Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അകകണ്ണിന്റെ വെളിച്ചത്തിൽ സിവിൽ സർവ്വീസിൽ ആദ്യം കിട്ടിയത് 773 റാങ്ക്; റെയിൽവേ സർവ്വീസിൽ കാഴ്ചയില്ലാത്തവരെ വേണ്ടെന്ന ചർച്ചയെത്തിയപ്പോൾ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ നടത്തിയത് ട്വിറ്റർ പോരാട്ടം; സാങ്കേതികത്വം പറഞ്ഞ് ജോലി വൈകിച്ചപ്പോൾ ഇച്ഛാശക്തിയിൽ സ്വന്തമാക്കിയത് സിവിൽ സർവ്വീസ് പരീക്ഷയിലെ 124-ാം റാങ്കും; രണ്ട് ദിവസം കൊണ്ട് കളക്ടറേറ്റിലെ സൂപ്പർ ഹീറോയായി തിരുവനന്തപുരം സബ് കളക്ടർ; പ്രാഞ്ജാൽ പാട്ടീൽ ഐഎഎസിന്റേത് എന്നും വേറിട്ട വഴികൾ

അകകണ്ണിന്റെ വെളിച്ചത്തിൽ സിവിൽ സർവ്വീസിൽ ആദ്യം കിട്ടിയത് 773 റാങ്ക്; റെയിൽവേ സർവ്വീസിൽ കാഴ്ചയില്ലാത്തവരെ വേണ്ടെന്ന ചർച്ചയെത്തിയപ്പോൾ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ നടത്തിയത് ട്വിറ്റർ പോരാട്ടം; സാങ്കേതികത്വം പറഞ്ഞ് ജോലി വൈകിച്ചപ്പോൾ ഇച്ഛാശക്തിയിൽ സ്വന്തമാക്കിയത് സിവിൽ സർവ്വീസ് പരീക്ഷയിലെ 124-ാം റാങ്കും; രണ്ട് ദിവസം കൊണ്ട് കളക്ടറേറ്റിലെ സൂപ്പർ ഹീറോയായി തിരുവനന്തപുരം സബ് കളക്ടർ; പ്രാഞ്ജാൽ പാട്ടീൽ ഐഎഎസിന്റേത് എന്നും വേറിട്ട വഴികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : അകകണ്ണിന്റെ വെളിച്ചത്തിൽ തിരുവനന്തപുരത്തെ നൊമ്പരങ്ങൾ തിരിച്ചറിയുകയാണ ് പ്രാഞ്ജാൽ പാട്ടീൽ. കേരളകേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാൽ. രണ്ട് ദിവസം മുമ്പാണ് പ്രാഞ്ജാൽ ചുമലയേറ്റത്. കാഴ്ചയുടെ കുറവുകൾ അതിജീവിച്ച് ഭരണപരമായ കാര്യങ്ങളിൽ അവർ ഇടപെടുകയാണ്. അശരണർക്ക് ആശ്വാസമെത്തിക്കുന്ന സബ് കളക്ടറായി പ്രാഞ്ജാൽ മാറുമെന്നാണ് തിരുവനന്തപുരത്തിന്റേയും പ്രതീക്ഷ. ആറാം വയസിൽ നഷ്ടപ്പെട്ട കാഴ്ചശക്തിയെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തുതോൽപ്പിച്ച പ്രാഞ്ജാൽ സബ് കലക്ടറാകുന്നത് സർവീസിലെത്തിയിട്ട് രണ്ടുവർഷം പൂർത്തിയായ ഉടനെ. സബ് കലക്ടറും തിരുവനന്തപുരം ആർ.ഡി.ഒയുമാണ് പ്രാഞ്ജാൽ ഇന്ന്.

ഐഎഎസ് നേടിയ പ്രാഞ്ജാൽ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി എത്തിയതുകൊച്ചിയിലായിരുന്നു. അതവിടെയായിരുന്നു ആദ്യ ഉത്തരവാദിത്തമേൽക്കൽ. അവിടെ നിന്ന് തിരുവനന്തപുരത്തേക്കും. ഇതിന് മുമ്പ് കാഴ്ച നഷ്ടപ്പെട്ട ഒരു ഐഎഎസുകാരൻ കേരളത്തിൽ സേവനത്തിനെത്തിയിരുന്നു. യുപി ഖൊരക്പൂർ സ്വദേശിയായ ഹിമാൻഷു കുമാർ റായ്. വലതു കണ്ണിനു പൂർണ്ണമായും ഇടതു കണ്ണിനു ഭാഗികമായും കാഴ്ച ശക്തി ഇല്ലായിരുന്നു. എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ ബാച്ചുകാരൻ (2010) കൂടിയാണ് ഹിമാൻഷു. ഇദ്ദേഹം കോട്ടയം കലക്ടറേറ്റിൽ പരിശീലനം പൂർത്തിയാക്കി കോഴിക്കോട് സബ് കലക്ടറായും കശുവണ്ടി വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചു. പിന്നീടു കേരളം വിട്ടു. ഇപ്പോൾ ബിഹാർ കേഡറിലാണ്.

2017 ൽ 124 ാം റാങ്ക് നേടിയാണ് മഹാരാഷ്ട്ര ഉല്ലാസ്നഗർ സ്വദേശിയായ പ്രാഞ്ജാൽ പാട്ടീൽ ഐഎഎസുകാരിയാകുന്നത്. 2016 ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 773ാം റാങ്ക് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് വിഭാഗത്തിൽ അവസരം ലഭിച്ചു. റെയിൽവേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താൽ തഴഞ്ഞു. തിരിച്ചടികളിൽ തളരാതെ പോരാടിയ പ്രഞ്ജാൽ അടുത്തതവണ തിളക്കമാർന്ന നേട്ടം കൈവരിക്കുകയായിരുന്നു. അങ്ങനെ ഐഎഎസ് സ്വപ്‌നവും ലക്ഷ്യപ്രാപ്തിയിലെത്തി. പ്രാഞ്ജാൽ പാട്ടീലിന് ട്വിറ്റർ അക്കൗണ്ട് ഉണ്ടെങ്കിലും ആകെയുള്ള 14 ട്വീറ്റുകൾ മാത്രം. അത് വായിച്ചാൽ തന്നെ പോരാട്ടത്തിന്റെ വഴികൾ വ്യക്തമാകും.

2016ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ 773ാം റാങ്കോടെ പാസായപ്പോൾ ലഭിച്ച ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് (ഐആർഎഎസ്) ലഭിച്ചിട്ടും കാഴ്ചയില്ലെന്ന കാരണത്താൽ ജോലിക്കെടുക്കാൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചതിനു ശേഷം പ്രാഞ്ജാൽ പാട്ടീൽ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ആ 14 ട്വീറ്റുകൾ. ഡിസംബർ 2016നാണ് പഴ്സനേൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ നിന്ന് ഐആർഎഎസ് ലഭിച്ചുവെന്നു പറഞ്ഞ് പ്രാഞ്ജാലിന് കത്ത് ലഭിക്കുന്നത്. നാളുകൾക്കു ശേഷവും മറ്റൊരു ആശയവിനിമയവുമുണ്ടായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് 100% കാഴ്ചയില്ലാത്തയാളെ ജോലിക്കെടുക്കാൻ കഴിയില്ലെന്ന് റെയിൽവേ അറിയിക്കുന്നത്. സുരേഷ് പ്രഭുവിനെയും പ്രധാനമന്ത്രിയെയും ട്വിറ്ററിലൂടെ പ്രാഞ്ജാൽ കാര്യമറിയിച്ചു. 2016ലെ റൈറ്റ് ഓഫ് പഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് നിയമത്തിന്റെ ലംഘനമാകുമെന്നായിരുന്നു വാദം.

ട്വീറ്റ് പരമാവധി ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കിലും തുടരെ പോസ്റ്റുകളെഴുതി. മാധ്യമങ്ങളും വാർത്തയാക്കിയതോടെ കേന്ദ്രം ഇടപെട്ടു. ഇന്ത്യൻ പോസ്റ്റൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് സർവീസിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ച് പഴ്സനേൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ നിന്ന് മെയിൽ. പകരം ഇന്ത്യൻ കോർപറേറ്റ് ലോ സർവീസിലുണ്ടായിരുന്ന ഒരാളെ ഐആർഎഎസിലേക്ക് മാറ്റി. വെബ്‌സൈറ്റിലും ഉടനടി പേരുകൾ മാറ്റി. പ്രാഞ്ജാൽ വിട്ടുകൊടുത്തില്ല. പോരാട്ടം തുടർന്നു. ഒടുവിൽ നിയമനവും കിട്ടി. ഇതിനിടെ സാങ്കേതികത്വത്തിൽ തട്ടി നിയമനം നീണ്ടെങ്കിലും തൊട്ടടുത്ത വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതി മിന്നും വിജയവുമായി ഐഎഎസിലേക്ക് പ്രാഞ്ജാൽ നടന്നുകയറി. പിന്നീട് കിട്ടിയത് കേരളാ കേഡറും.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ച നഷ്ടമായത്. ബ്ലൈൻഡ് സ്‌കൂളിലായിരുന്നു പിന്നെ പഠനം. അവിടെ നിന്നു ബ്രെയ്ൽ ലിപി പഠിച്ചു. 85 % മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായി. പിന്നീട് മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നു ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. ജെഎൻയുവിലെ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ പിഎച്ച്ഡിക്കും എന്റോൾ ചെയ്തിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസായിരുന്നു ഐച്ഛിക വിഷയം.

കാഴ്ച പരിമതിയെ മറികടക്കാൻ വായനയ്ക്കായി സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു. പിഡിഎഫ് ഫയലുകളിലെ വിവരങ്ങൾ ഈ സോഫ്റ്റ്‌വെയർ വായിച്ചു കേൾപ്പിക്കും. പത്രങ്ങളെല്ലാം അതതിന്റെ വെബ്‌സൈറ്റിൽ കയറി സോഫ്റ്റ്‌വെയർ ഉപയോഗിച്ചും വായിച്ചു കേൾക്കും. സ്‌ക്രൈബിനെ ഉപയോഗിച്ചാണു പരീക്ഷയെഴുതിയത്. അഭിപ്രായസ്വാതന്ത്ര്യം, വിദ്യാർത്ഥിരാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അഭിമുഖത്തിൽ ചോദിച്ചത്. കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചത് തന്റെ പഠനവഴിയിൽ വളരെ സഹായകമായി. അവിടെ നിന്നാണ് സമകാലിക പ്രശ്നങ്ങളും കൂടുതൽ വായനയും സാധിച്ചത്.

മുസോറിയിലെ പരിശീലന കാലഘട്ടവും അവിടെ നിന്നുള്ള ഭാരതപര്യടന യാത്രകളും ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. സമൂഹത്തിലേക്ക് എന്റേതായ എന്തെങ്കിലും സംഭാവന ചെയ്യണമെന്ന ചിന്തയാണ് സിവിൽ സർവീസിലേക്ക് നയിച്ചത്. മഹാരാഷ്ട്രയിൽ ഉല്ലാസ് നഗർ സ്വദേശിയാണ് പ്രാഞ്ജാൽ. ദൂരദർശനിൽ എൻജിനീയറായ എൽ.ബി. പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണ്. ഇളയ സഹോദരൻ നിഖിൽ പാട്ടീൽ. ബിസിനസുകാരനായ കോമൾ സിങ് പാട്ടീലാണ് ഭർത്താവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP