Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും ഉൾപ്പെടെ ഒരു ഡസനോളം വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തത് തെരുവിൽ പ്രതിഷേധിച്ചതിനെ തുടർന്ന്; സുരയ്യ അബ്ദുള്ളയും സഫിയ അബ്ദുള്ളയും ഉൾപ്പെടെ പ്രമുഖ വനിതാ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ പുനഃസ്ഥാപിച്ചതിന് പിന്നാലെ; മുൻകരുതലെന്ന നിലയിൽ എസ്എംഎസിന് വീണ്ടും കശ്മീരിൽ വിലക്ക്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും ഉൾപ്പെടെ ഒരു ഡസനോളം വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തത് തെരുവിൽ പ്രതിഷേധിച്ചതിനെ തുടർന്ന്; സുരയ്യ അബ്ദുള്ളയും സഫിയ അബ്ദുള്ളയും ഉൾപ്പെടെ പ്രമുഖ വനിതാ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ പുനഃസ്ഥാപിച്ചതിന് പിന്നാലെ; മുൻകരുതലെന്ന നിലയിൽ എസ്എംഎസിന് വീണ്ടും കശ്മീരിൽ വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തത് കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയതിനെ തുടർന്ന് രാഷ്ട്രീയനേതാക്കളെ ഉൾപ്പെട തടങ്കലിലാക്കിയതിനെതിരേ തെരുവിൽ പ്രതിഷേധിച്ചതിനെ തുടർന്ന്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഒരു ഡസനോളം വനിതകളെയും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ശ്രീനഗറിലെ ലാൽ ചൗക്കിനടുത്തുള്ള പ്രതാപ് പാർക്കിൽ പ്ലക്കാർഡുകളുമായി തടിച്ചുകൂടിയ സമരക്കാരെ പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ അബ്ദുല്ല, മകൾ സഫിയ അബ്ദുല്ല, ജമ്മു കശ്മീർ മുൻ ചീഫ് ജസ്റ്റിസ് ബഷീർ അഹ്മദ് ഖാൻ തുടങ്ങിയവരുടെ നേതൃതത്വത്തിൽ പ്രമുഖ വനിതാ പ്രവർത്തകരും അക്കാദമിസ്റ്റുകളും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചുമുതൽ ഞങ്ങൾ വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ടിരിക്കുകയാണെന്നു സുരയ്യ അബ്ദുല്ല പറഞ്ഞു. 'ഓഗസ്റ്റ് 5 മുതൽ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു, 370ാം വകുപ്പ് റദ്ദാക്കപ്പെട്ടു. ഇതൊരു തരം നിർബന്ധിത വിവാഹമാണ്, ഒരിക്കലും പ്രാവർത്തികമാകില്ല' സുരയ്യ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ഇവർ കൂട്ടം ചേരുന്നത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും വനിതകൾ ചെറുത്തു. മാധ്യമപ്രവർത്തകർക്ക് പ്രസ്താവന നൽകുന്നതും പൊലീസ് തടഞ്ഞു.

മൗലികാവകാശങ്ങൾ സംരക്ഷിക്കുക, തടങ്കലിൽ വച്ചവരെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി വനിതകൾ പ്രതിഷേധിക്കാനെത്തിയപ്പോൾ പൊലീസെത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ തിങ്കളാഴ്ച പുനഃസ്ഥാപിച്ചതിന്റെ പിറ്റേന്നാണ് ഒരു സംഘം സ്ത്രീകൾ സമാധാനപരമായ പ്രതിഷേധത്തിനായി ഒത്തുകൂടിയത്. കശ്മീരിൽ ഇന്റർനെറ്റ്, മൊബൈൽ ഫോണുകൾക്ക് പൂർണനിയന്ത്രണം ഏർപ്പെടുത്തി 72 ദിവസത്തിനു ശേഷമാണ് പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിക്കുന്നത്.

ഇതിനിടെ, മൊബൈൽ ഫോണുകളിൽ എസ്എംഎസിന് ഇന്നലെ 5 മണിയോടെ വീണ്ടും വിലക്ക് ഏർപ്പെടുത്തി. മുൻകരുതലെന്ന നിലയിലാണ് എസ്എംഎസ് വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 8ന് ഷോപിയാനിൽ ആപ്പിൾ തോട്ടം ഉടമയെ 2 ഭീകരർ കയ്യേറ്റം ചെയ്യുകയും ട്രക്ക് ഡ്രൈവറായ ഷരീഫ് ഖാനെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ആപ്പിൾ വ്യാപാരം വീണ്ടും ഉഷാറാവുന്നതിൽ രോഷം പൂണ്ടായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു.

ഫോൺ കണക്ഷൻ വീണ്ടും ലഭിച്ചെന്ന് കരുതി ആഹ്ലാദിച്ചിരുന്ന 40 ലക്ഷം പേരിൽ പലർക്കും കഴിഞ്ഞ ദിവസം ഫോൺ വിളിക്കാനായില്ല. ബിൽ അടയ്ക്കാതിരുന്ന ആയിരക്കണക്കിനാളുകളുടെ ഫോൺ കട്ട് ചെയ്തിരുന്നു. കഴിഞ്ഞ 2 ദിവസവും പലയിടത്തും ബിൽ അടയ്ക്കാൻ നീണ്ട ക്യൂ ഉണ്ടായി. ഓൺലൈനായി പണം അയയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ വരി നിന്നു തന്നെ ഉപയോക്താക്കൾക്കു പണം അടയ്‌ക്കേണ്ടിവന്നു.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനു ശേഷം മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ അനവധി പേരാണ് വീട്ടുതടങ്കലിലും മറ്റുമായി കഴിയുന്നത്. ഇതിനിടെ, ഫാറൂഖ് അബ്ദുല്ലയ്ക്കെതിരേ ആറുമാസം വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാവുന്ന പൊതുസുരക്ഷാ നിയമം ചുമത്തിയും കേസെടുത്തിരുന്നു.

ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്നു ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പുറമെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും, കൂടുതൽ സൈനികരെ നിയോഗിക്കുകയും, ഫോൺ, ഇന്റർനെറ്റ് സർവീസുകൾ വിലക്കുകയും ചെയ്തിരുന്നു. വിലക്കുകൾ ഭാഗികമായി നീക്കിയെങ്കിലും മൂന്നു മാസത്തിലേറേയായിട്ടും കശ്മീർ ഇതുവരെ പൂർവ്വസ്ഥിതിയിലായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP