Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആട്ടിൻ സൂപ്പിൽ കീടനാശിനി കൊടുത്ത് ആദ്യ കൊലപാതകം; ബാക്കി അഞ്ച് പേരേയും സയ്‌നൈയ്ഡ് കൊടുത്തു കൊന്നു; ജോളി ആറു കൊലപാതകങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ; അന്നമ്മയേയും സിലുവിനേയും കൊല്ലാൻ നേരത്തെ ശ്രമിച്ചിരുന്നുവെന്നും കുറ്റസമ്മതം; പൊലീസ് നൽകിയ ചുവന്ന ചുരിദാറിൽ് മുഖ മറയ്ക്കാതെ ഒരു ദിവസം മുഴുവൻ നടന്ന തെളിവെടപ്പിൽ സഹകരിച്ച് ജോളി; അന്വേഷണ സംഘത്തിന് പിന്നാലെ മാധ്യമങ്ങളും ആൾക്കൂട്ടവും; ദുരൂഹതകൾ അവസാനിക്കാതെ കൂടത്തായി കേസ് തുടരുന്നു

ആട്ടിൻ സൂപ്പിൽ കീടനാശിനി കൊടുത്ത് ആദ്യ കൊലപാതകം; ബാക്കി അഞ്ച് പേരേയും സയ്‌നൈയ്ഡ് കൊടുത്തു കൊന്നു; ജോളി ആറു കൊലപാതകങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ; അന്നമ്മയേയും സിലുവിനേയും കൊല്ലാൻ നേരത്തെ ശ്രമിച്ചിരുന്നുവെന്നും കുറ്റസമ്മതം; പൊലീസ് നൽകിയ ചുവന്ന ചുരിദാറിൽ് മുഖ മറയ്ക്കാതെ ഒരു ദിവസം മുഴുവൻ നടന്ന തെളിവെടപ്പിൽ സഹകരിച്ച് ജോളി; അന്വേഷണ സംഘത്തിന് പിന്നാലെ മാധ്യമങ്ങളും ആൾക്കൂട്ടവും; ദുരൂഹതകൾ അവസാനിക്കാതെ കൂടത്തായി കേസ് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. അന്വേഷണവുമായി ജോളി സഹകരിക്കുന്നുണ്ട്. ജോളിയുടെ മൊഴിയെടുപ്പ് ക്യാമറയിലും ചിത്രീകരിക്കുന്നുണ്ട്. കസ്റ്റഡിയിലെ ആദ്യ ദിവസം തന്നെ പൊലീസ് പരമാവധി തെളിവെടുപ്പ് പൂർത്തിയാക്കി. എല്ലായിടത്തും വൻ ജനക്കൂട്ടമാണ് ജോളിയെ കാണാനെത്തിയത്. മാധ്യമ പടയും പിന്തുടർന്നു. തെളിവെടുപ്പും കുറ്റസമ്മത മൊഴിയും പൊലീസിന് പ്രതീക്ഷയാണ്. കേസുകൾ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലേക്ക് അവർ എത്തുകയാണ്.

കുളായാണ് ജോളി കുറ്റസമ്മതം നടത്തിയത്. ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകളെ താനല്ല കൊന്നതെന്ന് ആദ്യം ജോളി പറഞ്ഞതായി സൂചനയുണ്ടായിരുന്നു. എന്നാൽ രാത്രിയോടെ ലഭിക്കുന്ന സൂചനകളാണ് എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദി താനാണെന്ന് ജോളി സമ്മതിച്ചെന്ന് വ്യക്തമാക്കുന്നത്. അന്നമ്മയെ വധിക്കാൻ അതിനു മുൻപ് ഒരു തവണയും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്നു കണ്ടെടുത്ത ബ്രൗൺ നിറത്തിലുള്ള പൊടി സയനൈഡ് ആണെന്ന് പൊലീസിന് സംശയമുണ്ട്. രാസപരിശോധനയിലൂടെ ഇതു വ്യക്തമാകും. 2008ലാണ് ജോളിക്ക് ആദ്യമായി സയനൈഡ് നൽകിയതെന്നു അറസ്റ്റിലായ ദിവസം തന്നെ എം.എസ്.മാത്യു പൊലീസിനു മൊഴി നൽകിയിരുന്നു. ഇത് റോയിയുടെ പിതാവ് ടോം തോമസിനെ കൊലപ്പെടുത്താനാണ് ഉപയോഗിച്ചത്. ഈ പൊടി സയ്‌നൈയ്ഡാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും.

ഷാജുവിന്റെ മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചിരുന്നു. എന്നാൽ, ആൽഫൈനിനു സയനൈഡ് നൽകിയിരുന്നോ എന്ന് ഓർമയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. ഇതോടെ എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തു. താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയിൽ ജോളിയുടെ മടിയിൽ കുഴഞ്ഞുവീണാണു സിലി മരിച്ചത്.

സമാനലക്ഷണങ്ങളുമായി മുൻപ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരൻ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറഞ്ഞത്. ഷാജുവിനെ വിവാഹം ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. അൽഫൈന്റെ മരണം അന്വേഷിക്കുന്ന സംഘവും ഷാജുവിന്റെയും പിതാവിന്റെയും മൊഴിയെടുക്കാനെത്തി. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന ദിവസം നടന്ന വിരുന്നിൽ ആൽഫൈൻ ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണ മുറിയും പരിശോധിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഷാജുവും സക്കറിയാസും അറിയിച്ചു. വൈകിട്ട് 3.30ന് എത്തിയ തിരുവമ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 2 മണിക്കൂറോളം മൊഴിയെടുക്കൽ തുടർന്നു.

കൂടത്തായി മുതൽ എൻ ഐ ടി വരെ

കൂടത്തായി കൊലപാതകങ്ങളിലെ പൊലീസിന്റെ തെളിവെടുപ്പ് പകൽ മുഴുവൻ നീണ്ടു. താമരശ്ശേരിയിലും കോടഞ്ചേരിയിലുമായി 6 പേർ മരിച്ച 4 ഇടത്തും ജോളി ജോസഫ് പതിവായി എത്തിയിരുന്ന എൻഐടി പരിസരത്തുമായിരുന്നു തെളിവെടുപ്പ്. യാത്രയിലുടനീളം സസ്പൻസ് നിലനിർത്തിയ അന്വേഷണ സംഘം ഇടയ്ക്ക് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഏവരേയും ഞെട്ടിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ വടകര റൂറൽ എസ്‌പി ഓഫിസിൽ നിന്ന് വൻ പൊലീസ് സംഘം പുറപ്പെട്ടതു രാവിലെ 9.15ന്. അറസ്റ്റിലായ ശേഷം കൂടത്തായിയിൽ ആദ്യമായെത്തുന്ന ജോളിയെ കാണാൻ അയൽക്കാരും നാട്ടുകാരും രാവിലെ മുതൽ കൂടിയിരുന്നു. പതിനൊന്നോടെ എത്തിച്ച ജോളിയെ 20 മിനിറ്റോളം വീട്ടുമുറ്റത്ത് വാഹനത്തിൽ ഇരുത്തിയ ശേഷമാണ് ഇറക്കിയത്. ഇരുനില വീടിന്റെ മുക്കുംമൂലയും വരെ ജോളിയെ എത്തിച്ച് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ ബ്രൗൺ നിറത്തിലുള്ള പൊടി, ഗുളികകൾ, ഒഴിഞ്ഞ കുപ്പി, ഡയറി തുടങ്ങിയവ വീട്ടിൽനിന്ന് കണ്ടെടുത്തു. ടോം, അന്നമ്മ എന്നിവർ മരിച്ചു കിടന്ന ഡൈനിങ് ഹാൾ, റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലും ജോളിയെ കൊണ്ടുപോയി. സയനൈഡ് എത്തിച്ചു നൽകിയ ഡൈനിങ് ഹാളിലേക്ക് എം.എസ്. മാത്യുവിനെ കൊണ്ടുപോയ സംഘം ഇരുവരെയും ഒരുമിച്ചിരുത്തി വിവരങ്ങൾ ആരാഞ്ഞു. ഒരു കുപ്പിയിലെ സയനൈഡ് പൂർണമായും ഉപയോഗിക്കുകയും രണ്ടാമത്തെ കുപ്പി ഒഴുക്കിക്കളയുകയും ചെയ്‌തെന്ന് ജോളി അറിയിച്ചു. മൂന്നാം പ്രതി പ്രജികുമാറിനെ വാഹനത്തിൽ നിന്ന് ഇറക്കിയതേയില്ല. തെളിവെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. പിന്നീട് അര കിലോമീറ്റർ അകലെ റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട വീട്ടിലേക്കാണ് തുടർന്നു പോയത്. ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നതും സംഭവദിവസം മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയതും ജോളി വിവരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുകൂടിയായാണ് ജോളി.

സിലിയുടെയും മകൾ ആൽഫൈന് വിഷബാധയേറ്റ കോടഞ്ചേരി പുലിമറ്റത്തെ വീട്ടിൽ ഉച്ചയ്ക്കു ശേഷം പെരുമഴയത്താണ് എത്തിയത്. ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട െഡന്റൽ ക്ലിനിക്കിലായിരുന്നു അടുത്ത തെളിവെടുപ്പ്. ആളുകളെ പൂർണമായി ഒഴിപ്പിച്ചിരുന്നു. ജോളിയെ അകത്തെത്തിച്ച്, സിലിയെ കൊലപ്പെടുത്തിയ രീതി ചോദിച്ചുറപ്പിച്ചു. സംഭവദിവസം കുടുംബ സുഹൃത്ത് കൂടിയായ ക്ലിനിക് ഉടമ പൊന്നാമറ്റം കുടുംബത്തിലെതന്നെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ വിവാഹത്തിൽ കൂടിയ ശേഷമാണ് ജോളിയും ഷാജുവും സിലിയെയും കൊണ്ട് ക്ലിനിക്കിലെത്തിയത്. താമരശ്ശേരിയിൽ നിന്നു നേരെ വടകരയിലേക്കെന്ന മട്ടിൽ പുറപ്പെട്ട സംഘം അപ്രതീക്ഷിതമായി എൻഐടിയിലെ തെളിവെടുപ്പിനായി തിരിക്കുകയായിരുന്നു. ആദ്യമെത്തിയത് ജോളി പതിവായി പോകാറുണ്ടായിരുന്ന ബ്യൂട്ടി പാർലറിൽ. ജോളി വാഹനത്തിൽത്തന്നെ ഇരുന്നതേയുള്ളു.

തുടർന്ന്, ജോളി എത്താറുണ്ടായിരുന്ന കമ്പനിപ്പടി സെന്റ് തോമസ് ചർച്ചിൽ കയറി. ഇവിടെ ജോളിയുടെ സാന്നിധ്യത്തിൽ വികാരിയുമായി സംസാരിച്ചു. പിന്നീട്, ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിവരം ലഭിച്ച വ്യക്തിയുടെ സ്റ്റേഷനറി കടയ്ക്കു മുന്നിലും ഇറങ്ങി. ഏറ്റവുമൊടുവിൽ എൻഐടി കന്റീനിൽ ജോളിയെ എത്തിച്ച് ജീവനക്കാരോട് വിവരങ്ങൾ തേടി. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ഇവർ മൊഴി നൽകി.

വസ്ത്രം വാങ്ങി നൽകി പൊലീസ്

ജോളിക്കു പുതിയ വസ്ത്രം വാങ്ങി നൽകിയതു പൊലീസാണ്. 5 നു രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ 2 വസ്ത്രങ്ങളാണ് ജയിലിൽ ജോളി മാറി മാറി ധരിച്ചത്. റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്. രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്‌പെക്ടർ പി.എം. മനോജിന്റെ നിർദ്ദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്.

അതിനിടെ ജോളിയെ കുറ്റപ്പെടുത്തി സഹോദരനും രംഗത്ത് വന്നു. ജോളിക്ക് എത്ര പണം കിട്ടിയാലും തികയാറില്ലായിരുന്നെന്ന് സഹോദരൻ നോബി വിശദീകരിച്ചു. പണം ആവശ്യപ്പെട്ട് എപ്പോഴും ജോളി വിളിക്കാറുണ്ടായിരുന്നു. ഭർത്താവ് റോയിയുടെ മരണശേഷം ജോളിക്കും മക്കൾക്കും ചെലവിന് നൽകി. ജോളിക്ക് ജോലി ഇല്ലെന്ന കാര്യം മുൻപുതന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും സഹായിക്കണമെന്നും പറയാറുണ്ട്. മക്കളുടെ പഠനത്തിനുള്ള ഫീസും പിതാവാണ് നൽകിയിരുന്നത്. എന്നാൽ ജോളിക്ക് പണത്തോട് ആർത്തിയുണ്ടായിരുന്നു. എത്രകിട്ടിയാലും ആവശ്യങ്ങൾ ബാക്കിയാണ്. ജോളിയുടെ ധൂർത്ത് അച്ഛൻ എതിർത്തിരുന്നു. ഇതിനെപ്പറ്റി പല തവണ ജോളിയോട് താനും പിതാവും പരാതിപ്പെട്ടിട്ടുണ്ട്. ഈ ധൂർത്ത് കാരണം മക്കൾക്ക് ആവശ്യമായ പണം അവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ഇട്ടുകൊടുക്കുകയാണു പതിവ്. ഇതേപ്പറ്റിയും ജോളി പരാതി പറയാറുണ്ട്. കഴിഞ്ഞ ഓണത്തിനാണ് ജോളി അവസാനമായി കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്ന് തിരികെ പോകും വഴിയും പണം നൽകിയതായി നോബി പറഞ്ഞു.

ജോളിയുടെ ഫോണും പൊലീസിന് കിട്ടി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെയും ജോളിയുടെ മക്കളെയും കണ്ട് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കാനെത്തിയപ്പോഴാണ് ഫോൺ കൈമാറിയത്. റോയി നേരത്തേ ഇവിടെ വന്നിരുന്നതായും വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞതായും വൈക്കത്തെ കുടുംബ സുഹൃത്ത് പൊലീസിനു മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP