Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതിരഞ്ഞെടുപ്പിലെ 'മക്കൾ മാഹാത്മ്യത്തിന്' കേരളത്തിൽ തുടക്കമിടുന്നത് ഇടുതുമുന്നണി; സിപിഐയിലെ പികെ ശ്രീനിവാസന്റെ മരണത്തെ തുടർന്ന് മകൻ സുപാൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറി; പിന്നീട് അനൂപ് ജേക്കബും ശബരീനാഥും ഇതേ പാതയിൽ നിയമസഭയിലെത്തി; 45,377 വോട്ടിന് ജയിച്ച് ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടത് പി ജയരാജൻ; കുറഞ്ഞ ഭൂരിപക്ഷം ജോർജ് എം തോമസിനും; ജോർജ് പുളിക്കന്റെ 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' രണ്ടാം ഭാഗം ഇങ്ങനെ

ഉപതിരഞ്ഞെടുപ്പിലെ 'മക്കൾ മാഹാത്മ്യത്തിന്' കേരളത്തിൽ തുടക്കമിടുന്നത് ഇടുതുമുന്നണി; സിപിഐയിലെ പികെ ശ്രീനിവാസന്റെ മരണത്തെ തുടർന്ന് മകൻ സുപാൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറി; പിന്നീട് അനൂപ് ജേക്കബും ശബരീനാഥും ഇതേ പാതയിൽ നിയമസഭയിലെത്തി; 45,377 വോട്ടിന് ജയിച്ച് ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടത് പി ജയരാജൻ; കുറഞ്ഞ ഭൂരിപക്ഷം ജോർജ് എം തോമസിനും; ജോർജ് പുളിക്കന്റെ 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' രണ്ടാം ഭാഗം ഇങ്ങനെ

ജോർജ് പുളിക്കൻ

ഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം.

എംഎ‍ൽഎയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

നിയമസഭാംഗം മരിച്ചാൽ ഭാര്യമാരെപോലെ മക്കളേയും സ്ഥാനാർത്ഥികളാക്കി സഹതാപതരംഗത്തിൽ ജയിച്ചുകയറുക എന്ന തന്ത്രം കേരളത്തിൽ ഇരു മുന്നണികളും പയറ്റിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യത്തിന് കേരളത്തിൽ തുടക്കമിടുന്നത് ഇടുതുമുന്നണിയാണ്. പുനലൂരിലായിരുന്നു ആദ്യ പരീക്ഷണം.

1996 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയിലെ പി.കെ.ശ്രീനിവാസനായിരുന്നു പുനലൂരിലെ സ്ഥാനാർത്ഥി. വോട്ടെടുപ്പു കഴിഞ്ഞപ്പോൾ തന്നെ തനിക്ക് ആറായിരത്തിലധികം ഭൂരിപക്ഷമുണ്ടാകുമെന്ന് മകൻ സുപാലിനോട് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആ കണക്കുകൂട്ടൽ തെറ്റിയില്ല. ഫലം വന്നപ്പോൾ ശ്രീനിവാസൻ കോൺഗ്രസ് ഐ സ്ഥാനാർത്ഥി പുനലൂർ മധുവിനെ 6698 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. എന്നാൽ ആയുസിന്റെ കണക്കുപുസ്തകത്തിൽ പിശകുണ്ടായിരുന്നു. മെയ് ഏഴിന് ഫലപ്രഖ്യാപന ദിവസം പുലർച്ചെ ശ്രീനിവാസൻ മരിച്ചു.

1996 ഒക്ടോബർ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ശ്രീനിവാസന്റെ മകൻ പി.എസ്.സുപാലിനെത്തന്നെ രംഗത്തിറക്കി. സഹതാപതരംഗം ആഞ്ഞുവീശിയപ്പോൾ അച്ഛനു കിട്ടിയതിനേക്കാൾ മൂന്നിരട്ടിയിലേറെ ഭൂരിപക്ഷം മകന് നേടാനായി. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഭാരതീപുരം ശശിയെ 21,333 വോട്ടുകൾക്കാണ് സുപാൽ തോല്പിച്ചത്.

പിറവം മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ ടി.എം.ജേക്കബ്ബിന്റെ മരണത്തെത്തുടർന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഐക്യ ജനാധിപത്യ മുന്നണി ആദ്യം മക്കൾ രാഷ്ട്രീയം പരീക്ഷിക്കുന്നത്. 2011 ഒക്ടോബർ 30-നായിരുന്നു ടി.എം.ജേക്കബ്ബിന്റെ മരണം. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ്ബിനെ രംഗത്തിറക്കി. ടി.എം.ജേക്കബ് പരാജയപ്പെടുത്തിയ നിസാര വോട്ടുകൾക്ക് തോല്പിച്ച എം.ജെ.ജേക്കബ്ബിനെത്തന്നെ ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിയാക്കി. 2012 മാർച്ച് 21-നു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ടി.എം.ജേക്കബ്ബിനോട് 157 വോട്ടിനു തോറ്റ എം.ജെ. ജേക്കബ്ബിനെ അനൂപ് ജേക്കബ് 12,070 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

അടുത്ത പരീക്ഷണവും യു.ഡി.എഫിന്റേതായിരുന്നു. അരുവിക്കര എംഎ‍ൽഎയും സ്പീക്കറുമായിരുന്ന ജി.കാർത്തികേയൻ 2015 മാർച്ച് എട്ടിന് മരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു വേദി. കോൺഗ്രസ് ഐ കാർത്തികേയന്റെ മകൻ കെ.എസ്.ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കി. മുൻ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്ന എം.വിജയകുമാറിനെ ഇടതുമുന്നണി രംഗത്തിറക്കിയപ്പോൾ ബിജെപിയും ഒ.രാജഗോപിലനെ സ്ഥാനാർത്ഥിയാക്കി കളംനിറച്ചു. 2015 ജൂൺ 27-ന് നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ ശബരീനാഥ് 10,128 വോട്ടുകൾക്ക് എം.വിജയകുമാറിനെ പിന്നിലാക്കി. ജി.കാർത്തികേയൻ ആർ.എസ്‌പിയിലെ അമ്പലത്തറ ശ്രീധരൻനായർക്കെതിരെ നേടിയത് 10,674 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകം പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ (എ.സി.ഡി.എഫ്) സാന്നിധ്യമായിരുന്നു. കെ.ദാസ് ആയിരുന്നു ഇവരുടെ സ്ഥാനാർത്ഥി. പി.സി ജോർജിന്റെ അവകാശവാദമനുസരിച്ച് 96 സംഘടനകളടങ്ങിയ മുന്നണിയുടെ സ്ഥാനാർത്ഥിക്ക് നോട്ടക്കും പിന്നിൽ അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോട്ട 1430 വോട്ടുകൾ നേടിയപ്പോൾ 1197 വോട്ടുകൾ മാത്രമാണ് കെ.ദാസിന് നേടാനായത്. ആദ്യം വൻഭൂരിപക്ഷത്തിൽ ദാസ് ജയിക്കുമെന്ന് പ്രഖ്യാപിച്ച ജോർജ് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 22000 വോട്ടുകിട്ടുമെന്നും അവകാശപ്പെട്ടിരുന്നു.

ഫലം വന്നപ്പോൾ എല്ലാം അസ്ഥാനത്തായി. ഏറ്റവും വലിയ കൗതുകം ഇതൊന്നുമായിരുന്നില്ല. മുന്നണിയുടെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എ.സി.ഡി.എഫ്. പ്രവർത്തകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 8612 പേർ പങ്കെടുത്തപ്പോൾ അതിൽ 5321 വോട്ടുകൾ നേടിയാണ് ദാസ് സ്ഥാനാർത്ഥിയായത്. ആ വോട്ടെടുപ്പിൽ പങ്കെടുത്തവർപോലും തിരഞ്ഞെടുപ്പിൽ ദാസിന് വോട്ടുചെയ്തില്ലെന്നതാണ് പരമാർഥം.

ബന്ധുബലം മഹാബലം

ഭാര്യമാർ വാഴ്ക, മക്കൾ ജയ ജയ തുടങ്ങിയ മുദ്രാവാക്യംപോലെ ബന്ധുബലം മഹാബലം എന്ന മുദ്രാവാക്യം ഉയർന്ന ഉപതിരഞ്ഞെടുപ്പുകളും കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. 1970 ജനുവരി 24 ന് മാടായി എംഎ‍ൽഎയായിരുന്ന മാത്തായി മാഞ്ഞൂരാന്റെ മരണത്തെത്തുടർന്നായിരുന്നു ആദ്യ പരീക്ഷണം.

കേരളാ സോഷ്യലിസ്റ്റ് പാർട്ടി(കെ.എസ്‌പി.) അംഗമായിരുന്ന മത്തായി മാഞ്ഞൂരാനു പകരം പാർട്ടി സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സഹോദരൻ ജോൺ മാഞ്ഞൂരാനെയായിരുന്നു. 1970 മെയ് 20-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോൺ മാഞ്ഞൂരാൻ കോൺഗ്രസിലെ കെ.രാഘവനെ 4002 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ ചേട്ടന്റെ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താൻ അനുജന് കഴിഞ്ഞില്ല. മത്തായി മാഞ്ഞൂരാൻ കോൺഗ്രസിലെ പി.കൃഷ്ണനെതിരെ നേടിയത് 19,112 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മറ്റൊരു സഹോദരൻ സ്ഥാനാർത്ഥിയായത്. കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിന്റെ സ്ഥാനാർത്ഥി ബാബു ചാഴിക്കാടന്റെ ആകസ്മിക മരണമാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ് ബാബു ചാഴിക്കാടൻ മരിച്ചു. ഇതേത്തുടർന്ന് ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെച്ചു.

1991 നവംബർ 17-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനുവേണ്ടി ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴികാടനെ അവതരിപ്പിച്ചു. ഇടതുമുന്നണി സിപിഎമ്മിലെ വൈക്കം വിശ്വനെയും രംഗത്തിറക്കി. ഇടിമിന്നൽ പോലുള്ള പോരാട്ടത്തിനൊടുവിൽ ഇത്തവണ ആഘാതമേറ്റത് വൈക്കം വിശ്വനായിരുന്നു. തോമസ് ചാഴികാടൻ 886 വോട്ടുകൾക്ക് വിശ്വനെ പരാജയപ്പെടുത്തി.

ഒത്തിരി വമ്പനും ഇത്തിരി കുഞ്ഞനും

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ റെക്കോഡ് സിപിഎമ്മിലെ പി.ജയരാജനും കുറഞ്ഞ ഭൂരിപക്ഷം സിപിഎമ്മിലെ ജോർജ് എംതോമസിനും അവകാശപ്പെട്ടതാണ്. 2001-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നു വിജയിച്ച ജയരാജന്റെ തിരഞ്ഞെടുപ്പ് 2005 ജനുവരി 11-ന് സുപ്രീംകോടതി റദ്ദാക്കി. ഒരു ഹർത്താൽ ദിവസം പോസ്റ്റ് ഓഫീസ് ആക്രമിച്ചതിന് പി.ജയരാജനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതു പരിഗണനയിലെടുക്കാതെ ജയരാജന്റെ പത്രിക സ്വീകരിച്ചതിനെതിരെ കോൺഗ്രസ് ഐക്കാരനായ എതിർ സ്ഥാനാർത്ഥി കെ.പ്രഭാകരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്ന് പ്രഭാകരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

തന്റെ തടവുശിക്ഷ മേൽക്കോടതി ഒരുവർഷമായി കുറച്ചതിനാൽ തിരഞ്ഞെടുപ്പു ഹർജി നിലനിൽക്കില്ല എന്നായിരുന്നു ജയരാജന്റെ വാദം. എന്നാൽ പത്രിക സ്വീകരിക്കുമ്പോൾ മേൽക്കോടതി വിധി വന്നിട്ടില്ലാത്തതിനാൽ പത്രിക സ്വീകരിച്ചത് നിയമപരമല്ലെന്നു കോടതി കണ്ടെത്തി തിരഞ്ഞെടുപ്പ് അസാധുവാക്കി. 2005 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐയിലെ കെ.പ്രഭാകരനെ 45,377 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് ജയരാജൻ തറപറ്റിച്ചത്. ആദ്യ തവണ കെ.പ്രഭാകരനും ജയരാജനും ഏറ്റുമുട്ടിയപ്പോൾ 18,620 ആയിരുന്നു ജയരാജന്റെ ഭൂരിപക്ഷം. അങ്ങനെ, ഒരേ എതിരാളിയെത്തന്നെ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തോല്പിച്ചും ഒരേനിയമസഭയിൽ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തും ജയരാജൻ സ്വന്തമായി പല ചരിത്രങ്ങളെഴുതി. റോസമ്മ പുന്നൂസിനു പിന്നാലെ തിരഞ്ഞെടുപ്പു കേസിൽ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ടശേഷം അതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു വീണ്ടുമെത്തുന്ന രണ്ടാംത്തെയാളുമായി ജയരാജൻ.

സിപിഎം എംഎൽ.എ. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്നാണ് തിരുവമ്പാടിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കുറിക്കപ്പെട്ടച്ചത്. 2006 ഡിസംബർ നാലിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജോർജ് എം.തോമസും മുസ്ലിംലീഗിലെ വി എം.ഉമ്മർമാസ്റ്ററും തമ്മിലായിരുന്നു മത്സരം. കോൺഗ്രസ് വിട്ട് ഡി.ഐ.സി.കെ. ഉണ്ടാക്കിയ കെ.കരുണാകരന്റെയും അനുയായികളുടെയും പിന്തുണയുണ്ടായിട്ടും ജോർജ് എം.തോമസ് 246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്തായി ചാക്കോ മുസ്ലിംലീഗിലെ എം.സി.മായിൻഹാജിയെ തോല്പിച്ചത് 5479 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP