Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായി കൊലപാതക പരമ്പര: നാണക്കേട് മാറ്റാനാവാതെ സിപിഎം; വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും പാർട്ടിയിൽ പരാതി പ്രവാഹം; ജോളിയുമായി തനിക്ക് വലിയ പരിചയമില്ലെന്ന് മനോജ് പറയുന്നുണ്ടെങ്കിലും അവർ തമ്മിൽ അടുത്ത പരിചയമുണ്ടെന്ന് നാട്ടുകാർ; സഹകരണ ബാങ്കിൽ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ ഏരിയാ സെക്രട്ടറി ഉണ്ടാക്കിയ നാണക്കേടിന് പിന്നാലെ സിപിഎമ്മിൽ ജോളിയെ ചൊല്ലിയും വിവാദം

കൂടത്തായി കൊലപാതക പരമ്പര: നാണക്കേട് മാറ്റാനാവാതെ സിപിഎം; വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെങ്കിലും പാർട്ടിയിൽ പരാതി പ്രവാഹം; ജോളിയുമായി തനിക്ക് വലിയ പരിചയമില്ലെന്ന് മനോജ് പറയുന്നുണ്ടെങ്കിലും അവർ തമ്മിൽ അടുത്ത പരിചയമുണ്ടെന്ന് നാട്ടുകാർ; സഹകരണ ബാങ്കിൽ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ ഏരിയാ സെക്രട്ടറി ഉണ്ടാക്കിയ നാണക്കേടിന് പിന്നാലെ സിപിഎമ്മിൽ ജോളിയെ ചൊല്ലിയും വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിലെ കട്ടാങ്ങൽ ശാഖയിൽനിന്ന് വ്യാജ രേഖകളുണ്ടാക്കി സിപിഎം നേതാവുകൂടിയായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവിനെതിരെ സിപിഎമ്മിന് നടപടിയെടുക്കേണ്ടിവന്നത്. ഇതോടെ ചാത്തമംഗലത്ത് വലിയ പ്രതിസന്ധിയാണ് പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അടുത്ത കാലത്തായി പ്രദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പാർട്ടി പ്രവർത്തകർ തന്നെ വേദനയോടെ പറയുന്നു. ഇതോടൊപ്പം ഒരു പ്രമുഖനായ ലീഗ് നേതാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് ഏരിയാ സെക്രട്ടറിയടക്കമുള്ളവർ ലക്ഷങ്ങൾ തട്ടിയ കഥയും ഇതോടൊപ്പം പ്രചരിപ്പിക്കുന്നത്. അടിമുടി അഴിമതിയിൽ മുങ്ങിയ നേതൃത്വത്തെ മാറ്റണമെന്നാണ് കുന്ദമംഗലം ഏരിയയിൽ ഉയരുന്ന വാദം.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ചതിനാണ് സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.നേരത്തെ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ ആളാണ് കെ മനോജ്. വളരെ കുറഞ്ഞ കാലം കൊണ്ട് പാർട്ടിയിൽ ഉയർന്നവന്ന ചരിത്രമെന്ന് അദ്ദേഹത്തിന്റെതൊന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡ് സ്ത്രീ സംവരണം ആയതോടെ മനോജിന്റെ ഭാര്യയായിരുന്നു മത്സരിച്ചത്. ഇതോടെ ഭർത്താവിന് പിന്നാലെ ഭാര്യയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി. സിപിഎം നേതാവുകൂടിയായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഇവർക്ക് ജോലിയും പാർട്ടി ശരിയാക്കി നൽകിയിട്ടുണ്ട്.

നാട്ടിൽ ഗ്യാസ് ഏജൻസി നടത്തിയിരുന്ന മനോജ് ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളിൽ പെട്ടിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ മനോജിനെതിരെ ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മനോജിന് വോട്ട് ചെയ്യില്ലെന്ന് നിരവധി സ്ത്രീകൾ പ്രഖ്യാപിക്കുന്ന അവസ്ഥ വരെ അന്നുണ്ടായി. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് ഇദ്ദേഹം വളർന്നുവരികയായിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മനോജിന്റെ വാദം. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചെതെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് 2006 ൽ ജോളിയെ പരിചയപ്പെടുന്നത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ബന്ധം തുടർന്നു. എൻ ഐ ടി അദ്ധ്യാപികയെന്ന് പറഞ്ഞാണ് അവർ തന്നെ പരിചയപ്പെട്ടത്. ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കുമൊപ്പം സ്ഥലം നോക്കാൻ എൻ ഐ ടിക്ക് അടുത്ത് വന്നപ്പോഴാണ് അവരെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഇവരുമായി മറ്റ് ബന്ധങ്ങളൊന്നും തനിക്ക് ഇല്ലന്നുമാണ് മനോജിന്റെ വാദം.

എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുകയാണ് നാട്ടുകാർ പലരും. ഒസ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ജോളിയുമായി മനോജിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അല്ലാതെ കൂടത്തായിയുള്ള ജോളി ഇത്തരം കാര്യങ്ങൾക്ക് കട്ടാങ്ങലിലുള്ള ഒരാളുമായി ബന്ധപ്പെടില്ല. ഇരുവരെയും പലയിടത്തും ഒരുമിച്ച് കണ്ടതായുള്ള കാര്യങ്ങളും ഇപ്പോൾ നാട്ടുകാർ പലരും വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ സത്യമുള്ളതുകൊണ്ടാണ് പാർട്ടി വളരെ പെട്ടന്ന് തന്നെ മനോജിനെതിരെ നടപടി സ്വീകരിച്ചതെന്നും പാർട്ടി പ്രവർത്തകർ ഉൾപ്പെടെ വ്യക്തമാക്കുന്നു. പാർട്ടി നടപടി വരുമ്പോൾ മനോജ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ടൂറിൽ പങ്കെടുത്ത് ആലപ്പുഴയിലായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ കൃത്യതയില്ലായ്മ തന്നെയാണ് മനോജിനെതിരെ എല്ലാവരും ഉയർത്തുന്ന ആരോപണം. പിരിവ് കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഉൾപ്പെടെ ഇയാൾക്കുണ്ടായിരുന്നതായും പലരും പറയുന്നു. റിയൽ എസ്റേറ്റ് ബിസിനിസിലൂടെ മനോജ് ലക്ഷങ്ങൾ ്സമ്പാദിച്ചതായും പരാതിയുണ്ട്.

മനോജിനെ പാർട്ടി പുറത്താക്കിയെങ്കിലും കുറച്ചുകാലം മുമ്പ് ഇതേ പ്രദേശത്തുണ്ടായ വിഷയത്തിൽ പാർട്ടി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വ്യാജ രേഖകളുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരി മഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ്. അന്നത്തെ ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെയാണ് ഇയാൾ വലിയ ക്രമക്കേട് നടത്തിയത്. വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലോണുകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സി പി എം കുന്ദമംഗലം ഏരിയാ സെക്രട്ടറി കൂടിയാണ് വിനോദ് കുമാർ. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നായിരുന്നു ആക്ഷേപം ഉയർന്നത്.

ഇക്കാര്യത്തിൽ ചാത്തമംഗലം സ്വദേശി എം വേലായുധൻ അധികാരികൾക്കും പാർട്ടിക്കുമെല്ലാം പരാതി നൽകിയെങ്കിലും വിനോദ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എല്ലാവരുടേതും. ഒടുവിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ പരിശോധനകൾ നടത്താൻ കോടതി കോപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാറോട് ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ചില പരിശോധനകൾ നടന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരാതിക്കാരനാവട്ടെ ഭീഷണിയുടെ നടുവിലാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ ജോലി തന്നെ തെറുപ്പിക്കാനുള്ള ഇടപെടലുകളാണ് പാർട്ടി പ്രാദേശിക നേതാക്കൾ നടത്തിയത്.

അതിനിടെയാണ് മുസ്ലിം ലീഗ് നേതാവിനെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്ത് വൻ തുക തട്ടിയെന്ന പരാതിയും ഇ വിനോദ് കുമാറിനും കൂട്ടർക്കും എതിരെ എതിർ വിഭാഗം ഉയർത്തുന്നുണ്ട്. മലയമ്മ ലോക്കൽ കമ്മറ്റി അംഗമായ ഒരു നേതാവ് ഈ പണം കൊണ്ട് ഒരു വാഗനർ കാർ വാങ്ങിയ കഥയും നാട്ടിൽ പാട്ടാണ്. ഇവർക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം ജില്ലാസെക്രട്ടറിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഇത്തരം തട്ടിപ്പുകാരെ വെച്ചുപുറപ്പിക്കുന്ന പാർട്ടി നിലപാട് തന്നെയാണ് പൊതുസമൂഹത്തിൽ പാർട്ടിക്ക് മാനക്കേടുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് എത്തിക്കുന്നെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. ശക്തമായ നിലപാട് ഇത്തരം നേതാക്കൾക്കെതിരെ ഉണ്ടാവണമെന്നും അവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP