Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റതും തൊഴിലില്ലായ്മ വർധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി; ഗ്രാമീണ വേതന വർധന മന്ദഗതിയിൽ; 'ആഭ്യന്തര ആവശ്യം' കുറഞ്ഞതും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ വായ്പയിലെ ഇടിവും വൻ തിരിച്ചടി; മാന്ദ്യം നേരിടാൻ കോർപറേറ്റ് നികുതി കുറച്ചത് മണ്ടത്തരം; ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6 ശതമാനമായി ഇടിയുമെന്ന് ലോക ബാങ്ക്; മോദിക്കും നിർമ്മലാ സീതാരാമനും മുന്നിലുള്ളത് കടുത്ത വെല്ലുവിളി

ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റതും തൊഴിലില്ലായ്മ വർധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി; ഗ്രാമീണ വേതന വർധന മന്ദഗതിയിൽ; 'ആഭ്യന്തര ആവശ്യം' കുറഞ്ഞതും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ വായ്പയിലെ ഇടിവും വൻ തിരിച്ചടി; മാന്ദ്യം നേരിടാൻ കോർപറേറ്റ് നികുതി കുറച്ചത് മണ്ടത്തരം; ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6 ശതമാനമായി ഇടിയുമെന്ന് ലോക ബാങ്ക്; മോദിക്കും നിർമ്മലാ സീതാരാമനും മുന്നിലുള്ളത് കടുത്ത വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യയിലെ ഈ വർഷത്തെ സാമ്പത്തിക വളർച്ച 6 ശതമാനമായി ഇടിയുമെന്ന് ലോക ബാങ്ക്. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. ഇത് പ്രകാരം ഇന്ത്യ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണ്. ബംഗ്ലാദേശ് 8.1 %, ഭൂട്ടാൻ 7.4 %, നേപ്പാൾ 6.5 % എന്നിങ്ങനെയാകും വളർച്ച. എന്നാൽ ഇവ മൂന്നും ചെറിയ സമ്പദ്വ്യവസ്ഥകളാണെന്നതും മറ്റൊരു ഘടകമാണ്. ഇന്ത്യയ്ക്ക് നേരത്തേ ലോകബാങ്ക് അനുമാനിച്ചിരുന്നത് 6.9 % വളർച്ചയാണ്. ഇന്ത്യയുടെ വളർച്ച 2021 ൽ 6.9 ശതമാനവും 2022 ൽ 7.2 ശതമാനവുമായി വർധിക്കുമെന്നും ബാങ്ക് പറയുന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാന്ദ്യം പിടിമുറുക്കിയെന്ന് വെളിപ്പെടുത്തുന്നതാണ് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട്. നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകർച്ചയ്ക്ക് കാരണം. രാജ്യത്തെ ദാരിദ്ര്യം വർധിക്കും. കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനമായി വർധിച്ചു. കേന്ദ്രസർക്കാരിന്റെ പൊതുകടം വർധിച്ച് ജിഡിപിയുടെ 5.9 ശതമാനമായി. ഇത്രമേൽ ദുർബലമായ സാഹചര്യം സാമ്പത്തികരംഗത്ത് ഘടനാപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും വളർച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും കടുത്ത വെല്ലുവിളിയുണ്ടാകുമെന്നാണ് റിപ്പോർട്ട് പ്രവർചിക്കുന്നത്.

ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റതും നഗരത്തിൽ തൊഴിലില്ലായ്മ വർധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഗ്രാമീണതലത്തിലെ വേതനവർധന മന്ദഗതിയിലായി. 'ആഭ്യന്തര ആവശ്യം' കുറഞ്ഞതും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ വായ്പയിലെ ഇടിവും വൻ തിരിച്ചടിയായി. ഇന്ത്യൻ വാഹനവിപണി കൂപ്പുകുത്തിയത് ഇതിന്റെ പ്രതിഫലനമാണ്. മാന്ദ്യം നേരിടാൻ കോർപറേറ്റ് നികുതി കുറച്ച കേന്ദ്രസർക്കാർ നീക്കത്തിലും ലോകബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. രണ്ടാംവർഷമാണ് വളർച്ചനിരക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ വളർച്ച 6.9 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തികവർഷം ഏഴര ശതമാനം വളർച്ച നേടുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. ഏപ്രിൽ-ജൂൺ കാലയളവിൽ വളർച്ച ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമായി. ജൂലൈ-സെപ്റ്റംബറിൽ വളർച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ് റിസർവ്ബാങ്ക് നിഗമനം. 2019ലെയും 2020ലെയും പ്രതീക്ഷിത വളർച്ച 0.3 ശതമാനം വീതം ഐഎംഎഫ് ജൂലൈയിൽ വെട്ടിക്കുറച്ചു.

കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നുമില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിന് പിന്നാലെ ഗ്രാമീണസമ്പദ്വ്യവസ്ഥയിലുണ്ടായ സമ്മർദ്ദവും നഗരമേഖലകളിൽ തൊഴിലില്ലായ്മ വർദ്ദിച്ചതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്.

ദക്ഷിണേഷ്യയിലാകെ ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് ഇന്ത്യയുടെ തളർച്ചയ്ക്ക് മുഖ്യകാരണം. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും. അവസാന പാദത്തിൽ സ്വകാര്യ ഉപഭോഗത്തിൽ 3.1% വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഈ സമയം 7.3% ആയിരുന്നു. ഉൽപാദനമേഖലയിൽ കഴിഞ്ഞ വർഷം ഈ സമയം 10% ആയിരുന്ന വളർച്ച ഈ വർഷം രണ്ടാംപാദത്തിൽ ഒരു ശതമാനത്തിനും താഴേക്കു പോയി. വ്യവസായ ഉൽപാദനത്തിലെയും ഇറക്കുമതിയിലെയും ഇടിവും വിപണിയിലെ അസ്വസ്ഥതകളും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നു റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ എല്ലാ മേഖലകളെയും മാന്ദ്യം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ കൃത്യമായ പദ്ദതികൾ നടപ്പിലാക്കിയാൽ മാത്രമേ ഇതിൽ നിന്നും പുറത്ത് വരാൻ ഇന്ത്യക്ക് സാധിക്കുകയുള്ളൂ. യുഎസ് ചൈന വ്യാപാരത്തർക്കം മുതലെടുത്തതാണ് ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ വളരുന്നത്. ബംഗ്ലാദേശിലെ തുണി വ്യവസായ മേഖല ഈ തർക്കത്തിൽ നിന്ന് ഏറെ നേട്ടമുണ്ടാക്കി. ടൂറിസം മേഖലയിലെ കുതിപ്പു മൂലമുണ്ടായ നിർമ്മാണങ്ങളും ജനങ്ങളുടെ വിനിയോഗ ശേഷിയിലെ വർധനയുമാണു നേപ്പാളിനെ 6.5% വളർച്ച കൈവരിക്കാൻ സഹായിച്ചത്. ഭൂട്ടാനിൽ ടൂറിസം വളർച്ചയും ആഭ്യന്തര ഉപഭോഗത്തിലെ വർധനയുമാണ് വളർച്ചയ്ക്കു കാരണം. മാലദ്വീപിൽ 5.2%, പാക്കിസ്ഥാനിൽ 2.4%, ശ്രീലങ്കയിൽ 2.7% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക്.

അതേ സമയം വളർച്ചയിൽ ഇടിവ് ഉണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. ''നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം'' -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP