Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈറ്റില മേൽപാലം കൊച്ചി മെട്രോയിൽ മുട്ടുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ആ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? ആംഗിളുകൾകൊണ്ട് ഇല്ലാത്തത് തോന്നിപ്പിക്കാനും ഉള്ളത് ഇല്ലാതാക്കാനുമൊക്കെ സാധിക്കുന്ന കലയാണ് ഫൊട്ടോഗ്രഫി; അത്തരമൊരു സൃഷ്ടിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതും; കള്ളത്തരം പൊളിച്ച് ഫോട്ടോഗ്രാഫർ ജോസ്‌കുട്ടി പനയ്ക്കൽ

വൈറ്റില മേൽപാലം കൊച്ചി മെട്രോയിൽ മുട്ടുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ആ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? ആംഗിളുകൾകൊണ്ട് ഇല്ലാത്തത് തോന്നിപ്പിക്കാനും ഉള്ളത് ഇല്ലാതാക്കാനുമൊക്കെ സാധിക്കുന്ന കലയാണ് ഫൊട്ടോഗ്രഫി; അത്തരമൊരു സൃഷ്ടിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതും; കള്ളത്തരം പൊളിച്ച് ഫോട്ടോഗ്രാഫർ ജോസ്‌കുട്ടി പനയ്ക്കൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ചിത്രമാണ് വൈറ്റില മേൽപാലം മെട്രോയിൽ ഇടിക്കും, പാലത്തിന്റെ പണി നിർത്തിവെച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റ്. അരൂർ സൈഡിൽ നിന്നും വൈറ്റിലയിലേക്ക് വരുന്ന വഴിയിൽ ഗതാഗതക്കുരുക്കിൽ കിടന്നപ്പോൾ വെറുതെ മൊബൈലിൽ ചിത്രമെടുത്ത് ഒരു സ്‌മൈലിയും മൂന്ന് ചോദ്യ ചിഹ്നവും കൊച്ചി മെട്രോ പാലവും ദേശീയപാതയിൽ പണി നടക്കുന്ന പാലവും അടയാളപ്പെടുത്തി എങ്ങോട്ടൊക്കെയോ തട്ടിവിട്ട ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്.

ഏതോ മണ്ടന്മാരാണ് വൈറ്റിലയിലെ മേൽപാലം പണിയുന്നതെന്നും പാലം ചെന്നു മെട്രോയിൽ ഇടിക്കുന്നതിനാലാണ് പാലം പണി നിറുത്തിവച്ചിരിക്കുന്നതെന്നുമുള്ള വിധത്തിൽ വാർത്തകൾ വന്നു. ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് ചൂണ്ടിക്കാട്ടി മനോരമ ഫോട്ടോഗ്രാഫർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും മേൽപാലത്തിന്റെ ചിത്രവും ചേർത്ത് വെച്ച് സത്യാവസ്ഥ എന്താണെന്ന് കാണിച്ചാണ് മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്‌കുട്ടി പനയ്ക്കൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജോസുകുട്ടി പനയ്ക്കൽ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

വണ്ടിയിലിരുന്ന് ഞെക്കിയാൽ ഇങ്ങനിരിക്കും... കഴിഞ്ഞ ദിനം മുതൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു ചിത്രവും തരാതരം പോലെ മാറിവരുന്ന സ്റ്റോറിയുമാണ് ഈ പോസ്റ്റിന് ആധാരം. തുടക്കമിട്ടത് അരൂർ സൈഡിൽ നിന്നും വൈറ്റിലയിലേക്ക് വരുന്ന വഴിയിൽ ഗതാഗതക്കുരുക്കിൽ കിടന്നപ്പോൾ വെറുതെയൊരു മൊബൈൽ ക്ലിക്ക് നടത്തിയ 'മഹാൻ'. അദ്ദേഹം അത് ഒരു സ്‌മൈലിയും മൂന്ന് ചോദ്യ ചിഹ്നവും കൊച്ചി മെട്രോ പാലവും ദേശീയപാതയിൽ പണി നടക്കുന്ന പാലവും അടയാളപ്പെടുത്തി എങ്ങോട്ടൊക്കെയോ തട്ടിവിട്ടു. പിന്നെ വൈറ്റില കണ്ടവരും കാണാത്തവരുമൊക്കെ തരാതരം സ്റ്റോറിയുണ്ടാക്കി ഈ പടത്തിനൊപ്പം ചേർത്തുവിട്ടു.

ഏതോ മണ്ടന്മാരാണ് വൈറ്റിലയിലെ മേൽപാലം പണിയുന്നതെന്നും പാലം ചെന്നു മെട്രോയിൽ ഇടിക്കുന്നതിനാലാണ് പാലം പണി നിറുത്തിവച്ചിരിക്കുന്നതെന്നുമൊക്കെയായി കഥകൾ. കുറ്റം പറയാൻ പറ്റില്ല ഫോട്ടോ കണ്ടാൽ വെറ്റില കൂട്ടി മുറുക്കുന്നവനും വൈറ്റിലയെക്കുറിച്ച് കഥവിളമ്പും. അങ്ങനെ ആറ് കഥകൾ ഉൾപ്പെടുത്തി ഇന്നുതന്നെ 8 പ്രാവശ്യം വാട്‌സാപ് സന്ദേശം കിട്ടിയതുകൊണ്ടാണ് വൈറ്റിലയിലൂടെ മിക്കവാറും ദിവസങ്ങളിൽ പോകുന്നവനായിട്ടും ഇന്ന് അവിടെ ഇറങ്ങി വിശദമായി പാലം കാണാൻ തീരുമാനിച്ചത്. ഫൊട്ടോഗ്രഫി അൽപമെങ്കിലും അറിയാവുന്നവർക്ക് ഈ ചിത്രം കാണുമ്പോൾ സംഗതി പിടികിട്ടും.

ആംഗിളുകൾകൊണ്ട് ഇല്ലാത്തത് തോന്നിപ്പിക്കാനും ഉള്ളത് ഇല്ലാതാക്കാനുമൊക്കെ സാധിക്കുന്ന കലയാണ് ഫൊട്ടോഗ്രഫി. മൊബൈലിൽ ക്ലിക്ക് ചെയ്യുന്നവർക്ക് പോലും ഇത് ഇപ്പോൾ മനസിലാകുന്നുണ്ട്. പക്ഷേ കഥയടിച്ചിറക്കിയവർക്ക് ഇത് മനസിലാകണമെന്നില്ല. അതുകൊണ്ട് ഇതോടൊപ്പമുള്ള വിഡിയോ കാണുക. അപ്പോൾ മനസിലാകും വൈറ്റില മേൽപാലം മെട്രോയിലിടിക്കുമോയെന്ന്...

അതേസമയം ഈ ചിത്രം ശ്രദ്ധയിൽ പെട്ടിരുന്നു എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരും പറയുന്നത്. ഫോട്ടോ എടുത്ത ആംഗിളും സൈബർ പോരാളികളുടെ വിവരമില്ലായ്മയും ചേർന്നതാണ് ഈ ചിത്രമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. ദൂരെ നിന്ന് നോക്കുമ്പോൾ മെട്രോ പാലവും മേൽപാലവും അടുത്തായി തോന്നുന്നതാണെന്നും ഉയരമുള്ള ലോറികൾക്ക് കടന്നു പോകാവുന്ന ക്ലിയറൻസ് പാലത്തിന് മെട്രോ വയഡക്ടിനുമിടയിലുണ്ടെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ദേശിയപാത അഥോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് 5.5 മീറ്റർ ക്ലിയറൻസാണ് വേണ്ടത്, അതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP