Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎംസി ബാങ്ക് മാനേജിങ് ഡയറക്ടർ ഏഴ് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ; മലയാളിയായ ജോയ് തോമസ് മതംമാറി ജുനൈദ് ഖാൻ ആയത് സ്വന്തം പിഎയെ വിവാഹം കഴിക്കാൻ; ആദ്യ ഭാര്യയും കുട്ടികളും പോലും അറിയാതെ ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെക്‌സറ്റയിൽ മില്ലും സ്വന്തമാക്കിയത് ജുനൈദിന്റെയും രണ്ടാം ഭാര്യയുടെയും പേരിൽ

പിഎംസി ബാങ്ക് മാനേജിങ് ഡയറക്ടർ ഏഴ് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ; മലയാളിയായ ജോയ് തോമസ് മതംമാറി ജുനൈദ് ഖാൻ ആയത് സ്വന്തം പിഎയെ വിവാഹം കഴിക്കാൻ; ആദ്യ ഭാര്യയും കുട്ടികളും പോലും അറിയാതെ ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെക്‌സറ്റയിൽ മില്ലും സ്വന്തമാക്കിയത് ജുനൈദിന്റെയും രണ്ടാം ഭാര്യയുടെയും പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പഞ്ചാബ് ആൻഡ് മഹാരാഷട്ര ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മുൻ മാനേജിങ് ഡയറക്ടർ കഴിഞ്ഞ ഏഴ് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെകസ്റ്റയിൽ മില്ലും. മലയാളിയായ ജോയ് തോമസ് പേര് മാറ്റിയാണ് ഇവ വാങ്ങിക്കൂട്ടിയത്. തന്റെ പിഎയെ വിവാഹം കഴിക്കുന്നതിനായാണ് ഇയാൾ രഹസ്യമായി മതം മാറിയതും ജുനൈദ് ഖാൻ എന്ന പേര് സ്വീകരിച്ചതും.

പൂണെയിൽ രണ്ടാം ഭാര്യയുടെയും ജുനൈദിന്റെയും പേരിൽ കോടികൾ വില മതിക്കുന്ന ഒമ്പത് ഫ്ളാറ്റുകളും ഒരു ടെക്സ്റ്റൈൽ മില്ലും ഉണ്ടെന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം കണ്ടെത്തി. രണ്ടാം ഭാര്യ ഇതിലൊരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. ബാക്കി എട്ടെണ്ണവും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇയാളുടെ എല്ലാ അക്കൗണ്ടുകളും ഈ മാസം ആദ്യം തന്നെ മുംബൈ പൊലീസ് മരവിപ്പിച്ചിരുന്നു.

വിവാഹിതനും കുട്ടികളുമുള്ള തോമസ് തന്റെ പി.എയുമായി അടുപ്പത്തിലായി. 2005ൽ വിവാഹം കഴിച്ച് ദുബായിലേക്ക് മാറുകയാണെന്ന് പറഞ്ഞ് യുവതി ജോലി രാജിവച്ചു. തുടർന്ന് ഇവർ ഇത് വിശ്വസിപ്പിക്കുന്നതിനായി പൂണെയിലേക്ക് താമസം മാറ്റി. ഇവരെ വിവാഹം കഴിക്കാൻ ജുനൈദ് ആയി മാറിയ ഭർത്താവ് ജോയ് നഗരത്തിനും മുംബൈയ്ക്കും ഇടയിൽ യാത്ര ആരംഭിച്ചു. പൂണെ സ്വത്തുക്കൾ അവർ എങ്ങനെ വാങ്ങിയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.

മുംബൈയിലും താനെയിലും തോമസിന്റെ ഉടമസ്ഥതയിലുള്ള നാല് ഫ്‌ളാറ്റുകൾ പൊലീസ് നേരത്തെ കണ്ടെത്തി കണ്ടുകെട്ടിയിരുന്നു. ഒന്ന് ആദ്യ ഭാര്യയിലെ മകന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തോമസും രണ്ടാമത്തെ ഭാര്യയും 11 വയസ്സുള്ള ഒരു പെൺകുട്ടിയെ ദത്തെടുത്തിട്ടുണ്ട്. അവർക്ക് 10 വയസ്സുള്ള ഒരു മകനുമുണ്ട്. രണ്ടാമത്തെ ഭാര്യ ചോക്ലേറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഒരു ബോട്ടീകും ഉണ്ട്. പൂണെ സ്വത്തുക്കളിൽ നിന്ന് ഇവർ വാടകയും എടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തോമസിന്റെ ആദ്യ ഭാര്യ, ഇയാളുടെ ഇരട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.

പിഎയെ വിവാഹം ചെയ്യുന്നതിനാണ് ജോയ് തോമസ് ജുനൈദ് ഖാൻ എന്ന് പേരുമാറ്റിയതെന്ന് പൊലീസ് പറയുന്നു. ജുനൈദ് എന്ന പേരിലും രണ്ടാം ഭാര്യയുടെ പേരിലും സംയുക്തമായാണ് ഭൂരിപക്ഷം ആസ്തികളും വാങ്ങിക്കൂട്ടിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എല്ലാം ഇടപാടുകളും 2012ന് ശേഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈസമയത്താണ് പിഎംസി ബാങ്കിൽ ക്രമക്കേടുകൾ ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. 4500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ ജോയ് തോമസ് അടക്കം നാലുപേർ അറസ്റ്റിലാണ്. അതിനിടെ നടത്തിയ അന്വേഷണത്തിലാണ് ജോയ് തോമസിന്റെ ആസ്തി സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതേസമയം ഈ വസ്തുവകകൾക്ക് സാമ്പത്തിക തട്ടിപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിന്റെ അന്വേഷണത്തിലാണ് പൊലീസ്.

സാമ്പത്തിക തട്ടിപ്പ് വഴി സമാഹരിച്ച പണം ഉപയോഗിച്ചാണ് ഈ വസ്തുവകകൾ വാങ്ങിക്കൂട്ടിയതെന്ന് തെളിഞ്ഞാൽ ആസ്തികൾ കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ഒക്ടോബർ നാലിനാണ് ജോയ് തോമസ് അറസ്റ്റിലാകുന്നത്. റിസർവ് ബാങ്കിൽ നിന്ന് എച്ച്ഡിഐഎല്ലിന്റെ വായ്പ മറച്ചുവെയ്ക്കാൻ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.

പിഎംസി അനുവദിച്ച വായ്പയുടെ 73 ശതമാനവും എച്ച്ഡിഐഎല്ലിനാണ് ലഭിച്ചത്. 2145 കോടി രൂപ എച്ച്ഡിഐഎല്ലിന് അനധികൃതമായി വായ്പയായി അനുവദിച്ചു എന്നതാണ് കേസ്. എച്ച്ഡിഐഎല്ലിന്റെ 44 കിട്ടാക്കട അക്കൗണ്ടുകൾ റിസർവ് ബാങ്കിൽ നിന്ന് മറച്ചുവെച്ച് തട്ടിപ്പിന് ജോയ് തോമസ് കൂട്ടുനിന്നു എന്നും പൊലീസ് പറയുന്നു.

വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു കണ്ടെത്തൽ.6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എച്ച്ഡിഐൽ എന്ന കമ്പനിയുടെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തട്ടിപ്പുകൾക്കായി ഇയാൾ 21,049 വ്യാജ അക്കൗണ്ടുകൾ ചമച്ചതായും ആരോപണമുണ്ട്. ഈ കമ്പനിയുടെ മേധാവികളായ രാകേഷ്, സാരംഗ് വധാവൻ എന്നിവരുടെ പേരിലുള്ള രണ്ടായിരം ഏക്കർ ഭൂമി, ബംഗ്ലാവുകൾ, സ്വകാര്യ വിമാനങ്ങൾ, ആഡംബര വാഹനങ്ങൾ എന്നിവയടക്കം അയ്യായിരം കോടിയുടെ സ്വത്ത് ജപ്തി ചെയ്തു. പിഎംസി ബാങ്കിന്റെ മുൻ അധ്യക്ഷൻ വാര്യം സിങിന്റെ 100 കോടിയുടെ ഡീമാറ്റ് അക്കൗണ്ടുകളും മുംബൈ പൊലീസ് മരവിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP