Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ നിയന്ത്രണങ്ങളും കർശന സുരക്ഷയുമൊരുക്കി പിഎസ്‌സി പരീക്ഷ; വില്ലേജ് എക്‌സറ്റൻഷൻ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിച്ചത് 15 മിനിറ്റ് മുമ്പ് മാത്രം; വാച്ചും പഴ്‌സും കുപ്പിവെള്ളവും പോലും പരീക്ഷാ ഹാളിന് പുറത്ത്; അർഹരായവർക്ക് ഇനിയെങ്കിലും അവസരം ലഭിക്കും എന്ന പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികളും

പുതിയ നിയന്ത്രണങ്ങളും കർശന സുരക്ഷയുമൊരുക്കി പിഎസ്‌സി പരീക്ഷ; വില്ലേജ് എക്‌സറ്റൻഷൻ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിച്ചത് 15 മിനിറ്റ് മുമ്പ് മാത്രം; വാച്ചും പഴ്‌സും കുപ്പിവെള്ളവും പോലും പരീക്ഷാ ഹാളിന് പുറത്ത്; അർഹരായവർക്ക് ഇനിയെങ്കിലും അവസരം ലഭിക്കും എന്ന പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷാകേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി പിഎസ്‌സി പരീക്ഷ. ഇന്ന് നടന്ന വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇതുവരെ ഇല്ലാത്ത വ്യവസ്ഥകളോടെ നടത്തിയത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ കമ്മീഷൻ നടപ്പിലാക്കിയത്.

ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടമായി കർശന സുരക്ഷയിൽ പിഎസ്‌സി പരീക്ഷ നടത്തിയത്. നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷ നാലും അഞ്ചും തവണകളായാണ് ഇത്തവണ പിഎസ്‌സി നടത്തുന്നത്. മുൻകാലങ്ങളിൽ വാച്ചും പേഴ്‌സും കുപ്പിവെള്ളവും ക്ലാസ് മുറികളിൽ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ അവയൊക്കെ പുറത്തു പ്രത്യേകം മുറിയിൽ വച്ച ശേഷമാണ് ഉദ്യോഗാർഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പരീക്ഷ സെന്ററിനുള്ളിൽ ഉദ്യോഗാർഥികൾക്കൊപ്പം വന്നവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ടിന് മുമ്പ് മാത്രമാണ് ഉദ്യോഗാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. 14 ജില്ലകളിലുമായി മൊത്തം 12, 54, 961 അപേക്ഷകരാണുള്ളത്. രണ്ടരലക്ഷം ഉദ്യോഗാർഥിക്കുള്ള സൗകര്യം മാത്രമാണ് ഒരു ദിവസം പിഎസ്‌സി ഒരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും കോഴിക്കോടും 850 സെന്ററുകളിലായി ആദ്യഘട്ട പരീക്ഷ നടത്തിയത്. തിരുവനന്തപുരത്ത് 1, 24,162 പേരും 80,282 പേരുമാണ് പരീക്ഷ എഴുതിയത്.

നേരത്തെ 1, 56, 610 പേർ തലസ്ഥാനത്ത് വിഇഒ പരീക്ഷയെഴുത്താൻ അപേക്ഷിച്ചിരുന്നെങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകാത്തതിനെ തുടർന്ന് ബാക്കിയുള്ളവരുടെ അപേക്ഷകൾ പിഎസ്‌സി റദ്ദാക്കുകയായിരുന്നു. കോഴിക്കോട് 28, 883 പേരെയും ഒഴിവാക്കി. രണ്ടാം ഘട്ടം ഒക്ടോബർ 26ന് കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകൾക്കും പരീക്ഷ നടക്കും.

രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിലെത്തിയ ഉദ്യോഗാർത്ഥികൾക്ക് സ്‌കൂളുകൾക്കുള്ളിലേക്ക് പോലും പ്രവേശനം അനുവദിച്ചിരുന്നില്ല. പലയിടങ്ങളിലും കനത്ത മഴ പെയ്തതോടെ ഉദ്യോഗാർത്ഥികളും വലഞ്ഞു. എന്നാൽ, കർശന നിയന്ത്രണങ്ങൾ അർഹരായവർക്ക് അവസരം നഷ്ടമാകാതിരിക്കാൻ കാരണമാകും എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും നിലപാട്.

യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയൻ(കാസർഗോഡ്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമാണ്. നസീം 28ാം റാങ്കുകാരനാണ്. വിദ്യാർത്ഥിയെ കുത്തിയ കേസിൽ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും പ്രണവ് 17ാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത്തിന് 78.33 മാർക്കും പ്രണവിന് 78 മാർക്കുമാണ് പരീക്ഷയിൽ ലഭിച്ചത്. വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ തയാറായിട്ടില്ല.

അതിനിടെ, പരീക്ഷാ തട്ടിപ്പ് നടന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ 7 റാങ്ക് ലിസ്റ്റുകളിലെയും ആദ്യ 100 പേരുടെ ഫോൺ നമ്പരുകൾ പരിശോധിക്കാനുള്ള നീക്കം പൊലീസ് അവസാനിപ്പിച്ചു. എഴുന്നൂറിലധികം പേരുടെ ഫോൺ വിവരങ്ങൾ പിഎസ്‌സി ഡിജിപിക്ക് കൈമാറിയെങ്കിലും കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഒരു വർഷം കഴിഞ്ഞതിനാൽ വിവരങ്ങൾ ശേഖരിക്കാനാകില്ലെന്നാണ് ഹൈടെക്‌സെല്ലും അറിയിച്ചിരിക്കുന്നത്.

പിഎസ്‌സിയിൽ ഒറ്റത്തവണ റജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ഉദ്യോഗാർഥികൾ നൽകിയ നമ്പരുകൾ ഡിജിപി വഴി ക്രൈം എഡിജിപിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഈ നമ്പരുകൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ തട്ടിപ്പു പുറത്തുവരുമെന്നായിരുന്നു പിഎസ്‌സിയുടെ കണക്കൂകൂട്ടൽ. എന്നാൽ നിയമനതട്ടിപ്പ് രാഷ്ട്രീയ വിവാദമായതോടെ ഫോൺ നമ്പരുകൾ പരിശോധിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഒരു വർഷം കഴിഞ്ഞതിനാൽ രേഖകൾ കിട്ടില്ലെന്നാണ് വാദം. എന്നാൽ, പൊലീസിന്റെ ഈ വാദം തെറ്റാണെന്നു സൈബർ വിദഗ്ദ്ധർ പറയുന്നു. ഒരു വർഷത്തെ ഡേറ്റ മാത്രമേ മൊബൈൽ കമ്പനികൾ ഓൺലൈനിൽ സൂക്ഷിക്കാറുള്ളൂ. എന്നാൽ 7 വർഷം വരെയുള്ള ഡേറ്റ കമ്പനികളുടെ കയ്യിലുണ്ടാകും. ദേശീയ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ കമ്പനികൾ ഇത്തരത്തിൽ ഡേറ്റ നൽകാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP