Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിദ്ദയ്ക്ക് സമീപം ചെങ്കടലിലൂടെ പോയ ഇറാനിയൻ എണ്ണ കപ്പൽ ആക്രമിക്കപ്പെട്ട സംഭവം; സൗദിയെ തീർക്കാൻ രണ്ടും കൽപ്പിച്ച് ഇറാൻ; ആക്രമണം കാരണമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണമുൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം സൂത്രധാരന്മാർക്കെന്ന് മുന്നറിയിപ്പ്; സൗദിയിൽ അടിയന്തര സൈനിക വിന്യാസം നടത്തി അമേരിക്കയും; പാട്രിയോട്ട് മിസൈലുകൾ അടക്കം വൻ ഒരുക്കം; യുദ്ധഭീതി വീണ്ടും കനത്തു

ജിദ്ദയ്ക്ക് സമീപം ചെങ്കടലിലൂടെ പോയ ഇറാനിയൻ എണ്ണ കപ്പൽ ആക്രമിക്കപ്പെട്ട സംഭവം; സൗദിയെ തീർക്കാൻ രണ്ടും കൽപ്പിച്ച് ഇറാൻ; ആക്രമണം കാരണമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണമുൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം സൂത്രധാരന്മാർക്കെന്ന് മുന്നറിയിപ്പ്; സൗദിയിൽ അടിയന്തര സൈനിക വിന്യാസം നടത്തി അമേരിക്കയും; പാട്രിയോട്ട് മിസൈലുകൾ അടക്കം വൻ ഒരുക്കം; യുദ്ധഭീതി വീണ്ടും കനത്തു

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ ചെങ്കടലിൽ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തോടെ വീണ്ടും യുദ്ധഭീതിയിലേക്ക് ലോകം. സൗദിയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ സൗദിക്കെതിരെ അതിശക്തമായ നടപടിക്ക് ഇറാൻ ഒരുങ്ങുമെന്നാണ് സൂചന. രണ്ടും കൽപ്പിച്ച് ഇറാൻ അതിശക്തമായി തിരിച്ചടിക്കുമെന്ന സൂചനകൾ മേഖലയിൽ വീണ്ടും പരിഭ്രാന്തി പരത്തുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സൗദിയും തയ്യാറെടുക്കുന്നു. സൗദിക്ക് പിന്തുണയുമായി അമേരിക്കയും. ഇതോടെ ഇറാൻ അതിശക്തമായ ഇടപെടൽ നടത്തിയാൽ അതൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകുമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ കപ്പലിനെ തകർത്തതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സൗദിയിലെ എണ്ണപ്പാടങ്ങളിലേക്ക് ഹൂതി വിമതർ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് സൗദി ആരോപിച്ചിരുന്നു. ഇത് ഇറാൻ നിഷേധിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് ഇറാൻ പറയുന്നത്. ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ ചെങ്കടലിൽ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് വാദവും ഉയർന്നു കഴിഞ്ഞു. എന്നാൽ സൗദിയിൽ നിന്നാണ് മിസൈൽ എത്തിയതെന്ന നിഗമനത്തിലാണ് ഇറാൻ. അതുകൊണ്ടാണ് ഇറാൻ സൗദിക്കെതിരെ തിരിയുന്നത്.

ഗൾഫ് സമുദ്ര മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് കപ്പൽ ആക്രമണമെന്നാണ് കരുതുന്നത്. സൗദി തീരത്തു നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ തീവ്ര ശ്രമം തുടരുകയാണ്. കപ്പൽ ആക്രമണം ഇറാനും സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളാക്കിയേക്കും. സൗദി എണ്ണകേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് സൗദി ആരോപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന എണ്ണകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ അമേരിക്ക രൂപവത്കരിച്ച സൈനിക സുരക്ഷാ സഖ്യത്തിന് സൗദി അറേബ്യയും യു.എ.ഇയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രത്യേക സാഹചര്യത്തിൽ സൗദിക്ക് സംരക്ഷണമൊരുക്കാൻ അമേരിക്കയും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. രണ്ട് സ്‌ക്വർഡൺ എഫ് 15 വിമാനങ്ങളും സൗദിയിലേക്ക് അമേരിക്ക അയച്ചു. പാട്രിയോട്ട് മിസൈലും എത്തിച്ചു. ഇറാന്റെ മിസൈൽ ആക്രമണം മുന്നിൽ കണ്ടാണ് ഇത്. ചാവുകടലിലെ ആക്രമണത്തിന് സൗദി വില നൽകേണ്ടി വരുമെന്ന ഇറാൻ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സൈനിക നീക്കം. രണ്ട് വ്യത്യസ്തങ്ങളായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൗദിയിൽ അമേരിക്ക എത്തിച്ചിട്ടുണ്ട്. കൂടുതലായി 1800ഓളം സൈനികരേയും എത്തിക്കും. സൗദിയിലെ അടിയന്തര സൈനിക വിന്യാസം അമേരിക്കയും സ്ഥിരീകരിക്കുന്നുണ്ട്.

ചെങ്കടലിൽ 2 മിസൈലുകളേറ്റ് ടാങ്ക് തകർന്നതിനെത്തുടർന്ന് ഇറാനിയൻ കപ്പലിൽ നിന്ന് കടലിലേക്ക് എണ്ണ ചോർന്നു. കപ്പൽ സുരക്ഷിതമാണെന്നും ചോർച്ച പരിഹരിച്ചു വരികയാണെന്നും ഇറാൻ വ്യക്തമാക്കിയെങ്കിലും ആഗോള വിപണിയിൽ എണ്ണവില 2 % ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാനിലെ ലാറക് തുറമുഖത്തേക്കു വരുമ്പോഴാണ് നാഷനൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'സാബിത്തി' ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പിന്നീട് ഇറാന്റെ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിനു തീ പിടിച്ചിട്ടില്ലെന്ന് ടാങ്കർ കമ്പനി (എൻഐടിസി) പ്രതികരിച്ചതും ആക്രമിക്കപ്പെട്ട കപ്പൽ ഏതെന്നു സ്ഥിരീകരണം ലഭിക്കാഞ്ഞതും തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കി.

മിസൈലാക്രമണമാണ് സ്‌ഫോടനത്തിനുകാരണമെന്ന് കരുതുന്നതായി നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനി പറഞ്ഞു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും വ്യക്തമാക്കി. എന്നാൽ, ജീവനക്കാരെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടുമിസൈലുകളാണ് കപ്പലിനെ ആക്രമിച്ചതെന്നും ആക്രമണത്തിൽ കപ്പലിനു കാര്യമായ കേടുപാടുണ്ടായെന്നും ഇറാൻ ഔദ്യോഗികവാർത്താ ഏജൻസിയായ ഇർന റിപ്പോർട്ടുചെയ്തു. ചെങ്കടലിന്റെ കിഴക്ക് കപ്പൽ കടന്നുപോകുകയായിരുന്ന ഇടനാഴിയുടെ വളരെയടുത്തുനിന്നാണ് ആക്രമണമുണ്ടായതെന്ന് സൗദിയെ പരോക്ഷമായി സൂചിപ്പിച്ച് ഇറാൻ വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു. ആക്രമണം കാരണമുണ്ടാകുന്ന പരിസ്ഥിതിമലിനീകരണമുൾപ്പെടെയുള്ള ഗുരുതരപ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം ഇതിന്റെ സൂത്രധാരന്മാർക്കായിരിക്കുമെന്നും മന്ത്രാലയവക്താവ് അബ്ബാസ് മൗസവി പറഞ്ഞു.

സൗദിയിലെ അരാംകോ എണ്ണശാലയ്ക്കുനേരെ ആക്രമണമുണ്ടായി ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ ഉണ്ടായ പുതിയ സംഭവം മേഖലയിൽ പൊതുവേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ആക്രമണത്തെപ്പറ്റി സൗദിയോ ഈ മേഖലയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽവ്യൂഹമോ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തെ സൂയസ് കനാൽ വഴി മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്നതാണ് ചെങ്കടൽ. കടുത്ത ശത്രുക്കളായ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വർധിച്ചിട്ടും മേഖലയിൽ ചരക്കുനീക്കത്തിന് ഇതുവരെ കാര്യമായ തടസ്സമില്ലായിരുന്നു.

ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത വഷളായതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ കടുത്ത സുരക്ഷാഭീഷണി നിലനിൽക്കുന്നതിനിടെയാണ് പുതിയസംഭവം. മെയ്‌ മുതൽ രണ്ടുരാജ്യങ്ങളുടെയും എണ്ണക്കപ്പലുകൾക്കും എണ്ണസംസ്‌കരണശാലകൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. സൗദിയിലെ ഏറ്റവുംവലിയ എണ്ണസംസ്‌കരണശാലയായ അരാംകോയ്ക്കുനേരെ യെമെനിലെ ഹൂതിവിമതർ ആക്രമണം നടത്തിയതിന് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇറാൻ കപ്പൽ ആക്രമിക്കപ്പെടുന്നത്. നേരത്തേ ഇറാന്റെ ഉടമസ്ഥതയിലുള്ള ഗ്രേസ്-1 എന്ന കപ്പൽ ബ്രിട്ടനും ബ്രിട്ടന്റെ സ്റ്റെനാ ഇംപെരോയെന്ന എണ്ണക്കപ്പൽ ഇറാനും പിടിച്ചെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയുംചെയ്തിരുന്നു. മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരും ഈ കപ്പലുകളിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP