Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികൾ ഉടൻ വലയിലാകും എന്ന് പണ്ട് പറഞ്ഞ പോലെയല്ല; ഇത് തച്ചങ്കരിയുടെ ഉറപ്പാണ്; സത്യം വൈകാതെ തെളിയും; സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ രേഖാചിത്രം തയ്യാറാക്കി അന്വേഷണം നടത്തിയിട്ടും എത്തുംപിടിയുമില്ലാത്ത കേസിൽ തുമ്പുണ്ടാക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി; പ്രഖ്യാപനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ

പ്രതികൾ ഉടൻ വലയിലാകും എന്ന് പണ്ട് പറഞ്ഞ പോലെയല്ല; ഇത് തച്ചങ്കരിയുടെ ഉറപ്പാണ്; സത്യം വൈകാതെ തെളിയും; സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ രേഖാചിത്രം തയ്യാറാക്കി അന്വേഷണം നടത്തിയിട്ടും എത്തുംപിടിയുമില്ലാത്ത കേസിൽ തുമ്പുണ്ടാക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി; പ്രഖ്യാപനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുണ്ടമൺകടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ഒരുവർഷം കഴിഞ്ഞിട്ടും പ്രതികൾ കാണാമറയത്താണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന സൂചന പോലും നൽകാൻ പൊലീസിനായിട്ടില്ല. അതിനിടെ സ്ഥലത്തു നിന്നും ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സത്യം വൈകാതെ തെളിയുമെന്നാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ പുതിയ പ്രഖ്യാപനം. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തതിന് പിന്നാലെ ആശ്രമം സന്ദർശിച്ചപ്പോഴാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. പ്രാഥമിക അന്വേഷണം എന്ന നിലയിൽ ക്രൈംബ്രാഞ്ച് സംഘം സന്ദീപാനന്ദഗിരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇതിനിടെ സ്വാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണ് ആശ്രമം കത്തിച്ചതെന്ന ആരോപണങ്ങളും ഉയർന്നു. ഇതോടെയാണ് സ്വാമി സന്ദീപാനന്ദഗിരി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചത്. പ്രതികളെ സംരക്ഷിക്കാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്.ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെയാണ് യുവതീപ്രവേശനത്തെ അനുകൂലിച്ച് സ്വാമി രംഗത്തുവന്നത്. ഈ സമയമാണ് ആശ്രമത്തിനെതിരേ ആക്രമണമുണ്ടായത്. സംഘപരിവാർ സംഘടനകളിലേക്കാണ് എൽഡിഎഫ് നേതാക്കളും സ്വാമിയും വിരൽചൂണ്ടിയതെങ്കിലും ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. ആക്രമണമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി ആശ്രമം സന്ദർശിച്ചതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണം ഒരു വർഷം പിന്നിട്ടിട്ടും പ്രതികൾ വലയിലായില്ല. ഇതോടെ, അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. പ്രതികളെ പിടികൂടാൻ പൊലീസിന് ആയിട്ടില്ലെന്ന് കാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഒക്ടോബർ 27ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിൽ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സ്വാമിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികൾ ഉണ്ടായതിന് പിന്നാലെ നടന്ന അക്രമം വലിയ ചർച്ചയായി. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നു. അതിശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് സംഭവത്തിൽ ഉണ്ടായത്. ആശ്രമത്തിന്റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല.കേസ് പ്രത്യേക സംഘത്തെ ഏൽപിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നേതൃത്വത്തിൽ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശബരിമല വിവാദത്തിന് മുൻപ് തന്നെ സംഘപരിവാർ സംഘടനകളിൽ നിന്ന് എതിർപ്പുണ്ടായിരുന്നെന്നും ഇത്തരം കാര്യങ്ങൾക്കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ആയില്ല. ദൃക്സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പൊലീസ് ഇത് പൂഴ്‌ത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നു. സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയെന്ന പരാതിയുമായി സ്വാമി സന്ദീപാനന്ദഗിരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് നടപടിയായത്.

ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നും സംഭവത്തിന് പിന്നിൽ സംഘപരിവാറാണെന്നുമാണ് സന്ദീപാനന്ദഗിരി ആരോപിച്ചത് ശബരിമല യുവതീ പ്രവേശനത്തിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സ്ഥലത്തെത്തി സംഭവത്തെ അപലപിക്കുകയും ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശ്രമത്തിന് മുന്നിൽ അക്രമികൾ വച്ചിരുന്ന റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. തലസ്ഥാനനഗരപരിധിയിൽ നിന്നാണ് അക്രമികൾ റീത്ത് വാങ്ങിയതെന്ന് അന്വേഷണസംഘത്തിൽ ഇല്ലാത്ത പൊലീസ് കേന്ദ്രങ്ങൾ പ്രത്യേകസംഘത്തിന് നിർണായക വിവരം കൈമാറിയിട്ട് ഏറെ നാളായി. അന്വേഷണം തണുപ്പിക്കാൻ ശ്രമം നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കെ റീത്ത് വാങ്ങിയത് ആരാണ് എന്നതടക്കം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കാത്തത് സംശയകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ അന്വേഷണത്തിൽ പൊലീസ് രഹസ്യസ്വഭാവം സൂക്ഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP