 2015-ൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനു പിഎച്ച്ഡിയും നെറ്റും വേണമെന്ന് യുജിസി പുതിയ നിർദ്ദേശം കൊണ്ട് വന്നിട്ടുണ്ട്.

എന്നാൽ തങ്ങൾ 2010 ലെ യുജിസി നിയമം അനുസരിച്ച് ടെസ്റ്റും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി എന്നാണ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഒന്നുകിൽ പിഎച്ച്ഡി അല്ലങ്കിൽ നെറ്റ് ഇതാണ് അന്നത്തെ നിയമം. അതിൽ യുജിസി പിന്നെ മാറ്റം വരുത്തി. പിച്ച്ഡിയും ഒപ്പം നെറ്റും വേണം എന്നാക്കി മാറ്റി. എന്നാൽ വാഴ്‌സിറ്റി 2010-ലെ യുജിസി നിയമം അനുസരിച്ച് തന്നെ നിയമനവുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ക്രമക്കേടുകൾ നിറഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താനാണ് ഇപ്പോൾ വാഴ്‌സിറ്റി ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ബിടെക്ക് കോഴ്‌സിന് ഒരുമാർക്കിന് തോറ്റ വിദ്യാർത്ഥിനിയുടെ അപേക്ഷയിൽ എം.ജി സർവകലാശാലയുടെ ഫയൽ അദാലത്ത് ഒരു മാർക്ക് നൽകാൻ തീരുമാനമെടുത്തതോടെയാണ് എംജി യൂണിവേഴ്‌സിറ്റിയിലെ മാർക്ക്ദാനം വിവാദം സൃഷ്ടിക്കുന്നത്. എന്നാൽ ഈ ഒരു മാർക്ക് തിരക്കിട്ട് കൂടിയ എംജി വാഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗം അഞ്ച് മാർക്ക് ആക്കി മാറ്റി. റിസൽട്ട് അനൗൺസ് ചെയ്ത ശേഷം ഒരു മാർക്ക് നൽകാൻ പോലും യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ലാതിരിക്കെയാണ് അഞ്ച് മാർക്ക് ദാനം ചെയ്ത് എംജി വാഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്.

ഈ തീരുമാനത്തെ ഫയൽ അദാലത്ത് സമയം മുതൽ എതിർക്കുകയും ഫയലിൽ നിയമവിരുദ്ധം എന്ന് രേഖപ്പെടുത്തുകയും ചെയ്ത രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരെ പുറത്താക്കിയശേഷമാണ് ഇഷ്ടക്കാർക്ക് മാർക്ക് ദാനം നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്. ഒരു മാർക്ക് അഞ്ച് മാർക്കായി മാറിയപ്പോൾ 125ബിടെക്ക് വിദ്യാർത്ഥികൾ ആണ് കൂട്ടത്തോടെ വിജയവഴി പൂകിയത്. തോറ്റ 125 ഓളം ബിടെക്ക് വിദ്യാർത്ഥികൾക്ക് അഞ്ചുമാർക്ക്വീതംനൽകി വിജയിപ്പിച്ച തീരുമാനം ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ അത്യപൂർവ പരിവേഷത്തിലാണ് നിൽക്കുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളിൽ പരിക്ഷാഭവനോ പാസ്ബോർഡിനോ മാത്രമാണ് ഇടപെടാൻ അധികാരം. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഇടപെടൽ നടത്തുകയായിരുന്നു. ഈ തീരുമാനത്തിൽ പിടിച്ച് തങ്ങൾക്ക് താത്പര്യമുള്ളവരെ മുഴുവൻ അഞ്ച് മാർക്ക് നൽകി വിജയിപ്പിക്കാൻ സിൻഡിക്കേറ്റും തീരുമാനിച്ചു.

ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിയും ഒരു രീതിയിലും കൈക്കൊള്ളാത്ത തീരുമാനമാണ് എംജി യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയത്. ബിടെക്ക് വിദ്യാർത്ഥികളെ കൂട്ടത്തോടെ വിജയിപ്പിച്ച എംജി യൂണിവേഴ്‌സിറ്റി ബിടെക്ക് വിദ്യാർത്ഥികളെ ജയിപ്പിച്ച അതേ വഴിയിൽ ബിഎസ്സി നഴ്‌സിങ് വിദ്യർത്ഥികൾക്കും ഇതേ രീതിയിൽ ജയിപ്പിക്കാനും തീരുമാനമെടുത്തു. ഈ വാർത്ത ഇന്നലെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. തോറ്റവരെ ജയിപ്പിക്കുമ്പോൾ പക്ഷഭേദം ഒഴിവാക്കാൻ വേണ്ടിയാണ് തോറ്റ മറ്റു വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കൂടി വാഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നഴ്‌സിങ് കോഴ്‌സിനും കൂടി നൽകിയത്.

ഒപ്പം ഒരു തീരുമാനം കൂടി കൈക്കൊണ്ടു. തോറ്റ എല്ലാവര്ക്കും മാർക്ക് നൽകില്ല. ജയിപ്പിച്ച് തരണം എന്ന് വാഴ്‌സിറ്റിയോട് ആവശ്യപ്പെടുന്നവർക്ക് മാത്രം മാർക്ക് ദാനം നടത്തും. വിചിത്രമായ തീരുമാനവുമായി നിറഞ്ഞു നിൽക്കുന്ന വാഴ്‌സിറ്റി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു അപ്പടി മാനക്കേട് ആണ് വരുത്തിവെച്ചിരിക്കുന്നത്. മാർക്ക് ദാനം നടത്താൻ ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചപ്പോൾ ഫയൽ ഔട്ട് ഒഫ് അജൻഡയായാണ് സിൻഡിക്കേറ്റിലെത്തിയത്. ഇതെല്ലാം തന്നെ വൻ ആസൂത്രണമാണ് മാർക്ക് ദാനത്തിനു പിന്നിൽ നടന്നത് എന്നത് വിരൽ ചൂണ്ടുന്നു.

2019 ഫെബ്രുവരിയിൽ സർവകലാശാലയിൽ നടന്ന അദാലത്തിൽ കോതമംഗലത്തെ ഒരു സ്വാശ്രയ കോളജ് വിദ്യാർത്ഥി ആറാം സപ്ലിമെന്ററി പരീക്ഷയ്ക്ക് എൻഎസ്എസ് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിദ്യാർത്ഥിക്കു നേരത്തെ ഗ്രേസ് മാർക്ക് നൽകിയിട്ടുള്ളതിനാൽ വീണ്ടും പരിഗണിക്കാനാവില്ലെന്നു തീർപ്പാക്കി. പക്ഷേ അദാലത്തിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്റെ നിർദ്ദേശപ്രകാരം ഒരു മാർക്ക് കൂട്ടിയിട്ടു നൽകി. അദാലത്തിന് ഇങ്ങനെ മാർക്ക് കൂട്ടി നൽകാനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു വിഷയം സിൻഡിക്കറ്റിനു വിട്ടു. അതോടെ സിൻഡിക്കറ്റിലെ ഇടത് അനുഭാവികളെല്ലാം തങ്ങളുടെ ഇഷ്ടക്കാർക്കും മാർക്ക് കൂട്ടി നൽകണമെന്നു ആവശ്യപ്പെട്ടു.

ഇതോടെ സർവകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബിടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയം മാത്രം ജയിക്കാനുള്ള വിദ്യാർത്ഥികൾക്കു നിലവിലുള്ള മോഡറേഷനു പുറമേ പരമാവധി അഞ്ചു മാർക്ക് കൂടി മോഡറേഷനായി നൽകാൻ തീരുമാനിച്ചു. ഇത് ഉത്തരവ് ആയി ഇറങ്ങുകയും ചെയ്തു. മാർക്ക് ദാനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തുകയും പ്രശ്‌നം പൊതുധാരയിലേക്ക് കൊണ്ടുവരുകയും ചെയ്തതോടെ സർവകലാശാല നാണം കെട്ടു. പറഞ്ഞു നിൽക്കാനുള്ള എല്ലാ അവസരങ്ങളും ഒഴിവാകുകയും ചെയ്തു. ഇപ്പോൾ മാർക്ക് ദാനപ്രശ്‌നത്തിന്റെ പേരിൽ സർവകലാശാല പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.

പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പിഎസ് സി ലിസ്റ്റിൽ ആദ്യ റാങ്കുകാർ എസ് എഫ് ഐ നേതാക്കളായിരുന്നു. ഇത് പി എസ് സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്തു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ എംജി സർവ്വകലാശാലയിലും നടക്കുന്നത്. എല്ലാം യൂണിവേഴ്‌സിറ്റിയോട് ചോദിക്കണമെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും വകുപ്പും കൈകഴുകുകയാണ്. അതുകൊണ്ട് ആരോപണങ്ങളിൽ വെട്ടിലാകുന്നത് സർവ്വകലാശാല അധികൃതർ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP