Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിർവശത്ത് നിന്ന് അമിത വേഗതയിൽ പാഞ്ഞ് വന്ന ബസ്; ബ്രേക്ക് പിടിച്ച സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറുപ്പിച്ചെന്ന് എഫ് ഐ ആർ; കോടതിയിൽ കേസ് എത്തിയപ്പോൾ മരിച്ചയാൾ പ്രതിയായി! സ്‌കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു എന്നും മരിക്കുമ്പോൾ അനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നുമൊക്കെ വിചിത്രവാദങ്ങൾ; കെ എസ് ആർ ടി സി ഡ്രൈവറോട് പൊലീസിന് പ്രേമം കൂടിയപ്പോൾ കൊല്ലപ്പെട്ട അനിൽ കുറ്റക്കാരൻ: അങ്കമാലി-കാലടി റോഡിലെ പഴയ അപകടം വിവാദമാകുമ്പോൾ

എതിർവശത്ത് നിന്ന് അമിത വേഗതയിൽ പാഞ്ഞ് വന്ന ബസ്; ബ്രേക്ക് പിടിച്ച സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറുപ്പിച്ചെന്ന് എഫ് ഐ ആർ; കോടതിയിൽ കേസ് എത്തിയപ്പോൾ മരിച്ചയാൾ പ്രതിയായി! സ്‌കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു എന്നും മരിക്കുമ്പോൾ അനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നുമൊക്കെ വിചിത്രവാദങ്ങൾ; കെ എസ് ആർ ടി സി ഡ്രൈവറോട് പൊലീസിന് പ്രേമം കൂടിയപ്പോൾ കൊല്ലപ്പെട്ട അനിൽ കുറ്റക്കാരൻ: അങ്കമാലി-കാലടി റോഡിലെ പഴയ അപകടം വിവാദമാകുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: അലക്ഷ്യമായി ഓടിച്ച കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ രക്ഷിച്ചു കൊണ്ട് അങ്കമാലി പൊലീസിന്റെ റിപ്പോർട്ട്. രണ്ടു വർഷം മുൻപ് കാലടി എംസി റോഡിൽ നടന്ന വാഹനാപകടക്കേസ് വളച്ചോടിച്ചാണ് അങ്കമാലി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. അങ്കമാലി-കാലടി റോഡിൽ അമിത വേഗത്തിൽ തെറ്റായ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അനിൽ മരിക്കുന്നത്. എന്നാൽ കെഎസ്ആർടിസി ഡ്രൈവറെ രക്ഷിക്കാൻ മരിച്ച അനിലിനെ പ്രതിയാക്കിയാണ് പൊലീസ് അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകിയത്. എഫ്‌ഐആറിൽ നിന്നും നേർ വിപരീതമായ റിപ്പോർട്ട് ആണ് പക്ഷെ പൊലീസ് കോടതിയിൽ നൽകിയത്. പൊലീസിന്റെ ചതി മനസിലാക്കി മരിച്ച യുവാവിന്റെ അച്ഛൻ ലൂയീസ് ഇപ്പോൾ അങ്കമാലി പൊലീസിന്റെ നടപടികൾക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആലുവ എസ്‌പിക്കും കുടുംബം പരാതിയും നൽകിയിട്ടുണ്ട്.

2017 ഒക്ടോബർ എട്ടിന് അങ്കമാലി-കാലടി എം.സി.റോഡിൽ നടന്ന വാഹനാപകടക്കേസിലാണ് ലൂയീസിന്റെ മകനായ അനിൽ മരിച്ചത്. തെറ്റായ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ചാണ് അനിൽ മരിക്കുന്നത്. രാത്രി ഏഴു മണിയോടുകൂടി അനിൽ അങ്കമാലിയിൽ നിന്ന് കാലടി ഭാഗത്തേക്ക് പോകുമ്പോൾ വേങ്ങൂർ വിശ്വജ്യോതി സ്‌കൂളിനു മുന്നിൽ വെച്ച് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അനിൽ മരിക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ഡ്രൈവറെ രക്ഷിക്കാൻ വേണ്ടി പിന്നീട് കണ്ണിൽ ചോരയില്ലാത്ത റിപ്പോർട്ട് ആണ് അങ്കമാലി പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. അമിത വേഗതയിൽ അശ്രദ്ധമായി മൊബൈൽ ഫോണിൽ സംസാരിച്ച് അനിൽ സ്‌കൂട്ടർ ഓടിക്കുകയായിരുന്നു. ഈ സ്‌കൂട്ടർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് അനിൽ മരിച്ചത്. അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ച കെഎസ്ആർടിസി ബസ് ഇടിച്ചാണ് അനിൽ മരിച്ചതെന്ന എഫ്‌ഐആർ റിപ്പോർട്ടിന് കടകവിരുദ്ധമായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അങ്കമാലി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

സ്‌കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു എന്നും മരിക്കുമ്പോൾ അനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അങ്കമാലി കോടതിയിൽ ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. എഫ്‌ഐആറിൽ അലക്ഷ്യമായി വാഹനം ഓടിച്ച് കെഎസ് ആർടിസി ഡ്രൈവർ അപകടം വരുത്തി എന്ന് പറഞ്ഞ ഇതേ പൊലീസാണ് നേർ വിപരീതമായി അങ്കമാലി കോടതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയിരിക്കുന്നത്. മഹസറിലാണ് തെറ്റ് അനിലിന്റെ ഭാഗത്താണെന്ന് പൊലീസ് എഴുതി ചേർത്തത്. ഈ റിപ്പോർട്ട് ആണ് പൊലീസ് കോടതിയിൽ സമർപ്പിച്ചതും. അങ്കമാലി പൊലീസിന്റെ ചതി മനസിലാക്കി ഇപ്പോൾ നീതി തേടി നിയമപോരാട്ടത്തിന്റെ വഴിയിലാണ് കുടുംബം. അങ്കമാലി പൊലീസിന്റെ നടപടികൾ വഞ്ചനാപരമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ലൂയീസ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഇത് മനസിലാക്കി അങ്കമാലി പൊലീസും അങ്കമാലി കോടതിയിൽ നിയമ നടപടികൾക്ക് തുടക്കമിടുകയായിരുന്നു. ഈ റിപ്പോർട്ടിൽ ആണ് യഥാർത്ഥ സംഭവങ്ങൾക്ക് നേർ വിപരീതമായി കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി പൊലീസ് കള്ളങ്ങൾ എഴുതി ചേർത്തിരിക്കുന്നത്.

അപകടത്തിന്റെ എഫ്‌ഐആറിൽ ശരിയായ റിപ്പോർട്ട് തന്നെയാണ് പൊലീസ് എഴുതി ചേർത്തിരിക്കുന്നത്. മനുഷ്യ ജീവനു അപകടം ഉണ്ടാക്കും വിധം ഉദാസീനമായി വാഹനം ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ അപകടം വരുത്തിവെച്ചു. 2017 ഒക്ടോബർ എട്ടിന് രാത്രി ഏഴു മണിക്ക് അനിൽ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് അലക്ഷ്യമായി ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ അനിലിനെ അങ്കമാലി എൽഎഫ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എഫ്‌ഐആർ റിപ്പോർട്ട് പറയുന്നു. ഇതേ കേസിൽ പിന്നീട് പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി റിപ്പോർട്ട് ചമയ്ക്കുകയായിരുന്നു. ഇതൊന്നും പാവപ്പെട്ട ലൂയീസും കുടുംബവും അറിഞ്ഞില്ല. കേസിന്റെ കാര്യം സംസാരിക്കാൻ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കയ്‌പ്പ് നിറഞ്ഞ അനുഭവമാണ് ലൂയീസിനും കുടുംബത്തിനും നേരിട്ടത്.

നിന്റെ മകൻ തെറ്റായ ദിശയിൽ സ്‌കൂട്ടർ ഓടിച്ചു വന്നു കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറ്റുകയായിരുന്നു. കേസ് അന്വേഷിക്കുന്ന സണ്ണി എന്ന പൊലീസ് ഓഫീസറാണ് എന്നോടു ഇങ്ങിനെ പറഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയായ താങ്കൾക്ക് പരാതി നൽകിയപ്പോഴാണ് മഹസർ റിപ്പോർട്ട് ലഭിക്കുകയും ആ റിപ്പോർട്ടിൽ ഇങ്ങിനെ എഴുതിയതായി മനസിലാക്കാനും കഴിഞ്ഞത്. ജില്ലാ പൊലീസ് മേധാവിക്ക് ലൂയീസ് നൽകിയ പരാതിയിൽ പറയുന്നു. മോട്ടോർ സൈക്കിൾ തെറ്റായ ദിശയിലാണ് വന്നത്. സ്‌കൂട്ടറിന്റെ ടയർ പഴയതാണെന്നും മഹസറിൽ പറയുന്നു. എന്നാൽ ടയർ പുതിയതായിരുന്നു. ഹോംഗാർഡ് ആണ് സംഭവ സ്ഥലം കാണിച്ചു കൊടുത്തത് എന്ന് പറയുന്നു. ആ സമയം ഹോം ഗാർഡ് ഉണ്ടായിരുന്നില്ല. മഹസറിൽ ഒപ്പിട്ടത് തന്നെ എസ്‌ഐയാണോ എന്ന് സംശയവുമുണ്ട്. മനഃപൂർവം പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണ് കെഎസ്ആർടിസി ബസിൽ സ്‌കൂട്ടർ ഇടിച്ചു കയറി എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ബസ് സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് അപ്പോൾ എടുത്ത് ഫോട്ടോകൾ വിരൽ ചൂണ്ടുന്നുണ്ട്.

എന്റെ മകന്റെ മരണത്തിനു കാരണക്കാരനായ കെഎസ്ആർടിസി ഡ്രൈവർ രണ്ടു അപകടങ്ങൾ മുൻപ് ഉണ്ടാക്കിയ ആളാണ് എന്ന് എന്റെ അന്വേഷണത്തിൽ ബോധ്യമായി. രണ്ടു മരണങ്ങളും ഇയാൾ ഉണ്ടാക്കിയ അപകടങ്ങളിൽ സംഭവിച്ചിട്ടുമുണ്ട്. എന്നാൽ എന്റെ മകന് അനുകൂലമായി റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് സണ്ണി എന്ന പൊലീസ് ഓഫീസർ എന്നോടു പറഞ്ഞത്. യഥാർത്ഥ റിപ്പോർട്ട് നൽകിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുമെന്നും കുടുംബം വഴിയാധാരമാകുമെന്നും പൊലീസ് സണ്ണി എന്നോടു കയർത്തു കൊണ്ട് പറഞ്ഞു. എന്റെ മകൻ കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ച സംഭവത്തിൽ അങ്കമാലി പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി നീങ്ങുകയാണ്. അവരുടെ റിപ്പോർട്ടും അങ്ങിനെ തന്നെ. അപകട സമയത്തെ ഫോട്ടോകൾ ഞാൻ അങ്കമാലി പൊലീസിൽ ഹാജരാക്കിയിരുന്നു. എന്നാൽ പൊലീസ് ഇതൊന്നും ശ്രദ്ധിക്കുന്നില്ല. മഹസർ കെഎസ്ആർടിസി ഡ്രൈവറെ രക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്. അതിനാൽ എനിക്കും കുടുംബത്തിനും നീതി നൽകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ കേസ് അന്വേഷിക്കണം-ആലുവ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ ലൂയീസ് ആവശ്യപ്പെടുന്നു.

അങ്കമാലി പൊലീസിന്റെ ചതിയെക്കുറിച്ച് ലൂയീസ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

അങ്കമാലി കാലടി- റോഡിനു അരികെയാണ് ഞങ്ങളുടെ വീട്. മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് മരിച്ച അനിൽ. ഗ്രാനെറ്റ് ജോലികളിൽ അവൻ ഏർപ്പെട്ടിരിക്കുന്ന സമയമാണ് അത്. വിവാഹം കഴിഞ്ഞിരുന്നില്ല. 2017 ഒക്ടോബർ എട്ടിനു രാത്രിയാണ് എനിക്ക് മകൻ നഷ്ടമായ വാഹനാപകടം നടക്കുന്നത്. മകൻ കാലടി ഭാഗത്തുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. എന്റെ ബന്ധുവിനെ വിളിച്ചെങ്കിലും അവൻ പോയില്ല. മകൻ ഒരു കടയിൽ നിന്നും ജ്യൂസും കുടിച്ചാണ് സ്‌കൂട്ടർ എടുത്ത് പോയത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്. വിശ്വജ്യോതി സ്‌കൂളിനു മുന്നിലാണ് അപകടം. മകന്റെ ബൈക്കിനു എതിർ വശത്ത് കൂടി അമിത വേഗതയിൽ വന്ന ബസ് നേരെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മകൻ ബ്രേക്ക് പിടിച്ച് സ്‌കൂട്ടർ നിർത്തിയിരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിനു നിയന്ത്രണം നഷ്ടമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മകന് ഗുരുതര പരുക്കേറ്റിരുന്നു. അവിടെ വെച്ച് തന്നെ അവൻ മരിക്കുകയും ചെയ്തു. എഫ്‌ഐആർ റിപ്പോർട്ട് പൊലീസ് ആദ്യം ശരിയായി എഴുതി. പിന്നീട് പൊലീസ് കള്ളത്തരം കാണിച്ചു. അപകടത്തിൽ മരിച്ച മകനെ പ്രതിയാക്കിയാണ് പൊലീസ് കേസ് ചാർജ് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞത്.

മകൻ മരിച്ചപ്പോൾ ഞങ്ങൾ കണ്ണീരും കയ്യുമായി വീട്ടിൽ ഇരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് മരണം എന്ന് ഞങ്ങൾക്കും നാട്ടുകാർക്കും അറിയാം. പത്ര റിപ്പോർട്ട്മുണ്ട്. പൊലീസ് നേര് അനുസരിച്ച് മാത്രമാണ് കാര്യങ്ങൾ ചെയ്യുക എന്നാണ് കരുതിയത്. പക്ഷെ ഈ കാര്യത്തിൽ ചതി പറ്റുകയായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുക എന്ന് ഞങ്ങൾക്കും രൂപമുണ്ടായിരുന്നില്ല. എന്നാൽ കേസ് അന്വേഷിച്ച സണ്ണി എന്ന പൊലീസ് ഓഫീസർ എന്നെ വിളിച്ചപ്പോഴാണ് എന്താണ് സംഭവിക്കുന്നത് എന്നത് ഞാൻ മനസിലാക്കിയത്. സണ്ണി പറഞ്ഞത് കേസ് കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി എഴുതുകയാണ്. അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യപ്പെടും. കുടുംബം വഴിയാധാരമാകും. അതിനാൽ സ്‌കൂട്ടർ കെഎസ്ആർടിസി ബസിലാണ് ഇടിച്ചത് എന്ന് എഴുതും. ഞാൻ ചോദിച്ചു, നിങ്ങൾ എന്ത് അസംബന്ധമാണ് പറയുന്നത്. സ്‌കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയതാണ്. അതിനാൽ ഞങ്ങൾ ഇതിനു കൂട്ട് നിൽക്കില്ല എന്ന് പറഞ്ഞു. അതിനു ശേഷമാണ് നിയമ നടപടികളുമായി ഞങ്ങളും നീങ്ങിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എല്ലാം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.

അങ്കമാലി പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്ക് അനുകൂലമായി നീങ്ങുന്നു എന്ന് മനസിലാക്കിയപ്പോൾ ഞാൻ നേരെ ഹൈക്കോടതിയിൽ പോയി. ഹൈക്കോടതിയിൽ ഞങ്ങൾ ഹർജി ഫയൽ ചെയ്തതായി മനസിലാക്കിയപ്പോൾ തന്നെ അതുവരെ ഈ കേസ് പിടിച്ചു വച്ച അങ്കമാലി പൊലീസും അങ്കമാലി കോടതിയിൽ കേസിന്റെ തുടർ നടപടികൾ നീക്കുകയായിരുന്നു. അത് ഞങ്ങൾ അറിഞ്ഞില്ല. പിന്നീട് ഞങ്ങൾ അന്വേഷിച്ചപ്പോഴാണ് അങ്കമാലി പൊലീസ് കോടതിയിൽ ഈ കേസിന്റെ തുടർ നടപടികൾ നീക്കി എന്ന് മനസിലായത്. ഞങ്ങൾ അറിയാതെ കേസ് തള്ളാൻ വേണ്ടിയാണ് ഞങ്ങളെ അറിയിക്കാതെ പൊലീസ് തുടർ നടപടികൾ നീക്കിയത്. ഞങ്ങളുടെ കുടുംബത്തിന്റെ ഒപ്പ് പോലും ഈ കേസിൽ വ്യാജമാണ്. ഞങ്ങൾ അറിയാതെ കുടുംബത്തിന്റെ ഒപ്പ് അവർ ഇടുകയായിരുന്നു. മകന്റെ മരണത്തിൽ എനിക്കും കുടുംബത്തിനും നീതി ലഭിക്കണം. മകന്റെ അശ്രദ്ധകൊണ്ടല്ല കെഎസ്ആർടിസി ഡ്രൈവർ ബസ് ഇടിച്ചു കയറ്റിയത് കാരണമാണ് മകൻ മരിച്ചത്. നാട്ടുകാർക്ക് ഈ കാര്യം അറിയാം. പക്ഷെ പൊലീസ് ഇത് അറിഞ്ഞ ഭാവം കാണിക്കാതെ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അപ്പോൾ യാഥാർത്ഥ്യം വെളിയിൽ വരണം. അതിനായാണ് ഇപ്പോൾ നിയമപോരാട്ടത്തിനു ഞാൻ തുടക്കം കുറിക്കുന്നത്. സത്യം എല്ലാവരും മനസിലാക്കട്ടെ-ലൂയീസ് പറയുന്നു.
.
അങ്കമാലി പൊലീസ് നൽകുന്ന വിശദീകരണം:

കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു എന്നാണ് എഫ്‌ഐആറിൽ എഴുതിയത്. പക്ഷെ തുടർന്നുള്ള അന്വേഷണത്തിൽ സ്‌കൂട്ടർ യാത്രികൻ മൊബൈൽ ഉപയോഗിച്ചുള്ള അലക്ഷ്യ യാത്രയിൽ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഈ റിപ്പോർട്ടാണ് അങ്കമാലി കോടതിയിൽ കൊടുത്തത്. ആദ്യം പെട്ടെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ആ ഘട്ടത്തിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചു യുവാവ് മരിച്ചു എന്നാണ് നൽകിയത്. പക്ഷെ തുടർന്നുള്ള അന്വേഷണത്തിൽ അതല്ല നടന്നത് എന്ന് മനസിലായി. അത് പ്രകാരമുള്ള റിപ്പോർട്ട് കോടതിയിൽ നൽകി-അങ്കമാലി പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP