Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ കെ മുരളീധരൻ സ്ഥാപിച്ച അപൂർവ റെക്കോഡ് തകർക്കാൻ ആർക്കും അത്ര എളുപ്പമല്ല; മന്ത്രിപദത്തിലിരുന്ന് ഉപതിരഞ്ഞെടുപ്പിൽ തോറ്റ ഏക വ്യക്തിയാണ് അദ്ദേഹം; മുഖ്യമന്ത്രി കരുണാകരൻ ജയിച്ചിരുന്ന നേമം മണ്ഡലം തങ്കപ്പൻ തിരിച്ചുപിടിച്ചപ്പോൾ സഖാക്കൾ പറഞ്ഞു, 'നീ തങ്കപ്പനല്ല സഖാവേ, പൊന്നപ്പൻ... പൊന്നപ്പൻ'; ഉപതിരഞ്ഞെടുപ്പുകളുടെ കഥ, ജോർജ് പുളിക്കന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം

ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ കെ മുരളീധരൻ സ്ഥാപിച്ച അപൂർവ റെക്കോഡ് തകർക്കാൻ ആർക്കും അത്ര എളുപ്പമല്ല; മന്ത്രിപദത്തിലിരുന്ന് ഉപതിരഞ്ഞെടുപ്പിൽ തോറ്റ ഏക വ്യക്തിയാണ് അദ്ദേഹം; മുഖ്യമന്ത്രി കരുണാകരൻ ജയിച്ചിരുന്ന നേമം മണ്ഡലം തങ്കപ്പൻ തിരിച്ചുപിടിച്ചപ്പോൾ സഖാക്കൾ പറഞ്ഞു, 'നീ തങ്കപ്പനല്ല സഖാവേ, പൊന്നപ്പൻ... പൊന്നപ്പൻ'; ഉപതിരഞ്ഞെടുപ്പുകളുടെ കഥ, ജോർജ് പുളിക്കന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം

ജോർജ് പുളിക്കൻ

ഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം.

അച്ഛനോടും കൊച്ചനോടും തോറ്റവർ

ഭർത്താവിനോട് തോറ്റ സ്ഥാനാർത്ഥിയെ ഉപതിരഞ്ഞെടുപ്പിൽ ഭാര്യമാരും തോൽപ്പിച്ച കഥകളും ഉപതിരഞ്ഞെടുപ്പു ചരിത്രത്തിലുണ്ട്. റാന്നിക്കാരും തിരുവല്ലക്കാരും ഇതിന് സാക്ഷികൾ. റാന്നിയിൽ സണ്ണി പനവേലിയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ സണ്ണി പനവേലി തോൽപ്പിച്ചത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ സാരഥി എം.സി.ചെറിയാനെയായിരുന്നു. സണ്ണി പനവേലി തോൽപ്പിച്ചതും ചെറിയാനെത്തന്നെയായിരുന്നു. ചെറിയാനെ സണ്ണി പനവേലി തോൽപ്പിച്ചത് 9245 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നെങ്കിൽ റേച്ചലിന്റെ ഭൂരിപക്ഷം വെറും 623 വോട്ടിലൊതുങ്ങി. 2003-ലെ തിരുവല്ല ഉപതിരഞ്ഞെടുപ്പിലും സമാനമായ ഫലമാണുണ്ടായത്. മാമ്മൻ മത്തായിയുടെ മരണത്തെത്തുടർന്ന് മത്സരിച്ച് എലിസബത്ത് മാമൻ മത്തായി തോൽപ്പിച്ചത് ജനതാദൾ എസിലെ ഡോക്ടർ വർഗീസ് ജോർജിനെയായിരുന്നു. പൊതു തിരഞ്ഞെടുപ്പിൽ മാമ്മൻ മത്തായി തോൽപ്പിച്ചതും വർഗീസ് ജോർജിനെത്തന്നെ. മാമ്മൻ മത്തായി 10,061 വോട്ടുകൾക്ക് വർഗീസ് ജോർജിനെ തോൽപ്പിച്ച എലിസബത്തിന് 4669 വോട്ടിന്റെ ഭൂരിപക്ഷമേ കണ്ടെത്താനായുള്ളൂ.

അച്ഛൻ തോൽപ്പിച്ച എതിരാളിയെ മകനും തോൽപ്പിച്ചത് എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തിലാണ്. ടി.എം.ജേക്കബ്ബിന്റെ മരണത്തെത്തുടർന്ന് 2012 മാർച്ച് 17-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ്ബിന്റെ എതിരാളി സിപിഎമ്മിലെ എം.ജെ.ജേക്കബ്ബായിരുന്നു. ഇതേ ജേക്കബ്ബിനൈത്തന്നെയാണ് 2011-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.എം.ജേക്കബ്ബും തോൽപ്പിച്ചത്. അപ്പൻ ജേക്കബ്ബിനോട് വെറും 157 വോട്ടുകൾക്ക് പരാജയപ്പെട്ട എം.ജെ.ജേക്കബിന് മത്സരം മകനോടായപ്പോൾ വമ്പൻ പരാജയം നേരിടേണ്ടി വന്നു. അനൂപ് ജേക്കബ് നേടിയത് 12,070 വോട്ടിന്റെ ഭുരിപക്ഷമായിരുന്നു. അങ്ങനെ അച്ഛനോടും മകനോടും തോറ്റ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും എം.ജെ.ജേക്കബിന് സ്വന്തമായി. ഇതേ എം.ജെ.ജേക്കബ് 2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.എം.ജേക്കബിന് 5150 വോട്ടുകൾക്ക് പരാജയപ്പെടുത്തിയെന്നതും ചരിത്രം.

എന്നാൽ 2015-ൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത് മറ്റൊരു ചിത്രമാണ് അവിടെ അച്ഛന്റെ മുൻ എതിരാളിയെ മകൻ തോൽപ്പിക്കുകയായിരുന്നു. ജി.കാർത്തികേയന്റെ മരണത്തെത്തുടർന്ന് അരുവിക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കാർത്തികേയന്റെ മകൻ കെ.എസ്.ശബരിനാഥ് തോൽപ്പിച്ച സിപിഎമ്മിലെ എം.വിജയകുമാർ 1987-ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ ജി.കാർത്തികേയനെ തോൽപ്പിച്ചയാളാണ്. കാർത്തികേയനെ വിജയകുമാർ 15,165 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയതെങ്കിൽ ശബരിനാഥ് വിജയകുമാറിനുമേൽ നേടിയത് 10,128 വോട്ടിന്റെ ഭൂരിപക്ഷമാണ്.

തോറ്റ മന്ത്രിയും ജയിച്ച മന്ത്രിമാരും

ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ കോൺഗ്രസ് ഐ നേതാവ് കെ.മുരളീധരൻ സ്ഥാപിച്ച അപൂർവ റെക്കോഡ് തകർക്കാൻ ആർക്കും അത്ര എളുപ്പമല്ല. കെപിസിസി പ്രസിഡന്റായിരിക്കെ എ.കെ.ആന്റണി സർക്കാരിൽ മുരളിധരൻ മന്ത്രിയായത് 2004 ഫെബ്രുവരി 11-നാണ്. എംഎ‍ൽഎ.അല്ലാതിരുന്ന മുരളീധരനു മത്സരിക്കാൻവേണ്ടി അഡ്വ.വി.ബലറാം എംഎ‍ൽഎ കോൺഗ്രസിന്റെ ഉറച്ച സീറ്റായ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. 2004 മെയ് 10നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രിയായിരുന്ന മുരളിക്ക് ഷോക്കേറ്റു. കോൺഗ്രസിൽ ഗ്രൂപ്പു വൈരം കൊടുമ്പിരിക്കൊണ്ടു നിന്ന കാലാവസ്ഥയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുരളീധരൻ സിപിഎമ്മിലെ എ.സി.മൊയ്തീനോട് 3715 വോട്ടുകൾക്ക് പരാജയപ്പെട്ടു.

വി.ബലറാം കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ എംപി.പോളിയെ 9031 വോട്ടുകൾക്ക് തോല്പിച്ച് മണ്ഡലത്തിലാണ് മുരളിയുടെ അപ്രതീക്ഷിത തോൽവി. 94 ദിവസം നീണ്ട മന്ത്രിപദത്തിൽ നിന്ന് മുരളി രാജിവെച്ചു. അങ്ങനെ മന്ത്രിപദത്തിലിരുന്ന് ഉപതരിഞ്ഞെടുപ്പിൽ തോറ്റ ഏക മന്ത്രി എന്ന റെക്കോഡും മുരളീധരൻ സ്ഥാപിച്ചു. മന്ത്രിയായിരുന്ന കാലാവധിക്കുള്ളിൽ നിയമസഭാ ചേരാത്തതിനാൽ നിയമസഭ കാണാത്ത മന്ത്രി എന്ന മറ്റൊരു റെക്കോഡും ഇതോടൊപ്പം മുരളി തന്റെ റെക്കോഡ് പുസ്തകത്തിൽ എഴുതിച്ചേർത്തു. ഇല്ല, മുരളിയുടെ ഈ റെക്കോഡുകൾ തകർക്കാനാവില്ല, മക്കളേ എന്നൊക്കെ എതിർഗ്രൂപ്പുകാർ അടക്കം പറയാറുണ്ടെമെങ്കിലും ഗ്രൂപ്പുരാഷ്ട്രീയം ഏതു സമയത്തും പൊട്ടിപ്പുറപ്പെടുന്ന കോൺഗ്രസിൽ മുരളിയുടെ റെക്കോഡ് ഏതു നിമിഷവും തകർക്കപ്പെടാം എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാം ഒരുപക്ഷത്താണ്.

കെ.മുരളീധരൻ ഉപതിരഞ്ഞെടുപ്പിൽ തോറ്റ മന്ത്രിയാണെങ്കിൽ ജയിച്ച രണ്ടു മന്ത്രിമാരുമുണ്ട് ചരിത്രത്തിൽ. ആര്യാടൻ മുഹമ്മദും ടി.കെ.രാമകൃഷ്ണനും. 1980-ൽ നിലമ്പൂരിലായിരുന്നു ആര്യാടൻ മുഹമ്മദ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള അരശ് കോൺഗ്രസും കെ.എം.മാണിയുടെ കേരളാ കോൺഗ്രസും ഇടതുമുന്നണിയിലെ ഘടകകക്ഷികളായിരുന്നു. അരശ് കോൺഗ്രസുകാരനായ ആര്യാടൻ മുഹമ്മദ് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും ഇ.കെ.നായനാർ മന്ത്രിസഭയിൽ മന്ത്രിയായി. ഇതേത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. നിലമ്പൂരിൽ അരശ് കോൺഗ്രസിന്റെ എംഎ‍ൽഎയായി ജയിച്ച സി.ഹരിദാസിനെ രാജിവെപ്പിച്ചാണ് ആര്യാടൻ മത്സരിച്ചത്. അന്ന് ഇന്ദിരാ കോൺഗ്രസ് പക്ഷത്തു നിലയുറപ്പിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് ആര്യാടന് വെല്ലുവിളിയുയർത്തിയത്. പൊതുതിരഞ്ഞെടുപ്പിൽ അരശ് കോൺഗ്രസിലെ സി.ഹരിദാസ് കോൺഗ്രസ് ഐക്കാരനായിരുന്ന ടി.കെ.ഹംസയെ 6423 വോട്ടിന് തോല്പിച്ച മണ്ഡലത്തിൽ മന്ത്രിപദത്തിന്റെ ബലത്തിൽ ആര്യാടൻ മുഹമ്മദ് 17,841 വോട്ടുകൾക്ക് മുല്ലപ്പള്ളിയെ തോല്പിച്ച് മന്ത്രിസ്ഥാനത്തു തുടർന്നു.

1987 ജൂൺ രണ്ടിന് കോട്ടയത്ത നടന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ടി.കെ.രാമകൃഷ്ണനാണ് മറ്റൊരു മന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പ് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എറിക് മുറിക്ക് മരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് 45 ദിവസത്തേക്ക് മാറ്റിവെച്ചു. അതിനിടിയിൽ ഇ.കെ.നായാനാർ മുഖ്യമന്ത്രിയായി അധികാരമേറ്റ ഇടതുമുന്നണി മന്ത്രിസഭയിൽ ടി.കെ.രാമകൃഷ്ണൻ സഹകരണ വകുപ്പ് മന്ത്രിയായി. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ സ്ഥാനാർത്ഥിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ 9526 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചു.

തങ്കപ്പനല്ല പൊന്നപ്പൻ

കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്തു മത്സരിക്കുകയും രണ്ടിടത്തും ജയിക്കുകയും ചെയ്ത അത്യപൂർവതക്ക് ഉടമയാണ് കേരളത്തിൽ നാലുതവണ മുഖ്യമന്ത്രിയായ കെ.കരുണാകരൻ. 1965-ലെ തിരഞ്ഞെടുപ്പിൽ ഫാ.ജോസഫ് വടക്കന്റെ കർഷത്തൊഴിലാളിപ്പാർട്ടി(കെ.ടി.പി) അംഗമായിരുന്ന ബി.വെല്ലിങ്ടൺ രണ്ടിടത്തുമത്സരിച്ചിരുന്നെങ്കിലും ഒരിടത്തു പരാജയപ്പെട്ടു. കൽപ്പറ്റയിലും മണലൂരും മത്സരിച്ച അദ്ദേഹത്തെ മണലൂരുകാർ കൈവിട്ടുകളഞ്ഞു.

1965 മുതൽ തുടർച്ചയായി മാളയിൽ നിന്നു ജയിക്കുന്ന കരുണാകരന് 1987 ആയപ്പോഴേക്കും മാളക്കാരിൽ അവിശ്വാസമുണ്ടായി. ഇതേത്തുടർന്ന് 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മാളയിലും നേമത്തും മത്സരിച്ചു. മാളയിലെ അണികൾ മാളയിലെ മാണിക്യമെന്നും നേമത്തെ അണികൾ നേമത്തെ നെയ്യപ്പമെന്നും അദ്ദേഹത്തിനു വേണ്ടി ചുവരെഴുതി. ഫലം വന്നപ്പോൾ കരുണാകരൻ രണ്ടിടത്തും വിജയം കണ്ടു. മാളയിൽ സിപിഐയിലെ ഇ.ഗോപാല കൃഷ്ണമേനോനെ 3410 വോട്ടിനും നേമത്ത് സിപിഎമ്മില പി.ഫക്കീർഖാനെ 3348 വോട്ടിനും കരുണാകരൻ തോല്പിച്ചു. ജയിച്ചു കഴിഞ്ഞപ്പോൾ മാള പതിവ്രതയാണെന്ന ന്യായം പറഞ്ഞ കരുണാകരൻ നേമത്തെ ഉപേക്ഷിച്ചു. മാളക്കാരുടെ മാണിക്യമായി അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയുമായി. ഇതാണ് നേമം ഉപതിരഞ്ഞെടുപ്പിനുള്ള വഴിതുറന്നത്.

1983 മാർച്ച് ഒന്നിനു ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായി കോൺഗ്രസ് ഐക്കാർ ഇ.രമേശൻനായരെ സ്ഥാനാർത്ഥിയാക്കിയപ്പോൾ സിപിഎം വി.ജെ.തങ്കപ്പനെ കളത്തിലിറക്കി. സീറ്റ് നിലനിർത്താനായി കരുണാകരനും കൂട്ടരും പതിനെട്ടടവും പയറ്റിയ അങ്കത്തിൽ തങ്കപ്പൻ 8289 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേമത്തെ സ്വന്തമാക്കി. അങ്ങനെ കരുണാകരൻ മാളയുടെ മാണിക്യവും തങ്കപ്പൻ നേമത്തെ പൊന്നപ്പനുമായി. മുഖ്യമന്ത്രി ജയിച്ച മണ്ഡലം തങ്കപ്പൻ തിരിച്ചുപിടിച്ചപ്പോൾ സഖാക്കൾ തങ്കപ്പനോട് പറഞ്ഞു, നീ തങ്കപ്പനല്ല സഖാവേ, പൊന്നപ്പൻ... പൊന്നപ്പൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP