Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന മോദി സർക്കാർ കേന്ദ്രമന്ത്രിയെ തന്നെ പ്രതിനിധിയായി അയച്ചിട്ടും ന്യൂനപക്ഷ സംരക്ഷകരായ കേരളാ സർക്കാർ എന്തുകൊണ്ട് ആരേയും അയച്ചില്ല; മുമ്പ് നടന്ന മൂന്ന് വിശുദ്ധ പ്രഖ്യാപനങ്ങൾക്കും കേരളം പ്രതിനിധികളെ അയച്ചെന്നിരിക്കെ ഇക്കുറി ഒഴിവാക്കിയത് മനപ്പൂർവ്വമോ? ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മറ്റൊരു ആരോപണം കൂടി

ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന മോദി സർക്കാർ കേന്ദ്രമന്ത്രിയെ തന്നെ പ്രതിനിധിയായി അയച്ചിട്ടും ന്യൂനപക്ഷ സംരക്ഷകരായ കേരളാ സർക്കാർ എന്തുകൊണ്ട് ആരേയും അയച്ചില്ല; മുമ്പ് നടന്ന മൂന്ന് വിശുദ്ധ പ്രഖ്യാപനങ്ങൾക്കും കേരളം പ്രതിനിധികളെ അയച്ചെന്നിരിക്കെ ഇക്കുറി ഒഴിവാക്കിയത് മനപ്പൂർവ്വമോ? ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മറ്റൊരു ആരോപണം കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് പിണറായി സർക്കാരിന്റെ വാക്കുകൾ ഏറെയും. എന്നാൽ ഇത് പ്രവർത്തിയിൽ ഇല്ലെന്ന പരാതിയാണ് മറിയം ത്രേസ്യയുടെ വിശുദ്ധയാക്കൽ ചടങ്ങോടെ ഉയരുന്നത്. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന ചടങ്ങിന് കേന്ദ്രമന്ത്രിയായ വി മുരളീധരനെ ഔദ്യോഗികമായി തന്നെ അയച്ചത് പ്രധാനമന്ത്രി മോദിയും കേന്ദ്ര സർക്കാരുമാണ്. എന്നാൽ കേരളം ഈ ചടങ്ങിലേക്ക് ആരേയും പ്രതിനിധിയായി അയച്ചില്ല. മുമ്പ് കേരളത്തിലെ മൂന്ന് ആത്മീയ നേതാക്കൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അന്നെല്ലാം കേരളത്തിലെ പ്രതിനിധികൾ വത്തിക്കാനിലെത്തിയിരുന്നു. ഈ പതിവാണ് പിണറായി സർക്കാർ ഇത്തവണ വേണ്ടെന്ന് വയ്ക്കുന്നത്. ഇത് ഉപതെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കാൻ ക്രൈസ്തവ സംഘടനകളും ശ്രമം തുടങ്ങിയിട്ടുണ്ട്.

പള്ളി തർക്ക കേസിൽ ഓർത്തഡോക്‌സ് പക്ഷം ഇടത് സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പമാണ് സീറോ മലബാർ സഭയ്ക്കും വിശുദ്ധയാക്കൽ ചടങ്ങിലെ കേരളത്തിന്റെ പ്രതാനിധ്യമില്ലായ്മയിൽ ചർച്ച നടത്തുന്നത്. ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന മോദി സർക്കാർ കേന്ദ്രമന്ത്രിയെ തന്നെ പ്രതിനിധിയായി അയച്ചിട്ടും ന്യൂനപക്ഷ സംരക്ഷകരായ കേരളാ സർക്കാർ എന്തുകൊണ്ട് ആരേയും അയച്ചില്ലെന്ന ചർച്ചയാണ് സജീവമാകുന്നത്. ഇപ്പോഴത്തെ വിശുദ്ധയാക്കൽ ചടങ്ങിനെ മൻകി ബാത്തിൽ പ്രധാനമന്ത്രി പോലും എടുത്തു കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ വത്തിക്കാന്റെ പ്രഖ്യാപനത്തിന് യാതൊരു പ്രാധാന്യവും നൽകിയില്ല. ഇത് അവഗണിക്കലാണെന്നാണ് സഭയിലെ ഒരു വിഭാഗത്തിന്റെ വാദം. തെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്തും കോന്നിയിലും വട്ടിയൂർകാവിലും ഈ സഭയ്ക്ക് സ്വാധീനമുണ്ട്. സർക്കാരിന്റെ അവഗണന ചർച്ചയാകുമ്പോൾ അത് വോട്ടായി യുഡിഎഫിനോ ബിജെപിക്കോ കിട്ടുമെന്നാണ് വിലയിരുത്തൽ.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർകാവിലും കോന്നിയിലും ഈ ക്രൈസ്തവ വോട്ടുകൾ അതിനിർണ്ണായകമാണ്. ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കാനാണ് ഇത്. ഇത് കൂടി ലക്ഷ്യമിട്ടാണ് മാർപ്പാപ്പയെ കാണാനും വിശുദ്ധയാക്കൽ ചടങ്ങിൽ ഭാഗമാകാനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ വി മുരളീധരനെ അയച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മുരളീധരന് തന്റെ വത്തിക്കാനിലെ സാന്നിധ്യം ചർച്ചയാക്കാനും കഴിഞ്ഞു. ഇത് വീഴ്ചയാണെന്ന് സിപിഎമ്മിനും അറിയാം. അശ്രദ്ധ കുറവുകൊണ്ട് മാത്രമാണ് പ്രതിനിധി സംഘത്തെ അയയ്ക്കാൻ കഴിയാത്തതെന്നാണ് ലഭിക്കുന്ന സൂചന. ഈ പിണക്കം മാറ്റാൻ സിപിഎം ഇടപെടൽ നടത്തും. ശബരിമല വിഷയത്തിൽ എൻ എസ് എസ് പൂർണണമായും സിപിഎമ്മുമായി തെറ്റി. എസ് എൻ ഡി പി മാത്രമാണ് ഇടതിനെ പിന്തുണയ്ക്കുന്ന പ്രത്യക്ഷ സമുദായ സംഘടന. ഇതിനിടെയാണ് വിശുദ്ധയാക്കൽ വിവാദം ക്രൈസ്തവ സഭകളേയും വേദനിപ്പിക്കുന്നത്.

യം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കാനെത്തിയ കേന്ദ്രമന്ത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ സംബന്ധിച്ച ഇന്ത്യൻ സംഘത്തിനു വി. മുരളീധരനാണു നേതൃത്വം നൽകിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ പരമ്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തി, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏറെ കാലമായി ഇന്ത്യ സന്ദർശിക്കാൻ മാർപ്പാപ്പ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മോദി സർക്കാർ ഔദ്യോഗികമായി മാർപ്പാപ്പയെ ക്ഷണിക്കാൻ തയ്യാറായിട്ടില്ല. ഇതിനെതിരെ ഭരത സഭ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. മുരളീധരന്റെ വത്തിക്കാൻ സന്ദർശനത്തോടെ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലേക്ക് വരാനുള്ള അവസരം ഒരുങ്ങുമെന്നും ക്രൈസ്തവ സഭകൾ വിലയിരുത്തുന്നുണ്ട്. ഇതിന് വേണ്ടി സർമ്മർദ്ദം അവർ തുടരും. മോദി രണ്ടാമതും അധികാരത്തിൽ എത്തിയതോടെ ബിജെപിയുമായി അകലം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടെന്ന് ക്രൈസ്തവ സഭാ നേതൃത്വവും തിരിച്ചറിയുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് മുരളീധരനെ വത്തിക്കാനിലേക്ക് മോദി അയച്ചതും. അങ്ങനെ ക്രൈസ്തവരുമായി നല്ല ബന്ധത്തിന് ആഗ്രഹമാണെന്ന സന്ദേശമാണ് മോദിയും നൽകുന്നത്.

ഇതിനിടെയാണ് കേരളത്തിൽ നിന്ന് മന്ത്രിമാർ ആരും വത്തിക്കാനിൽ എത്തിയില്ലെന്ന വേദനയും ക്രൈസ്തവ സമൂഹത്തിൽ ചർച്ചയാക്കാനുള്ള ശ്രമം. സംസ്ഥാന സർക്കാർ തന്നെ ഔദ്യോഗികമായി ആരെയെങ്കിലും അയയ്ക്കണമായിരുന്നുവെന്ന പൊതുവികാരമാണ് ഇവർ ഉയർത്തുന്നത്. ആയിരക്കണക്കിന് ആളുകൾ സാക്ഷിയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഇന്നലെ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങിലായിരുന്നു മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനിൽ നിന്നുള്ള കർദിനാൾ ജോൺ ഹെന്റി ന്യുമാൻ, ഇറ്റാലിയൻ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയൻ സന്ന്യാസസഭാംഗം ഡൂൾചെ ലോപെസ് പോന്തെസ്, സ്വിറ്റ്‌സർലൻഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗ്രറ്റ് ബെയ്‌സ് എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ചിഹ്നവും അംശവടിയും പിടിച്ചുകൊണ്ട് ഇരുന്നുകൊണ്ടാണ് അഞ്ചുപേരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.

വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യ ഇനി ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യ. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘവും സാക്ഷികളായിരുന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വത്തിക്കാന്റെ ചുമതലയുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ടിഎൻ പ്രതാപൻ എംപി അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങൾ, വൈദികർ, അൽമായർ തുടങ്ങി കേരളത്തിൽ നിന്നെത്തിയ നിരവധി വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP