Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും അപകടത്തിലോ? ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി അവസാനിപ്പിച്ചു; തീരുമാനം കൈക്കൊണ്ടത് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെ മറയാക്കി; തൊഴിലാളികൾക്ക് ജോലിഭാരം കുറക്കുന്നതോടൊപ്പം കോർപ്പറേഷന് സാമ്പത്തിക മെച്ചവുമുള്ള സംവിധാനത്തിന് പാരവെച്ചത് ഭരണകക്ഷി തൊഴിലാളി യൂണിയൻ തന്നെ; ആനവണ്ടിക്ക് അള്ളു വെക്കുന്നത് പതിവാക്കി ഭരണക്കാർ

കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും അപകടത്തിലോ? ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി അവസാനിപ്പിച്ചു; തീരുമാനം കൈക്കൊണ്ടത് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെ മറയാക്കി; തൊഴിലാളികൾക്ക് ജോലിഭാരം കുറക്കുന്നതോടൊപ്പം കോർപ്പറേഷന് സാമ്പത്തിക മെച്ചവുമുള്ള സംവിധാനത്തിന് പാരവെച്ചത് ഭരണകക്ഷി തൊഴിലാളി യൂണിയൻ തന്നെ; ആനവണ്ടിക്ക് അള്ളു വെക്കുന്നത് പതിവാക്കി ഭരണക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി തന്നെ എടുത്തുകളയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഈ സംവിധാനമാണ് ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കെഎസ്ആർടിസി ദൂരെ കളയുന്നത്. ഹൈക്കോടതി വിധിയെ മറികടന്നു ഡ്രൈവർ കം കണ്ടക്ടർ രീതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിയിലെ ദീർഘദൂര ബസുകളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുന്ന തീരുമാനം കൂടിയാണിത്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം എടുത്തു കളയുന്നത്. എം പാനൽ ഡ്രൈവർമാർ ആകെ രണ്ടായിരം പേർ മാത്രമാണ് ഉള്ളത്. ഇവർ പോയാലും കോർപ്പറെഷന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടില്ല. പക്ഷെ ഇവിടെ ഈ ഉത്തരവ് മറയാക്കിയാണ് ഹൈക്കൊടതി വിധി തന്നെ കെഎസ്ആർടിസി അട്ടിമറിക്കുന്നത്.

റോഡുകളുടെ സുരക്ഷയും ഒപ്പം യാത്രക്കാരുടെ സുരക്ഷയും ബലി കഴിപ്പിക്കുന്ന ഒരു ഉത്തരവ് കൂടിയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ദീർഘദൂര ബസുകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ വന്ന പൊതുതാത്പര്യ ഹർജി മുൻ നിർത്തിയാണ് ഇത്തരം ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി നടപ്പിലാക്കാൻ കെഎസ്ആർടിസി ഉത്തരവിട്ടത്. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും ഇതുവഴി കെഎസ്ആർടിസിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളത്ത് നിന്നും ബംഗളൂര് പോകുന്ന ബസിൽ മുഴുവൻ റിസർവേഷൻ ആയാൽ പിന്നെ കണ്ടകടർക്ക് വേറെ പണിയില്ല. എന്നാൽ ഡ്രൈവർ ആണെങ്കിൽ ഓടിച്ച് തളരുകയും ചെയ്യും. ഒപ്പം ഒരു ഡ്രൈവർ കൂടി വന്നാൽ ഓടിക്കുന്ന ഡ്രൈവർക്ക് ആത്മവിശ്വാസം കൂടും. എന്തെങ്കിലും പ്രശ്‌നം വന്നാൽ ജോലി അടുത്തയാൾക്ക് കൈമാറുകയും ചെയ്യാം. ഒരു ദീർഘദൂര ഡ്യൂട്ടിയിൽ മൂന്നു പേരെ അയക്കുന്നതിനും അവസാനമാകും. ഡ്രൈവർ-കം കണ്ടക്ടർ അല്ലെങ്കിൽ ഒരു ഡ്രൈവർ കൂടി ദീർഘദൂര ബസിൽ അയക്കേണ്ടി വരും. ഇതൊഴിവയ്ക്കാൻ കൂടിയാണ് ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി ഹൈക്കോടതി നടപ്പിലാക്കിയത്.

2011ലാണ് ഇത് സംബന്ധമായി ആദ്യ ഉത്തരവ് ഹൈക്കോടതി നൽകിയത്. ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസിയിൽ നടപ്പിലാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് സ്ഥിരമായപ്പോൾ തൃശൂരിലുള്ള പി.ഡി.ജോസഫ് നൽകിയ പൊതുതാത്പര്യഹർജിയിലാണ് വിധി വന്നത്. 2011-ൽ ഉത്തരവ് വന്നപ്പോഴും 2017 വരെ ഈ ഉത്തരവ് കെഎസ്ആർടിസി മൂടിവെച്ചു. ഇതോടെ ഹർജിക്കാരനായ ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂർ ഉൾപ്പെട്ട ബെഞ്ച് ആണ് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയുമായിരുന്നു. രാജമാണിക്യമായിരുന്നു അന്ന് കെഎസ്ആർടിസി എംഡി. അദ്ദേഹം പെട്ടെന്ന് തന്നെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തീരുമാനം എടുക്കുകയായിരുന്നു. അങ്ങിനെയാണ് കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പിലായത്.

ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റ് നടപ്പിലാക്കിയില്ല. പകരം കുറെ ഡ്രൈവർമാരെ കണ്ടക്ടർ പരിശീലനം നൽകി ഡ്രൈവർ ആക്കി മാറ്റുകയായിരുന്നു. പിന്നീട് ടോമിൻ തച്ചങ്കരി എംഡിയായപ്പോൾ കൊല്ലത്തിന്നടുത്ത് നടന്ന ബസ് അപകടത്തെ തുടർന്ന് ഡ്രൈവർ കം കണ്ടകടർ രീതി കെഎസ്ആർടിസി ശക്തമാക്കി. ഒരു കണ്ടക്ടരുടെ ഡ്യൂട്ടി നൽകേണ്ട ആവശ്യമില്ല. രണ്ടു ഡ്രൈവർമാരെ ദീർഘദൂര യാത്രകൾക്ക് അയക്കേണ്ട അവശ്യവുമില്ല. ഒരു കണ്ടക്ടറും ഡ്രൈവറും പോയാൽ അത്രയും മാൻപവർ കുറയ്ക്കാം. സുരക്ഷിതത്വം കൂടുതലുമുണ്ട്. ഈ ഘട്ടത്തിലാണ് കണ്ടക്ടർ സംഘടന രൂപപ്പെടുന്നത്. ഫോറം ഫോർ ജസ്റ്റിസ് എന്ന പേരിലാണ് ഇവർ സംഘടന തുടങ്ങിയത്. കണ്ടക്ടർമാർ കെഎസ്ആർടിസിയിലെ പ്രബലന്മാരാണ്. അംഗ സംഖ്യയിൽ ഇവർ അധികമാണ്. റഫറണ്ടം കടന്നു കയറണമെങ്കിൽ കണ്ടകടർമാരുടെ പിന്തുണ വേണം. ഡ്രൈവർ-കം കണ്ടക്ടർ രീതിക്കെതിരെ കണ്ടക്റ്റർമാർ നീങ്ങിയപ്പോൾ യൂണിയൻ ഇവരെ തുണയ്ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ യൂണിയനുകൾ കണ്ടക്ടർമാരെ പിണക്കാൻ തയ്യാറായില്ല. കണ്ടക്ടർമാർക്ക് മാത്രമാണ് പ്രമോഷൻ സാധ്യതകൾ ശക്തമായി നിലനിൽക്കുന്നത്. കണ്ടക്ടർ മൂത്തിട്ടാണ് സ്റ്റേഷൻ മാസ്റ്റർ ആകുന്നത്. എസ്എം മൂത്തിട്ടാണ് ഇൻസ്‌പെക്ടർമാർ ആകുന്നത്. ഇവർ പ്രമോഷൻ നേടിയിട്ടാണ് ഓഫീസർമാർ ആകുന്നത്. ഇവരാണ് കെഎസ്ആർടിസിയിലെ തന്ത്രപ്രധാന സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. ഇവർക്ക് ഇതുവരെ ക്വാളിറ്റി അസസ്‌മെന്റ് നടത്തിയിട്ടുമില്ല. ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഡയരക്ടർ ഷറഫ് മുഹമ്മദും ശ്രീകുമാറും ഇങ്ങിനെ ഈ പോസ്റ്റിൽ എത്തിയതാണ്. ഇവർ രണ്ടുപേരും യൂണിയന്റെ ആളുകളും ആണ്. യൂണിയൻ പറയുന്നതിന് അപ്പുറത്ത് നിലപാടില്ലാത്തവർകൂടിയാണ് ഇവർ. ഈ ആക്ഷേപം കെഎസ്ആർടിസിയിൽ പ്രബലവുമാണ്. ഷറഫ് മുഹമ്മദ് എംബിഎ ബിരുദവും എൽഎൽബി ബിരുദവും ഉണ്ടെന്നു അവകാശപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടിയാണ്. പക്ഷെ ഈ ബിരുദങ്ങളെ ചൊല്ലി ആക്ഷേപവും ഉയർന്നിരുന്നു.

എക്‌സിക്യൂട്ടീവ് ഡയരക്ടർ സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളായതുകൊണ്ട് തന്നെ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റ് ഇല്ലാതാക്കുന്ന ഉത്തരവും വേഗം ഇറങ്ങി. കണ്ടക്ടർ സംഘടനയുടെ ആവശ്യം അംഗീകരിക്കാനും അവരെ പ്രീണിപ്പിക്കാനും വേണ്ടിയാണ് ഇപ്പോൾ ഡ്രൈവർ-കം കണ്ടക്ടർ രീതി ഇപ്പോൾ എടുത്തു കളയുന്നത് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ബംഗളൂര് പോയി വന്നാൽ ഒരു കണ്ടക്ടർക്ക് അഞ്ചു ഡ്യൂട്ടിയാണ് കണക്ക്. കണ്ടക്ടർമാർ തുടരട്ടെ. ഡ്രൈവർമാരെ മാറ്റാം എന്നാണ് തീരുമാനം. കോർപ്പറെഷനെ യൂണിയൻകാർക്ക് വേണ്ടി നശിപ്പിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോർപ്പറെഷനിൽ നിന്നും ഈതീരുമാനത്തിനെക്കുറിച്ച് എതിർപ്പ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP