Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും പങ്കിട്ടത് മൂന്ന് ശാസ്ത്രകാരന്മാർ; ജെയിംസ് പീബിൾസിനെ നൊബേലിന് അർഹനാക്കിയത് ഫിസിക്കൽ കോസ്‌മോളജിയിലെ കണ്ടുപിടിത്തം; സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തെ കണ്ടെത്തിയതോടെ മൈക്കിൾ മേയറും ദിദിയെർ ക്വലോസും ആദരവിന് അർഹരെന്നും സ്വീഡിഷ് അക്കാദമി

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും പങ്കിട്ടത് മൂന്ന് ശാസ്ത്രകാരന്മാർ; ജെയിംസ് പീബിൾസിനെ നൊബേലിന് അർഹനാക്കിയത് ഫിസിക്കൽ കോസ്‌മോളജിയിലെ കണ്ടുപിടിത്തം; സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തെ കണ്ടെത്തിയതോടെ മൈക്കിൾ മേയറും ദിദിയെർ ക്വലോസും ആദരവിന് അർഹരെന്നും സ്വീഡിഷ് അക്കാദമി

മറുനാടൻ മലയാളി ബ്യൂറോ

സ്റ്റോക്ക് ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രകാരന്മാർക്ക്. ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്രശ്രമങ്ങളെയാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി സമ്മാനങ്ങൾ പ്രഖ്യാപിച്ച് വ്യക്തമാക്കി.

ജെയിംസ് പീബിൾസിനെ നൊബേലിന് അർഹനാക്കിയത് ഫിസിക്കൽ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങളാണ്. രണ്ട് ദശാബ്ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ച നിർവചനങ്ങൾ ലളിതവത്കരിക്കാൻ ജെയിംസ് പീബിൾസിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തി. മഹാവിസ്‌ഫോടന സിദ്ധാന്തം മുതൽ ഇന്നുവരെയുള്ള പ്രപഞ്ചാന്വേഷണങ്ങൾക്ക് പിന്നിൽ ജെയിംസിന്റെ എഴുത്തിന് വലിയ പ്രധാന്യമുണ്ടെന്ന് നോബെൽ സമിതി പറയുന്നു.

സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർ നൊബേൽ നേടിയത്. 1995ൽ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹവും അത് വലംവയ്ക്കുന്ന നക്ഷത്രത്തെയും കണ്ടെത്തുകയായിരുന്നു മൈക്കിൾ മേയർ, ദിദിയെർ ക്വലോസ് എന്നിവർ. വിപ്ലവകരമായ ഇവരുടെ നിരീക്ഷണങ്ങൾക്ക് ശേഷം നാലായിരത്തോളം ഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞു.

വൈദ്യശാസ്ത്ര മികവിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ് ഗവേഷകരായ വില്യം കെയ്ലിൻ, ഗ്രെഗ് സെമേൻസ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫുമാണ് പുരസ്‌കാരം പങ്കിട്ടത്. ശരീരത്തിലേക്കു ലഭിക്കുന്ന ഓക്‌സിജന്റെ അളവനുസരിച്ചുള്ള കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന 'മോണിക്യുലാർ സ്വിച്ചി'നെപ്പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ സമ്മാനം ലഭിച്ചത്.

ശരീരകോശങ്ങൾ എപ്രകാരമാണ് ഓക്‌സിജന്റെ സാന്നിധ്യം തിരിച്ചറിയുന്നതെന്നും ലഭ്യമായ ഓക്‌സിജന് അനുസരിച്ചു പ്രവർത്തിക്കുന്നതെന്നും തീരുമാനിക്കുന്നതാണ് ഈ മോളിക്യുലാർ സ്വിച്ച്. ഹൃദയാഘാതം, പക്ഷാഘാതം, വിളർച്ച, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നു കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു ഇവരുടെ ഗവേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP