Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രഹസ്യമായി താൻ ബാക്കി സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി; നിർണായകമായ തെളിവെടുപ്പിന് അന്വേഷണ സംഘം ജോളിയെയും കൂട്ടി രാത്രിയിൽ പൊന്നാമറ്റം വീട്ടിൽ; എവിടെയാണ് സയനൈഡ് ഒളിപ്പിച്ചതെന്ന് ഓർക്കുന്നില്ലെന്നും കൂടത്തായി കേസിലെ മുഖ്യപ്രതി; സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസ്സമാകില്ലെന്ന് എസ്‌പി ദിവ്യ ഗോപിനാഥ്; ഷാജുവിനെയും പിതാവ് സഖറിയാസിനെയും 10 മണിക്കൂർ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തിയ ഗ്രില്ലിങ്ങിനൊടുവിൽ വിട്ടയച്ചു; ചൊവ്വാഴ്ച റോജോ തോമസിന്റെ മൊഴിയെടുക്കും

രഹസ്യമായി താൻ ബാക്കി സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി; നിർണായകമായ തെളിവെടുപ്പിന് അന്വേഷണ സംഘം ജോളിയെയും കൂട്ടി രാത്രിയിൽ പൊന്നാമറ്റം വീട്ടിൽ; എവിടെയാണ് സയനൈഡ് ഒളിപ്പിച്ചതെന്ന് ഓർക്കുന്നില്ലെന്നും കൂടത്തായി കേസിലെ മുഖ്യപ്രതി; സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസ്സമാകില്ലെന്ന് എസ്‌പി ദിവ്യ ഗോപിനാഥ്; ഷാജുവിനെയും പിതാവ് സഖറിയാസിനെയും 10 മണിക്കൂർ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തിയ ഗ്രില്ലിങ്ങിനൊടുവിൽ വിട്ടയച്ചു; ചൊവ്വാഴ്ച റോജോ തോമസിന്റെ മൊഴിയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ്. ജോളി പൊന്നാമറ്റം വീട്ടിൽ അവശേഷിപ്പിച്ചതായി പറയുന്ന സയനൈഡ് കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം കുപ്പിയിൽ നിന്ന് പൊടി കണ്ടെത്തിയെങ്കിലും, അത് സയനൈഡാണെന്ന് സ്ഥിരീകരിക്കാനായില്ല. ഇതോടെ രാത്രി വൈകി ജോളിയെ പൊന്നാമറ്റത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. പതൽ എത്തിച്ചാൽ ആൾക്കൂട്ടം മൂലം തെളിവെടുപ്പിന് തടസ്സം നേരിടുമെന്നതും പൊലീസ് കണ്ക്കിലെടുത്തു.

കൊലയ്ക്ക് ഉപയോഗിച്ച സയനൈഡ് താൻ പൊന്നാമറ്റം വീട്ടിലെ രഹസ്യസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ജോളിയുടെ മൊഴി. എന്നാൽ, അത് എവിടെയെന്ന കാര്യം തനിക്ക് ഓർമയില്ലെന്നാണ് ജോളി ഇപ്പോൾ പറയുന്നത്. അതുകൊണ്ട് തന്നെ സയനൈഡ് കണ്ടെത്താൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് അന്വേഷണ സംഘം. രാത്രി 10 മണിയോടെയാണ് സംഘം പൊന്നാമറ്റം വീട്ടിലെത്തിയത്.ഐ..എസ്..ടി. സെൽ എസ്‌പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സങ്കേതിക സംഘം രാത്രി രണ്ടാമതും കൂടത്തായിലെത്തിയിരുന്നു. മറ്റു കേസുകളിൽ നിന്ന് ഭിന്നമായി കൊലകൾ നേരത്തെ നടന്നതിനാലാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ പ്രയാസം നേരിടുന്നതെന്നും, എന്നാൽ, അത് അസാധ്യമായ കാര്യമല്ലെന്നും അവർ പറഞ്ഞു.

അതേസമയം, ജോളിയുടെ ഭർത്താവ് ഷാജു, പിതാവ് സക്കറിയാസ് എന്നിവരെ ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി 8 മണിയോടെയാണ് ഇവരെ വിട്ടയച്ചത്. പിന്നീട് ജോളിയിൽനിന്നു ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണു കൂടത്തായിയിൽ എത്തിയിരിക്കുന്നത്. പരിശോധനയിൽ നിർണായക വിവരങ്ങളും തെളിവുകളും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരും വടകര റൂറൽ എസ്‌പി കെ.ജി. സൈമണിന്റെ ഓഫീസിൽ ഹാജരായത്. തുടർന്ന് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. രണ്ടു പേരെയും വെവ്വേറെയാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് രണ്ടുപേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി ആദ്യം ഉത്തരം നൽകിയ ഇരുവരും കൂടുതൽ തെളിവുകൾ നിരത്തിയതോടെ അന്വേഷണസംഘത്തോടു സഹകരിച്ചു.

ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതുവഴി ചില നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഈ വിവരങ്ങൾ സഹിതമാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്തത്. നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ജോളിയുടേയും മറ്റു രണ്ടു പ്രതികളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ഞായറാഴ്ച അന്വേഷണസംഘം ഷാജുവിന്റെ വീട്ടിലെത്തുകയും ഹാജരാകണമെന്നു നോട്ടീസ് നൽകുകയുമായിരുന്നു. ഷാജുവിന്റെ ഭാര്യ സിലിയുടേയും മകൾ ആൽഫൈന്റെയും കൊലപാതകവുമായി ബന്ധപ്പെട്ടു ഷാജുവിനെതിരേ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷാജുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു സംശയം. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് വിളിച്ചുവരുത്തിയത്. മാത്യു, പ്രജി കുമാർ എന്നിവരെയും ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഡോ.ദിവ്യ വി ഗോപിനാഥ് പറഞ്ഞു

പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. സഹോദരൻ റോയിയുടെയു മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ് . ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം ചിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ നാളെ വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശ്ശേരിയിൽ നിന്ന്‌പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP