Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും

ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ എന്നാണ് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള പൊതുചിത്രം. ശക്തമായ പ്രചരണമാണ് അഞ്ചിടങ്ങളിലും മുന്നണികൾ നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ യുഡിഎഫിന് മേൽക്കൈ നൽകുന്ന അഭിപ്രായ സർവേകളാണ് പുറത്തുവരുന്നത്. വെബ്‌സൈറ്റായ ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫല പ്രകാരം എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിങ്ങനെ മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് ഉറപ്പായും നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം അരൂർ ഇടതുമുന്നണിക്കൊപ്പം നിലനിൽക്കുമ്പോൾ കോന്നിയിൽ ത്രികോണ പോരാട്ടമാണെന്നും സർവേ പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് മേൽക്കൈ ഇക്കുറി നഷ്ടമായേക്കുമെന്നാണ് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രവചിക്കുന്നത്.

അഭിപ്രായ സർവേ പ്രകാരം എറണാകുളത്ത് യുഡിഎഫ് ആധികാരിക ജയം നേടുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പ്രവചനം. വട്ടിയൂർക്കാവ് കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫിലേക്ക് തന്നെ ചായും. മഞ്ചേശ്വരത്തും യുഡിഎഫ് മികച്ച വിജയം നേടും. എ എം ആരിഫിന്റെ ഭൂരിപക്ഷം നിലനിർത്താൻ കഴിയില്ലെങ്കിലും അരൂർ ഇടതുപക്ഷം നിലനിർത്തുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് പുറത്തുവിട്ടതെന്നാണ് ന്യൂ ഏജ് അവകാശപ്പെടുന്നകത്.

ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ, സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചതെന്നും സർവേ നടത്തിയവർ പറയുന്നു.

ത്രികോണമത്സരം ശക്തമാവുന്ന വട്ടിയൂർക്കാവിൽ ജാതി സമവാക്യങ്ങളാകും വിധി നിശ്ചയിക്കുകയെന്നാണ് സൂചനകൾ. വി. കെ. പ്രശാന്തിന്റെ ജനകീയപരിവേഷം മുതലാക്കി എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണം നിറയ്ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വിജയമാണ് സർവേ പ്രവചിക്കുന്നത്. ത്രികോണമത്സരം ശക്തമായ കോന്നിയിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കമുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ വിജയത്തെ ബാധിക്കുമെന്നാണ് സൂചനകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രഭാവം മങ്ങുന്ന സൂചനകളാണ് സർവേ നൽകുന്നത്.

വട്ടിയൂർക്കാവിൽ 5000 ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാവും ഡോ. കെ മോഹൻകുമാർ വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബ്രാ പ്രതിഛായ വി കെ പ്രശാന്തിന് വട്ടിയൂർക്കാവിൽ ഗുണം ചെയ്തിട്ടില്ലെന്ന് സർവേ പറയുന്നു. ഇവിടെ ജാതി മുഖ്യ സമവാക്യമായി നിൽക്കുന്നു. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ അടിയൊഴുക്ക് സൃഷ്ടിക്കുമെന്നുമാണ് സർവേ പറയുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോലും. ബിജെപി അനുഭാവ വോട്ടുകൾ എങ്ങോട്ടു പോകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നുണ്ട്.

കോന്നി ഫോട്ടോ ഫിനിഷിൽ യുഡിഎഫിന് നഷ്ടപ്പെട്ടേക്കാമെന്നാണ് ഐക്കൺ ഇന്ത്യ നടത്തിയ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' പ്രീ പോൾ സർവേ. നിലവിൽ എൽഡിഎഫിന് നേരിയ മേൽക്കൈ ഉണ്ട്. 1.52 ശതമാനം വോട്ടിന്റെ വ്യതാസമാണ് ഉള്ളത്. അതേസമയം തീരുമാനമെടുക്കാത്ത 4.3 ശതമാനം വോട്ടർമാരുണ്ട്. ഇത് നിർണായകമാകും. കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കം അവർക്ക് വിനയായിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. കെ. സുരേന്ദ്രന് ലോക്‌സഭയിലേത് പോലെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കെ. യു. ജനീഷ് കുമാറിന്റെ യുവത്വം ഇടതിന് ഗുണം ചെയ്യുന്നുണ്ട്. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ മുഖ്യ ചർച്ച വിഷയമത്രെ. യുഡിഎഫ് അതിൽ പ്രതീക്ഷ പുലർത്തുന്നു.

കടുത്ത ത്രികോണ മത്സരത്തിലും, ബിജെപി വോട്ട് ഷെയറിലുമാണ് ഇടത് പ്രതീക്ഷ. ബിജെപി വോട്ട് ഷെയർ കുറഞ്ഞാൽ അത് യുഡിഎഫ് മുതലെടുക്കാനുള്ള സാധ്യതയും സർവേ ചൂണ്ടിക്കാട്ടുന്നു. അന്തിമ നിമിഷം വിജയം എങ്ങോട്ടും ചാഞ്ചാടാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോന്നിയിലാണ്. ത്രികോണ മത്സരം ആണ് കാരണം.

രാഷ്ട്രീയ അടിത്തറയുടെ പിൻബലത്തിൽ അരൂർ എൽഡിഎഫ് നില നിർത്തുമെന്ന് ന്യൂ ഏജ് - . ഐക്കൺ ഇന്ത്യ പ്രീപോൾ പൊളിറ്റിക്കൽ സർവേ. അതേസമയം ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞേക്കുമെന്നും സർവേ പറയുന്നു. 3900 വോട്ടുകളുടെ മുൻതൂക്കമാണ് സർവേ പ്രവചിക്കുന്നത്. സാമുദായിക സമവാക്യങ്ങൾ അരൂരിലും വിധിയെഴുതും. പ്രചാരണ മികവ് ഇടതിന് ഗുണം ചെയ്യും. സിപിഎം മുന്നോട്ടു വച്ച വികസന രാഷ്ട്രിയം അടിത്തട്ടിൽ ഏശിയില്ല. എന്നാൽ എ. എം. ആരിഫിന്റെ സ്വീകാര്യത ഇക്കുറിയും ഇടതിന് ഗുണം ചെയ്യുന്നു. പാലായിൽ അനുകൂലമായ ചില സമുദായ ഘടകങ്ങൾ അരൂരിലും അവർക്ക് ഗുണകരമായേക്കും. സഹതാപം വോട്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ബിജെപി വോട്ട് വിഹിതം അരൂരിലും കുറയും. ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും സർവേ പറയുന്നു.

എറണാകുളം സീറ്റ് യുഡിഎഫ് നിലനിറുത്തുമെന്നു തന്നെയാണ് ന്യൂഏജ് - ഐക്കൺ ഇന്ത്യ സർവേ പ്രവചിക്കുന്നത്. അതേസമയം ഭൂരിപക്ഷം കുറയും. വോട്ടിങ് ശതമാനത്തിലെ കുറവാകും കാരണം. ഭൂരിപക്ഷം പതിനായിരത്തിലേക്ക് ചുരുങ്ങുമെന്ന് സർവ്വേ പറയുന്നു. മത്സരം ശക്തമല്ല. പതിവ് വോട്ടിങ് പാറ്റേണുകളിൽ വലിയ വ്യത്യാസമില്ല. ലത്തീൻ സമുദായത്തിൽ യുഡിഎഫിനുള്ള മേൽക്കൈ ഇക്കുറിയും നിർണായകമാകും. ആ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇടതിന് ഇപ്രാവശ്യവും കഴിഞ്ഞിട്ടില്ല. മനു റോയ് ദുർബ്ബലനായ സ്ഥാനാർത്ഥിയെന്ന അഭിപ്രായം ഇടതു വോട്ടർമാർക്കിടയിൽ പോലുമുണ്ട്. കോർപ്പറേഷൻ ഭരണപ്പിഴവുകൾ, പാലാരിവട്ടം പാലം തുടങ്ങിയ വിഷയങ്ങൾ ഇടതു മുന്നണി ഉന്നയിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് സർവേ പറയുന്നു. ബിജെപി കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതം കൂട്ടും. സ്ഥാനാർത്ഥി മികവാണ് കാരണം. രാജഗോപാൽ വ്യക്തി ബന്ധങ്ങൾ വോട്ടാക്കുമെന്നും സർവേയിൽ പറയുന്നു.

അതേസമയം കഴിഞ്ഞ തവണ ത്രികോണ പോര് നടന്ന മഞ്ചേശ്വരത്ത് മുസ്ലിംലീഗ് ഇക്കുറി ആധികാരികമായി വിജയിച്ചു കയറുമെന്നാണ് സർവേ പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപി വോട്ട് ഷെയർ കുറയും. രണ്ടാം സ്ഥാനത്തിന് എൽഡിഎഫും, ബിജെപി യും തമ്മിൽ നല്ല മത്സരം നടക്കും. ഇവർ തമ്മിലുള്ള മാർജിൻ കുറവായിരിക്കും. നിലവിൽ അല്പം മേൽക്കൈ ബിജെപിക്കാണ്. യുഡിഎഫ് ഭൂരിപക്ഷം പതിനായിരം കടക്കും. മഞ്ചേശ്വരത്ത് രാഷ്ട്രിയം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. അതിനോട് ഒട്ടിക്കിടക്കുന്നതാണ് സാമുദായിക സമവാക്യങ്ങൾ. അതിൽ ഒരു മാറ്റവും ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. ലോക്സഭയുടെ വോട്ടിങ് പാറ്റേൺ ചെറിയ തോതിൽ ഇവിടെ മാറിയേക്കാം. ബിജെപി പിന്നോട്ട് പോകുന്നത് ശ്രദ്ധേയമായി മാറുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP