Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുർഭരണത്തിനും ആഭ്യന്തര യുദ്ധങ്ങൾക്കും പട്ടിണിക്കും പേര് കേട്ട എത്യോപ്യയെ ഒരു വർഷം കൊണ്ട് സമാധാനത്തിന്റെ രാജ്യമാക്കി മാറ്റിയ 43 കാരൻ; ഒരൊറ്റ മാധ്യമ പ്രവർത്തകർ പോലും ജയിലില്ലാത്ത കാലം സൃഷ്ടിച്ച സമാധാന വാദി; ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് ശുദ്ധവായു കയറ്റി വിട്ട വിപ്ലവകാരി; സമാധാനത്തിന്റെ നോബൽ സമ്മാനം ഡോക്ടർ അബി അഹമ്മദ് അലിയിൽ എത്തുമ്പോൾ അഭിമാനിക്കാവുന്നത് സ്വീഡിഷ് അക്കാഡമിക്ക് തന്നെ

ദുർഭരണത്തിനും ആഭ്യന്തര യുദ്ധങ്ങൾക്കും പട്ടിണിക്കും പേര് കേട്ട എത്യോപ്യയെ ഒരു വർഷം കൊണ്ട് സമാധാനത്തിന്റെ രാജ്യമാക്കി മാറ്റിയ 43 കാരൻ; ഒരൊറ്റ മാധ്യമ പ്രവർത്തകർ പോലും ജയിലില്ലാത്ത കാലം സൃഷ്ടിച്ച സമാധാന വാദി; ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് ശുദ്ധവായു കയറ്റി വിട്ട വിപ്ലവകാരി; സമാധാനത്തിന്റെ നോബൽ സമ്മാനം ഡോക്ടർ അബി അഹമ്മദ് അലിയിൽ എത്തുമ്പോൾ അഭിമാനിക്കാവുന്നത് സ്വീഡിഷ് അക്കാഡമിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

എത്യോപ്യ: 2018 ജൂലൈ മാസം എത്യോപ്യൻ പ്രധാനമന്ത്രിയായി ഡോക്ടർ അബി അഹമ്മദ് അലി അധികാരമേൽക്കുമ്പോൾ രാജ്യം അത്ര നാളും കടന്ന് പോയ്‌ക്കൊണ്ടിരുന്ന ആഭ്യന്തര പ്രശ്‌നങ്ങൾക്കും രക്തരൂഷിതമായ എത്യോപ്യ-എറിത്രിയ യുദ്ധത്തിനും സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും ഉണ്ടാകാൻ പോകുന്ന മാറ്റത്തെപ്പറ്റി ആരും ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ദീർഘകാലം രാജ്യം ഭരിച്ച ഹെയ്‌ലി മറിയം ദെസാലെ, 3 വർഷം നീണ്ട രാഷ്ട്രീയ, ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ രാജിവച്ചപ്പോൾ പുതിയതായി വരുന്ന പ്രധാനമന്ത്രിയെപ്പറ്റി സ്വാഭാവികമായിട്ടും ജനങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് വർഷം കൊണ്ട് എത്യോപ്യയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ആബി അഹമ്മദ് അലി ലോകനേതാക്കൾക്കിടയിൽ വാഴ്‌ത്തപ്പെടാൻ തുടങ്ങി.

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം തേടിയെത്തിയപ്പോഴായിരിക്കും പലരും എത്യോപ്യൻ പ്രധാനമന്ത്രിയായ ആബി അഹമ്മദ് അലിയെക്കുറിച്ച് അന്വേഷിക്കുന്നത്. അന്താരാഷ്ട്ര സഹകരണവും ലോകസമാധാനവും നിലനിർത്തുന്നതിലും പ്രത്യേകിച്ച്, എത്യോപ്യയും അയൽരാജ്യമായ എറിത്രിയയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിലും ആബി അഹമ്മദ് അലിക്കുള്ള പങ്കായിരുന്നു നൊബേൽ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. പ്രധാനമന്ത്രി ആയി വെറും മൂന്ന് മാസങ്ങൾക്ക് ശേഷം എത്യോപ്യയുടെ ഏറ്റവും വലിയ ശത്രുവായ എറിത്രിയിയിലേക്ക് അദ്ദേഹം അതിർത്തി കടന്നെത്തി. എറിത്രിയയുടെ തലസ്ഥാനമായ അസ്മാരയിൽവെച്ച് പ്രസിഡന്റ് ഇസായസ് അഫ്വർക്കിയെ ആലിംഗനം ചെയ്തുകൊണ്ട് കഴിഞ്ഞ 20 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ നടന്ന് കൊണ്ടിരുന്ന യുദ്ധം തങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് ഇരുവരും ചേർന്ന് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാളായ അഹമ്മദ് അലിയുടെ അന്നത്തെ ഇടപെടൽ ഇന്നും ചരിത്ര മുഹൂർത്തമായി വിലയിരുത്തപ്പെടുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദീർഘമായ സംഘർഷങ്ങളിലൊന്നായിരുന്നു എത്യോപ്യയും എറിത്രിയയും തമ്മിലുള്ളത്. പ്രശ്‌നപരിഹാരത്തിന് ശേഷം രണ്ടു പതിറ്റാണ്ട് മുടങ്ങിക്കിടന്ന വാർത്താവിനിമയ, ഗതാഗത പാതകൾ തുറക്കുകയും എംബസികൾ പ്രവർത്തനം പുനരാരംഭിക്കുകയും യുഎൻ ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കപ്പെടുകയും ചെയ്തു. ആഫ്രിക്കയിലെ സമാധാനത്തിന്റെ തുടക്കമായിരുന്നു അത്. അബി അഹ്മദ് പിന്നെയും ഇത്യോപ്യയിൽ അമ്പരപ്പിക്കുന്ന തീരുമാനങ്ങളെടുത്തു. പ്രതിപക്ഷ ഗ്രൂപ്പുകൾക്കു മേലുണ്ടായിരുന്ന വിലക്കു നീക്കി. ആയിരക്കണക്കിനു രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. ഭരണകൂടത്തിനെതിരെ നിന്നതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നവരെ തിരികെ കൊണ്ടുവന്നു. യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ് അടക്കമുള്ളവർ മടങ്ങിയെത്തി. കമ്യൂണിസ്റ്റ് ഭരണത്തിൽ 1988 ൽ പാത്രിയർക്കീസായി വാഴിക്കപ്പെടുകയും ആ സർക്കാരിന്റെ തകർച്ചയെ തുടർന്ന് 1991 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുഎസിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്യുകയുമായിരുന്നു മെർക്കോറിയോസ്.

എത്യോപ്യയുടെ ചരിത്രത്തിൽ തന്നെ ഒരു മാധ്യമപ്രവർത്തകനും ജയിലില്ലാത്ത കാലമാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് സ്ത്രീപുരുഷ തുല്യതയുള്ള സർക്കാർ ഭരിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് എത്യോപ്യ. ഇതിനിടെ, ഇത്യോപ്യൻ സമ്പദ്‌വ്യവസ്ഥയെ തുറന്നു കൊടുത്തു കൊണ്ട്, സ്വകാര്യനിക്ഷേപങ്ങൾക്കു വഴി തുറന്നു. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ വ്യക്തിപരമായി ഇടപെട്ടതടക്കം വിദേശരാജ്യങ്ങളുമായുള്ള എത്യോപ്യയുടെ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവന്നു.

എത്യോപ്യയിലെ ബേഷഷ എന്ന സ്ഥലത്ത് അഹമ്മദ് അലി-ടെസെറ്റ വേൾഡേ ദമ്പതികളുടെ മകനായി 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദ് അലിയുടെ ജനനം. പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസറായിരുന്ന അബി അതിനു ശേഷമാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹം എത്യോപ്യൻ പീപ്പിൾ റെവല്യൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും ഒറോമോ ഡെമോക്രാറ്റിക് പാർട്ടിയുടെയുടെയും ചെയർമാനായി മാറി. എത്യോപ്യൻ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഗോണ്ടറിൽ നിന്നുള്ള സിനാഷ് തയാചെവിനെ അദ്ദേഹം കണ്ടുമുട്ടി വിവാഹം കഴിച്ചു. മൂന്ന് പെൺമക്കളുടെ മാതാപിതാക്കളണ് ഇരുവരും. അടുത്തിടെ ഒരു മകനെക്കൂടി ദത്തെടുത്തു. അഫാൻ ഒറോമോ, അംഹാരിക്, ടിഗ്രിന്യ, ഇംഗ്ലീഷ് എന്നീ ഭാഷകൾ അബിക്ക് അറിയാം.

സമാധാനത്തിന്റെ പാതയിലേക്ക് എത്യോപ്യയെ നയിച്ചെങ്കിലും നിരവധി പ്രശ്‌നങ്ങളാണ് അഹമ്മദ് അലിയെ കാത്തിരിക്കുന്നത്. ഇപ്പോഴും ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങളെ എതിർക്കുന്ന അനേകം പേർ എത്യോപ്യയിലുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളുമുണ്ടാകുമെന്നു കരുതുന്നവരാണ് കൂടുതലും. ഇതൊക്കെ തരണം ചെയ്താൽ ലോകം കണ്ട മികച്ച നേതാവായി അബി അഹമ്മദ് അലി മാറും. നോബേൽ സമ്മാനം ലഭിച്ചതിന് ശേഷം എല്ലാ ഇത്യോപ്യക്കാരുടെയും കൂട്ടായ വിജയമാണിത്. ഇത്യോപ്യയെ സമൃദ്ധമായ രാജ്യമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഇതു കരുത്തു പകരും. രാജ്യമെന്ന നിലയിൽ ഞങ്ങൾ ഇന്ന് അഭിമാനിതരായിരിക്കുന്നു എന്ന് അഹമ്മദ് അലി പറഞ്ഞു. എന്തായാലും സമാധാനത്തിന്റെ നോബൽ സമ്മാനം ഡോക്ടർ അബി അഹമ്മദ് അലിയിൽ എത്തുമ്പോൾ അഭിമാനിക്കാവുന്നത് സ്വീഡിഷ് അക്കാഡമിക്ക് തന്നെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP