Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി വീണ്ടും കോലിക്കൂട്ടം; പൂണെ ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്‌സിനും 137 റൺസിനും; വിജയത്തോടെ ടെസ്റ്റ് പരമ്പരയും സ്വന്തം; ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡും കോലിക്കും കൂട്ടർക്കും

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി വീണ്ടും കോലിക്കൂട്ടം; പൂണെ ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്‌സിനും 137 റൺസിനും; വിജയത്തോടെ ടെസ്റ്റ് പരമ്പരയും സ്വന്തം; ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡും കോലിക്കും കൂട്ടർക്കും

മറുനാടൻ ഡെസ്‌ക്‌

പൂണെ: ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും കരുത്തുകാട്ടി ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും കോലിയും കൂട്ടരും വിജയം നേടി. വിശാഖപട്ടം ടെസ്റ്റിന് പിന്നാലെ പൂണെ ടെസ്റ്റിലും ഇന്ത്യ വിജയം നേടി. ഇന്നിങ്സ് ജയം സ്വന്തമാക്കിയാണ് പുനെയിൽ നാലാം ദിനം തന്നെ കോലിയും സംഘവും കളി അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കയെ ഫോളോഓൺ ചെയ്യിച്ച് കോഹ് ലിയും സംഘവും സന്ദർഷകരെ 189 റൺസിന് ഓൾ ഔട്ടാക്കി 137 റൺസിന്റെ ജയം പിടിച്ചു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയമാണിത്. കേശവ് മഹാരാജിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ജഡേജയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രണ്ട് ദിവസം കയ്യിലിരിക്കെയാണ് 326 റൺസ് മുൻപിൽ വെച്ച് സൗത്ത് ആഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാനുള്ള ധൈര്യം കോഹ് ലി കാണിച്ചത്. എന്നാൽ, കോഹ് ലിയുടെ തീരുമാനം തെറ്റിയില്ലെന്ന് ആദ്യ ഓവറിൽ തന്നെ വ്യക്തമായിരുന്നു. മർക്രാമിനെ 2 ബോളിൽ ഡക്കാക്കി ഇഷാന്ത് ശർമയാണ് തുടങ്ങിയത്. നാലാം ദിനവും ഇന്ത്യയെ സൗത്ത് ആഫ്രിക്കൻ നിരയിൽ അലോസരപ്പെടുത്തിയത് കേശവ് മഹാരാജാണ്. എട്ടാം വിക്കറ്റിൽ കേശവ് മഹാരാജും ഫിലാൻഡറും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. എന്നാൽ നാലാം ദിനം തന്നെ കളി തീർക്കുക എന്നത് ഇന്ത്യ ലക്ഷ്യമിട്ടപ്പോൾ ആ കൂട്ടുകെട്ട് അധികം നീണ്ടില്ല.

ഫ്ലിക്ക് ചെയ്യാനുള്ള ഫിലാൻഡറിന്റെ ശ്രമം പാളി പന്ത് എഡ്ജ് ചെയ്ത് കീപ്പറിന്റെ കൈകളിലേക്ക്. ഇതോടെ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. 48 റൺസ് എടുത്ത എൽഗറാണ് സന്ദർശകരുടെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്‌കോറർ. ബവുമ 38 റൺസും, ഫിലാൻഡർ 37 റൺസുമെടുത്തു. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും ഒരേപോലെ സൗത്ത് ആഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഉമേഷ് യാദവും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. അശ്വിൻ രണ്ടും ഷമിയും ഇശാന്തും ഓരോ വിക്കറ്റും നേടി. ഇന്ത്യയുടെ അഞ്ച് പ്രധാന ബൗളർമാരുടേയും ഇക്കണോമി റേറ്റ് നാല് തൊട്ടിട്ടില്ല.

നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. ടെസ്റ്റിൽ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തിൽ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റൺസോടെ പുറത്താകാതെ നിന്നു. ടെസ്റ്റിൽ കോലിയുടെ ഉയർന്ന സ്‌കോറാണിത്.

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ പോയിന്റ് 200ലേക്കെത്തി. വിശാഖപട്ടണം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് 160ലേക്ക് എത്തിയിരുന്നു. ഒരു പോയിന്റിന് 40 പോയിന്റാണ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP