Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകരാരും തയ്യാറാകാത്തതോടെ ബന്ധുക്കൾ സമീപിച്ചത് അഡ്വക്കേറ്റ് ബി എ ആളൂരിനെ; കേസുമായി മുന്നോട്ട് പോകുമെന്നും പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ കേസിനെ സംബന്ധിച്ച് പറയാനാകൂ എന്നും ആളൂർ; ഗോവിന്ദച്ചാമിക്കും അമിറുൾ ഇസ്ലാമിനും ശേഷം ആളൂർ എത്തുന്നത് കേരളം വെറുത്ത മറ്റൊരു പ്രതിക്കായി

ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകരാരും തയ്യാറാകാത്തതോടെ ബന്ധുക്കൾ സമീപിച്ചത് അഡ്വക്കേറ്റ് ബി എ ആളൂരിനെ; കേസുമായി മുന്നോട്ട് പോകുമെന്നും പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ കേസിനെ സംബന്ധിച്ച് പറയാനാകൂ എന്നും ആളൂർ; ഗോവിന്ദച്ചാമിക്കും അമിറുൾ ഇസ്ലാമിനും ശേഷം ആളൂർ എത്തുന്നത് കേരളം വെറുത്ത മറ്റൊരു പ്രതിക്കായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളി ജോസഫിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ കോഴിക്കോട് ബാറിലെ അഭിഭാഷകരാരും തയ്യാറാകാത്ത സാഹചര്യത്തിൽ താൻ എത്തും എന്ന സൂചന നൽകി അഡ്വക്കറ്റ് ബി.എ ആളൂർ. സൗമ്യ വധക്കേസിന് സമാനമായ സാഹചര്യമാണ് കൂടത്തായി കേസിലും നിലനിൽക്കുന്നത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും അഭിഭാഷകരാരും ഹാജരാകാൻ തയ്യാറാകാതിരുന്നപ്പോഴും ആളൂർ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു.

ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കളാണ് ആളൂരിനെ സമീപിച്ചത്. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നു എന്ന് ആളൂർ വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോൾ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത് അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നോട് പറഞ്ഞതെന്ന് ആളൂർ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നൽകിയാൽ മതി എന്നാണ് ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയിൽ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ല. ഈ കേസിൽ ബന്ധുക്കൾ സമീപിച്ചാൽ തീർച്ചയായും മുന്നോട്ട് പോകും. കേസിൽ ജോളിക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതൽ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ.

അന്വേഷണം എവിടെവരെ എത്തിനിൽക്കുന്നു എന്നത് പ്രാഥമിക അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. പ്രാഥമിക അന്വേഷണം കഴിയാൻ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസിൽ ഒന്നും പറയാൻ സാധിക്കില്ല. അതിനു ശേഷമാണ് കൂടുതൽ തീരുമാനത്തിൽ എത്തുക എന്നും ആളൂർ വ്യക്തമാക്കി. സൗമ്യ വധക്കേസിൽ പ്രതിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴുവർഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതിയായ അമിറുൾ ഇസ്ലാമിനു വേണ്ടി ഹാജരായതും ആളൂർ ആയിരുന്നു.

കേസ് അന്വേഷിക്കാൻ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കുമെന്നു കേരള പൊലീസ് വ്യക്തമാക്കി. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക പ്രത്യേക സംഘങ്ങളായിരിക്കും. കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർ സംഘങ്ങളിൽ ഉണ്ടാകും. അന്വേഷണ സംഘങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറൽ എസ്‌പി കെ.ജി സൈമണിനായിരിക്കും.

രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി സൈമൺ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാൻ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോൾ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കിൽ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്‌പി കെ.ജി സൈമൺ പറഞ്ഞു.

കേസിൽ ശക്തമായ തെളിവുണ്ടെന്ന് എസ്‌പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് പല കാര്യങ്ങളും അന്വേഷണ സംഘത്തിനു വ്യക്തമായി. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്‌പി പറഞ്ഞു.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെതിരെ കൂടുതൽ കേസുകൾ എടുക്കും. ആദ്യഭർത്താവിന്റെ സഹോദരിയുടെ മകൾ ഉൾപ്പെടെ 5 പെൺകുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ ഈ കേസുകൾ വേറെ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്. വിശദ അന്വേഷണത്തിൽ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല. ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകൾ വളർന്നുവന്നാൽ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെൺകുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോൾ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP