Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗിലിനെ ചൊല്ലി ലാൽ-വിജയ് ആരാധകരുടെ തമ്മിലടി; ബിഗിൽ കേരളാ റിലീസ് തിയറ്റർ കുറച്ചാൽ മോഹൻലാൽ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് വിജയ് ആരാധകർ; മോഹൻലാലിനെ അവഹേളിച്ചാൽ കേട്ടുകൊണ്ടിരിക്കില്ലെന്ന് ഫാൻസ് അസോസിയേഷൻ; അന്യഭാഷാ റിലീസുകൾ 125 തിയറ്ററുകളിൽ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും വിശദീകരണം; 'ട്രെയിലർ' പുതിയ കുപ്പിയിലെ 'പഴയ വീഞ്ഞ്' എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയും

ബിഗിലിനെ ചൊല്ലി ലാൽ-വിജയ് ആരാധകരുടെ തമ്മിലടി; ബിഗിൽ കേരളാ റിലീസ് തിയറ്റർ കുറച്ചാൽ മോഹൻലാൽ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് വിജയ് ആരാധകർ; മോഹൻലാലിനെ അവഹേളിച്ചാൽ കേട്ടുകൊണ്ടിരിക്കില്ലെന്ന് ഫാൻസ് അസോസിയേഷൻ; അന്യഭാഷാ റിലീസുകൾ 125 തിയറ്ററുകളിൽ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും വിശദീകരണം; 'ട്രെയിലർ' പുതിയ കുപ്പിയിലെ 'പഴയ വീഞ്ഞ്' എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

വിജയ് ചിത്രം ബിഗിൽ കേരളാ റിലീസിന്റെ പേരിൽ മോഹൻലാൽ-വിജയ് ഫാൻസുകളുടെ തമ്മിലടി. ഇതരഭാഷാ സിനിമകൾ മലയാളത്തിൽ 125 തിയറ്ററുകളിൽ റിലീസ് ചെയ്താൽ മതിയെന്ന തീരുമാനത്തെ ചൊല്ലിയാണ് ആരാധക സംഘടനകളുടെ പോര്. അതേസമയം വിജയ് ചിത്രം ബിഗിലിന്റെ ട്രെയിലറിന് വലിയ തോതിലുള്ള പരിഹാസങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പഴയ ബോംബുകഥ പുതിയ കുപ്പിയിൽ അടച്ചാണ് എത്തുന്നതെന്നും വിജയ് യുടെ തന്നെ മുൻ കാല ചിത്രങ്ങളെയാണ് ട്രെയിലർ ഓർമിപ്പിക്കുന്നതെന്നുമാണ് പരിഹാസം. ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും നടൻ പൃഥ്യുരാജും ചേർന്നാണ്.

അതേസമയം തിയറ്ററുടമകളുടെ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരാണ് ഈ തീരുമാനത്തിന് പിന്നിലെന്നും, ബിഗിൽ കേരളാ റിലീസ് തിയറ്റർ കുറച്ചാൽ മോഹൻലാൽ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് വിജയ് ഫാൻസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണം. എന്നാൽ മോഹൻലാലിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും ബാലിശമാണെന്നും അന്യഭാഷാ റിലീസുകൾ 125 തിയറ്ററുകളിൽ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിമൽകുമാർ പറയുന്നു. മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അവഹേളിച്ചാൽ കേട്ടുകൊണ്ടിരിക്കില്ലെന്നും പ്രതികരിക്കുമെന്നും വിമൽകുമാർ പറഞ്ഞു.ബിഗിൽ നാനൂറ് തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജിൽ നിരവധി പേർ കമന്റും ഇടുന്നുണ്ട്. ഇവിടെയും ലാൽ-വിജയ് ആരാധകരുടെ പോര് നടക്കുന്നുണ്ട്.

പ്രസിഡന്റ് വിമൽകുമാറിന്റെ കുറിപ്പ്

അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ 125 തീയേറ്ററുകളിൽ പാടുള്ളൂ എന്നുള്ളത് കാലാകാലങ്ങളായി അന്യ ഭാഷാ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്ന കേരളത്തിലെ വിതരണക്കാരുടെ സംഘടന കൂടിയാണ്. ഇതിൽ പലരും മലയാള സിനിമയുടെ നിർമ്മാതാക്കൾ കൂടിയാണ്. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉള്ള കാരണം ഒരു മലയാള സിനിമ നിർമ്മിക്കാനുള്ള ബജറ്റിന്റെ അത്രയും തുകയ്ക്ക് ഒരു അന്യഭാഷാ സിനിമ വിതരണത്തിന് എടുക്കുന്നു. കുറേയധികം കാലങ്ങളായി അന്യഭാഷാ സിനിമകളുടെ നിർമ്മാതാക്കൾ മലയാള സിനിമ ഇൻഡസ്ട്രിയെ ചൂഷണം ചെയ്യുകയായിരുന്നു. പല പ്രലോഭനങ്ങളും നടത്തി ഒരു സിനിമ വൻ തുകയ്ക്ക് വിതരണാവകാശം കൊടുത്തിട്ട് ആ സിനിമയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ ആ നിർമ്മാതാവിന്റെ അടുത്ത സിനിമ കൊടുത്തു കൊള്ളാമെന്ന് വാക്കാലുള്ള ഉറപ്പുകളും നൽകിയിട്ട് കടക വിരുദ്ധമായി ആ കുഴപ്പം സംഭവിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ വേറെ ബിനാമി പേരുകളിൽ സിനിമ നിർമ്മിച്ച് മലയാള സിനിമയുടെ നിർമ്മാതാക്കളേയും വിതരണക്കാരേയും കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെട്ട ആൾക്കാർ കേരളത്തിലെ വിതരണക്കാരുടെയും നിർമ്മാതാക്കളേയും സംഘടനകളെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയത് കൂട്ടായി എടുത്ത തീരുമാനം ആണ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നീ സംഘടന.

അന്യഭാഷാ ചലച്ചിത്രങ്ങൾ വൻ തുകകൾ കൊടുത്തു കേരളാ വിതരണം എടുക്കാൻ പാടില്ല, അതിന്റെ ഫലമായിട്ടാണ് 125 തീയേറ്ററുകളായി ചുരുങ്ങിയത്. ഇതിൽ പ്രധാനമായും ഈ തീരുമാനം എടുക്കാൻ ബലമായ കാരണം അവരുടെ മുന്നിൽ ഉണ്ടായിരുന്നു. അത് വേറെ ഒന്നുമല്ല, യന്തിരൻ 2.0 എന്ന് പറയുന്ന സിനിമ മുളക്പാടം ഫിലിംസ് 12 കോടിക്ക് കേരള വിതരണാവകാശം നേടി. ആ സിനിമ കേരളം മുഴുവൻ പ്രദർശിപ്പിച്ചിട്ടും 2 കോടിയാണ് നേടാൻ പറ്റിയത്. സമാനമായ അവസ്ഥ ആയിരുന്നു പല അന്യഭാഷാ ചിത്രങ്ങളും വിതരണത്തിന് എടുത്തവർക്ക് ഉണ്ടായത്. ആകെ ഒരു സിനിമ ഒഴിച്ച് നിർത്തിയാൽ എന്ന് പറയുന്നത് ബാഹുബലി മാത്രമാണ്.

ഈ സത്യം നിലനിൽക്കേ ഒരു വിഭാഗം അന്യഭാഷാ നടന്റെ ഫാൻസ് അസോസിയേഷൻ ആൾക്കാർ മോഹൻലാൽ സിനിമ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല എന്നുള്ള വർത്തമാനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു. കൂട്ടത്തിൽ ആന്റണി പെരുമ്പാവൂർ എന്ന് പറയുന്ന നിർമ്മാതാവിനെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടുകയും ട്രോളുകൾ ഇറക്കുന്നതും ബാലിശമായ കാര്യമാണ്. ഞാൻ നിങ്ങളെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആണ് ഇത് നിങ്ങളോട് പറഞ്ഞത്. ഇനി ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങൾ പറയാതിരിക്കുക. അതല്ല ഇനിയും അത്തരം പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഇത് കേട്ട് കൊണ്ട് ഇരിക്കില്ല, പ്രതികരിക്കും. നിങ്ങൾക്ക് ഇതിന്റെ യാഥാർത്ഥ്യമായ ബുദ്ധി ഉണ്ടാകും എന്ന് കരുതുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചിട്ട് ഞങ്ങളുടെ കാലിൽ ചങ്ങല തളക്കാൻ ശ്രമിക്കരുത്

ദിപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം ബിഗിൽ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും ചേർന്നാണ്. വിജയ് ചിത്രം ബിഗിൽ 125 തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വൈഡ് റിലീസായി 300ൽ കൂടുതൽ തിയറ്റർ വേണമെന്നുമാണ് വിജയ് ആരാധകരുടെ ആവശ്യം. ബിഗിൽ റിലീസ് സെന്ററുകൾ കുറയുന്നതിന് പിന്നിൽ ആന്റണി പെരുമ്പാവൂർ ആണെന്ന് ആരോപിച്ച് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ സൈബർ ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായിരുന്നു. എന്നാൽ അന്യഭാഷാ ചിത്രങ്ങൾക്ക് പരമാവധി 125 സ്‌ക്രീൻ റിലീസ് നൽകിയാൽ മതി എന്നത് 2019 ജനുവരിയിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയും ഫിലിം ചേംബർ ഓഫ് കൊമേഴ്സും ചേർന്നെടുത്തതാണ്. തമിഴ് നാട് അതിർത്തിയിലുള്ള കൊല്ലങ്കോട്, കളിയിക്കാവിള, കൊഴിഞ്ഞാം പടന്താലുംമൂട് എന്നീ സ്റ്റേഷനുകളിൽ അന്യഭാഷാ സിനിമകളിൽ ഒന്നിൽ കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്യാമെന്നും തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP