Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയരുകിൽ അപകടത്തിൽ പരിക്കേറ്റു കിടന്ന രണ്ട് ചെറുപ്പക്കാരെ ആശുപത്രിയിലെത്തിക്കാൻ കോൺഗ്രസ് നേതാവിന് ഒപ്പം നിന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തെരഞ്ഞെടുപ്പ് ഗോദയിൽ പഴുതുകളടച്ച് പടവെട്ടുമ്പോഴും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ മനസ്സുകാണിച്ചത് കണ്ടുനിന്നവരിലെ രണ്ട് രാഷ്ട്രീയക്കാർ മാത്രം; രാഷ്ട്രീയക്കാരെ പുച്ഛമുള്ളവർ വായിച്ചിരിക്കേണ്ടത് തന്നെയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വഴിയരുകിൽ അപകടത്തിൽ പരിക്കേറ്റു കിടന്ന രണ്ട് ചെറുപ്പക്കാരെ ആശുപത്രിയിലെത്തിക്കാൻ കോൺഗ്രസ് നേതാവിന് ഒപ്പം നിന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തെരഞ്ഞെടുപ്പ് ഗോദയിൽ പഴുതുകളടച്ച് പടവെട്ടുമ്പോഴും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ മനസ്സുകാണിച്ചത് കണ്ടുനിന്നവരിലെ രണ്ട് രാഷ്ട്രീയക്കാർ മാത്രം; രാഷ്ട്രീയക്കാരെ പുച്ഛമുള്ളവർ വായിച്ചിരിക്കേണ്ടത് തന്നെയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മലയാളിയുടെ രാഷ്ട്രീയ ബോധവും സഹജീവി സ്‌നേഹവും പണ്ടേ പ്രസിദ്ധമാണ്. ഒരേസമയം വിരുദ്ധ ആശയങ്ങളിൽ വിശ്വസിക്കുമ്പോഴും പരസ്പര സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കാൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും വഴിയരുകിൽ പരിക്കേറ്റു കിടന്ന ചെറുപ്പക്കാരെ ആശുപത്രിയിലെത്തിച്ച കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു പരിചയവുമില്ലാത്ത രണ്ടു ചെറുപ്പക്കാരെ ആശുപത്രിയിലെത്തിക്കാൻ തനിക്ക് തുണയായി വന്നത് ഒരു സിപിഎമ്മുകാരൻ ആയിരുന്നു എന്ന് അദ്ദേഹം കുറിക്കുന്നു.

റോഡപകടത്തിൽ ഗുരുതരമായി പരക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച അനുഭവം പങ്കുവച്ചാണ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് കുറിപ്പ്. എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവർ ഇത് വായിക്കണം എന്ന തലക്കെട്ടിലാണ് അദ്ദേഹം സംഭവം വിവരിക്കുന്നത്. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് വേണ്ടി പ്രചരണം നടത്തി തിരികെ പോകുന്ന വഴിയാണ് ഹൈവേയിലുണ്ടായ വാഹനാപകടം മാത്യു കുഴൽനാടന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ പലരുടെയും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല.

ഒടുവിൽ ഒരാൾ സന്നദ്ധനായി കാറിൽ കയറി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ശേഷം പിരിയാൻ നേരത്താണ് അയാളെ പരിചയപ്പെടുത്. മാത്യു കുഴൽനാടനാണെന്നും ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്നും പറഞ്ഞു. തന്റെ പേര് രമണൻ എന്നാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നും അദ്ദേഹം പരിചയപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പോസ്റ്റൊറൊട്ടിക്കുകയായിരുന്നുവെന്നും പറഞ്ഞു. കഴിയുമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ കാണാമെന്ന് പറഞ്ഞാണ് തങ്ങൾ പിരിഞ്ഞതെന്നും മാത്യു കുഴൽനാടൻ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവർ ഇത് വായിക്കണം.

ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ ഹൈവേയിൽ ഒരാൾക്കൂട്ടവും നിലവിളിയും. നോക്കിയപ്പോൾ ആക്സിഡന്റാണ് ഒരു സിഫ്റ്റ് കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.

പല അഭിപ്രായങ്ങളാണ് വരുന്നത്. പൊലീസ് വരട്ടെ , ആംബുലൻസ് വിളിക്ക് ഇടയ്ക്ക് കണ്ണിൽ ചോരയില്ലാതെ ഒരാൾ പറയുന്നു 'ആള് തീർന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയിൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ വന്ന് നിർത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയിൽ എത്തിക്കാർ പലരോടും അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.

പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയിൽ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തിൽ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തിൽ പോയാലുള്ള അപകടം അറിയാവുന്നതുകൊണ്ട്, തല ഉയർത്തി പിടിക്കാൻ ആരെങ്കിലും വണ്ടിയിൽ കയറാൻ അഭ്യർത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..

ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ട് വന്ന് ഞാൻ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങൾ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടവർ എന്ന് മാത്രം മനസ്സിലാക്കി.

ക്യാഷ്യാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ ഏൽപ്പിച്ച് വിവരങ്ങൾ കൈമാറി. ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. 'സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. '

ഞാൻ സ്വയം പരിചയപ്പെടുത്തി

' ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. '

അപ്പോൾ ആ ചേട്ടൻ പറഞ്ഞു

''ഞാൻ രമണൻ, സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു..

ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ..

പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP