Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൂങ്ങി മരിച്ച വിൻസന്റും ബൈക്ക് അപകടത്തിൽ മരിച്ച സുനീഷും ജോളിയുടെ ഇരകളെന്ന ആരോപണം സജീവമാക്കി ചാനൽ ചർച്ചകളിൽ എത്തിയ ബന്ധുക്കൾ; ഷാജു പൊട്ടൻ കളിക്കുന്നത് രക്ഷപ്പെടാൻ വേണ്ടിയെന്ന് അയൽവാസിയായ ബാവ; ജോളി ഫോണിൽ ഏറ്റവും കൂടതൽ വിളിച്ചത് സഹോദരി ഭർത്താവിനെ; ഉപദേശം തേടൽ സ്ഥിരീകരിച്ച് ജോണി; കൈകഴുകി ഇമ്പിച്ചി മൊയ്തീനും; കൂടത്തായിയിൽ വ്യക്തത വരുത്താൻ കരുതലോടെ പൊലീസ്

തൂങ്ങി മരിച്ച വിൻസന്റും ബൈക്ക് അപകടത്തിൽ മരിച്ച സുനീഷും ജോളിയുടെ ഇരകളെന്ന ആരോപണം സജീവമാക്കി ചാനൽ ചർച്ചകളിൽ എത്തിയ ബന്ധുക്കൾ; ഷാജു പൊട്ടൻ കളിക്കുന്നത് രക്ഷപ്പെടാൻ വേണ്ടിയെന്ന് അയൽവാസിയായ ബാവ; ജോളി ഫോണിൽ ഏറ്റവും കൂടതൽ വിളിച്ചത് സഹോദരി ഭർത്താവിനെ; ഉപദേശം തേടൽ സ്ഥിരീകരിച്ച് ജോണി; കൈകഴുകി ഇമ്പിച്ചി മൊയ്തീനും; കൂടത്തായിയിൽ വ്യക്തത വരുത്താൻ കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിനു പിന്നിലും ജോളിയോ? ഈ വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളെത്തുകയാണ്. മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിനു പിന്നിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. മരിക്കുന്നതിനു മുൻപ് പ്രതിസന്ധിയിൽ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. ഇത് ഏറെ നിർണ്ണായകമാണ്. ചാനൽ ചർച്ചകളിലാണ് ബന്ധുക്കൾ ജോളിയെ പ്രതികൂട്ടിൽ നിർത്തുന്ന പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

വാഹനമിടിച്ചു മരിച്ച സുനീഷിന്റെ മാതാവ് എൽസമ്മയുടെ വെളിപ്പെടുത്തലും പൊലീസ് അന്വേഷണിക്കും. ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിൻസന്റിനും സുനീഷിനുമറിയാം. സയനൈഡ് കൈമാറ്റം ഇവർ അറിഞ്ഞിരിക്കാം. അപായപ്പെടുത്താൻ സാധ്യത തെളിഞ്ഞത് അങ്ങനെയാകുമെന്നും പൊലീസ് വിശദമായി അന്വേഷിക്കണമെന്നും എൽസമ്മ ആവശ്യപ്പെട്ടു. 2002 ഓഗസ്റ്റ് 24നാണ് വിൻസന്റിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക പരമ്പരയിൽ ആദ്യം മരിച്ച അന്നമ്മയുടെ ശവമടക്കിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അന്നമ്മയുടെ മരണവുമായി ഈ തൂങ്ങി മരണത്തിന് ബന്ധമുണ്ടോ എന്നാകും പരിശോധിക്കുക.

ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ അഗസ്റ്റിന്റെ മകനാണ് വിൻസന്റ്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരൻ ഡൊമനിക്കിന്റെ മകനാണു സുനീഷ്. മരിച്ച റോയിയുമായും ജോളിയുമായും ഇരുവർക്കും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും സംശയമുണ്ട്. ജോളിയെ കസ്റ്റഡിയിൽ കിട്ടുമ്പോൾ ഈ ആരോപണങ്ങൾക്കെല്ലാം വ്യക്തത വരുത്താനാകും പൊലീസിന്റെ ശ്രമം. എല്ലാ ആരോപണങ്ങളും അ്‌ന്വേഷിക്കും.

ഷാജു പറയുന്നതിൽ വൈരുധ്യങ്ങൾ

അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത ഷാജു പറയുന്നതു കള്ളമെന്നു പൊന്നാമറ്റം വീടിലെ അയൽവാസി മുഹമ്മദ് ബാവ. ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു ഷാജു പറയുന്നത്. എന്നാൽ, റോയിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്നു. ഷാജു ഒന്നുകിൽ പൊട്ടൻ കളിക്കുന്നു. അല്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു. കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും ബാവ പറഞ്ഞു. ഷാജു സഖറിയ പറയുന്ന കാര്യങ്ങളിൽ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ഭാര്യയെ കുറിച്ച് ഒന്നും അറിയില്ലെന്നു ഷാജു പറയുന്നത് വിശ്വസനീയമല്ലെന്നും ബാവ പറഞ്ഞു. റോജോയ്ക്കും രഞ്ജിക്കുമൊപ്പം അന്വേഷണത്തിന് മുൻകയ്യെടുത്തതു ബാവയാണ്.

ജോളി നുണ പരിശോധനയ്ക്ക് വിധേയയാകുന്നതു സംബന്ധിച്ച് ഉപദേശം തേടിയത് തന്നോട് ആലോചിച്ച് ആയിരുന്നുവെന്നു സഹോദരീഭർത്താവ് ജോണിയും പറഞ്ഞു. ജോളി സ്ഥിരമായി വിളിച്ചിരുന്നുവെന്നും കുടുംബകാര്യങ്ങൾ മാത്രമാണു സംസാരിച്ചിരുന്നതെന്നും സഹോദര ബന്ധം മാത്രമേയുള്ളൂ എന്നും ജോണി പറഞ്ഞു. കൊലപാതക കേസിൽ ആരോപണ വിധേയയായ ജോളി ഏറ്റവും കൂടുതൽ ഫോണിൽ ബന്ധപ്പെട്ടത് സഹോദരി സിസിലിയുടെ ഭർത്താവ് ജോണിയുമായാണ്.

ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് ഉപദേശം തേടാൻ അച്ഛനോട് സംസാരിക്കണം എന്ന് ക്രൈംബ്രാഞ്ചിനോടു പറഞ്ഞ ജോളി, ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത് ജോണിയോടാണ്. ജോളി തന്നെ വിളിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാനാണ് നിർദ്ദേശം നൽകിയതെന്നും ജോണി മാധ്യമങ്ങളോടു പറഞ്ഞു. വിൽപത്രത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാൽ അത് ജോളിയുടെ കുടുംബകാര്യമായതിനാൽ വിഷയത്തിൽ ഇടപെട്ടില്ല. കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് അറിയുന്നതെന്നും ജോണി പറഞ്ഞു.

പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോൺ രേഖകളിൽ വ്യക്തമായിട്ടുണ്ട്. സഹായം തേടിയാണ് വിളിച്ചതെന്ന് മൊയ്തീൻ പൊലീസിന് മൊഴി നൽകി. പിടിയിലാകുമെന്നറിഞ്ഞ ജോളി, ലീഗ് നേതാവിനെ നിരന്തരം വിളിക്കുകയും നേരിട്ടു കാണുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏർപ്പാടാക്കി നൽകണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ ഏർപ്പാടാക്കിയെങ്കിലും മറ്റൊരാളെ കണ്ടുപിടിച്ചതായി ജോളി പറഞ്ഞുവെന്നാണ് ഇമ്പിച്ചി മൊയ്തീന്റെ മൊഴി. ജോളിയിൽ നിന്ന് അമ്പതിനായിരം രൂപ വാങ്ങിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാൻ ശ്രമിച്ചതായും എന്നാൽ അതിനല്ല പണം വാങ്ങിയതെന്നും മൊഴിയിലുണ്ട്.

പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. മേൽനോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും. സാങ്കേതികസഹായം നൽകുന്നതിന് ഐസിടി വിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം ഉണ്ടാകും.

കൈകഴുകി ജോൺസണും

ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെ ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഉച്ചയ്ക്ക് 12.15 ഓടയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടത്തായിയിൽ നിന്നും പൊലീസ് വാഹനത്തിൽ കൊണ്ട് വന്നത്. വൈകിട്ട് 6.30 വരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനായ് വീണ്ടും വിളിച്ചു വരുത്തുമെന്നാണ് സൂചന. ജോളി ജോൺസനുമായി സാമ്പത്തിക ഇടപാട് നടത്തുകയും നിരവധി തവണ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജോൺസൻ ജോളിയുമായി ദീർഘനേരം സംസാരിച്ചതിന്റെ അടിസ്ഥാനം എന്തായിരിക്കുമെന്നതിലേക്കാണ് അന്വേഷണം നടക്കുക. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ ജി സൈമണിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചാ വിഷയം

ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ 'ദ് ഡോൺ' ആണ് റിപ്പോർട്ട് ചെയ്തത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയൽ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണത്തിൽ ഇതുവരെ പുറത്തുവന്ന കാര്യങ്ങൾ വാർത്തയിലുണ്ട്.

ഇത്രകാലം സംഭവം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കൊലപാതക പരമ്പരയിൽ മന്ത്രവാദിക്കും പങ്കുണ്ടെന്ന സൂചനകൾ പുറത്തുവന്നു. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽനിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കു പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി അന്താരാഷ്ട്ര മാധ്യമങ്ങളും ഈ കേസ് ചർച്ച ചെയ്യുന്നുണ്ട്.

യുഎസിലെ ന്യൂസ് വീക്ക്, ബ്രിട്ടനിലെ ഗാർഡിയൻ, യുഎഇയിൽ ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയവയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് വന്നു. ജോളി ജയിലിലെ വിവരങ്ങൾ വച്ചുള്ള തുടർവാർത്തകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP