Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ടുരേഖകൾ ചോദിച്ച് വാങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സന്നിധാനത്ത് യുവതികളെ വിലക്കുന്ന രണ്ടുവിജ്ഞാപനങ്ങൾ കോടതിക്ക് കൈമാറി ദേവസ്വം ബോർഡ്; വിജ്ഞാപനങ്ങളുടെ ഉള്ളടക്കത്തെ ഭരണഘടനാ ബഞ്ചിൽ നേരത്തെ അനുകൂലിച്ചത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം; രഞ്ജൻ ഗൊഗോയി വിരമിക്കും മുമ്പേ വിധി വരുമെന്നുറപ്പായതോടെ നെഞ്ചിടിപ്പോടെ വിശ്വാസികൾ; കണക്കുകൂട്ടലുകളുമായി നിയമജ്ഞരും

ശബരിമല വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ടുരേഖകൾ ചോദിച്ച് വാങ്ങി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സന്നിധാനത്ത് യുവതികളെ വിലക്കുന്ന രണ്ടുവിജ്ഞാപനങ്ങൾ കോടതിക്ക് കൈമാറി ദേവസ്വം ബോർഡ്; വിജ്ഞാപനങ്ങളുടെ ഉള്ളടക്കത്തെ ഭരണഘടനാ ബഞ്ചിൽ നേരത്തെ അനുകൂലിച്ചത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം; രഞ്ജൻ ഗൊഗോയി വിരമിക്കും മുമ്പേ വിധി വരുമെന്നുറപ്പായതോടെ നെഞ്ചിടിപ്പോടെ വിശ്വാസികൾ; കണക്കുകൂട്ടലുകളുമായി നിയമജ്ഞരും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ശബരിമലക്കേസിൽ വിധി വന്നിട്ട് കഴിഞ്ഞ മാസം ഒരുവർഷം തികഞ്ഞു. പുനഃ പരിശോധനാ ഹർജികളിൽ വിധി വരുന്നത് കാത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് വിശ്വാസികൾ. നവംബർ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും മുമ്പ കേസിൽ വിധി പറയും. രഞ്ജൻ ഗൊഗോയി ഇനി ഹർജികൾ കേൾക്കുന്നത് 17 പ്രവൃത്തി ദിവസങ്ങളിലാണ്. അതിലൊന്ന് ശബരിമലയാണ്. ചീഫ് ജസ്റ്റിസ് കേസുമായി ബന്ധപ്പെട്ട രണ്ടുരേഖകൾ ചോദിച്ചുവാങ്ങിയെന്ന വാർത്തയും പുറത്തുവരുന്നു.

സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനമാണ് സുപ്രീം കോടതിക്ക് കൈമാറിയത്. ദേവസ്വം ബോർഡ് 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനമാണ് കൈമാറിയത്. രഞ്ജൻ ഗൊഗോയിയുടെ നിർദേശ പ്രകാരമാണ് ഇത് കൈമാറിയത്. സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടങ്കിലും വിജ്ഞാപനങ്ങളുടെ പൂർണ്ണ രൂപം ഇല്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് ദേവസ്വം ബോർഡിനോട് കോടതി വിജ്ഞാപനം തേടിയത്.

ശബരിമല യുവതീപ്രവേശന കേസിൽ വാദം നടക്കവെ, ഭരണഘടനാ ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് ദേവസ്വം ബോർഡ് പുറത്ത് ഇറക്കിയ വിജ്ഞാപനങ്ങളെ ആയിരുന്നു. എന്നാൽ ഈ വിജ്ഞാപനങ്ങൾ ഭരണഘടനാ വിരുദ്ധം ആണെന്ന നിലപാട് ആണ് ബെഞ്ചിലെ മറ്റ് നാല് അംഗങ്ങൾ സ്വീകരിച്ചിരുന്നത്. പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ അറുപത്തഞ്ചോളം പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയിലെത്തിയത്. ഈ ഹർജികളിലെ തീരുമാനമാണ് വരാനിരിക്കുന്നത്.

സെപ്റ്റംബർ 28-നു വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശബരിമല കേസിലെ പുനഃപരിശോധനാഹർജികൾ കേട്ട ബെഞ്ചിന്റെ ഭാഗമായത്. ആദ്യ വിധിപറഞ്ഞ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ. എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും അംഗമായ ബെഞ്ച് ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹർജികളിൽ വാദംകേട്ടശേഷം വിധിപറയാൻ മാറ്റിയത്. 2006ൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവസമയത്ത് സ്ത്രീകൾക്കു ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു മുഖ്യ ആവശ്യം. ആദ്യവർഷം ഹർജിയിൽ കാര്യമായി ഒന്നും സംഭവിച്ചില്ല.

2007-ൽ അന്നത്തെ ഇടതുസർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകി. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും സ്ത്രീകൾക്കുമാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.എട്ടുവർഷത്തോളം കേസിൽ കാര്യമായൊന്നും സംഭവിച്ചില്ല. 2016-ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തി. അപ്പോൾ അധികാരത്തിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടിസർക്കാർ ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. പിന്നീട്, കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോൾ പിണറായി വിജയൻ സർക്കാരായിരുന്നു അധികാരത്തിൽ. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണു തങ്ങൾക്കെന്ന് ഇടതുസർക്കാർ അറിയിച്ചു. സ്ത്രീവിലക്കിനെതിരേ ശക്തമായി വാദിക്കുകയും ചെയ്തു.

ശബരിമലക്കേസിന്റെ തുടക്കംമുതൽ ആചാരസംരക്ഷണത്തിനായി വാദിച്ച ദേവസ്വം ബോർഡ്, പുനഃപരിശോധനാഹർജി പരിഗണിക്കവേ നിലപാടുമാറ്റി. സ്ത്രീകളോടു വിവേചനം പാടില്ലെന്നും എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നുമുള്ള സംസ്ഥാനസർക്കാരിന്റെ നിലപാട് ബോർഡും ആവർത്തിച്ചു. നിലപാടുമാറ്റത്തെക്കുറിച്ച് ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ വിധിയെ ബഹുമാനിക്കുന്നുവെന്നായിരുന്നു മറുപടി. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാവിരുദ്ധമാണെന്നും ബോർഡ് വാദിച്ചു.

സാധ്യതകൾ ഇങ്ങനെ

1. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം അംഗങ്ങൾ തീരുമാനിച്ചുകൊണ്ട് ഹർജികൾ തള്ളുക

2. വിധി പുനഃപരിശോധിക്കാൻ ഭൂരിഭാഗം അംഗങ്ങൾ തീരുമാനിക്കുന്നു. പഴയവിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസയച്ച് കേസിൽ വീണ്ടും വാദം കേൾക്കും. വാദംകേൾക്കാൻ തീരുമാനിച്ചാൽ വിശാലബെഞ്ചിനു വിടാം.

3. വിധിയിലെ ചില വിഷയങ്ങൾമാത്രം പുനഃപരിശോധിക്കാനായി വാദം കേൾക്കുക. 2018 ൽ വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹർജികളിൽ വിധി പറയുക. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹർജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP