Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഷ്ടപ്പെടുമെന്ന് കരുതിയ സ്വരം തിരിച്ചു പിടിച്ച കഥ പറഞ്ഞു ദാസേട്ടൻ; ആരോഗ്യത്തോടെ ജീവിക്കുന്നതും ഒരു രഹസ്യമാണ്; പ്രേമിച്ചു കൊണ്ടേയിരിക്കണമെന്നു പറയുന്നതിൽ കാര്യമുണ്ട്; അപ്പൻ നൽകിയ അമൂല്യ ഉപദേശവും ഇന്നും കൂട്ടായി ഉണ്ട്; മലയാളത്തിന്റെ ഗാനഗന്ധർവ്വൻ എൺപതിലേക്കു നീങ്ങുമ്പോൾ

നഷ്ടപ്പെടുമെന്ന് കരുതിയ സ്വരം തിരിച്ചു പിടിച്ച കഥ പറഞ്ഞു ദാസേട്ടൻ; ആരോഗ്യത്തോടെ ജീവിക്കുന്നതും ഒരു രഹസ്യമാണ്; പ്രേമിച്ചു കൊണ്ടേയിരിക്കണമെന്നു പറയുന്നതിൽ കാര്യമുണ്ട്; അപ്പൻ നൽകിയ അമൂല്യ ഉപദേശവും ഇന്നും കൂട്ടായി ഉണ്ട്; മലയാളത്തിന്റെ ഗാനഗന്ധർവ്വൻ എൺപതിലേക്കു നീങ്ങുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''ചിട്ടയായ ജീവിതം മനുഷ്യന്റെ ആരോഗ്യത്തിനു ആവശ്യം ആണെന്നത് പുതിയ അറിവൊന്നുമല്ല. ഒരിക്കൽ ഞാനും അത്തരം ഒരനുഭവത്തിലൂടെ കടന്നു പോയിരുന്നു. ശബ്ദമെല്ലാം നഷ്ടമാകുന്ന പോലെ. പിച്ച് കിട്ടാൻ പ്രയാസം നേരിടുന്ന പോലെ''.... ഗന്ധർവഗായകൻ യേശുദാസിൽ നിന്നും ഈ വാക്കുകൾ കേട്ടപ്പോൾ സദസ്സാകെ സ്തബ്ധമായി. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന സംഗീത നിശയിൽ ആണ് ദാസേട്ടൻ ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം അനുഭവത്തിൽ നിന്നും വ്യക്തമാക്കിയത്. ഇത് ഗായകരോട് മാത്രമുള്ള അനുഭവം പങ്കിടൽ അല്ലെന്നും മുഴുവൻ ആളുകളോടും പറയാൻ ഉള്ള കാര്യമാണെന്ന് മുഖവുര നൽകിയാണ് അദ്ദേഹം പറഞ്ഞ് തുടങ്ങിയത്. ഏകദേശം 25 വർഷം മുൻപാണ് സംഭവം. രാത്രി വൈകി റെക്കോർഡിങ് കഴിഞ്ഞു വീട്ടിലെത്തുക പതിവായിരുന്നു. പതിനൊന്നു മണിക്കൊക്കെ ചോറും കറികളും കഴിക്കുക പതിവായി. ശബ്ദം നിലയ്ക്കുക എന്നുവച്ചാൽ ഒരു ഗായകന്റെ അന്ത്യം കൂടിയാണ്.

മലയാളികൾ ആശുപത്രികളെ സഹായിക്കുന്ന ശീലം കളയണം

തുടർന്ന് പല സ്ഥലത്തും അന്വേഷണം നടത്തി. കാനഡയിൽ നിന്നുള്ള ഒരു ഡോക്ടറിൽ നിന്നാണ് ഉപദേശം ലഭിച്ചത്. അതോടെ ചിട്ടയായി ആഹാരം കഴിച്ചു തുടങ്ങി. അങ്ങനെയാണ് ചോറ് ഉപേക്ഷിച്ചു ചപ്പാത്തി ശീലമാക്കിയത്. ശബ്ദം കൂടുതൽ മെച്ചമായി തുടങ്ങി. തുടർന്ന് ഇന്നേവരെ ആഹാര ശീലത്തിൽ കൃത്യമായ ശീലമുണ്ട്. അതുകൊണ്ടു ഞാൻ ഇന്നും ചെറുപ്പക്കാരനായി ജീവിക്കുന്നു എന്ന് ദാസേട്ടൻ പറഞ്ഞപ്പോൾ സദസ് കയ്യടിയും പൊട്ടിച്ചിരിയും പങ്കിട്ടാണ് ആ നിമിഷങ്ങൾ ആസ്വദിച്ചത്. കൂടെ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ മാത്രമാണ് ആവശ്യം ഇല്ലാത്ത ആഹാരം കൂടി കഴിക്കുന്നത്.

മൃഗങ്ങളെ ഒക്കെ നാം കണ്ടുപഠിക്കണം. അവ ഒരിക്കലും തനിക്കാവശ്യമില്ലാത്ത ഭക്ഷണം കഴിക്കില്ല, മനുഷ്യർ നേരെ തിരിച്ചും. കൂടുതൽ കഴിക്കുന്നതും ശരീരത്തിന് ചേരാത്ത ഭക്ഷണമാണ്. അതിനാൽ മലയാളികൾ ആശുപത്രികളെ സഹായിക്കുന്ന ആഹാര രീതി ഉപേക്ഷിക്കണം. കേരളത്തിൽ വളർന്നു പൊങ്ങുന്ന ആശുപത്രി ബിസിനസ് സൂചിപ്പിച്ചു അദ്ദേഹം ഓർമ്മിപ്പിച്ചു. പെട്രോൾ കാറിനു ഡീസലും ഡീസൽ കാറിനു പെട്രോളും പറ്റില്ലെന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങൾ മനുഷ്യ ശരീരത്തിനും ബാധകമാണ് എന്ന് നാം ഓർക്കണം. ഇത്തരത്തിൽ ചിരിയും ചിന്തയും കോർത്തിണക്കിയാണ് ഗന്ധർവ ഗാനസന്ധ്യ സ്റ്റോക്കിൽ ആവേശത്തിരയിൽ ഇളകിയാർത്തത്.

പ്രേമിച്ചു കൊണ്ടേയിരിക്കണം, അതിൽ പ്രായമില്ല

പ്രണയത്തിനു പ്രായമില്ല, മാത്രമല്ല ജീവിതം മുഴുവൻ പ്രണയിച്ചു കൊണ്ടിരിക്കണം. ഇത് പറയുമ്പോൾ ചെറിയൊരു കള്ളച്ചിരി അദ്ദേഹം മുഖത്ത് സൂക്ഷിച്ചിരുന്നു. തനിക്കും വിവാഹത്തിന് മുൻപും പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം ഇന്നും കൂടെയുണ്ട്. ഇത് പറഞ്ഞിട്ട് അൽപം ശബ്ദം താഴ്‌ത്തി, അവർ മാത്രമേ നമ്മോടു ഒപ്പം ഉണ്ടാകൂ എന്ന ഉപദേശവും. ലോകത്തെ മുഴുവൻ ഭാര്യമാർക്കും സന്തോഷം ലഭിക്കുന്ന വാക്കുകളാണ് ദാസേട്ടൻ പറഞ്ഞത്. മുംബൈ ജീവിതവും മറ്റും പങ്കിടവേ ഓർമ്മയിൽ എത്തിയ നീ മധുപകരൂ, എന്ന ഗാനം പാടവേയാണു അദ്ദേഹം പ്രണയത്തിന്റെ വഴികളിലൂടെ പോയത്. പാട്ട് ഇടയ്ക്കു നിർത്തിയാണ് ഇക്കാര്യങ്ങൾ പറഞ്ഞതും.

മുംബൈ സ്റ്റുഡിയോയും ഇതിഹാസ സംഗീത പ്രതിഭകൾ നടന്നു പോയ സ്റ്റുഡിയോയിൽ എത്തിയപ്പോൾ തോന്നിയ കാര്യങ്ങളും ഒക്കെ പങ്കിട്ട ദാസേട്ടൻ നീ മധുപകരൂ എന്ന ഗാനം ഉഷ ഖന്ന നൽകിയ സംഗീതത്തിൽ അനശ്വരം ആയിത്തീർന്ന കാര്യവും ഓർമ്മിച്ചു. തുടർന്ന് പാട്ടിന്റെ രണ്ടാം ഭാഗത്തിൽ ഉടലറിയാതെ, ഉയിരറിയാതെ എന്ന ഭാഗം വളരെ വികാര വിവശതയോടെ പാടിയപ്പോൾ സദസ്സ് ഇളകിയർത്താണ് ആ നിമിഷങ്ങൾ ആസ്വദിച്ചത്.

ഓൾഡ് ഈസ് ഗോൾഡ് എന്നത് വെറും ചൊല്ലല്ല

പുതുമയെ അതേവിധം ഉൾക്കൊള്ളാൻ തനിക്കു ഇന്നും പൂർണമായും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടക്കാലത്തു രൂപം കൊണ്ട, ട്യൂൺ ഇട്ടശേഷം വരികൾ എഴുതുന്ന രീതിയൊക്കെ പുതുമയുടെ ശീലമായി കാണുവാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം സൂചന നൽകുകയും ചെയ്തു. പണ്ടുള്ളവ ഗോൾഡ് ആകാൻ കാരണം വീണ്ടും വീണ്ടും പരിശീലനം നൽകിയാണ് അവയൊക്കെ രൂപപ്പെട്ടത് എന്നത് തന്നെ മുഖ്യ കാരണം.

ഇന്ന് ടെക്‌നോളജി വളർന്നപ്പോൾ കാര്യങ്ങൾ കുറേക്കൂടി വേഗത്തിലും എളുപ്പവും കൈകാര്യം ചെയ്യാൻ സാധിക്കുമായിരിക്കും. എന്നാൽ പണ്ടുള്ളവർ കാണിച്ചിരുന്ന ഡെഡിക്കേഷൻ ഇന്ന് പുതിയവയിൽ കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഒക്കെ എല്ലാവർക്കും പുതിയത് എന്ന ഡിമാൻഡ് മാത്രമേയുള്ളൂ. എന്നാൽ പഴമയിലും പലതുണ്ട് എന്ന് വ്യക്തമാക്കാൻ അദ്ദേഹം മഞ്ചൽ വാഴ്ക എന്ന പാട്ടും മലയാളത്തിൽ റെക്കോർഡ് ഭേദിച്ച പ്രമദവനം എന്ന ഗാനവുമാണ് അദ്ദേഹം പാടിയത്.

ഇടക്കാലത്തു ഞാനും ഒന്ന് നിർത്താൻ ആലോചിച്ചതാണ്. മുൻപ് പലരും പ്രായമായവരെ തള്ളിപ്പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അത് എന്റെ ജീവിതത്തിലും സംഭവിക്കുമല്ലോ, അപ്പോൾ സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം എന്നതായിരുന്നു ആഗ്രഹം. പക്ഷെ ആ തീരുമാനത്തിൽ സഹോദര തുല്യനായ രവീന്ദ്രനാണ് മാറ്റം ഉണ്ടാക്കിയത്. ഞാൻ പാട്ടുനിർത്തുക ആണെങ്കിൽ അദ്ദേഹവും ജോലി നിർത്തി നാട്ടിൽ പോയി വല്ല മുറുക്കാൻ കടയുമിട്ടു ജീവിക്കുമെന്ന് നിരാശയോടെ ഒരിക്കൽ പറഞ്ഞു. ഒരു കാൽ നൂറ്റാണ്ട് മുൻപാണ് ഈ സംഭവം.



മാമോദീസ മുങ്ങിയാലും മറ്റു മതങ്ങളെ ആദരിക്കാം

താൻ ക്രിസ്ത്യാനിയായി ജനിച്ചു മാമോദീസ മുങ്ങിയ വ്യക്തിയാണ്. പക്ഷെ താൻ താനായി തീരാൻ കാരണമായ പിതാവ് തനിക്കു ജീവിതത്തിൽ നൽകിയ ഉപദേശം ഇന്നും എന്നെ ജീവിതത്തിൽ കൈപിടിക്കാൻ കൂടെയുണ്ട്. മാമോദീസ മുങ്ങിയെങ്കിലും ക്രിസ്ത്യനും ഹൈന്ദവനും ഇസ്ലാമിനും വെത്യസ്ത ചിന്തയില്ലെന്നും എല്ലാ മതവും പരസ്പരം ആദരിക്കണം, ബഹുമാനിക്കണം. അപ്പോൾ അടുത്ത തലമുറയുമിതു കണ്ടു പഠിച്ചിരിക്കും. ഏതുമതത്തിൽ പെട്ടവർ ആയാലും വിളിക്കുന്നത് ഒരു ദൈവത്തെയാണ്. വിളി കേൾക്കുന്ന ദൈവവും ഒന്ന് തന്നെയാണ്. തുടർന്ന് മതമൈത്രിക്കായി ഒരു ഗാനവും അദ്ദേഹം ആലപിച്ചു.

തന്നെ സംസ്‌കൃതം പഠിപ്പിക്കാൻ ക്രിസ്ത്യാനിയായ അപ്പനെടുത്ത തീരുമാനമാണ് എന്നെ ഞാനാക്കിയത്. ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടാൻ സംസ്‌കൃതം പഠിച്ചില്ലെങ്കിൽ തനിക്കു കഴിയുമായിരുന്നില്ല. നമ്മുടെ കുട്ടികൾ സംസ്‌കൃതം പഠിക്കുന്ന കാര്യം കൂടുതൽ ഗൗരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മികവുറ്റ ഒരു ഭാഷ ലോകത്തു വേറെയില്ല, അതു ഭാരതത്തിന്റെ സംഭാവനയാണ്. നമ്മുടെ പ്രാർത്ഥന പോലും എത്ര സുന്ദരമാണ്. ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് ഭാരതത്തിന്റെ പ്രാർത്ഥന. ഇത്രയും ശക്തവും അർത്ഥവത്തായതുമായ മറ്റൊരു പ്രാർത്ഥന ശകലം ലോകത്തെവിടെയും കാണാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP