Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംശയം തോന്നിയ ജീവൻ ജോർജ് ആദ്യം ചെയ്തത് പൊന്നാമറ്റം വീട്ടിന് മുന്നിൽ രഹസ്യ ക്യാമറ സ്ഥാപിക്കൽ; ഇമ്പിച്ചി മോയിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; കേടായ മോട്ടോർ ശരിയാക്കുന്നതിന് വന്നതെന്ന മൊഴി പൊളിച്ചത് ക്യാമറ കണ്ണുകൾ; ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാസിന്റെ മൊഴിയിൽ ഇനി നടക്കുക വിശദ അന്വേഷണം; കപടസ്‌നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചുവെന്നും ഷാജുവിന്റെ അച്ഛൻ; കൂടത്തായിയിലെ കൂട്ടുപ്രതികളെ കുടുക്കിയത് പൊലീസിന്റെ കരുതൽ

സംശയം തോന്നിയ ജീവൻ ജോർജ് ആദ്യം ചെയ്തത് പൊന്നാമറ്റം വീട്ടിന് മുന്നിൽ രഹസ്യ ക്യാമറ സ്ഥാപിക്കൽ; ഇമ്പിച്ചി മോയിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; കേടായ മോട്ടോർ ശരിയാക്കുന്നതിന് വന്നതെന്ന മൊഴി പൊളിച്ചത് ക്യാമറ കണ്ണുകൾ; ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാസിന്റെ മൊഴിയിൽ ഇനി നടക്കുക വിശദ അന്വേഷണം; കപടസ്‌നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചുവെന്നും ഷാജുവിന്റെ അച്ഛൻ; കൂടത്തായിയിലെ കൂട്ടുപ്രതികളെ കുടുക്കിയത് പൊലീസിന്റെ കരുതൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ കണ്ണികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് രഹസ്യക്യാമറ. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ റോജോ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് പൊലീസ് രഹസ്യക്യാമറ സ്ഥാപിച്ചത്. ഇതിൽ നിന്നാണ് ജോളിയുടെ നീക്കങ്ങളും സൗഹൃദങ്ങളും പൊലീസ് കണ്ടെത്തിയത്. മുസ്ലിംലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്പിച്ചി മോയി ഇവിടെ നിത്യ സന്ദർശകനായിരുന്നു. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേടായ മോട്ടോർ ശരിയാക്കുന്നതിനാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഇമ്പിച്ചി മോയി നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിക്കാത്തതിന് കാരണവും ഈ ഒളിക്യാമറയാണ്.

തുടക്കത്തിൽ അന്വേഷണത്തിന് രഹസ്യസ്വഭാവം നൽകാൻ പൊലീസ് ശ്രമിച്ചിരുന്നു. ആറ് പേരെ കൊന്ന കുറ്റത്തിന്റെ അണിയറയിലുള്ളവരെ കണ്ടെത്തുന്നതിൽ ക്യാമറ നിർണ്ണായക പങ്കുവഹിച്ചു. കേസന്വേഷണം തുടങ്ങിയതു മുതൽ ജോളിയുടെ വീട്ടിൽ വരുന്ന സന്ദർശകരെ മനസ്സിലാക്കാനായിരുന്നു പൊലീസിന്റെ രഹസ്യ നീക്കം. ഇതിൽ വിജയിച്ചു. കേസുമായി ബന്ധപ്പെട്ട് 200 പേരെ ചോദ്യം ചെയ്തതായി കോഴിക്കോട് റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞിരുന്നു. ഇതിൽ ക്യാമറയിൽ പതിഞ്ഞവരും ഉൾപ്പെടും. ക്യാമറയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലും തയ്യാറാക്കിയത്.

ടത്തായിയിലെ കൊലപാതക പരമ്പരക്കേസിലേക്ക് വഴിതെളിച്ചത് സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ജീവൻ ജോർജ് നടത്തിയ രഹസ്യാന്വേഷണമാണ്. എസ്‌ഐ ജീവൻ ജോർജ് തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോട്ടാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടുവരാനിടയാക്കിയത്. മരിച്ച റോയിയുടെ സഹോദരൻ റോജോ തോമസ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെ ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് അന്നത്തെ റൂറൽ എസ് പിക്കു പരാതി നൽകുമ്പോൾ തന്നെ ജീവൻ ജോർജ് മുഖേന സ്പെഷ്യൽ ബ്രാഞ്ചിലും പരാതിപ്പെട്ടിരുന്നു. ജീവൻ ജോർജാണ് രഹസ്യ ക്യമാറ വച്ചതും മറ്റ് നിരീക്ഷണങ്ങൾ നടത്തിയതും. വീട്ടുകാർക്ക് പോലും സംശയം തോന്നാതിരിക്കാൻ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവൻ കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പൊലീസുകാരനാണെന്ന് മനസിലാക്കാതിരിക്കാൻ വേഷ വിധാനങ്ങളിലും പ്രേത്യകം ശ്രദ്ധിച്ചിരുന്നു.

കൂടത്തായിക്ക് പുറമേ മുക്കം എൻ.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളിൽ അന്വേഷണത്തിനായി ജീവൻ ജോർജ് എത്തി. ആരും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്‌പിയും ഡി.വൈ.എസ്‌പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 200ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാർത്തപോലും മാധ്യമങ്ങളിൽ വരാതിരിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ജീവൻ ജോർജ് നൽകിയ റിപ്പോർട്ടിന്റെ മൂന്നു പേജുകളാണ് തുടരന്വേഷണത്തിന് കാരണമായത്. ഇതിന് ഇടയിൽ തന്നെ ക്യാമറ നിരീക്ഷണവും മറ്റും നടന്നിരുന്നു.

റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും അന്നത്തെ എഫ്.ഐ.ആറും പരാതിക്കാരനായ റോജോ വിവരാവകാശ നിയമപ്രകാരം വാങ്ങിയിരുന്നു. ഈ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വസ്തുത ശ്രദ്ധയിൽ പേട്ടു. റോയി മരിച്ചപ്പോൾ ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത് ഭക്ഷണം കഴിക്കും മുൻപേ റോയി മരിച്ചെന്നാണ്. താൻ ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു റോയി കുളിമുറിയിൽ കുഴഞ്ഞു വീണതെന്നും പറഞ്ഞു. എന്നാൽ റോയിയുടെ വയറ്റിൽ ദഹിക്കാത്ത ചോറും കടലയും ഉണ്ടെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് സംശയം വർധിപ്പിച്ചു. ഇവിടെ നടന്ന മരണങ്ങൾക്ക് പിന്നിലെല്ലാം ദുരൂഹതയുണ്ടെന്നായിരുന്നു നിഗമനം. ഇത് പ്രകാരം തയ്യാറാക്കിയ റിപ്പോട്ടാണ് കേസ് വീണ്ടു തുറക്കുന്നതിലേക്ക് നയിച്ചത്.

ജോളിക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ ഹാജരാകുന്നത് ജോളിയുടെ അടുത്ത ബന്ധുവിന്റെ ആവശ്യപ്രകാരമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി-2ൽ എത്തിയപ്പോൾ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ കോടതിയിലുണ്ടായിരുന്നു. ജോളിക്ക് വേണ്ടി മറ്റ് അഭിഭാഷകർ ഒന്നും ഹാജരാകാത്ത സാഹചര്യത്തിൽ ഇവർ കോഴിക്കോട് വനിതാ ജയിലിലെത്തി ജോളിയെ കണ്ടു. അടുത്ത ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന് ഇവർ അറിയിച്ചശേഷമാണ് ജോളി വക്കാലത്തിൽ ഒപ്പിട്ടത്.

ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും അന്വേഷണ സംഘം ഇന്നലെ 10 മണിക്കൂർ ചെയ്തു. രാവിലെ പത്തിനാരംഭിച്ച ചോദ്യംചെയ്യൽ അവസാനിപ്പിച്ച് രാത്രി എട്ടിനാണ് ഇരുവരെയും പോകാൻ അനുവദിച്ചത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ആൽഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയത്. ഇവരെ തനിച്ചും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തതിനു പുറമേ അറസ്റ്റിലായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജോളിയെ വിശദമായി ചോദ്യംചെയ്തപ്പോൾ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യൽ. ഷാജുവുമായി ഒന്നിച്ചു ജീവിക്കാനായാണു സിലിയെ ഇല്ലാതാക്കിയതെന്നും ഭാര്യയുടെയും മകളുടെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ജോളി മൊഴി നൽകിയിരുന്നു.

സിലിയോടു സക്കറിയ ഏറെക്കാലമായി സംസാരിച്ചിരുന്നില്ലെന്ന് ജോളി പൊലീസിനോടു പറഞ്ഞു. പിതാവ് പറയുന്നതിനപ്പുറം ഷാജു പ്രവർത്തിച്ചിരുന്നില്ല. ആൽഫൈന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാതെ നേരിട്ടു പള്ളിയിലെത്തിച്ചു സംസ്‌കരിക്കാൻ ശ്രമം നടത്തിയതായി സക്കറിയയുടെ ബന്ധു മൊഴി നൽകിയിരുന്നു. മരണാനന്തര ചടങ്ങുകൾ ചിത്രീകരിച്ചിരുന്നില്ല. സിലിയുടെയും ആൽഫൈഴന്റയും പോസ്റ്റ്മോർട്ടം ഒഴിവാക്കിയതിൽ സക്കറിയയ്ക്കു പങ്കുണ്ടെന്നും മൊഴി ലഭിച്ചതായാണു വിവരം. എന്നാൽ തെളിവുകൾ കൃത്യമായി കിട്ടിയിട്ടില്ല. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. കപടസ്‌നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

അതിനിടെ വികെ ഇമ്പിച്ചിമോയിയെ മുസ്‌ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്നാണ് ഇക്കാര്യം അറിയിച്ചത്. മുസ്‌ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡന്റും ജോളിയുടെ അയൽക്കാരനുമാണ് ഇമ്പിച്ചിമോയി. പൊലീസ് പിടിയിലാവുന്നതിനു മുൻപ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ, ജോളിയിൽ നിന്ന് 50,000 രൂപ താൻ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാൻ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ള ജോളിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയിൽനിന്ന് ജോളിയുടെ റേഷൻകാർഡ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കുന്നതിന് ജോളി നിർമ്മിച്ച വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ സിപിഎം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കനേരത്തെ പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP