Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർമ്മയുടെ നരകപടങ്ങൾ

ഓർമ്മയുടെ നരകപടങ്ങൾ

ഷാജി ജേക്കബ്‌

ർമയാണ് കാലാധിഷ്ഠിതമായ സംസ്‌കാരരൂപങ്ങളുടെ ഏറ്റവും ജനപ്രിയവും സൗന്ദര്യാത്മകവും അതേസമയംതന്നെ രാഷ്ട്രീയ തീവ്രവുമായ ആഖ്യാനരീതിശാസ്ത്രങ്ങളിലൊന്ന്. യാഥാർഥ്യത്തിനും ഭാവനയ്ക്കും, വർത്തമാനത്തിനും ഭൂതത്തിനുമിടയിലെ ഏറ്റവും ആത്മനിഷ്ഠമായ അതിർവരമ്പാണത്. അടുത്തകാലത്തായി സ്മൃതിപഠനങ്ങൾ (memory Studies) എന്ന ഒരു വിജ്ഞാനവ്യവഹാരം തന്നെ രൂപം കൊണ്ടുകഴിഞ്ഞിട്ടുണ്ട്, സാംസ്‌കാരികവിമർശനരംഗത്ത്. ചരിത്രം, സാമൂഹ്യം, കല, സാഹിത്യം, രാഷ്ട്രീയം എന്നിങ്ങനെ ഏതു മണ്ഡലത്തിലും ആഖ്യാനത്തിന്റെ കലയും പ്രത്യയശാസ്ത്രവും നിർണയിക്കുന്ന രീതിപദ്ധതികളിലൊന്നായി ഓർമക്കു കൈവന്നിട്ടുള്ള പ്രാധാന്യമാണ് ഇതന്വേഷിക്കുന്നത്.

ആധുനികതയിലുടനീളം ഭൂതകാലത്തെ പുനഃസൃഷ്ടിക്കാനുള്ള ഏറ്റവും വസ്തുനിഷ്ഠവും സത്യാത്മകവുമായ മാർഗം എന്ന നിലയിൽ വ്യക്തിയുടെ ഓർമക്കുള്ള സാങ്കേതികസ്വഭാവമാണ് ഒന്ന്. സി. കേശവൻ തന്റെ ആത്മകഥയായ ജീവിതസമരം ആരംഭിക്കുന്നതിങ്ങനെയാണ്:

“എന്നെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ഒരു നാടകം തന്നെയാണ്. ആ നാടകത്തിലെ അവസാനരംഗങ്ങളുടെ ആരംഭമായി എന്നും തോന്നുന്നു. എല്ലാ രംഗങ്ങളും എനിക്കു നല്ല ഓർമ്മയില്ല. പലതും ഒരു പുകപോലെ മാത്രമേ ഓർമ്മിക്കുന്നുള്ളു. എങ്കിലും സകലതും നടന്നവിധം ഞാൻ ഗാഢമായി ഓർമ്മിച്ചുനോക്കുകയാണ്. ഓർമ്മയിൽ വരുന്ന യാതൊന്നും ഒളിക്കളമെന്നു ഞാൻ ഉദ്ദേശിക്കുന്നില്ല. ഒളിച്ചുകളിക്ക് ഒരിക്കലും ഞാൻ ഇഷ്ടപ്പെട്ടിട്ടുമില്ല”.

പാശ്ചാത്യ സാഹിത്യവും സിനിമയുമൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുതന്നെ സ്വീകരിച്ചുപോരുന്ന വ്യക്തിപരമെന്നപോലെ സാമൂഹികവുമായ സ്മൃതിയുടെ ആത്മനിഷ്ഠസാധ്യതകളാണ് മറ്റൊന്ന്. ബോധധാരാസങ്കേതം മുതൽ ഫ്‌ളാഷ് ബാക്ക് വരെയുള്ളവ ഓർക്കുക. ‘Remembrance of things past’ എന്ന മാർസൽ പ്രൂസ്റ്റിന്റെ നോവൽ ലോകമെങ്ങും നോവലെഴുത്തിന്റെ കലയെ എത്രമേൽ സ്വാധീനിച്ചുവെന്നത് ചരിത്രമാണ്. വൈകാരികമായ ഉണ്മയെ നിർണയിക്കുന്നത്, ഇവിടെ ഓർമയാകുന്നു.

നാനാതരം അധീശവ്യവഹാരങ്ങൾ വ്യക്തികൾക്കും സമൂഹങ്ങൾക്കും വ്യവസ്ഥകൾക്കും മേൽ ചെലുത്തുന്ന മറവിയുടെ സമ്മർദ്ദങ്ങൾ മറികടന്ന് ഓർമയിലൂടെ കാലത്തെയും അനുഭവങ്ങളെയും തിരിച്ചുപിടിക്കാനുള്ള ഭാവാത്മകപ്രവർത്തനമാണ് വേറൊന്ന്. ഓർമയുടെ സമരങ്ങളെന്നെ നിലയിൽ രൂപം കൊള്ളുന്ന സാംസ്‌കാരിക പ്രവർത്തനങ്ങളുടെ രാഷ്ട്രീയസാധ്യതകളെയാണ് ഇത്തരം സ്മൃതിപാഠങ്ങൾ അഭിസംബോധന ചെയ്യുന്നത്. മലയാളത്തിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ടു കാലത്തെഴുതപ്പെട്ട മികച്ച നോവലുകൾ മിക്കതും ഓർമയുടെ രാഷ്ട്രീയത്തെയാണ് കഥനത്തിന്റെ കലാപദ്ധതിയാക്കി മാറ്റുന്നത്. മിലൻ കുന്ദേരയാണ് ഈ സങ്കേതത്തിന്റെ മികച്ച ലോകമാതൃക.

തന്റെതന്നെ ആയുസിന്റെ കാലചരിത്രത്തെ വൈയക്തികവും സാമൂഹികവുമായ ഓർമയായി വിവർത്തനം ചെയ്യുന്ന ജോജോ ആന്തണിയുടെ നോവൽ നിർവഹിക്കുന്ന കലാധർമം മേല്പറഞ്ഞ മൂന്നു മാർഗങ്ങളെയും (വൈചാരിക വൈകാരികവും പ്രത്യയശാസ്ത്രപരവുമായ മാർഗങ്ങൾ എന്നുതന്നെ പറയാം) പല നിലകളിൽ പിൻപറ്റുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കൊച്ചിയുടെ ഭൂമിശാസ്ത്രം മുതൽ കുടുംബങ്ങളിലും പുറത്തും പരസ്പരം പൊറുത്തും വെറുത്തും മറുത്തും ഈ നഗരത്തിൽ കുറെ മനുഷ്യർ ജീവിച്ച ജീവിതങ്ങൾ വരെയുള്ളവ പുനഃസൃഷ്ടിക്കുന്ന കാലത്തിന്റെ ഓർമപ്പെരുന്നാളാണ് ഈ നോവൽ. അതിലുപരി, ഒരു വ്യക്തിയുടെ നാലുജീവിതങ്ങളായും ഒരാത്മാവിന്റെ നാലനുഭവങ്ങളായും ഒരു പാപത്തിന്റെ നാലു വഴിയിൽ പിരിഞ്ഞുപുളയുന്ന ശിക്ഷകളായുമൊക്കെ സമീകരിക്കപ്പെടുന്ന, മതാത്മകവും മനഃശാസ്ത്രപരവും അസ്തിത്വവാദപരവുമായ കുറ്റബോധങ്ങളുടെ അവതരണമെന്ന നിലയിലും വായിക്കാം, ‘രോഗീലേപന’ത്തെ. പാപ-പുണ്യങ്ങൾക്കും ഭൂത-വർത്തമാനങ്ങൾക്കും ആത്മ-അപരങ്ങൾക്കും സ്മൃതി-സ്മൃതിനാശങ്ങൾക്കുമിടയിൽ നട്ടംതിരിയുന്ന മനുഷ്യജീവിതത്തെക്കുറിച്ചെഴുതപ്പെട്ട ഒരു ദീർഘപ്രബന്ധവുമാണ് ഈ കൃതി. നരജീവിതമെന്ന വേദനയുടെ പരിഹാരമില്ലാത്ത പാപകഥ.

ജീവിതമെന്നപോലെ നോവലും അത്രമേൽ ലളിതമായ ഒരു അനുഭവവും കലയുമല്ല എന്നും സംഭവങ്ങളുടെ രേഖീയക്രമമല്ല, അവയെക്കുറിച്ചുള്ള ശിഥിലവും ക്രമരഹിതവുമായ ഓർമയാണ് കൂടുതൽ സംഗതമായ കാര്യമെന്നും അടിവരയിട്ടു പറയുന്ന രചനയാണ് ജോജോയുടേത്. സ്ഥലകാലങ്ങളുടെ കുഴമറിച്ചിൽ മാത്രമല്ല ഈ നോവലിന്റെ കലയെയും വായനയെയും സങ്കീർണമാക്കുന്നത്. ഭൂതവർത്തമാനങ്ങളുടെയും സംഭവങ്ങളുടെയും ഇടതടവില്ലാത്ത കലങ്ങിമറിയലുമാണ്. ‘രോഗീലേപന’ത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം ‘സ്വർഗദൂതൻ’ മുതൽ ‘ചാവുനിലം’ വരെയുള്ള കൊച്ചീ നോവലുകളുടെ പാരമ്പര്യത്തിൽ നിന്നു രൂപം കൊള്ളുന്നതാണ്. പക്ഷെ തീർത്തും മൗലികമായ ഒരു ഭാവഭൂപടം നെയ്‌തെടുക്കാൻ ജോജോക്കു കഴിയുന്നുമുണ്ട്.

നാലു സുഹൃത്തുക്കൾ. ബാല്യം മുതൽ ഉറ്റ ബന്ധം പുലർത്തുന്നവർ. മാർക്കോസ്, ലൂയിസ്, ജൂലിയസ്, രമേശൻ. മാർക്കോസ് മേരിയെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു. മകൾ സൗമ്യ. ലൂയിസ് ലീനയെ വിവാഹം ചെയ്തു. മക്കൾ രേഷ്മയും രശ്മിയും. ജൂലിയസ് മോളിയെ കെട്ടി. രമേശൻ അംബികയെയും. നാലാൾക്കും ആൺമക്കളില്ല. അത് നോവലിന്റെ ഏറ്റവും നിർണായകമായ ഒരു ഭാവസൂചകമാണ്.

നേർരേഖയിലുള്ള കാലമോ കഥയോ ഭാഷണമോ ‘രോഗീലേപന’ത്തിലില്ല എന്നു സൂചിപ്പിച്ചു. കഥകളുടെ കായലും ആഖ്യാനത്തിന്റെ വലയുമാണ് ഈ നോവൽ. ഒരു കഥയും ഒരു വ്യക്തിയും ഒറ്റയായി ജീവിക്കുന്നില്ല. മുഖ്യമായും മൂന്നു തലങ്ങളിൽ രൂപം കൊള്ളുന്ന നിരവധി കഥകളുടെ കുർബ്ബാനപ്പുസ്തകമാണ് ‘രോഗീലേപനം’. ഓരോ കഥാപാത്രവും ഓരോ കഥയാണ്. കഥയായി മാറുന്ന മനുഷ്യരുടെയും ജീവിതങ്ങളുടെയും ലോകമാണ് നോവൽ എന്നു സ്ഥാപിക്കുന്ന രചന.

ഒന്നാമത്തെ തലം, മേല്പറഞ്ഞ നാലു കൂട്ടുകാരുടെ ജീവിതമാണ്. രണ്ടാമത്തേത് അവരുടെ ഭാര്യമാരുടേത്. മൂന്നാമത്തേത് ഇവർക്കൊപ്പം ഈ ഭാവനാഭൂമികയിലുള്ള മറ്റു മനുഷ്യരുടെ കഥകൾ. നാലു തലമുറകളുടെ കലണ്ടർകാലം. മൂന്നു കഥാധാരകളും ഒരൊറ്റ വൃക്ഷത്തിന്റെ മൂന്നു നെടുശിഖരങ്ങൾ പോലെ പടർന്നുപന്തലിക്കുന്നു.

എന്താണ് ‘രോഗീലേപന’ത്തിന്റെ പ്രമേയം? ഒരർഥത്തിൽ ഒരു ശാപത്തിന്റെ കഥയാണത്. നോവലിൽ പ്രേതസാന്നിധ്യം പോലെയോ അതീത ജന്മം പോലെയോ പലതവണ പ്രത്യക്ഷപ്പെടുന്ന ഒരു വൃദ്ധയുണ്ട്. വെല്ലൂർ ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവർക്കു കാവലിരിക്കുമ്പോൾ ലീനക്കും മേരിക്കും മോളിക്കും മുന്നിലെത്തുന്ന മൃതിയുടെ ദൂതയാണവർ. ഈ വൃദ്ധയുടെ യഥാർഥസ്വരൂപം കൊച്ചിയിലുണ്ട് - നോവൽപ്രമേയത്തിന്റെ തന്നെ ജനയിതാവായി. കോളനികാലത്ത് വറീതിനെ പ്രണയിച്ച് തന്റെ ആയുസ് തുടർമരണങ്ങളുടെ ദൃക്‌സാക്ഷിത്വമാക്കിമാറ്റിയ ത്രേസ്യയുടെ ആത്മാവും ശരീരവുമാണത്. ആങ്ങളമാരെ ഭയന്ന് വറീതിനെയും കൂട്ടി നാടുവിട്ട ത്രേസ്യ കൊച്ചിയിലെത്തി. വർഷങ്ങൾ കഴിഞ്ഞാണ് ആങ്ങളമാർ പെങ്ങളെ കണ്ടുപിടിച്ചത്. ആ ദിവസംതന്നെ അവർ അവളെ വിധവയാക്കി. വറീതിനെ അവർ കൊന്നുതള്ളിയ കൊക്കരണിയിൽതന്നെ ത്രേസ്യായുടെ മകൻ ചീട്ടുകളിക്കാരൻ ചാർലിയും വീണുചത്തു. ചാർലിയുടെ മകൻ റോയിയുടെ വിധിയും മറ്റൊന്നായിരുന്നില്ല. മാർക്കോസും ലൂയിസും ജൂലിയസും രമേശനും ചേർന്ന്, കൊക്കരണിയിൽ ചെകുത്താന്മാരുണ്ട് എന്നു പറഞ്ഞുചതിച്ച് റോയിയെ വെള്ളത്തിൽ വീഴ്‌ത്തി കൊല്ലുകയായിരുന്നു. വറീതിന്റെ വിധവയായ ത്രേസ്യയും ചാർലിയുടെ വിധവയായ മറിയാമ്മയും മാത്രം അവശേഷിച്ചു.

ത്രേസ്യാ നാലു കൂട്ടുകാരെയും ശപിച്ചു, ഉൽപ്പത്തിപ്പുസ്തകത്തിൽ, സഹോദരൻ സഹോദരനെ വയലിൽ തച്ചുകൊന്നതിന്റെ ആദിഭാവന സൂചിപ്പിച്ചുകൊണ്ട് ജോജി, ഭ്രാതൃഹത്യയുടെ എക്കാലത്തെയും ചോരക്കഥ തന്റെ നോവലിൽ പുനഃസൃഷ്ടിക്കുന്നു. സഹോദരന്റെ രക്തം സ്വന്തം കയ്യിൽ പുരണ്ട മനുഷ്യന്റെ നീണ്ട നിലവിളിയാണ് ‘രോഗീലേപനം’. അത് നാലു കൂട്ടുകാരാണോ, ഒരൊറ്റ മനുഷ്യന്റെ നാലവസ്ഥകളാണോ, നാലുജന്മം കൊണ്ട് അവൻ അനുഭവിച്ചുതീർക്കേണ്ടിവരുന്ന പാപത്തിന്റെ കഥയാണോ എന്നതൊക്കെ വേറെ കാര്യം. നോവലിന് ആമുഖമായി ജോജി എഴുതുന്ന ഒരു താക്കോൽ വാക്യം ‘രോഗീലേപന’ത്തിന്റെ കഥനപ്പൂട്ട് തുറക്കും. 

“പൂത്തുനിൽക്കുന്ന കാരമരത്തിന്റെ ചുവട്ടിൽ
ഒരു തഴപ്പായയിലിരുന്ന്
ന്യായാധിപൻ വിധി പറഞ്ഞു:
നാല് ജന്മങ്ങളുടെ ദുരിതം
ഒരു ജന്മത്തിൽ അനുഭവിക്കാനായി
നിനക്ക് ഞാൻ തരുന്നു.
അതിനാൽ നീ നാലായി വഴിപിരിയും.
കൂടിനിന്ന ജനങ്ങളെ സാക്ഷി നിർത്തി
അയാൾ ഇല്ലാതായി.
പകരം, നരകം മണക്കുന്ന
നാല് ജീവിതങ്ങൾ ജന്മം കൊണ്ടു”.

ഓർമക്കും ശാപത്തിനുമപ്പുറത്ത്, ആത്മാവിന്റെതന്നെ പിളർപ്പുകളും ജന്മത്തിന്റെ പലമകളുമായി നോവൽ രൂപം മാറുന്നതിന്റെ സാധ്യതയാണ് ഈ വാക്യം തുറന്നിടുന്നത്. ഭാവന എന്തുമാകട്ടെ. അതിന്റെ ഭാഷണകല, ഓർമയുടെയും സ്ഥലകാലങ്ങളുടെയും അരേഖീയമായ കുഴമറിച്ചിലാണ്. കഥകളുടെയും അനുഭവങ്ങളുടെയും കായൽനിലം. നോവലിന്റെ വലകൊണ്ട് അതിൽ വീശി ജീവിതമത്സ്യങ്ങളെ പിടിക്കുന്ന വലിയ മുക്കുവനാണ് ജോജി ആന്തണി. മരണം, നിശ്ചിതവും അനിവാര്യവുമായ മനുഷ്യരുടെ കൂട്ടപ്പിടച്ചിലാണ് ജീവിതമെന്നപോലെ മരണവുമെന്നു തെളിയിക്കുന്നു, ‘രോഗീലേപനം’. നാലായിപ്പിളർന്ന ഒരാത്മാവിന്റെ നരകപുരാണം.

മൂന്നു കഥാതലങ്ങളെക്കുറിച്ചു പറഞ്ഞു. നാലു കൂട്ടുകാരുടെ കഥയാണ് ഒന്നാമത്തേത് എന്നും. മാർക്കോസിന്റെയും മേരിയുടെയും മകൾ സൗമ്യയുടെ രോഗവും മരണവുമാണ് നോവലിന്റെ അച്ചുതണ്ട്. മക്കളുടെ മരണം പോലെ മനുഷ്യരെ തളർത്തുന്ന മറ്റൊരവസ്ഥയോ അനുഭവമോ ദൈവം സൃഷ്ടിച്ചിട്ടില്ല. അവളെ ചികിത്സിക്കാൻ വെല്ലൂരിലെത്തുമ്പോഴാണ് കൂറെക്കാലമായി പിണങ്ങിക്കഴിഞ്ഞിരുന്ന ജൂലിയസിനെ മാർക്കോസ് കണ്ടുമുട്ടുന്നത്. കൂടെ ഭാര്യ മോളിയുമുണ്ട്. മരണഭയം മനുഷ്യരെ അടുപ്പിക്കും. ജൂലിയസും രോഗിയാണ്. താമസിയാതെ ലീനയെയും കൊണ്ട് വിദഗ്ദ്ധ പരിശോധനക്കായി ലൂയിസും വെല്ലൂരിലെത്തി. സൗമ്യയുടെ മരണം അവർ മൂന്നാളെയും ഒരുപോലെ തകർത്തു. ഭ്രാന്തിവല്യമ്മയുടെ ശാപത്തിന്റെ രണ്ടാമത്തെ ഇരയാണ് സൗമ്യ എന്നവർ തിരിച്ചറിഞ്ഞു. രമേശനായിരുന്നു ആദ്യ ഇര. അവനാണ് കൊലയ്ക്കു പുറമെ, കൊന്ന കുഞ്ഞിന്റെ അമ്മയെ പ്രാപിക്കാൻ തുനിഞ്ഞവൻ. സൗമ്യയുടെ മൃതദേഹവുമായി ആംബുലൻസിൽ സ്ത്രീകളും കാറിൽ പുരുഷന്മാരും കൊച്ചിയിലേക്കു തിരിക്കുന്നു. ഈ യാത്രയും വരവുമാണ് നോവലിന്റെ ആരംഭം.

മൃതദേഹം മാർക്കോസിന്റെ വീട്ടിലെത്തിച്ച് രാത്രിതന്നെ മൂവരും രമേശനെ കാണാൻ പോകുന്നു. വർക്ക്‌ഷോപ്പിലുണ്ടായ അപകടത്തിൽ വർഷങ്ങളായി തളർന്നുകിടപ്പാണ് രമേശൻ. സൗമ്യയുടെ മരണം നാലു കൂട്ടുകാരെയും തങ്ങൾക്കു കിട്ടിയ ശാപത്തിന്റെ ഓർമയിലേക്കു പുനരാനയിച്ചു. അവർ വിറച്ചു. ഓരോ കുടുംബവും തീരാവേദനയും രോഗവും കൊണ്ടു നരകിക്കുകയാണെന്നവർ തിരിച്ചറിഞ്ഞു. മരണം അതിന്റെ ആദ്യത്തെ പ്രഹരം സൗമ്യക്കുമേൽ ഏല്പിച്ചുവെന്നേയുള്ളു. തുടർമരണങ്ങളും മരണത്തെക്കാൾ വലിയ സഹനങ്ങളും തങ്ങളെ കാത്തിരിക്കുന്നുവെന്നവർക്കു മനസ്സിലായി. ഇതാണ്, ഇതുമാത്രമാണ് കഥാകാലം.

ഇനിയുള്ളത് ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും കലങ്ങിമറിഞ്ഞ കഥനപാഠങ്ങളാണ്.

മോളിക്കും ലീനക്കും മേരിക്കും അംബികക്കുമുണ്ട് താന്താങ്ങളുടെ കുടുംബത്തിലും പുറത്തും ഒറ്റക്കും തെറ്റയ്ക്കുമുള്ള ജീവിതങ്ങൾ. വിവാഹത്തിനു മുൻപും പിൻപും. മോളിയുടെ കരിപ്പായി കുടുംബത്തിന്റെ കഥയും ജൂലിയസിന്റെ കാരോത്തുകുടുംബത്തിന്റെയും കഥയും കുറെ ഉപകഥകളുമായി നോവലിൽ വേറിട്ടൊരു ഭൂപടം തന്നെ നിർമ്മിക്കുന്നു. ലീന ജോർജ്ജുകുട്ടിയെ പ്രണയിച്ചുവെങ്കിലും അവൻ വാഹനാപകടത്തിൽ മരിക്കുന്നു. മേരിക്ക് ഉറ്റവരാരുമില്ലാതായപ്പോഴാണ് മാർക്കോസ് അവളെ കണ്ടെത്തുന്നത്. അംബികയും രമേശനും തമ്മിലുള്ള പ്രണയം നാടകീയമായി വളരുകയും അവർ വിവാഹിതരാകുകയും ചെയ്യുന്നു.

ത്രേസ്യയുടെയും വറീതിന്റെയും കഥ, സ്ത്രീലമ്പടത്വത്തിന്റെ ഉടൽരൂപമായ കാരോത്തുകുടുംബത്തിലെ കാരണവർ ചീക്കുവിന്റെ പെടുമരണത്തിന്റെയും പടുമരണത്തിന്റെയും കഥ, ചീക്കുവിന്റെ ശവത്തിന് സെമിത്തേരിയിൽ ഒരു രാത്രിമുഴുവൻ ജൂലിയസ് കാവലിരിക്കുന്ന കഥ, ബാർബർ കൃഷ്ണന്റെയും കുടുംബത്തിന്റെയും കഥ, തോമസിന്റെയും ഫ്‌ളോറിയുടെയും കഥ, ജോസഫ്‌സാറിന്റെയും മറിയാമ്മ ടീച്ചറിന്റെയും കഥ, ഇലക്ട്രീഷ്യൻ ജോബ്, കന്യാസ്ത്രീമഠത്തിലുണ്ടാക്കിയ ഇടപെടലുകളുടെ കഥ, പട്ടാളം തോമസിന്റെ അപ്പനും അമ്മയും ഭാര്യയും മകനും നടത്തുന്ന കച്ചവടത്തിന്റെ കഥ, വിഷചികിത്സകയായ കന്യാസ്ത്രീയുടെ കഥ, ചെത്തുകാരൻ ശശിയുടെ കഥ, രമേശന് റോയിയുടെ അമ്മ മറിയാമ്മച്ചേച്ചിയോടും ലൂയിസിന് സിസ്റ്റർ ജസീന്തയോടുമുണ്ടായ ബന്ധങ്ങളുടെ കഥ, മൊസൈക്ക് കമ്പനിക്കാരൻ തമിഴന്റെ മകൾ ഗോമതിയുടെ കഥ, ജോർജ്ജ് ചേട്ടന്റെയും ആനിടീച്ചറിന്റെയും കഥ, മേരിയുടെ അനിയത്തി റോസിയുടെയും നാത്തൂൻ വത്സയുടെയും കഥ എന്നിങ്ങനെ തീട്ടപ്പറമ്പിൽനിന്ന് ആധുനിക നഗരമായി വളർന്ന കൊച്ചിയുടെ മുക്കാൽ നൂറ്റാണ്ടിലധികം കാലത്തെ ജീവിതചരിതങ്ങൾ നിഴൽനാടകങ്ങൾ പോലെ എഴുതുകയാണ് ജോജോ.

ടിമുടി സിനിമാറ്റിക്കാണ് ‘രോഗീലേപന’ത്തിന്റെ ആഖ്യാനം. തുടർച്ചയോ രേഖീയതയോ ഇല്ലാതെ, ദൃശ്യങ്ങളുടെ കൊളാഷോ മൊണ്ടാഷോ പോലെ അവ നോവലിന്റെ കഥനകലയെ അടിമുടി നവീകരിക്കുന്നു. പ്രണയവും കാമാതുരതയും രതിയും സൗഹൃദങ്ങളും മാത്രമല്ല, പകയും വെറിയും ചതിയും കൊലയും തിടംവച്ചു നിൽക്കുന്ന നഗ്നവും നെറികെട്ടതുമായ മനുഷ്യബന്ധങ്ങളുടെ പൂരപ്പറമ്പാണ് ‘രോഗീലേപനം’. അസാധാരണമായ ദൃശ്യബിംബങ്ങൾകൊണ്ടു സമ്പന്നമാണ് നോവൽ. നോക്കുക:

“സ്‌കൂളിന് മുന്നിൽ, സമാന്തരമായി സഞ്ചരിച്ച് കൺവെട്ടത്തിനപ്പുറത്തു മാത്രം കൂട്ടിമുട്ടുന്ന റെയിൽപാളങ്ങൾ, സ്‌കൂളിന് പുറകിൽ പാടവും പറമ്പുകളും, പറമ്പുകൾ മുക്കാലും കാരോത്തുകാരുടെ വകയാണ്. വൃക്ഷങ്ങൾ, മുഖ്യമായും തെങ്ങുകൾ, ഇടയ്ക്കിടെ കുടിയാന്മാരുടെ വീടുകൾ, തോടുകൾ, പാടത്തിനു നടുവിൽ വെള്ളപ്പരപ്പിന്റെ നിരപ്പിനോടിടഞ്ഞ് ഉയർന്ന ഒരു സ്ഥലം, അതിനു നടുവിൽ കൊക്കരണി.

മണ്ണ് പറക്കുന്ന നിരത്തിൽ കുതിരക്കുളമ്പടി. വൈകിട്ട് ഒരു അഞ്ചു മണി കഴിഞ്ഞാൽ ഇത് പതിവാണ്.

കവലയിൽനിന്നുള്ള പ്രധാന പാതയിലേക്ക് നോക്കി ഒരു ചെറുവഴി. അതിനറ്റത്താണ് കാരോത്ത് തറവാട്. ഗേറ്റ് തുറന്നുചെന്ന് കയറുന്നതു വലിയ ഒരു മുറ്റത്തേക്കാണ്. പഞ്ചസാരമണലിട്ട മുറ്റത്തു അവിടവിടെ പേര, ചാമ്പ തുടങ്ങിയ കൊച്ചുമരങ്ങളുണ്ട്. ചാമ്പയുടെ കീഴിൽ ഉറക്കമില്ലാതെ ഒരു കുതിര.

മൃഷ്ടാന്നമായ ഉച്ചയൂണിനു ശേഷം ഏതാണ്ട് രണ്ടു മണിക്കൂർ ഉറങ്ങും. അതിനുശേഷമാണ് സവാരി. കുടുക്ക് ഇടാത്ത ജുബ്ബയും കള്ളിമുണ്ടും ഫെഡോറ തൊപ്പിയും ധരിച്ചു ചീക്കുച്ചേട്ടൻ കുതിരയിൽ കയറും, കുതിര മെല്ലെ മെല്ലെ നടക്കും. ചീക്കുച്ചേട്ടന്റെ മനസ്സ് കുതിരക്കറിയാം. ആദ്യയാത്ര പള്ളിമുറ്റത്തേക്കാണ്. ഒരുഭാഗത്തു ചെറുപ്പക്കാരുടെ കളികളും മറുഭാഗത്തു മുതിർന്നവരുടെ കളിവർത്തമാനങ്ങളും. കുതിരയിൽനിന്നു ഇറങ്ങി, കിണറിന്റെ കപ്പിത്തൂണിൽ അതിനെ കെട്ടിയാൽ പിന്നെ കാരണവരാകും നേതാവ്. ഇരുട്ട് നേർമ്മയിൽ വീണുതുടങ്ങുന്നതുവരെ അത് നീളും. അതിനിടയിൽ അവിടെ കൂടുന്നവർക്കെല്ലാം അടുത്ത ചായക്കടയിൽ നിന്ന് വാങ്ങുന്ന ഓരോ ചായ കിട്ടും. പിന്നെ വീണ്ടും കുതിരപ്പുറത്ത്. കുതിര അടുത്ത താവളത്തേക്കു നീങ്ങും. കുതിരയുടെ നീക്കത്തോടൊപ്പം മനസ്സിന്റെ കണക്കുപുസ്തകം ചേട്ടൻ പുറത്തെടുക്കും, അതിൽ കുറിച്ചുവച്ചിട്ടുള്ള രൂപങ്ങൾ ഒന്നൊന്നായി ഓർത്തെടുക്കും, അതിൽ മനസ്സിനിണങ്ങിയ ഒന്ന് തെരഞ്ഞെടുക്കും. കുതിരയുടെ യാത്ര പിന്നെ അങ്ങോട്ടാണ്.

കാരോത്ത് തറവാട്ടുപറമ്പിൽ നൂറ്റിയാറ് കുടിയാന്മാരുണ്ടായിരുന്നു. തേജസ്സുറ്റ ശരീരമുള്ള പെണ്ണുങ്ങൾ, പടർന്നു പന്തലിക്കാൻ ഒരുങ്ങുന്ന പെൺകുട്ടികൾ, ഇവയൊക്കെ ഒരു കുടി കിട്ടാനുള്ള എളുപ്പവഴിയായിരുന്നു. കുടിയാന്മാർ പണിയെടുത്തുണ്ടാക്കിയ സമ്പത്തുകൊണ്ടു ചീക്കുച്ചേട്ടൻ അവരുടെ മേലാളനായി, അവരുടെ പെണ്ണുങ്ങളുടെ കൂട്ടാളനായി, അവരുടെ കുഞ്ഞുങ്ങളുടെ തന്തയായി.

കാരോത്ത് തറവാട് അടങ്ങാത്ത കാമം പോലെ അറ്റമില്ലാതെ പരന്നുകിടന്നു, പാടങ്ങളും തോപ്പുകളും ചെറുമക്കുടികളുമായി. കാരണവരുടെ ദിവസം തുടങ്ങിക്കഴിഞ്ഞാണ് സൂര്യൻ ഉദിക്കുന്നത്, ഇരുട്ട് പോയിട്ടുണ്ടാവില്ല. പല്ലുതേപ്പിനും കുളിക്കും മുൻപ്, ചെറുമികളുടെ വിയർപ്പു മണക്കുന്ന ശരീരത്തിനുമേൽ ഒരു തോർത്തുമുണ്ടിട്ട്, മുട്ട് വരെയെത്തുന്ന ഒരു ടവൽ ചുറ്റി, അയാൾ പറമ്പിലേക്കിറങ്ങും, പറമ്പിന്റെ ഓരോ മുക്കും മൂലയും നോക്കും, വിളയുന്ന വൃക്ഷങ്ങളെയും വിളയാത്ത കൃഷിയെയും വിളയുന്ന പെൺകുട്ടികളെയും മനസ്സിൽ കുറിച്ചിടും, ഏതാണ്ട് രണ്ടു മണിക്കൂറു നീളുന്ന ആ പര്യവേക്ഷണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ചായ തയ്യാർ. അതുകുടിച്ചു നേരെ കക്കൂസിലേക്ക്, അതിനുശേഷമാണ് കുളി.

ജനിക്കാനിരിക്കുന്ന ഒരു പകലിൽ പറമ്പുചുറ്റാൻ പോയ ചീക്കുച്ചേട്ടൻ സമയമേറെയായിട്ടും തിരിച്ചുവന്നില്ല. അന്വേഷിച്ചുചെന്ന പണിക്കാർ പറമ്പിന്റെ മൂലയിലൊരിടത്തു ചേട്ടനെ കണ്ടു. അയാളുടെ ഉടുമുണ്ട് മാറിക്കിടന്നു, വ്രണപ്പെട്ട ആണത്തം പുറത്തുകാട്ടി. വയറുഭാഗം പൊട്ടിയിരുന്നു, കുടൽമാല പുറത്തുകാട്ടി. കുളിമുടങ്ങിയിരുന്നതുകൊണ്ടു ശരീരത്തിൽനിന്ന് അപ്പോഴും ചെറുമികളുടെ ഗന്ധം വമിച്ചുകൊണ്ടിരുന്നു”.

പല തലമുറകളുടെ ഓർമകൾ പനിപോലെ ബാധിച്ചുതൂവുന്ന കഥകളുടെ കുമ്പസാരം നോവലിലുണ്ട്. മേരിയുടെ ബാല്യകാലസ്മൃതികളിലൊന്ന് കേൾക്കുക:

“ “വറുതൂട്ടിയെ, വാടാ, പിള്ളേരേം വിളിച്ചോ....”

അപ്പാപ്പൻ തളത്തിൽനിന്നു വിളിച്ചു പറഞ്ഞു.

അപ്പൻ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥിയായി, ഭാര്യയെ വിളിച്ചു, മക്കളെ വിളിച്ചു, എല്ലാവരും ഓടിയെത്തി.

തളത്തിൽനിന്നു കയറുന്നതു ഒരു ഇടനാഴിപോലുള്ള മുറിയാണ്, ഇടതുവശത്തു അടുക്കള, വലതുവശത്തു പത്തായമുറി. ചക്ക വിളഞ്ഞുതുടങ്ങിയാൽ ആ പത്തായമുറിയിലാണ് ആദ്യത്തെ ചക്ക വെട്ടുന്നത്. അതൊരു മുടക്കമില്ലാത്ത ചടങ്ങാണ്. ചക്ക വെട്ടുന്നത് അപ്പാപ്പനാണ്, ചുറ്റും കുടുംബം മുഴുവൻ. നന്നേ പഴുത്ത ഒരു വരിക്കച്ചക്ക തെരഞ്ഞെടുത്തിട്ടുണ്ടാവും. അരികിൽ ചൂടിക്കയറിന്റെ ഒരു തിരി, മെളഞ്ഞില് ചുരുട്ടിയെടുക്കാനാണ്. വെളിച്ചെണ്ണ തേച്ച മൂർച്ചയുള്ള ഒരു വെട്ടുകത്തി. കയ്യിലും വെളിച്ചെണ്ണ തൂത്തു കഴിഞ്ഞാൽ അപ്പാപ്പൻ തയ്യാറായി. ചക്ക എട്ടു തുണ്ടങ്ങളാക്കിയതിനു ശേഷം കൂഞ്ഞി ചെത്തിമാറ്റി കയറുതുണ്ടുകൊണ്ടു മെളഞ്ഞില് തുടച്ചെടുത്ത്, ആദ്യത്തെ തുണ്ടത്തിൽനിന്നു ഒരു ചൊള അപ്പാപ്പൻ തിന്നും. പിന്നെ ഒരു തുണ്ടം അമ്മാമ്മക്ക്, അടുത്തത് അപ്പന്, പിന്നെ അമ്മക്ക്, ശേഷം കുട്ടികൾക്ക്. ചക്കക്കാലം തുടങ്ങുന്നതവിടെയാണ്.

കൈലി വളച്ചുകുത്തി ചുരുട്ടി കാലിനിടയിൽ തിരുകി വൃദ്ധൻ മുട്ടിപ്പലകയിൽ ഇരുന്നു. നിഴല് പോലെ അമ്മാമ്മയും അടുത്ത്. ഒരു പലകയെടുത്തു അതിന്മേൽ അപ്പനും അപ്പന്റെ അടുത്ത് വല്യേട്ടനും കുഞ്ഞേട്ടനും, അമ്മ വാതിൽപ്പാളി ചാരി, അമ്മയുടെ ഇടുപ്പ് ചാരി മേരിയും കൊച്ചുറോസിയും. ഒന്ന് കുരിശുവരച്ചു. അപ്പാപ്പൻ വെട്ടുകത്തിയെടുത്തു, ആദ്യം കൂന ചെത്തി, പിന്നെ നടുവെ ആഞ്ഞുവെട്ടി. ശരീരം കുലുങ്ങിയുള്ള വെട്ടിൽ ചക്ക രണ്ടായി. അതിൽ ഒരു ഭാഗമെടുത്തു വീണ്ടും വെട്ടി തുണ്ടങ്ങളാക്കുകയാണ് അപ്പാപ്പൻ.

അമ്മയുടെ മുണ്ടിന്റെ കോന്തല പിടിച്ചു നിന്നിരുന്ന കൊച്ചുറോസിയാണ് ആ കാഴ്ച ആദ്യം കണ്ടത്. അപ്പാപ്പന്റെ കാലുകൾക്കിടയിൽ ചുരുട്ടിവെച്ച മുണ്ടിനു താഴെയുള്ള ഇരുട്ടിൽ, ചുളുങ്ങിയ ഒരു സഞ്ചിയിൽ, രണ്ടു ഗോളങ്ങൾ. കാവിനിറമുള്ള മുണ്ടിന്റെ കീഴ്ഭാഗത്തായി, കുറച്ചുകൂടി ഇരുണ്ടനിറത്തിൽ, അത് ഞാന്നുകിടന്നു, പിന്നെ അപ്പാപ്പന്റെ അനക്കങ്ങൾക്കനുസ്സരിച്ചു മെല്ലെ മെല്ലെ മെല്ലെ അനങ്ങി അനങ്ങി. ഏതാണ്ട് പൊട്ടിപ്പോയ ചിരിയടക്കി കൊച്ചുറോസി മേരിയെ തോണ്ടി, അമ്മ കാണാതെ ആടുന്ന ഗോളങ്ങളിലേക്കു വിരൽ ചൂണ്ടി. മേരിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയായി. അവൾ അനിയത്തിയെ പിച്ചി. പെൺപിള്ളേരുടെ ഞെരിപിരി കണ്ടു അമ്മ അവരെ നോക്കി, പിന്നെ അമ്മാമ്മയെ നോക്കി ഗോഷ്ടി കാണിച്ചു.

“നിങ്ങളാ മുണ്ടു നേരെയിട്ടെ മനുഷ്യാ...”

അമ്മാമ്മ ഭർത്താവിന്റെ തോളിൽ കുലുക്കി. ചുരുട്ടിവച്ച മുണ്ടിലേക്കൊന്നു നോക്കിയശേഷം, വായിൽ ബാക്കിയുള്ള പല്ലുകളും അവയ്ക്കിടയിലെ വിടവുകളും മുഴുവൻ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് അപ്പാപ്പൻ മുണ്ടു വലിച്ചു നേരെയിട്ടു. അപ്പന്റെ മുഖത്തു പുഞ്ചിരി. ചേട്ടന്മാർ ചിരിമുഴുവൻ വായ്ക്കകത്താക്കി വായ മുറുകെ അടച്ചുപിടിച്ചു.

“നിന്ന് കിണുങ്ങാണ്ട് പോടീ പിള്ളേരെ അപ്പുറത്ത്....”

അമ്മ പെൺമക്കളെ വഴക്കു പറഞ്ഞു. ഞാന്നുകിടന്നാടുന്ന ഗോളങ്ങളില്ലാത്ത തളത്തിലേക്കു പെൺകുട്ടികൾ ഓടിപ്പോയി. ഓടുമ്പോൾ ചിരിയടക്കാൻ പറ്റാതെ അവർ കൈകൊണ്ടു വായ പൊത്തിയിരുന്നു.

അപ്പാപ്പന്റെ ഞായറാഴ്ച തുടങ്ങുന്നത് ശനിയാഴ്ചയാണ്. ഞായറാഴ്ചയിലെ ആദ്യകുർബാനക്കുള്ള മുന്നോടിയായി, തലേന്ന് വൈകുന്നേരം, ദേഹമാകെ എണ്ണ തേച്ച് മണിക്കൂറെങ്കിലും കഴിഞ്ഞേ കുളിക്കൂ. അതിനിടയിലാണ് ആഴ്ചയിൽ ഒരു വട്ടം മാത്രമുള്ള ക്ഷൗരം. ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് തളത്തിലെ മേശയിൽവച്ച്, ക്ഷൗരക്കത്തിയും ലൈഫ്‌ബോയ് സോപ്പും എടുത്ത് അതിനരികെ വച്ച്, ആറിഞ്ച് വ്യാസമുള്ള ഒരു നോക്കു കണ്ണാടി മേശക്കരികിലെ ജനാലയിലെ ആണിയിൽ തൂക്കി, ഒരുപാട് സമയമെടുത്തുള്ള പ്രയത്‌നമാണത്.

ചക്കകളുടെ വസന്തകാലം അവസാനിച്ചതും ഒരു ശനിയാഴ്ചയാണ്. ഉച്ചയുറക്കത്തിന് ശേഷം ചായകുടി കഴിഞ്ഞ്, പറമ്പിൽ ഒന്ന് ചുറ്റി, എണ്ണതേച്ചു ഒറ്റമുണ്ടുടുത്തു കയ്യിൽ പാത്രവും മറ്റു സാമഗ്രികളുമായി, ഒരു ശനിയാഴ്ച വൈകുന്നേരം അപ്പാപ്പൻ തളത്തിലെത്തി. നോക്കുകണ്ണാടി ആണിയിൽ തൂക്കുന്നതിടയിൽ അടുക്കളയിലേക്ക് നോക്കി വിളിച്ചു ചോദിച്ചു.

“ദേയ്, കന്നാലികൾക്കു വെള്ളം കൊടുത്തോ?”

“കുഞ്ഞേലി പോയിട്ടുണ്ട്”.

അമ്മാമ്മ അടുക്കളയിൽനിന്ന് വിളിച്ചുപറഞ്ഞു.

അപ്പാപ്പന്റെ കയ്യിൽ ഒരു തുകൽപട്ടയുണ്ട്, ക്ഷൗരക്കത്തി മൂർച്ചവെക്കുന്നതിനായി. അതിൽ കത്തിയുരച്ചു തയ്യാറാക്കി, മുഖത്താകെ സോപ്പുതേച്ചു കർമ്മം തുടങ്ങുന്നതിനു മുൻപ് പിന്നെയും ഭാര്യയെ വിളിച്ചു.

“ദേയ്, വറുതൂട്ടി എത്തിയോ?”

“ഇതെന്താപ്പോ ഇത്? വരാറാവണല്ലേ ഉള്ളൂ”.

അമ്മാമ്മയുടെ മറുപടിയിൽ ശുണ്ഠി.

“ഞാൻ ചോദിച്ചൂന്നെയുള്ളു. ഒരു നൂറുവട്ടം പറഞ്ഞുകൊടുത്തിട്ടുണ്ട്, പണം ആവശ്യത്തിന് ചെലവാക്കാനുള്ളതല്ല, അത്യാവശ്യത്തിനു ചെലവാക്കാനുള്ളതാണെന്ന് എന്തായാലും അവന്റെ പോക്കത്ര ശരിയല്ല”.

തിളങ്ങുന്ന കത്തിയുടെ വായ്ത്തല, നരച്ച രോമങ്ങളെ ഒന്നൊന്നായി വടിച്ചുമാറ്റിക്കൊണ്ടിരുന്നു. ഓരോ വടിക്കും ശേഷം കത്തി വെള്ളത്തിൽ മുക്കി ഒന്ന് കലമ്പും. നിറമില്ലാത്ത രോമങ്ങൾ വെള്ളത്തിന്റെ പ്രതലത്തിൽ പരന്നു നാനാവിധമായി. കവിളുകൾ വൃത്തിയാക്കി, മേൽച്ചുണ്ടിലെ കുറ്റിരോമങ്ങൾ നീക്കി, കഴുത്തിൽ കത്തിവച്ചപ്പോഴാണ് ഉഷ്ണക്കാറ്റ് വീശിയത്. മസ്തിഷ്‌ക്കത്തിലെ അസ്സംഖ്യം കോശങ്ങൾ കാറ്റിന്റെ താപത്തിൽ ചൂടുപിടിച്ചു. ഊർജ്ജം ധമനികളിലൂടെ ശരീരമാകെ വിറയായി പടർന്നു. കയ്യുടെ സംയമനം തെറ്റി. പിന്നെ ഒരാർത്തനാദം.

നെഞ്ചിൽനിന്നു പുറത്തുവരാത്ത ഒരു കരച്ചിലോടെ അമ്മാമ്മ അടുക്കളയിൽനിന്ന് ഓടി വന്നു. അപ്പാപ്പന്റെ കഴുത്തിലെ വിള്ളലിൽനിന്നു നിലക്കാതെ ഒഴുകുന്ന ചോരയുടെ തള്ളിച്ചയും അവക്കിടയിലൂടെ തിക്കിത്തിരക്കി പുറത്തുചാടുന്ന ശ്വാസക്കുമിളകളും.

അനങ്ങാതെ, കരയാതെ, കണ്ണിമവെട്ടാതെ നിന്ന അമ്മാമ്മയുടെ കയ്യിൽനിന്നും തവി താഴെ വീണു.

അമ്മാമ്മ പിന്നെ ഒരിക്കലും കരഞ്ഞില്ല, പിറ്റേന്ന് അപ്പാപ്പനെ പള്ളിയിലേക്ക് എടുത്തപ്പോൾ പോലും. ഏഴിന്റെ അന്ന് കുർബാനക്കു പള്ളിയിൽപോലും പോയില്ല, പോയത് പിന്നെ ഒരിക്കൽ മാത്രം. ഏഴുകഴിഞ്ഞു അടുത്ത ഞായറാഴ്ച പുതിയ വെളുത്ത ചട്ടയും മുണ്ടും ധരിച്ച്, ഉടുത്തൊരുങ്ങി, റീത്തുകൾകൊണ്ട് പുതച്ച്, തലയിൽ സാറ്റിൻ പൂക്കൾ കൊണ്ടുള്ള തലപ്പാവ് വച്ച്, ഒരു കുരിശുമാല രണ്ടു കയ്യിലുമായി കൂട്ടിപ്പിടിച്ച്, നാലുപാടും ചില്ലിട്ടുമൂടിയ ശവവണ്ടിയുടെ സാന്ത്വനത്തിൽ അധികം അനങ്ങാതെ അങ്ങനെ അങ്ങനെ.

അതോടെ തറവാട് ഉറങ്ങിപ്പോയി”.”

കാലാന്തരങ്ങളിലും സ്ഥലാന്തരങ്ങളിലും ഇണങ്ങിയും പിണങ്ങിയും ഒറ്റക്കും കൂട്ടായും ജീവിക്കുന്ന നാലു സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന വർത്തമാനവും ഒരു നാടിന്റെ നാഡീഞരമ്പുകൾപോലെ തലങ്ങും വിലങ്ങും നീളുന്ന കഥകളിലെ മനുഷ്യരുൾപ്പെടുന്ന ഭൂതവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികലാവണ്യമാണ് ‘അതിനുശേഷം രോഗീലേപന’െത്ത വായനയിൽ സമൃദ്ധമാക്കുന്നത്. ഓർമകളെ ആഖ്യാനത്തിന്റെ രീതിശാസ്ത്രവും ജീവിതത്തിന്റെ സൗന്ദര്യശാസ്ത്രവും ചരിത്രത്തിന്റെ പ്രത്യയശാസ്ത്രവുമാക്കുന്ന കലാവിദ്യ ജോജോ ആന്തണി സമർഥമായി വിനിയോഗിക്കുകയും ചെയ്യുന്നു.

നോവലിൽ നിന്ന്:-

“മറക്കുവാൻ മറന്നുപോയ മറവിയാണ് ഓർമ്മകൾ. മറവിക്ക് നഷ്ടം വന്ന ലാഭങ്ങളാണവ. മറവിയുടെ ബാക്കിപത്രം.

ഒരുപാട് ശാഖകളും അതിലൊക്കെ തോട്ടങ്ങളും തുണിക്കടകളും മലഞ്ചരക്ക് കച്ചവടവുമൊക്കെയുള്ള വലിയ കുടുംബമായിരുന്നു കരിപ്പായികളുടേത്. പൊതുവെ ഭക്തരും ശാന്തശീലരും അതിനപരാധമായി ഒരാളെ ഉണ്ടായിരുന്നുള്ളൂ.

കരിപ്പായി വർഗീസ് കലുങ്കിന്റെ രാജാവായിരുന്നു. മാർക്കറ്റിനരികിലൂടെ ടൗണിലേക്കുള്ള നിരത്തിൽ, പാലത്തിനു മുൻപ് ഒരു കലുങ്കുണ്ട്. രണ്ടുവശവും അരയാൾപൊക്കത്തിൽ കരിങ്കല്ലുകൊണ്ടുള്ള അരമതിൽ. ഇരുട്ടുവീണുതുടങ്ങിയാൽ തടിച്ചുരുണ്ട ശരീരവുമായി വർഗീസ് അരമതിലിനു മുകളിൽ സ്ഥാനം പിടിക്കും. കൂടെ ഒന്നോ രണ്ടോ മൂന്നോ ശിങ്കിടികളും. രാത്രി ജോലികഴിഞ്ഞോ സെക്കന്റ് ഷോ കഴിഞ്ഞോ വരുന്നവരെ പിടിച്ചുപറിക്കുന്നതായിരുന്നു അയാളുടെ ജോലി. കാശിനു വേണ്ടിയല്ല, ഒരു വിനോദം.

ശശിയാകട്ടെ ഒരു കള്ളുചെത്തുകാരനായിരുന്നു. മേദസ്സു ഒട്ടുമില്ലാത്ത, പേശികൾ മാത്രം തിളങ്ങുന്ന ശരീരം. ആറടിക്കുമേൽ ഉയരം. എന്നും കവലയിലൂടെ സൈക്കിളിൽ, ഒരു കൊച്ചുതോർത്തിന്റെ കരുണയിൽ നാണം മറച്ച്, ഓടിച്ചു പോകുമ്പോൾ അയാൾ ആരെയും നോക്കില്ല. ആരോടും സംസാരിക്കില്ല.

അഞ്ചു കിലോമീറ്റർ അഖലെ, ടൗണിലെ കൊട്ടകയിൽ സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വരുകയായിരുന്നു ശശി. അകലെനിന്നു തന്നെ കലുങ്കിൽ ഇരിക്കുന്ന വർഗീസിനെയും കൂട്ടാളികളെയും അയാൾ കണ്ടിരുന്നു. കണ്ടില്ലെന്ന മട്ടിൽ സൈക്കിളോടിച്ചു പോകാനൊരുങ്ങിയപ്പോൾ ശിങ്കിടികളിൽ ഒരാൾ വഴിയിലേക്ക് കൈനീട്ടി.

“നിർത്തടാ”

വണ്ടി നിന്നു. വർഗീസ് പതുക്കെ അരമതിലിൽനിന്നു ഇറങ്ങി സൈക്കിളിനു അടുത്തേക്ക് വന്നു.

“നെന്റ് കയ്യിൽ എന്താ ഉള്ളത്?”

ശശി ഒന്നും മിണ്ടിയില്ല. വർഗീസിന്റെ തടിച്ച കൈകൾ സൈക്കിളിൽ ഇരിക്കുന്ന ചെത്തുകാരന്റെ മടിതെറുപ്പിൽ തപ്പിനോക്കി. അതിലുണ്ടായിരുന്ന ഒന്ന് രണ്ടു ചുളിഞ്ഞ നോട്ടുകളും ചില്ലറയും എടുത്തു അയാൾ സ്വന്തം പോക്കറ്റിലേക്കിട്ടു.

“ദരിദ്രവാസി, ഈ ചെറ്റയുടെ കയ്യിൽ ഒന്നും ഇല്ലടാ”.

പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്ന മടിതെറുപ്പു കൊടുത്ത നൈരാശ്യത്തിൽ തടിയൻ ചെത്തുകാരന്റെ മുഖമടച്ചു അടിച്ചു. ചെത്തുകാരൻ അപ്പോഴും ഒന്നും മിണ്ടിയില്ല.

“പോടാ... വേഗം പോക്കോടാ...”

നാല് തെങ്ങുകൾ കയറിയ അദ്ധ്വാനത്തിന്റെ വ്യർത്ഥതയും ഇടത്തെ ചെവിയിലെ നേർത്ത മൂളലുമായി ശശി സൈക്കിൾ ചവിട്ടി കടന്നുപോയി.

അടുത്ത രാത്രിയും ശശി സിനിമ കാണാൻ പോയി. മടങ്ങുന്ന വഴിയിൽ വർഗീസിനെയും സഹായിയെയും കണ്ടു സൈക്കിൾ പതുക്കെയാക്കി. കഴിഞ്ഞ രാത്രിയിലെ ശുഷ്‌കിച്ച മടിശീലയുടെ ഓർമ്മ കൊണ്ടാകാം നിർത്തടാ എന്ന വിളി എന്തോ വന്നില്ല.

എങ്കിലും കലുങ്കിന്റെ ഒത്ത നടുക്ക് ശശി സൈക്കിൾ നിർത്തി, സ്റ്റാൻഡിൽ വച്ചു. ചെന്നപാടെ കൂടെയുണ്ടായിരുന്ന സഹായിയെ നിർത്താതെ ഇടിച്ചു. പ്രഹരങ്ങളുടെ ഭാരം തടുക്കാനാകാതെ സഹായി ഓടി, വർഗീസ് തനിച്ചായി. അമ്പരന്നുനിന്ന മാടമ്പി ആദ്യ അടിയിൽ തന്നെ താഴെ വീണു. എഴുന്നേൽക്കാൻ കഴിയുന്നതിനു മുൻപേ അടികൾ ഒന്നിന് പുറകെ ഒന്നായി. വീണു കിടക്കുന്ന വർഗീസിനെ ഒന്ന് നോക്കി, ശശി സൈക്കിളിൽ നിന്നു ചെറുകയറുകൊണ്ട് കെട്ടിവച്ചിരുന്ന കമ്പിപ്പാര എടുത്തു. കാലുകൊണ്ട് പരാജിതനെ തട്ടി കമിഴ്‌ത്തിയിട്ടതിനുശേഷം പാരയുടെ കൂർത്തഭാഗം പൃഷ്ഠത്തിനിടയിലൂടെ അകത്തേക്ക്. ഉറക്കെയുള്ള അലർച്ചയോടെ വർഗീസ് വേദന അറിഞ്ഞുകൊണ്ടിരുന്നു. ആയാസത്തോടെ വലിച്ചുകൊണ്ടിരുന്ന ശ്വാസം ഇടക്കെപ്പോഴോ മുറിഞ്ഞു, അലർച്ചയും.

അനക്കം മറന്നുപോയ ചട്ടമ്പിയെ ചുമന്നു സൈക്കിളിനു മുകളിൽ നീളത്തിൽ കിടത്തി, കയറുകൊണ്ട് വരിഞ്ഞു ശശി. സൈക്കിൾ ഉരുട്ടിക്കൊണ്ടു മൂന്നും കൂടിയ കവലയിലേക്കു ചെന്നു. രാത്രിയുടെ തണുപ്പിൽ ഉറങ്ങിക്കിടന്ന കവലയിലെ ബസ്‌സ്റ്റോപ്പിൽ ജഡം കമിഴ്‌ത്തി കിടത്തി. ചെത്തുകാരന്റെ പ്രതികാരത്തെക്കുറിച്ചു ഒന്നുമറിയാതെ വർഗീസ് കമിഴ്ന്നു കിടന്നു. അയാളുടെ തടിച്ച പൃഷ്ടത്തിൽനിന്നും പരാജയത്തിന്റെ കൊടി നാട്ടിയതുപോലെ കമ്പിപ്പാര പുറത്തേക്കു കിളിർത്തു നിന്നു.

അമാനുഷമായ ഒരു പകതീർക്കലിന്റെ യശസ്സ് ചെത്തുകാരനിൽ ധാർഷ്ട്യം നിറച്ചു. ആരെയും നോക്കാതെയുള്ള സൈക്കിൾ യാത്രകൾ നിന്നു, പകരം ആരെയും നോക്കുമെന്നായി. പെൺകുട്ടികൾക്കും അറുപതിനു താഴെയുള്ള പെണ്ണുങ്ങൾക്കും ശശിയുടെ കണ്ണുകളിലെ കാമത്തിന്റെ കനലുകൾ കൊണ്ടെരിയാതെ നടക്കാനാവാതെയായി. വിധവകളുടെ വീടുകളിൽ അയാളുടെ സന്ദർശനമായി. പിന്നെപ്പിന്നെ ഏതുവീട്ടിലും ഒന്ന് എത്തിനോക്കാൻ മടിയില്ലാതായി. രണ്ടു സെക്കന്റ് ഷോ സിനിമകൾക്കിടയിൽ കെട്ടിപ്പടുത്ത ഔദ്ധത്യത്താൽ എല്ലാവരെയും ഭയപ്പെടുത്താമെന്നായി. ഗ്രാമം മുഴുവൻ അയാളുടെ ശത്രുക്കളാകുമെന്നായി.

“ശശിയേട്ടാ, നമ്മടെ വൈദ്യന്റെ പെണ്ണുമ്പുള്ളയുമായിട്ടു ശശിയേട്ടനെന്താ ഒരു ചുറ്റിക്കളി?”

പ്രാഞ്ചി ഒരു ചിരിയോടെ കൂട്ടുകാരെ നോക്കി കണ്ണിറുക്കി. രവിയും ജോണിയും അതുകേട്ട് ചിരി തന്നെ.

“അത് നിങ്ങൾ പിള്ളേർക്ക് പറഞ്ഞിട്ടുള്ള കാര്യല്ല”.

ശശിയുടെ മുഖത്ത് ഗർവ് കലർന്ന പുഞ്ചിരി.

ആ അപരാഹ്നത്തിൽ, അപ്പോഴും അടങ്ങിയിട്ടില്ലാത്ത ചൂടിൽ നിന്നും ഒഴിഞ്ഞു മാന്തോപ്പിൽ കൂട്ടുകാർ ഇരുന്നു. തലക്കുമേലെ ഇടയൊഴിയാതെ ചില്ലകളുടെ പടർപ്പ്. ചാരായം ചില്ലുഗ്ലാസ്സുകളിൽ പകർന്നു അവർ കുടിച്ചു. കൂടെ പ്ലാസ്റ്റിക് കൂടുകളിൽ കിട്ടുന്ന അച്ചാർ നക്കി. എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. ശശിയുടെ ചിരി മാത്രം ഇടയ്ക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു. ചാരായത്തിൽ പൊടിച്ചുചേർത്തിരുന്ന ഉറക്കഗുളികയുടെ ആലസ്യത്തിൽ അയാൾക്കു ഉറക്കം വന്നു. കണ്ണുകളടഞ്ഞു തുടങ്ങുന്നതിനു മുൻപേ കൂട്ടുകാർ മാന്തോപ്പിൽ പലയിടത്തായി ഒളിച്ചുവെച്ചിരുന്ന വടിവാളുകൾ പുറത്തെടുത്തു.

മാവിന്റെ തടിയിൽ ചാരിയിരുന്നു ഇടയ്ക്കിടെ അടഞ്ഞുപോകുന്ന കണ്ണുകളുമായി ഗ്ലാസ്സിൽ നിന്ന് കുറെശ്ശേയായി മൊത്തിക്കുടിക്കുന്ന ശശിയുടെ മുൻപിൽ, അസുഖം ബാധിച്ച കാലിലെ തടിച്ച ഞരമ്പുകൾ പോലെ മണ്ണിൽനിന്ന് മുഴച്ചുനിൽക്കുന്ന വേരുകളിലൊന്നിൽ വടിവാൾ കുത്തി രവി നിന്നു.

“നിനക്ക് പോയിപ്പോയി ഞങ്ങടെ വീട്ടിലും കേറണം, അല്ലേടാ പന്നീ....”

ശശിക്ക് കാര്യം മനസ്സിലായില്ല. ഉറയ്ക്കാത്ത മനസ്സിനെ കൂർപ്പിച്ച്, ഉറയ്ക്കാത്ത കണ്ണുകളെ കൂർപ്പിച്ച്, അയാൾ രവിയേയും രവിയുടെ അപ്പുറവും ഇപ്പുറവും നിൽക്കുന്ന ജോണിയേയും പ്രാഞ്ചിയേയും നോക്കി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീണു, ഗ്ലാസിലെ ചാരായം മാവിന്റെ കടയ്ക്കൽ തെറിച്ചുവീണു. അപ്പോഴും മറഞ്ഞിട്ടില്ലാത്ത സൂര്യന് അസംഖ്യം വെട്ടുകൾ കൊണ്ട് ആകൃതി നഷ്ടപ്പെട്ട ചെത്തുകാരന്റെ ശരീരം കാണാമെന്നായി”.

അതിനുശേഷം രോഗീലേപനം (നോവൽ)
ജോജോ ആന്തണി
ലോഗോസ് ബുക്‌സ്
2018, വില: 170 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP