Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോളിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കോടതി; അഞ്ച് മരണങ്ങളിലും പ്രതിയുടെ സാന്നിധ്യമെന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ; വിഷവസ്തുക്കൾ ശേഖരിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദം; കെട്ടിച്ചമച്ച കേസെന്ന് പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളൂർ അസോസിയേറ്റ്‌സ്; കോടതി മുറിയിൽ പ്രതികരിക്കാതെ ജോളിയും മാത്യുവും; നിരപരാധിയെന്ന് പറഞ്ഞ് പ്രജികുമാർ; നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾക്ക് നേരെ കൂക്കിവിളിച്ചും ആക്രോശിച്ചും ജനക്കൂട്ടം

ജോളിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കോടതി; അഞ്ച് മരണങ്ങളിലും പ്രതിയുടെ സാന്നിധ്യമെന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ; വിഷവസ്തുക്കൾ ശേഖരിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദം; കെട്ടിച്ചമച്ച കേസെന്ന് പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളൂർ അസോസിയേറ്റ്‌സ്; കോടതി മുറിയിൽ പ്രതികരിക്കാതെ ജോളിയും മാത്യുവും; നിരപരാധിയെന്ന് പറഞ്ഞ് പ്രജികുമാർ; നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾക്ക് നേരെ കൂക്കിവിളിച്ചും ആക്രോശിച്ചും ജനക്കൂട്ടം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:  കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി അടക്കമുള്ള മൂന്ന് പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കോടതി. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് കോടതി ഒക്ടോബർ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് ജോളിയെയും മാത്യുവിനെയും പ്രജികുമാറിനെയും കസ്റ്റഡിയിൽ വിട്ടത്. 11 ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ആറ് ദിവസത്തെ കസ്റ്റഡി സമയം അനുവദിച്ചത്.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ജോളിക്ക് വേണ്ടി വാദിച്ച ആളൂർ അസോസിയേറ്റ്‌സിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അഡ്വ. ഷെഫിൻ അഹമ്മദ്, അഡ്വ. നിജാസ് എന്നിവരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. ഈമാസം 16ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.പ്രതികളെ കസ്റ്റഡിയിൽ നൽകുമ്പോൾ വ്യവസ്ഥകളൊന്നും കോടതി മുന്നോട്ട് വെച്ചിട്ടില്ല. കസ്റ്റഡിയിൽ പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോയെന്ന് പ്രതികളോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. കോടതിയിൽ ജോളിക്കായി ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ ഹാജരായി. അതേസമയം, കേസിലെ പ്രതികളായ മാത്യു, പ്രജികുമാർ എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.

പ്രതികളെ എത്തിക്കുന്നതിന്റെ ഭാഗമായി വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയത്. കോടതി പരിസരത്ത് വൻ ജനാവലി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയതോടെ ആളുകൾ അവർക്കു നേരെ കൂവി വിളിച്ചു. ജോളി, മാത്യു, പ്രജി കുമാർ എന്നീ പ്രതികൾക്കായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതി ബുധനാഴ്ച പ്രെഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കുകയും ഇവരെ ഹാജരാക്കുകയും ചെയ്തത്.

കോടതിയിലെത്തിയ ജോളിയിൽ അഡ്വ. ബിഎ ആളൂരിന്റെ സംഘത്തിൽപ്പെട്ട അഭിഭാഷകൻ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയിൽ പോകാൻ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോൾ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തിൽ തലയാട്ടി. ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവർക്ക് ശേഷം ഒരൽപം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയിൽ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോൾ ആകെ തകർന്ന അവസ്ഥയിലായിരുന്നു പ്രജു കുമാർ. വൻജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാർത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നിൽ തടിച്ചു കൂടിയത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്.

ജയിലിൽ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല. ജില്ലാ ജയിലിൽ നിന്നും സബ്ജയിലിൽ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. ജയിലിൽ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാർ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികൾക്കായി കനത്ത സുരക്ഷാ വലയം പൊലീസ് തീർത്തിരുന്നു.

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്നും സയനൈഡ് വാങ്ങിയത്. കൊലപാതകങ്ങളുടെ ഗൂഢാലോചനകളിൽ തനിക്ക് യാതൊരു പങ്കുമില്ല. താൻ നിരപരാധിയാണെന്നും പ്രജികുമാർ പറഞ്ഞു. അതേ സമയം ജോളിയും മാത്യുവും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും പറഞ്ഞില്ല. കോടതിയിലും ജോളി മൗനം പാലിച്ചു. പ്രതികളെ കാണുന്നതിനായി താമരശ്ശേരി കോടതി പരിസരത്ത് വൻജനക്കൂട്ടം എത്തിയിരുന്നു. ജോളിയുമായുള്ള പൊലീസ് വാഹനം എത്തിയതോടെ ജനക്കൂട്ടം കൂകി വിളിച്ചു. ആളുകളെ വകഞ്ഞ്മാറ്റിക്കൊണ്ടാണ് പൊലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ വടകര റൂറൽ എസ്‌പി ഓഫീസിലേക്കാണ് പ്രതികളെ എത്തിക്കുക. ഇവിടെ നിന്നും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും.

ജോളിയെ കസ്റ്റഡിയിൽ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയിൽ കൂടുതൽ ഊർജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേർക്കുമെന്നും ഡിജിപി വ്യക്തമാക്കി. കോടതിയിൽ നിന്നും ജോളിയെ കസ്റ്റഡിയിൽ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടിൽ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ പ്രതികളെ എത്തിച്ചാൽ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാവും പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. പൊന്നാമറ്റം തറവാട്ടിലേക്കും വൻ പൊലീസ് സംഘം ജോളിയെ അനുഗമിക്കും. ചിലപ്പോൾ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP