Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിനായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ചരിത്രത്തിന്റെ ഭാഗമായത് പള്ളിക്ക് മുന്നിലെ കൽകുരിശിൽ നിന്നും കെട്ടിയ കയറിൽ പിടിച്ച്; ആദ്യ കണ്ണിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത

കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിനായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ചരിത്രത്തിന്റെ ഭാഗമായത് പള്ളിക്ക് മുന്നിലെ കൽകുരിശിൽ നിന്നും കെട്ടിയ കയറിൽ പിടിച്ച്; ആദ്യ കണ്ണിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: യാക്കോബായ സഭയുടെ ചരിത്രത്തിലെ നിർണായകമായ സംഭവങ്ങൾക്കാണ് കോതമംഗലം മാർത്തോമാ ചെറിയപള്ളി സാക്ഷ്യം വഹിക്കുന്നത്. രണ്ടാം കൂനൻകുരിശ് സത്യം എന്ന ചരിത്രപ്രധാനമായ ചടങ്ങാണ് പള്ളിയിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രതിഷേധത്തിനാണ് യാക്കോബായ സഭ തുടക്കമിടുന്നത്. മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിലാണ് രണ്ടാം കൂനൻകുരിശ് സത്യത്തിന് യാക്കോബായ സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

സത്യവിശ്വാസപ്രഖ്യാപനത്തിൽ ഒരു ലക്ഷം വിശ്വാസികൾക്കൊപ്പം  സഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും വൈദികരുമാണ് പരിപാടിയിൽ പങ്കാളികളാകുന്നത്. പള്ളിക്ക് മുന്നിലെ കൽകുരിശിൽ കെട്ടിയ കയറിൽ പിടിച്ചാണ് വിശ്വാസികൾ പരിപാടിയിൽ പങ്കാളികളാകുന്നത്.

വൈകിട്ട് 4-നാണ് ചടങ്ങ് ആരംഭിച്ചത്. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ്സ് പ്രഥമൻ ബാവയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചചിരുന്നത്. എന്നാൽ, ഇദ്ദേഹം പനി ബാധിച്ച് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ മെത്രപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഇദ്ദേഹം ആദ്യ കണ്ണിയായി.

 സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും കൈകൾ കോർത്തു വിശ്വാസപ്രഖ്യാപനം നടത്തുമ്പോൾ വിശ്വാസികൾ പടിഞ്ഞാറു കൽക്കുരിശിൽനിന്നു വലിയ കയർ കെട്ടി സത്യവിശ്വാസ പ്രഖ്യാപനം ഏറ്റുചൊല്ലി. വിശ്വാസികൾക്കെല്ലാവർക്കും ഭാഗമാകാൻ പ്രധാന കയറിൽ ബന്ധിച്ച് മറ്റു കയർ നൽകും. പതിനായിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാൻ കോതമംഗലം പള്ളിയിലേക്ക് എത്തുന്നത്.

കൂനൻകുരിശ് സത്യം

കേരള സഭാചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായിരുന്നു 'കൂനൻ കുരിശുസത്യമെന്ന് ചരിത്രകാരന്മാർ പറയുന്നു. 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനുമുന്നിലെ കുരിശിൽതൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനൻകുരിശ് സത്യം. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുർബാനയ്ക്കിടയിലാണ് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്.

മട്ടാഞ്ചേരി പള്ളിയിൽ കൂടിയ വിശ്വാസികൾ കത്തിച്ച തിരികളും വേദപുസ്തകവും കുരിശും പിടിച്ചാണ് പ്രതിജ്ഞയെടുത്തത്. കുരിശിൽ തൊടാനാവത്തവർ കുരിശിൽ വടംകെട്ടി അതിൽപിടിച്ചായിരുന്നു പ്രതിജ്ഞയെടുത്തത്. ഭാരംതാങ്ങാനാവാതെ കുരിശ് അൽപ്പം ചെരിഞ്ഞു. അങ്ങനെയാണ് കൂനൻകുരിശ് സത്യം ചരിത്രത്തിലിടം നേടിയതെന്നും ചരിത്രക്കാരന്മാർ പറയുന്നു.

മാർത്തോമ ചെറിയ പള്ളിയിൽ നടക്കുന്ന രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. എന്ത് തിരക്കുകളുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നാളെ വൈകിട്ട് 3 മണിക്ക് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ബാവ പള്ളികൾക്കും സഭയിലെ വൈദീകർക്കും നൽകിയ കൽപനയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ബാവായുടെ ആഹ്വാനത്തിന്റെ പൂർണ്ണരൂപം 

പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ സഭയ്ക്കായി കണ്ണുനീരോടെ മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ നമ്മൾ ഓരോരുത്തരും കരുതലുള്ളവരായിരിക്കണം. സത്യവിശ്വാസികൾ പടുത്തുയർത്തിയതായ ദൈവാലയങ്ങൾ കോടതി വിധിയുടെ മറവിൽ കയ്യേറുകയും ഇടവക ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നതായ സാഹചര്യമാണ് നിലനിൽക്കുന്നത്. മൃതശരീരംപോലും, മരിച്ച വിശ്വാസിയുടെ വിശ്വാസത്തിനനുസരിച്ച് അടക്കംചെയ്യാനുള്ള സാഹചര്യം ആണ് ഇല്ലാതെ വന്നിരിക്കുന്നത്. ഈ സന്ദർഭത്തിൽ പരിശുദ്ധ സഭ നീതിക്കുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് മലങ്കര സഭയിൽ സത്യവിശ്വാസം നിലനിർത്തുവാനായി 334 വർഷങ്ങൾക്ക് മുമ്പ് എഴുന്നുള്ളി വന്ന 92 വയസ്സുകാരനായ മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിങ്കൽ തുടക്കം കുറിക്കുകയാണ്. 1653 ൽ സത്യവിശ്വാസം ചോദ്യം ചെയ്തപ്പോൾ മട്ടാഞ്ചേരിയിൽ കുരിശിന്മേൽ ആലാത്തുകെട്ടി നമ്മുടെ പൂർവ്വീകന്മാർ ഏറ്റുചൊല്ലി സത്യവിശ്വാസം നിലനിർത്തുകയാണ് ഉണ്ടായത്. 2-ാം കൂനംകുരിശ് സത്യത്തിന് വീണ്ടും ഒരു വേദി ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച (6.10.2019) നമ്മുടെ കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ 3 മണിക്ക് ബാവായുടെ കബറിടത്തിൽ നിന്ന് ആരംഭിച്ച് പരി. ബാവ എഴുന്നുള്ളി വന്നപ്പോൾ പ്രകാശം കണ്ടതായ കൽക്കുരിശിൽ ആലാത്തുകെട്ടി പൂർവ്വീകർ നമുക്ക് പകർന്ന് തന്നതായ സത്യവിശ്വാസം ഒരിക്കൽകൂടി ഏറ്റുപറയാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പരി. സഭയുടെ ചരിത്രത്തിൽ എന്നും സ്മരിക്കത്തക്കവിധം പരി.സഭയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും ബഹു വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിച്ചേരേണ്ടതാണ്. അന്നേദിവസം കുടുംബയൂണിറ്റുകൾ ബഹു. പള്ളിക്കാര്യത്തിൽ ഉണ്ട് എങ്കിൽ അതെല്ലാം മാറ്റിവച്ച് അന്ന് നടക്കുന്നതായ വിശ്വാസ പ്രഖ്യാപനത്തിലെ ചരിത്ര മുഹൂർത്തത്തിൽ ബഹു. പള്ളിക്കാര്യത്തിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ച് ദൈവമക്കൾ എത്തിച്ചേരുവാൻ കരുതലുള്ളവരായിരിക്കണം. പരി. സഭയിലെ എല്ലാ മെത്രാപ്പൊലീത്തന്മാരും ബഹു. വൈദീകരും ഈ വിശ്വാസ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP