Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നന്മയുടെ കെടാവിളക്കുമായി പത്താനാപുരത്തെ ഗാന്ധി ഭവൻ; ചായയും ലഘുഭക്ഷണവും വേണ്ടെന്നു വച്ചു നേടിയ 3000 രൂപ ബ്രിട്ടീഷ് മലയാളി നഴ്സിങ് സഹായനിധിയിലേക്ക് നൽകി ജീവനക്കാർ

നന്മയുടെ കെടാവിളക്കുമായി പത്താനാപുരത്തെ ഗാന്ധി ഭവൻ; ചായയും ലഘുഭക്ഷണവും വേണ്ടെന്നു വച്ചു നേടിയ 3000 രൂപ ബ്രിട്ടീഷ് മലയാളി നഴ്സിങ് സഹായനിധിയിലേക്ക് നൽകി ജീവനക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായ നിധിയിലേക്ക് പത്തനാപുരം ഗാന്ധിഭവനിലെ സേവനപ്രവർത്തകർ ചേർന്നു സ്വരൂപിച്ചത് മൂവായിരം രൂപ. ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് ആ തുകയാണ് പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കായുള്ള സഹായ നിധിയിലേക്ക് നൽകിയത്. വൈകുന്നേരത്തെ ചായയും ലഘുഭക്ഷവും ഉപേക്ഷിച്ചാണ് ഈ തുക നൽകിയത്.

ഗാന്ധിഭവൻ സേവനപ്രവർത്തകരുടെ എളിയ സംഭാവന സേവനപ്രവർത്തകൻ ഡാനി ജേക്കബ്ബ് ബാങ്കിൽ നിക്ഷേപിച്ചു. വിജയദശമിദിനമായ ഒക്ടോബർ 8ന് വൈകിട്ട് ചായയും ലഘുഭക്ഷണവും ആണ് മുന്നൂറോളം വരുന്ന സേവനപ്രവർത്തകർ വേണ്ടെന്നു വച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി അടുത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് പത്തനാപുരം ഗാന്ധിഭവൻ.

ഫൗണ്ടേഷന്റെ നിരവധി സാമ്പത്തിക സഹായങ്ങൾ പത്തനാപുരം ഗാന്ധിഭവനിലേക്ക് നൽകിയിട്ടുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായ വിതരണങ്ങൾ ഭൂരിഭാഗവും നടക്കുന്നത് ഗാന്ധിഭവനിൽ വച്ചാണ്. 2017ൽ നടന്ന സ്‌കൈ ഡൈവംഗിലൂടെ സമാഹരിച്ച തുക 102 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തത് ഗാന്ധിഭവൻ അന്തേവാസികളുടെയും സേവന പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിതരണം ചെയ്തത്.

കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമാക്കി 2005 മുതൽ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണ് ഗാന്ധിഭവൻ. ബാല/വൃദ്ധ ശരണാലയം, സാന്ത്വന ചികിൽസാലയം, ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം, എന്നീ മൂന്ന് സ്ഥാപനങ്ങൾ ഇപ്പോൾ ഗാന്ധിഭവന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനം. ശൈശവപ്രായം മുതൽ വൃദ്ധവയോധികർവരെ ആയിരത്തോളം പേർ ഇവിടെ അന്തേവാസികളായിട്ടുണ്ട്. കേരളത്തിൽ ഒരു കൂരയ്ക്ക് കീഴിൽ ഏറ്റവും അധികം അന്തേവാസികളുള്ള ജീവകാരുണ്യ സ്ഥാപനം ഇതാണെന്ന് കരുതപ്പെടുന്നു.

പണം ഇല്ലാത്തതു കൊണ്ട് നഴ്സിങ് പഠനം മുടങ്ങുമെന്ന അവസ്ഥയുള്ള നൂറു കണക്കിന് നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാനുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിനിമാതാരം ദിലീപ് കലാഭവൻ അടക്കം 36 പേർ ചേർന്നു സ്‌കൈ ഡൈവിങ് നടത്തിയാണ് നഴ്‌സിങ് വിദ്യാർത്ഥികൾക്കായുള്ള ഫണ്ട് ശേഖരണം നടത്തുന്നത്. വിർജിൻ മണി അക്കൗണ്ടും ആവാസ് എന്ന ബാങ്ക് അക്കൗണ്ടു വഴിയും ചേർന്ന് 42,0061.76 പൗണ്ട് അതായത് ഏതാണ്ട് മുപ്പത്താറു ലക്ഷത്തിലധികം രൂപയാണ് നൂറിലധികം പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്കായി സമാഹരിച്ചത്.

സെപ്റ്റംബർ 26ന് സാലിസ്‌ബറിയിലെ നേത്രാവൻ എയർഫീൽഡിൽ വച്ചായിരുന്നു സ്‌കൈ ഡൈവിങ് നടത്താനിരുന്നത്. എന്നാൽ, ബ്രിട്ടനിലെ കാലാവസ്ഥയിൽ അപ്രതീക്ഷിതമായി മാറ്റു വന്നതു മൂലം പരിപാടി മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിനു ശേഷം 36 പേർക്കും ഒരുമിച്ച് ഒരു ദിവസം സ്‌കൈ ഡൈവിങ് നടത്തുവാനുള്ള ബുദ്ധിമുട്ട് ഉണ്ടായതിനാൽ വിവിധ ഘട്ടങ്ങളിലായി സ്‌കൈ ഡൈവിങ് നടന്നു വരികയാണ് ഇപ്പോൾ. ഇതിൽ രണ്ടു ഘട്ടം ഇതിനോടകം തന്നെ പൂർത്തിയായി.

കേംബ്രിഡ്ജിൽ വച്ചു ഈമാസം രണ്ടിന് നടത്തിയ ആദ്യ ഘട്ട ആകാശച്ചാട്ടത്തിൽ കലാഭവൻ ദിലീപ് അടക്കമുള്ള നാലു പേരും രണ്ടാം ഘട്ടത്തിൽ മറ്റു പത്തു പേരും ആകാശച്ചാട്ടം നടത്തി. വരും ദിവസങ്ങളിൽ മറ്റുള്ളവരുടെയും സ്‌കൈ ഡൈവിങ് നടക്കുന്നതായിരിക്കുമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ അറിയിച്ചിട്ടുണ്ട്. നഴ്‌സിങ് പഠന ഉയർന്ന പഠന നിലവാരം പുലർത്തുന്ന പാവപ്പെട്ട കുട്ടികൾക്കാണ് സഹായം നൽകുന്നത്.

നൂറ് കുട്ടികൾക്ക് 35,000 രൂപ വീതം നൽകാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 25ന് അവസാനിപ്പിച്ചിട്ടും ഇപ്പോഴും പുതിയ അപേക്ഷകൾ വന്നു കൊണ്ടിരിക്കുകയാണ്. ഏതാണ്ട് 2000ത്തോളം അപേക്ഷകളാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ നിന്നും കഴിയുന്നത്രയും പേർക്ക് പഠന സഹായം നൽകുവാനാണ് ശ്രമം.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻപും നഴ്‌സിങ് വിദ്യാർത്ഥികൾക്കായി പഠനം സഹായം നൽകിയിട്ടുണ്ട്. 2017ൽ 33 പേരാണ് നോട്ടിംഗാമിൽ വച്ച് ആകാശച്ചാട്ടം നടത്തിയത്. യുകെ മലയാളികളുടെ തന്നെ ചരിത്രത്തിലെ കുതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ ആകാശച്ചാട്ടം. അന്നു 101 നഴ്സിങ് വിദ്യാർത്ഥികൾക്ക് 350 പൗണ്ടു വീതവും ഒരു എംബിബിഎസ് വിദ്യാർത്ഥിക്ക് 500 പൗണ്ടും അടക്കം 35850 പൗണ്ടാണ് വിതരണം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ വർഷം നടത്തിയ ത്രീ പീക്ക് ചലഞ്ച് എന്ന ഉദ്യമത്തിലൂടെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ധനസഹായ വിതരണം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP