Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

38 സെന്റ് സ്ഥലം റോയിക്കും ജോളിക്കും അവകാശപ്പെട്ടതാണ് എന്ന വ്യാജ ഓസ്യത്തിൽ തുടക്കം; 50 സെന്റിലും വീതം ചോദിച്ചതോടെ സംശയം ഉന്നയിച്ചത് റോയിയുടെ സഹോദരി രഞ്ജി; റോയിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ജോളി പറഞ്ഞ കാര്യങ്ങളും കൂട്ടി വായിച്ചപ്പോൾ ഉണ്ടായ തോന്നലുകൾ പരാതിയായി പൊലീസിന് നൽകി; എല്ലാ മരണങ്ങളും ആദ്യം കണ്ടതും മറ്റുള്ളവരെ അറിയിച്ചതും ജോളി ആണെന്ന് കൂടി കണ്ടതോടെ രഞ്ജി പരാതിപ്പെട്ടു; കൂടത്തായി കേസിൽ ജോളിയെ ആദ്യം സംശയിച്ചത് നാത്തൂൻ തന്നെ

38 സെന്റ് സ്ഥലം റോയിക്കും ജോളിക്കും അവകാശപ്പെട്ടതാണ് എന്ന വ്യാജ ഓസ്യത്തിൽ തുടക്കം; 50 സെന്റിലും വീതം ചോദിച്ചതോടെ സംശയം ഉന്നയിച്ചത് റോയിയുടെ സഹോദരി രഞ്ജി; റോയിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ജോളി പറഞ്ഞ കാര്യങ്ങളും കൂട്ടി വായിച്ചപ്പോൾ ഉണ്ടായ തോന്നലുകൾ പരാതിയായി പൊലീസിന് നൽകി; എല്ലാ മരണങ്ങളും ആദ്യം കണ്ടതും മറ്റുള്ളവരെ അറിയിച്ചതും ജോളി ആണെന്ന് കൂടി കണ്ടതോടെ രഞ്ജി പരാതിപ്പെട്ടു; കൂടത്തായി കേസിൽ ജോളിയെ ആദ്യം സംശയിച്ചത് നാത്തൂൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ മരണങ്ങൾ കൊലപാതകമാക്കിയതിന് പിന്നിൽ ജോളിയുടെ സ്വത്തിനോടുള്ള അത്യാർത്തി തന്നെ. സ്വത്ത് തട്ടാൻ ജോളി ശ്രമിച്ചില്ലായിരുന്നുവെങ്കിൽ കൂടത്തായിയിലെ നിഗൂഡതകൾ പൊലീസിന് മുന്നിൽ എത്തില്ലായിരുന്നു. വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്തിനു പുറമേ ബാക്കിയുള്ള സ്വത്തിലും അവകാശവാദം ഉന്നയിച്ചതോടെയാണു ജോളിയുടെ നീക്കങ്ങളിൽ റോയി തോമസിന്റെ കുടുംബാഗങ്ങൾക്ക് സംശയം തോന്നിത്തുടങ്ങിയത്. മരിച്ച റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസായിരുന്നു ഇതിലെ നിഗൂഡതകൾ ആദ്യം മനസ്സിലാക്കിയത്.

സംശയം തോന്നിയതോടെ റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിക്കാൻ രഞ്ജി തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും റോയിയുടെ മരണദിവസം ജോളി പറഞ്ഞ കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുമാണ് നിർണ്ണായകമായത്. ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് സ്ഥലവും മരണശേഷം മകൻ റോയിക്കും ഭാര്യ ജോളിക്കും അവകാശപ്പെട്ടതാണെന്ന രീതിയിലാണു വ്യാജ ഒസ്യത്ത് തയാറാക്കിയത്. 2008 ൽ ടോം തോമസിന്റെ മരണശേഷം ഈ ഒസ്യത്ത് തന്നെയും സഹോദരനെയും ജോളി കാണിച്ചിരുന്നു. എന്നാൽ, ടോം തോമസിന്റെ പേരിലുള്ള 50 സെന്റ് സ്ഥലത്തെക്കുറിച്ച് ഈ ഒസ്യത്തിൽ പരാമർശമുണ്ടായിരുന്നില്ല.

2011 ലാണ് റോയി മരിച്ചത്. ഇതിനു ശേഷം സ്വത്തുക്കൾ തന്റെ പേരിലേക്കു മാറ്റാൻ ജോളി ശ്രമിച്ചു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയുടെ സഹായവും ഉണ്ടായിരുന്നു. വില്ലേജ്, പഞ്ചായത്ത് ഓഫിസുകളിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. ഈ വിവരമറിഞ്ഞ് 2013 ൽ റോയിയുടെ സഹോദരൻ റോജോ പരാതി നൽകി. ഇതോടെ റജിസ്‌ട്രേഷൻ മുടങ്ങി. സ്വത്തുക്കൾ ടോം തോമസിന്റെ പേരിലേക്കു വീണ്ടും മാറ്റി. ഇതിന് ശേഷം റോജോ യുഎസിലേക്കു മടങ്ങി്. എന്നാൽ, ജോളിയും മക്കളും ആ വീട്ടിൽ താമസിക്കുന്നതിനെ ആരും എതിർത്തില്ല. 2017 ൽ ജോളി പുനർവിവാഹിതയായതോടെ സ്വത്തു വീതം വയ്ക്കണമെന്ന് ആവശ്യപ്പെട്ടു രഞ്ജിയും സഹോദരനും ചേർന്നു കോടതിയിൽ ഭാഗപത്ര ഹർജി നൽകി.

സ്വത്ത് മൂന്നായി വിഭജിച്ച് ഒരു ഓഹരി ജോളിക്കും മക്കൾക്കും മറ്റു 2 ഓഹരികൾ തനിക്കും സഹോദരനും നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, വീടിനും 38 സെന്റ് സ്ഥലത്തിനും ഒസ്യത്ത് പ്രകാരം താനാണ് അവകാശിയെന്നും ഒസ്യത്തിൽ സൂചിപ്പിക്കാത്ത 50 സെന്റ് സ്ഥലത്തിലെ ഒരു ഓഹരി തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. വ്യാജമാണെന്നു ഒരിക്കൽ തെളിഞ്ഞ ഒസ്യത്തുമായി വീണ്ടും രംഗത്തു വന്നതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമായി. ഇതോടെയാണു റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിക്കാൻ തീരുമാനിച്ചത്. ജൂണിലായിരുന്നു തീരുമാനം. കൂട്ടകൊലപാതകങ്ങളിൽ നാലാമത്തെ ഇര ടോം തോമസിന്റെ സഹോദരൻ മാത്യുവായിരുന്നു. മാത്യുവിന് ജോളിയെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. ഇത് രഞ്ജിക്കും റോജോയ്ക്കും അറിയാമായിരുന്നു.

ഇതുകൊണ്ടാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേക്ക് അന്വേഷണം നീണ്ടത്. റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് അടുത്ത ബന്ധുക്കൾക്ക് അറിയാം. എന്നാൽ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു നിഗമനം. സയനൈഡ് എവിടെ നിന്നു ലഭിച്ചെന്ന് അന്വേഷിക്കണമെന്നു സഹോദരൻ റോജോ ആവശ്യപ്പെട്ടപ്പോൾ, കുടുംബത്തിന് അപമാനമാകുമെന്നും തനിക്കു 2 കുഞ്ഞുങ്ങൾ വളർന്നു വരുന്നുണ്ടെന്നും പറഞ്ഞു ജോളിയാണ് എതിർത്തതെന്നും രഞ്ജി ഓർക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വീണ്ടും വിശദമായി പരിശോധിച്ചപ്പോൾ ജോളി അന്നു പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യം കണ്ടെത്തി. മരണദിവസം റോയി ഉച്ചയ്ക്കാണു അവസാനമായി ഭക്ഷണം കഴിച്ചതെന്നാണു ജോളി പറഞ്ഞത്.

രാത്രി വീട്ടിലെത്തിയ ശേഷം ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം ഉണ്ടാക്കാനായി താൻ അടുക്കളയിലേക്കു പോയപ്പോൾ റോയി ശുചിമുറിയിൽ കയറുകയും അവിടെ തളർന്നുവീഴുകയുമായിരുന്നുവെന്നാണു ജോളി പറഞ്ഞത്. എന്നാൽ ഉച്ചയ്ക്കു റോയി കഴിച്ചെന്നു ജോളി പറയുന്ന ചോറും കടലയും ദഹിക്കാത്ത നിലയിൽ റോയിയുടെ ശരീരത്തിലുണ്ടായിരുന്നു. മരണത്തിനു തൊട്ടുമുൻപു റോയി ഭക്ഷണം കഴിച്ചെന്നുവെന്നതിന്റെ തെളിവായിരുന്നു ഇത്. ഇതോടെ റോയിയുടെ മരണത്തിൽ അസ്വാഭാവികത തോന്നി. ഇതോടെ മറ്റ് മരണങ്ങളിലേക്കും സംശയം എത്തി. എല്ലാ മരണവും ആദ്യം കണ്ടത് ജോളിയായിരുന്നു.

മരണം ആദ്യം കാണുന്നതും മറ്റുള്ളവരെ അറിയിക്കുന്നതും ജോളിയാണ്. ആശുപത്രിയിൽ കൊണ്ടുപോകാനും മുന്നിൽ നിന്നതു ജോളിയായിരുന്നു. ഇതോടെ സംശയങ്ങൾ കുന്നുകൂടി. പൊലീസിൽ പരാതി നൽകാനുള്ള തീരുമാനവും എടുത്തു. അവധിക്കു നാട്ടിലെത്തിയ സഹോദരൻ റോജോയ്‌ക്കൊപ്പമാണു രഞ്ജി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ഇതോടെ സ്വത്ത് എല്ലാം നൽകാമെന്നും കേസ് വേണ്ടെന്നും ജോളിയും നിലപാട് എടുത്തു. ഇതിനിടെ സംശയങ്ങൾ എസ് പി കെ ജി സൈമണ് മണത്തു. അദ്ദേഹം അന്വേഷണത്തിന് സ്‌പെഷ്യൽ ബ്രാഞ്ചിനെ നിയോഗിച്ചു. രഞ്ജിയുടെ സംശയങ്ങൾ അവരും ശരിവച്ചു. ഇതോടെ ജോളിക്ക് പിന്നാലെയായി പൊലീസ്.

കൂടത്തായി കൂട്ടമരണ കേസിലെ പ്രതി ജോളി തന്നെ ചതിച്ചെന്ന് വ്യാജ ഒസ്യത്തിൽ ഒപ്പുവച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജ് പറയുന്നു. വെള്ളപേപ്പറിലാണ് ഒപ്പിട്ടത്. ജോളി അതുവച്ചു വ്യാജ ഒസ്യത്തുണ്ടാക്കി. ജോളിയിൽനിന്നു കൈപ്പറ്റിയ ഒരു ലക്ഷംരൂപ തിരിച്ചുനൽകിയിരുന്നു. പണം കൈപ്പറ്റിയത് എന്തിനാണെന്നു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തുമെന്നും മനോജ് പറഞ്ഞു. ആരോപണവിധേയനായ മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. മുഖ്യപ്രതിയായ ജോളി ജോസഫ്, ഇവരുടെ സഹായികളായ എം എസ് മാത്യൂ, പ്രജികുമാർ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് വീണ്ടും ചോദ്യം ചെയ്യും. കൂട്ടക്കൊലപാതകത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ജോളിയുമായി ബന്ധപ്പെട്ടവരെ മുഴുവൻ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോളി ഉപയോഗിച്ച മൊബൈൽ ഫോൺ ഇത് വരെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇത് കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് ഷാജുവിന്റെ വീട് ഉൾപ്പടെ പരിശോധിച്ചിരുന്നു. ഷാജുവിനെയും ഷാജുവിന്റെ പിതാവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കൂടാതെ വ്യാജമായി ഒസിയത്ത് ഉണ്ടാക്കിയ സംഭവത്തിൽ ഡെപ്യൂട്ടി താഹ്‌സിൽദാർ ജയശ്രീയിൽ നിന്നും അന്വേഷണ സംഘം വീണ്ടും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ ദിവസം ജയശ്രീയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP