Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ മതിൽ പണിയാൻ പിറവത്ത് നിന്ന് അയച്ചത് അഞ്ചു ബസ്; ബെന്നി ബഹനാൻ റോബിൻ പീറ്ററിനെതിരേ പ്രവർത്തിച്ചു; സമുദായാംഗമായിട്ടും ഉമ്മൻ ചാണ്ടി സഹായിച്ചില്ല; എൽഡിഎഫും യുഡിഎഫും വഞ്ചിച്ചു; സഹായിച്ചത് ബിജെപിയും ആർഎസ്എസും മാത്രം: കോന്നിയിൽ സുരേന്ദ്രനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസും പ്രകാശ് കെ വർഗീസും

വനിതാ മതിൽ പണിയാൻ പിറവത്ത് നിന്ന് അയച്ചത് അഞ്ചു ബസ്; ബെന്നി ബഹനാൻ റോബിൻ പീറ്ററിനെതിരേ പ്രവർത്തിച്ചു; സമുദായാംഗമായിട്ടും ഉമ്മൻ ചാണ്ടി സഹായിച്ചില്ല; എൽഡിഎഫും യുഡിഎഫും വഞ്ചിച്ചു; സഹായിച്ചത് ബിജെപിയും ആർഎസ്എസും മാത്രം: കോന്നിയിൽ സുരേന്ദ്രനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസും പ്രകാശ് കെ വർഗീസും

ശ്രീലാൽ വാസുദേവൻ

കോന്നി: വനിതാ മതിൽ പണിയാൻ അഞ്ച് ബസ് പിറവം പള്ളിയിൽ നിന്ന് പോയെന്നും അതിന് സഹായിച്ചതും തെറ്റായി പ്പോയി എന്ന വെളിപ്പെടുത്തലുമായി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസ് തെന്നലും, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് ഗ വർഗീസും രംഗത്ത്. എല്ലാം സർക്കാർ സമ്മർദ്ദം കാരണമാണ്. അവരവരുടെ വിശ്വാസം അവരവർക്ക് പ്രധാനപ്പെട്ടതാണ്. വിശ്വാസ സംരക്ഷണത്തിനൊപ്പമാണ് ഓർത്തഡോക്സ് സഭ.

ആർക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നോ അവരെ അവഗണിക്കുകയും വിധി എതിരായവരെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരും യുഡിഎഫും സ്വീകരിച്ചതെന്ന് ഇരുവരും സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ഇലക്ഷനായപ്പോൾ സഹായമഭ്യർത്ഥിച്ച് ബാവായെ കാണാൻ കോടിയേരി വന്നു. സുപ്രീകോടതി അന്തിമ വിധി വന്നിട്ട് കാണാൻ വരാത്തവരാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ വരുന്നത്. പഴന്തോട്ടം പള്ളിയിൽ സ്ഥലത്തില്ലാതിരുന്ന ഞങ്ങടെ പിള്ളാരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ പോകാൻ ഞങ്ങൾക്ക് പേടിയാണ്. ഞങ്ങൾക്ക് അവിടെ നീതി കിട്ടില്ല. നീതി തരില്ല. ഇത്തരം സന്ദർഭങ്ങളിൽ ആർഎസ്എസുകാരും ബിജെപിക്കാരും സഹായത്തിനായി വന്നിട്ടുണ്ട്. അതു മറക്കാൻ കഴിയില്ല.

ഞങ്ങൾക്കിവിടെ ജീവിക്കണ്ടെ? രാഷ്ട്രീയക്കാരും, പൊലീസും ഞങ്ങൾക്കെതിരാണ്. കോടതികളിൽ മാത്രമാണാശ്രയം. സഹായത്തിനായി ബിജെപിക്കാർ മാത്രമാണ് മുന്നോട്ട് വന്നിട്ടുള്ളത്. റോബിൻ പീറ്ററിനെതിരെ പ്രവർത്തിച്ചത് ബന്നി ബഹനാനാണ്. ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് സഭാംഗമാണെങ്കിലും സഭക്ക് വേണ്ടി പ്രവർത്തിച്ചില്ല. യുഡിഎഫ് ഓർത്തഡോക്സ് സഭക്കെതിരാണ്. 2018 ജൂലൈ 3 ന് മലങ്കര ഓർത്തഡോക്സ് സഭയാണ് യഥാർത്ഥ സഭയെന്ന് 1934 ഭരണ ഘടന അനുസരിച്ച് വിധിച്ചിട്ടുള്ളതാണ്. ഏതെങ്കിലും യുഡിഎഫ് നേതാക്കൾ ഞങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തിയിട്ടും ഒരു പ്രസ്ഥാവന പോലും നടത്തിയിട്ടില്ല. പിറവം പള്ളി മാത്രമല്ല, പെരുമ്പാവൂർ, വടവുകോട്, മാന്നമംഗലം, പഴന്തോട്ടം എന്നിവിടങ്ങളിലെല്ലാം പ്രശ്നങ്ങളുണ്ട്. ഞങ്ങളെ സഹായിക്കാൻ ബിജെപി മാത്രമേ മുന്നോട്ട് വന്നിട്ടുള്ളൂ.

കേസുകളിൽ ന്യായമായ വാദങ്ങൾ ഉന്നയിക്കുകയാണ് സ്റ്റേറ്റ് അറ്റോർണിയുടെ കടമ. അദ്ദേഹം യാക്കോബായ സഭയുടെ വക്കീലായി മാറി. ഇത് സർക്കാർ അറിവോടെയാണ്. എന്നിട്ടും ബഹുമാനപ്പെട്ട കോടതി ഞങ്ങൾക്ക് പൊലീസ് പ്രൊട്ടക്ഷൻ തന്നു. 50 വർഷം കേസു നടത്തി നേടിയ വിധിയാണ്. അതു നടപ്പാക്കുന്നതിൽ വന്ന വീഴ്ച നിങ്ങൾ കണ്ടതല്ലേ? സുപ്രീം കോടതി വിധി നടപ്പിലാക്കാൻ പോലും ആരും സഹായം തന്നില്ല. എന്നാൽ സഹായം വാഗ്ദാനം ചെയ്ത് ബിജെപി മുന്നോട്ട് വന്നു. ഇനി അവരോട് സഹകരിക്കാതിരുന്ന് സഭയുടെ സുരക്ഷ അപകടത്തിലാക്കുന്നതിൽ അർത്ഥമില്ല. മുപ്പത്തിയാറായിരം മുതൽ നാൽപതിനായിരം വരെ വോട്ടുകൾ ഞങ്ങൾക്ക് കോന്നിയിൽ കാണും. എൽഡിഎഫിനോ യുഡിഎഫിനോ വോട്ടു ചെയ്യണമെന്ന് പറയുന്നില്ല.

പക്ഷെ, ഞങ്ങളെ സഹായിച്ചവരെ സഹായിക്കാതിരിക്കാൻ കഴിയില്ല. കെ സുരേന്ദ്രനും ബിജെപി യും മാത്രമാണ് സഹായവുമായി എത്തിയത്. കോന്നിയിൽ കെ സുരേന്ദ്രന് സഭാംഗങ്ങൾ വോട്ടു ചെയ്യുന്നതിൽ തെറ്റില്ല. അതാണ് ശരി. സഭയുടെ താത്പര്യങ്ങൾ അവർ സംരക്ഷിക്കുന്നവരാണ്. ബിജെപി രാഷ്ട്രീയത്തോട് അന്ധമായ എതിർപ്പില്ല. പലേടത്തും ഞങ്ങളുടെ ആൾക്കാരെ ദ്രോഹിക്കുകയാണ്. ഞങ്ങളുടെ പിള്ളാരെ കൊലപ്പെടുത്തുന്നു. കേസുകളിൽ പെടുത്തുന്നു. ഇനിയും ഇത് കൈ കെട്ടി നോക്കിയിരിക്കാനാവില്ല. എൽഡിഎഫോ യുഡിഎഫോ സഹായിക്കില്ലെന്നു മാത്രമല്ല ഞങ്ങൾക്ക് എതിരാണ്. പക്ഷെ, തെരഞ്ഞെടുപ്പു കാലത്ത് സഹായം ചോദിച്ചെത്തും. പലതും ചെയ്തു തരാമെന്ന വ്യവസ്ഥയിൽ വോട്ടു ചെയ്ത് ജയിപ്പിക്കും. അതിനി തുടരാൻ കഴിയില്ല.

കെ സുരേന്ദ്രനോടും, ബിജെപിയോടും സഹകരിക്കാവുന്ന ധാരാളം മേഖലകൾ ഉണ്ട്. സഭയുടെ വളർച്ചക്കും, സഭാംഗങ്ങളുടെ ജീവനും, സ്വത്തിനും, ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകാൻ കഴിയുന്നവരെ പിന്തുണക്കും. ഞങ്ങൾക്കും സഹായത്തിനായി ആരെങ്കിലും വേണ്ടേ. ഞങ്ങൾ കെ സുരേന്ദ്രനായി നേരത്തെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP