Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബർ ബോർഡ് റബർസ്റ്റാമ്പ്; കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു: ഇൻഫാം

റബർ ബോർഡ് റബർസ്റ്റാമ്പ്; കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: റബർ ബോർഡിന്റെ പ്രഖ്യാപനങ്ങളിലും റിപ്പോർട്ടുകളിലും കർഷകകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഒരു റബർസ്റ്റാമ്പായി ബോർഡ് അധഃപതിച്ചുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച് സംസ്ഥാന ഖജനാവിൽ നിന്ന് ചെറുകിട കർഷകർക്കായി നടപ്പിലാക്കിയിരിക്കുന്ന 150 രൂപയുടെ പദ്ധതിയുടെ പിതൃത്വം റബർ ബോർഡോ, കേന്ദ്രസർക്കാരോ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ആർപിഎസ് വഴി കർഷകരിലേയ്ക്ക് നേരിട്ട് സഹായധനം എത്തിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്നും ഒരു വിഹിതവും ഇതുവരെ ലഭിച്ചിട്ടില്ല. ഏഴുവർഷക്കാലമായി തുടരുന്ന വിലത്തകർച്ചയിൽ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപന മാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. തുറമുഖനിയന്ത്രണമുണ്ടാക്കി, ഇറക്കുമതിച്ചുങ്കം ഉയർത്തി എന്നീ അവകാശവാദമുന്നയിക്കുമ്പോഴും വിപണിയിൽ വിലയിടിയുകയാണുണ്ടാതെന്ന യാഥാർത്ഥ്യം മറക്കരുത്. റബർ നയം പ്രഖ്യാപിച്ചിട്ടും കർഷകർ വിലത്തകർച്ച നേരിടുന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ അസംസ്‌കൃത റബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്കുവാൻ ഇടനിലക്കാരായി റബർബോർഡ് മാറിയിരിക്കുന്നത് ദുഃഖകരമാണ്.

ഒരു കിലോഗ്രാം ഉണക്കഷീറ്റ്റബറിന് 172 രൂപയാണ് ഉല്പാദനചെലവെന്നുള്ള കണക്ക് ലോകസഭയിൽ കേന്ദ്രമന്ത്രി രേഖാമൂലം നൽകിയത് വിസ്മരിച്ചുകൊണ്ടാണ് റബർബോർഡ് റബറിന് 165 രൂപയുടെ ഉത്തേജകപാക്കേജ് നൽകണമെന്ന ശുപാർശ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്നത്. റബർ ആക്ട് 13-ാം വകുപ്പുപ്രകാരം റബറിന് താങ്ങുവില പ്രഖ്യാപിക്കുക, റബറിനെ കാർഷിക ഉല്പന്നമാക്കുക, റബർ വ്യാപാരത്തിലെ ലൈസൻസ് പ്രശ്നം പരിഹരിക്കുക എന്നീ വിഷയങ്ങളിൽ ഇൻഫാമും റബർ ഡീലേഴ്സ് ഫെഡറേഷനും സംയുക്തമായി ഹൈക്കോടതിയിൽ നൽകിയ ഹർജി സെപ്റ്റംബർ 25ന് ഫയലിൽ സ്വീകരിച്ചു. ഒക്ടോബർ 4ന് കേന്ദ്രസർക്കാരിനും റബർബോർഡിനും നോട്ടീസയച്ചിരിക്കുമ്പോൾ പുതിയ ഉത്തേജകപാക്കേജ് നിർദ്ദേശവുമായി റബർബോർഡ് രംഗത്തുവന്നിരിക്കുന്നത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്. റബർപ്രതിസന്ധിയിൽ കേന്ദ്രസർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും നേടിയെടുക്കുവാൻ കഴിയാത്ത റബർ ബോർഡ് കർഷകർക്ക് അപമാനമാണ്.

ആസിയാൻ കരാറിന്റെ നടത്തിപ്പ് കാലാവധി 2019 ഡിസംബർ 31ന് കഴിയുന്നു. കരാറിൽ സൂചിപ്പിച്ചിരിക്കുന്ന ഉല്പന്നങ്ങൾ തുടർന്ന് നികുതിരഹിതമായി ഇറക്കുമതി ചെയ്യപ്പെടും. ഇതുവരെ നെഗറ്റീവ് ലിസ്റ്റിൽ പെട്ടിരുന്ന റബർ 2020 ജനുവരി 1 മുതൽ ഇപ്പോഴുള്ള 25 ശതമാനം ഇറക്കുമതിച്ചുങ്കം ഒഴിവാക്കി നികുതിരഹിതമായി ഇറക്കുമതി ചെയ്യപ്പെടുവാനുള്ള നീക്കമാണ് നടക്കുന്നത്. ആർസിഇപി കരാറിലൂടെ എല്ലാ റബറധിഷ്ഠിത ഉല്പന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെ ആഭ്യന്തരവിപണി കീഴടക്കുമ്പോൾ റബർമേഖലയുടെ തകർച്ച പൂർണ്ണമാകുമെന്നും നിക്ഷേപക്കരാറുകളുടെ പിൻബലത്തിൽ ആർസിഇപി അംഗരാജ്യങ്ങളിലേയ്ക്കുള്ള സംഘടിത കാർഷിക കുടിയേറ്റത്തിന്റെ സാധ്യതകൾ മാത്രമേ കർഷകരുടെ മുമ്പിലുള്ളൂവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP