Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിലെ എംഐടി റോബോകോൺ മത്സരത്തിൽ അമൃത സർവകലാശാല വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

അമേരിക്കയിലെ എംഐടി റോബോകോൺ മത്സരത്തിൽ അമൃത സർവകലാശാല വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) റിമോട്ട് കൺട്രോൾ റോബോട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരമായ റോബോകോണിൽ അമൃത സർവകലാശാലയിൽനിന്നുള്ള ഋത്വിക് നയിച്ച ടീം ഒന്നാം സ്ഥാനം നേടി. എൻ. ദീപക്, ജി. രവിതേജ, സി. ഋത്വിക്, എ. ഫണീന്ദ്രകുമാർ എന്നിവരും അമൃത സർവകലാശാലയുടെ ഹ്യുമാനിറ്റേറിയൻ ടെക്നോളജീസ് ലാബിലെ പ്രൊഫ. ഡോ. രാജേഷ് കണ്ണൻ മേഖലിംഗവും അടങ്ങിയ സംഘമാണ് മത്സരത്തിൽ പങ്കെടുത്തത്. ഋത്വിക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അടങ്ങിയ ടീം ഒന്നാമതെത്തിയപ്പോൾ രവിതേജയുടെ നേതൃത്വത്തിലുള്ള ടീം സെമി ഫൈനൽ കടന്നു.

ഭാവിയിലെ യുവ എൻജിനീയർമാർക്ക് അന്താരാഷ്ട്ര അനുഭവപരിചയവും ക്രിയാത്മകതയും വർദ്ധിപ്പിക്കുന്നതിനുവേണ്ടി 1990 മുതൽ നടത്തിവരുന്നതാണ് റോബോകോൺ. എല്ലാ വർഷവും ഓരോ ആതിഥേയ സർവകലാശാല ലോകത്തെമ്പാടു നിന്നുമുള്ളവർക്ക് മത്സരത്തിനായി അവസരമൊരുക്കും. ഒരു രാജ്യത്തിന്റെ മത്സരമായല്ല, പരസ്പരം സഹകരിക്കാനും ആശയവിനിമയം നടത്താനുമുള്ള വേദിയായാണ് അന്താരാഷ്ട്ര ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നത്. വിവിധ എൻജിനീയറിങ് സ്‌കൂളുകളിൽ നിന്നുള്ള പ്രഫസർമാരും ഇൻസ്ട്രക്ടർമാരും ഇതിൽ പങ്കെടുക്കും.

വിവിധ സർവകലാശാലയിൽനിന്നുള്ള വിദ്യാർത്ഥികൾ അടങ്ങിയ ടീമാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഡോ. രാജേഷ് പറഞ്ഞു. രണ്ടാഴ്ചത്തെ സമയത്തിനുള്ളിൽ നിർദ്ദേശിക്കപ്പെട്ട വെല്ലുവിളി പരിഹരിക്കുന്നതിനായി ഒരു റോബോട്ട് രൂപപ്പെടുത്തുകയെന്നതായിരുന്നു ടീമിന് നല്കിയിരുന്ന ദൗത്യം. ലോകത്തിലെ തന്നെ മുന്തിയ സർവകലാശാലയിൽനിന്നുള്ള മറ്റ് അംഗങ്ങളുമായി ചേർന്ന് അവരുമായുള്ള ആശയവിനിമയത്തിലാണ് റോബോട്ട് രൂപപ്പെടുത്തേണ്ടിയിരുന്നത്. ആഗോളതലത്തിൽ ഉന്നത സർവകലാശാലയിൽനിന്നുള്ള പ്രഫസർമാരുമായി ബന്ധം സ്ഥാപിക്കുന്നതിനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഗ്രഹത്തിൽനിന്നും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് സജ്ജമായ മൂൺ റോവർ രൂപപ്പെടുത്തുന്നതായിരുന്നു റോബോകോൺ 2019-ലെ വിഷയം. ചന്ദ്രോപരിതലത്തിൽനിന്നും പാറക്കഷണങ്ങൾ പെറുക്കിയെടുക്കാനും പതാക സ്ഥാപിക്കാനും തിരികെ രണ്ട് മിനിട്ടിനുള്ളിൽ ഉപഗ്രഹത്തിൽ തിരികെയെത്തുന്നതിനും സാധിക്കണമായിരുന്നു. എംഐടിയിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ലാബുകളിലെ സൗകര്യങ്ങളും സാമഗ്രികളും ഉപയോഗപ്പെടുത്തിയാണ് റോബോട്ട് നിർമ്മിച്ചത്. ഇന്ത്യയ്ക്കു പുറമെ യുഎസ്എ, ജപ്പാൻ, സിംഗപ്പൂർ, ചൈന, ബ്രസീൽ, സൗത്തുകൊറിയ, തായ്ലൻഡ്, ഈജിപ്ത് എന്നിങ്ങനെ 11 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

2012 മുതൽ ആരോഗ്യപരിചരണത്തിനും ദുരന്തസാഹചര്യങ്ങളിലും മറ്റും സഹായകരമാകുന്ന റോബോട്ടുകൾ നിർമ്മിക്കുന്ന അമൃത ഹ്യുമാനിറ്റേറിയൻ ടെക്നോളജീസ് ലാബിന് ഇത് അസുലഭമായ നേട്ടമാണെന്ന് ഡോ. രാജേഷ് പറഞ്ഞു. ഓരോ വിദ്യാർത്ഥിക്കും റോബോട്ടിക്സ് ടെക്നോളജി പഠിക്കുന്നതിന് പ്രോത്സാഹനം നല്കുന്ന ലാബിൽനിന്നുള്ള ടീമുകൾ തുടക്കം മുതലേ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP