Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നദികളിലെയും പുഴകളിലെയും മണൽ നീക്കൽ സമയബന്ധിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; മണൽ നീക്കൽ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം

നദികളിലെയും പുഴകളിലെയും മണൽ നീക്കൽ സമയബന്ധിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; മണൽ നീക്കൽ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയത്തിലും കനത്ത മഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പുഴകളുടെയും നദികളുടെയും സംരക്ഷണ ത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ടി.എൻ. സീമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മണൽ നീക്കൽ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് കമ്മിറ്റി.

പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടർമാർക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണൽ നീക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാർ ഡാമുകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ നീക്കാൻ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും കീഴിലുള്ള ഡാമുകളിൽ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കാലവർഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിയാവുന്നത്ര സ്ഥലങ്ങളിൽ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബർ മുതൽ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാതലത്തിൽ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP