Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്

ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്

സ്വന്തം ലേഖകൻ

സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) 'ഷാർജ കലക്ഷൻ' പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്.

മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമ്മാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമ്മാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചെലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്.

മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന 'നിസ് വ' റെസ്റ്ററന്റ്, 88 അത്താഴം ഒരേസമയം വിളമ്പാനാവുന്ന 'അൽ മദാം' എന്നീ രണ്ടു റെസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിങ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അതിഥികളുടെ താല്പര്യത്തിനനുസരിച്ച് തെരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും അൽ ബദായറിൽ ഒരുക്കിയിട്ടുണ്ട്.

''ഷാർജയുടെ ആതിഥേയത്വത്തിന്റെ പല നിറങ്ങൾ സമ്മേളിക്കുന്നിടമാണ് അൽ ബദായർ ഒയാസിസ്. ഭൂപ്രകൃതിയുടെ സവിശേഷത ഭംഗി അടയാളപ്പെടുത്തുന്നതോടൊപ്പം പോയ കാലത്തെ എമിറാത്തി പാരമ്പര്യവും ഈ വിനോദ കേന്ദ്രം പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്വ ടൂറിസവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുകയെന്ന യുഎഇയുടെയും ഷാർജയുടെയും ലക്ഷ്യത്തോട് ചേർന്നാണ് ശുറൂഖ് 'ഷാർജ കളക്ഷൻ' ഒരുക്കിയിരിക്കുന്നത്. 2021 ആവുമ്പോഴേക്കും പത്തു മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്റെ ലക്ഷ്യത്തിനു പിന്തുണ നൽകുകയും പ്രധാന ലക്ഷ്യമാണ്'' - ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറയുന്നു.

അൽ ഫയ ലോഡ്ജ്, കൽബ കിങ് ഫിഷർ ലോഡ്ജ് എന്നിവയോടൊപ്പം അൽ ബദായർ ഒയാസിസ് കൂടി ചേരുമ്പോൾ സാംസ്‌കാരിക കാഴ്ചകളും പരമ്പരാഗത ആതിഥേയത്വവും എമിറേറ്റിന്റെ പ്രകൃതി വൈവിധ്യവും അടുത്തറിയാൻ പാകത്തിലുള്ള ത്രീ ഇൻ വൺ സർക്യൂട് രൂപപ്പെട്ടെന്നും ഇത് ഷാർജയുടെ ആഡംബര വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനു വേഗം കൂട്ടുമെന്നും ശസ ഹോട്ടൽസ് ഗ്രൂപ്പിന്റെ സിഇഒയും പ്രസിഡന്റുമായ സൈമൺ കൂമ്പ് അഭിപ്രായപ്പെട്ടു.

പ്രകൃതിവൈവിധ്യവും പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയുള്ള ഷാർജയുടെ വികസനത്തിന് കൂടുതൽ കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെ 2017 ലാണ് ഷാർജ നിക്ഷേപ വികസന വകുപ്പ് (ശുറൂഖ്) 'ഷാർജ കലക്ഷൻ' പദ്ധതികൾ പ്രഖ്യാപിച്ചത്. 130 മില്യൺ ദിർഹം ചെലവിൽ മൂന്ന് അത്യാഢംബര ആതിഥേയ പദ്ധതികൾ ഉൾപ്പെട്ട ഷാർജ കളക്ഷനിലെ മൂന്നാമത്തെതാണ് അൽ ബദായർ. കൽബ കിങ് ഫിഷർ ലോഡ്ജ്, അൽ ഫായ ലോഡ്ജ് എന്നീ ആദ്യ രണ്ടു വിനോദ കേന്ദ്രങ്ങളും നേരത്തെ പ്രവർത്തനമാരംഭിച്ചിരുന്നു. പ്രമുഖ ഹോട്ടൽ മാനേജ്മന്റ് കമ്പനിയായ 'മിസ്‌ക് ബൈ ശസ'ക്കാണ് നടത്തിപ്പ് ചുമതല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP